തട്ടിപ്പിൽ വീഴുന്നതിന്റെ മന:ശാസ്ത്രം
Mail This Article
കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്. വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്?
അടിസ്ഥാന കാരണം കണ്ടുപിടിച്ച പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റി പ്രഫസർ ഡാനിയൽ കാനേമാൻ മരിച്ച ദിവസം തന്നെയാണ് ലോകത്തിലെ ഇത്തരം ബഡാ തട്ടിപ്പുകാരിലൊരാളെ യുഎസ് കോടതി ശിക്ഷിച്ചത്. സാം ബാങ്ക്മാൻ ഫ്രൈഡ്–പേരൊക്കെ സ്റ്റൈലനാണ്. പക്ഷേ കോടതി ബാങ്ക്മാനെ ഫ്രൈ ചെയ്തു–25 വർഷം ജയിൽ!
സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി പ്രഫസർമാരുടെ മകനാണ് സാം. പഠിച്ചത് എംഐടിയിലും! എന്നിട്ട് സ്വന്തമായി എഫ്ടിഎക്സ് എന്ന പേരിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് തുടങ്ങി. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായി അത് വളർന്നു. നിക്ഷേപം നടത്താൻ ശതകോടീശ്വരൻമാർ ക്യൂ നിന്നു. മാർക്ക് സക്കർബർഗ് കഴിഞ്ഞാൽ ഇത്രവേഗം ബില്യനർ ആയ മറ്റൊരു പയ്യനില്ലത്രെ. 30 വയസ് തികയും മുമ്പേ 2600 കോടി ഡോളർ (രണ്ടേകാൽ ലക്ഷം കോടി രൂപ) ആസ്തി! വല്ലവരുടേയും കാശായിരുന്നെന്നു മാത്രം!
ഡാനിയൽ കാനേമാൻ ഇക്കണോമിക്സ് പഠിച്ചിട്ടേയില്ല. പക്ഷേ 2002ൽ ഇക്കണോമിക്സ് നൊബേൽ സമ്മാനം നേടി. പഠിച്ചത് മന:ശാസ്ത്രമാണ്. കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ്. സാമ്പത്തിക ശാസ്ത്രം എന്നാൽ കുറേ കൂട്ടലും കിഴിക്കലുമാണെന്ന ധാരണ തിരുത്തി മനുഷ്യമനസിലേക്ക് ഇക്കണോമിക്സിനെ കയറ്റിവിട്ടത് കാനേമാനാണ്. ബിഹേവിയറൽ ഇക്കണോമിക്സ് എന്നൊരു ശാഖ തന്നെയുണ്ടാക്കി. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സാമ്പത്തിക തീരുമാനങ്ങളെ മന:ശാസ്ത്രം എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതാണ് സംഗതി!
അപ്പോൾ എന്തുകൊണ്ടാണ് ബുദ്ധിയുള്ളവരും അബദ്ധത്തിൽ ചാടുന്നത്? ആലോചനയ്ക്ക് രണ്ട് തട്ടുകണ്ടെന്നാണു കാനേമാൻ സിദ്ധാന്തിച്ചത്. ആലോചിച്ച്, അനലൈസ് ചെയ്തു സാവധാനം തീരുമാനം എടുക്കുന്ന തട്ടും വികാരപരമായി പെട്ടെന്നു തീരുമാനം എടുക്കുന്ന തട്ടും. രണ്ടാമത്തേതിൽ തോന്നലിനാണ് പ്രാധാന്യം. അവിടെ അമിത ആത്മവിശ്വാസം വിരാജിക്കും. ആവശ്യമില്ലാത്ത റിസ്ക്കെടുക്കും. കുത്തുപാളയുമെടുക്കും.
വരണ്ട സിദ്ധാന്തം തോട്ടിൽ കളഞ്ഞ് ഇതെല്ലാം കഥ പോലെ എഴുതിയ പുസ്തകം ‘തിങ്കിംഗ്–ഫാസ്റ്റ് ആന്റ് സ്‌ലോ’ ബെസ്റ്റ് സെല്ലറായതോടെ കാനേമാൻ പ്രശസ്തനായി. പ്രസിഡന്റിന്റെ മെഡലും കിട്ടി.
ഒടുവിലാൻ∙നിക്ഷേപകരുടെ കോടികൾ കുറേ തല്ലിപ്പൊളി കൂട്ടുകാരുമൊത്തുള്ള ആഘോഷ ജീവിതത്തിനാണു സാം ചെലവഴിച്ചത്. ബഹാമാസിൽ 300 കോടിയുടെ പെന്ത്ഹൗസ്!! കോടതിയിൽ അത് തെളിവായി. സാം ചെലവാളി ആയിരുന്നേ! തൊഴിൽ ആളുന്നവൻ തൊഴിലാളി, മുതൽ ആളുന്നവൻ മുതലാളി എന്ന ന്യായേന–ചെലവ് ആളുന്നവൻ ചെലവാളി! പിന്നെ കുറ്റവാളി! വാളി തന്നെ സംശല്യ!!