മെട്രോ, മെട്രോ സർവത്ര യാത്രക്കാരോ ഇല്ലത്രെ

metro-rail
ചിത്രം: റോബർട്ട് വിനോദ്
SHARE

ഛായ് ഒരു മെട്രോ റെയിൽ ഇല്ലെങ്കിൽ പിന്നെന്ത് സിറ്റി? ഇങ്ങനെയൊരു ചിന്താഗതി സർവ നഗരങ്ങളിലും പടർന്നു പിടിച്ച പോലുണ്ട്. നിലവിൽ ഇന്ത്യയാകെ 18 നഗരങ്ങളിൽ 870 കിലോമീറ്റർ ദൂരത്തിൽ മെട്രോയുണ്ട്. 27 നഗരങ്ങളിൽ കൂടി പണി നടക്കുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. പക്ഷേ ഒറ്റ മെട്രോയും ലാഭത്തിലല്ല. 

മാത്രമല്ല ഒരെണ്ണത്തിൽ പോലും പ്രോജക്ട് റിപ്പോർട്ടിൽ പറഞ്ഞതിന്റെ പാതിപോലും യാത്രക്കാരില്ല. മിക്കയിടത്തും പ്രവചിച്ച എണ്ണം യാത്രക്കാരുടെ 10 ശതമാനത്തിൽ താഴെയാണ് യഥാർഥത്തിലുള്ളതത്രെ! ഏറ്റവും വലിയ മെട്രോ ശൃംഖലയുള്ള ഡൽഹിയിൽ പോലും പ്രതീക്ഷിച്ചതിന്റെ 47% യാത്രക്കാർ മാത്രമേയുള്ളു. ഏറ്റവും വാഹനത്തിരക്കുള്ള ബെംഗളൂരുവിൽ പോലും മെട്രോയുടെ ആദ്യ ലൈനിൽ പ്രതീക്ഷിച്ചതിന്റെ 6% യാത്രക്കാരേയുള്ളത്രെ. 

കഴിഞ്ഞ നവംബറിൽ ഓട്ടം ആരംഭിച്ച നവി മുംബൈയാണ് ലേറ്റസ്റ്റ് മെട്രോ ലൈൻ. 2014ൽ 5 നഗരങ്ങളിൽ മാത്രമായിരുന്നു മെട്രോ. കൊൽക്കത്ത, ഡൽഹി, ഗുഡ്ഗാവ്, മുംബൈ. 10 വർഷം കൊണ്ട് മെട്രോ ഇല്ലെങ്കിൽ കുറച്ചിലാണെന്ന സ്ഥിതിയായി.

എന്താണ് പ്രതീക്ഷിച്ചത്ര യാത്രക്കാരില്ലാത്തതിന്റെ കാരണങ്ങൾ? ഡൽഹി ഐഐടിയുടെ പഠനത്തിൽ പറയുന്ന കാരണങ്ങളെല്ലാം സർവ മെട്രോകൾക്കും ബാധകമാണ്. 1. ഡിപിആറിൽ പറയുന്ന കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണ്. അത്രയും യാത്രക്കാർ ഉണ്ടാവില്ല. ഉദാഹരണത്തിന് കൊച്ചി മെട്രോയിൽ ദിവസം 4 ലക്ഷം യാത്രക്കാരെന്ന് ഡിപിആർ. പക്ഷേ ദിവസം ഏതാണ്ട് ഒരു ലക്ഷത്തിൽ എത്തിയതു തന്നെ വർഷങ്ങൾ കഴിഞ്ഞാണ്. 2. ഇന്ത്യൻ സാഹചര്യത്തിൽ യാത്രകൾ ഭൂരിപക്ഷവും 10 കിലോമീറ്ററിനകത്താണ്. ആ ദൂരത്തിൽ മെട്രോയിൽ കേറുന്നത് മിനക്കേട്. ദീർഖദൂര യാത്രയ്ക്കാണ് മെട്രോ സമയലാഭവും കാശ് ലാഭവും. 3. സകലരും സ്വന്തം വാഹനത്തിലേക്കു മാറി. ടുവീലറും കാറും. പക്ഷേ മെട്രോ സ്റ്റേഷനടുത്ത് പാർക്കിംഗ് സൗകര്യവുമില്ല.

അങ്ങനെ പല കാരണങ്ങളിൽ പ്രധാനമാണ് ഫസ്റ്റ് മൈൽ കണക്ടിവിറ്റിയും ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുമെന്ന് കൊച്ചി മെട്രോ മേധാവി ലോകനാഥ് ബഹ്റ പറയുന്നു. വീട്ടിൽ നിന്നിറങ്ങി കുറേ നടന്ന്, ഓട്ടോ പിടിച്ച് മെട്രോ സ്റ്റേഷനിലെത്തണമെന്നു പറഞ്ഞാൽ ആരും മടിക്കും. ഒരിടത്തു ചെന്നിറങ്ങിയാലും ഇതുപോലെ നടപ്പോ ഓട്ടോയോ വേണ്ടി വരും ലക്ഷ്യ സ്ഥാനത്തെത്താൻ. പ്രശ്ന പരിഹാരം മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡർ ബസുകളാണ്. അതൊക്കെ ഏർപ്പെടുത്താൻ കാലമെടുക്കും.

ഒടുവിലാൻ∙ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും മെട്രോ ഉണ്ടാക്കി എന്നതൊരു സംഭവമാണ്. വൻ വികസനമായി മപ്പടിച്ചു കാണിക്കാൻ പറ്റും. വമ്പൻ കരാറുകളും അതിന്റെ വഹ ‘ചില്ലറ’കളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS