സിംഗപ്പൂരിൽ അതെങ്ങനാ? അതങ്ങനാ...!
Mail This Article
സിംഗപ്പൂർ രാജ്യത്തിന്റെ വലിപ്പം ഏതാണ്ട് ചെന്നൈ നഗരത്തിന്റെയത്ര. പക്ഷേ 59 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 3 പ്രധാനമന്ത്രിമാർ മാത്രം. നാലാമന്റെ സ്ഥാനാരോഹണമാണ് ഈയാഴ്ച. പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഇലക്‌ഷൻ പ്രഖ്യാപിക്കും. ആദ്യം പ്രധാനമന്ത്രി പിന്നെ ഇലക്‌ഷൻ. അതെങ്ങനാ..? അതങ്ങനാ...!!
അതെങ്ങനായാലും കുഴപ്പമൊന്നുമില്ല. സിംഗപ്പൂരുകാർക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നമുക്കെന്ത്? ലോകത്തിലെ അഞ്ചാമത്തെ ധനികരാജ്യം. വെറും 56 ലക്ഷം ജനസംഖ്യ. ആളോഹരി വരുമാനം 88447 ഡോളർ– 73 ലക്ഷം രൂപയിലേറെ. ചുറ്റുമുള്ള രാജ്യങ്ങളിലാകെ പല പ്രശ്നങ്ങളാണെങ്കിലും ഇവിടം സുരക്ഷിതം. തിരുമാലികൾ അനങ്ങിയാൽ അകത്താകും. ലോകത്തു തന്നെ ഏറ്റവും ബിസിനസ് സൗഹൃദപരമായ രാജ്യം. ഇന്ത്യയിൽ ഒരു വർഷം വരുന്നതിനേക്കാളേറെ ടൂറിസ്റ്റുകൾ ഈ ചിന്ന രാജ്യത്ത് വരുന്നു. ഇന്ത്യയേക്കാളേറെ കയറ്റുമതിയുണ്ട്. എന്നാൽ പിന്നെ ഇലക്‌ഷൻ ഇല്ലേലും കുഴപ്പമില്ല എന്നാരും പറഞ്ഞു പോകും.
ആദായനികുതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന്. 10000 ഡോളർ വരെ (8.3 ലക്ഷം) വരുമാനത്തിന് 10% മാത്രം. 20000 ഡോളർ വരെ 20%. അതിൽ കൂടുതൽ 30%. മാസം 650 ഡോളറിൽ (54000 രൂപ) കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതികളുണ്ട്.
ലീ സിയെൻ ലൂങ് എന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി 20 കൊല്ലമായി ആ സ്ഥാനത്തുണ്ട്. ലീയുടെ പിതാ മഹാന്റെ പേര് പറഞ്ഞാലറിയും. ലീ ക്വാൻ യൂ. 31 കൊല്ലം അടക്കി ഭരിച്ച കടുകട്ടിക്കാരനായിരുന്നു. ആ കാലത്താണ് സിംഗപ്പൂർ വൻ സാമ്പത്തിക വളർച്ച നേടിയത്. മകൻ ലീ സിയെൻ ലൂങിനെ പ്രധാനമന്ത്രി പദം ഏൽപ്പിച്ചപ്പോൾ പിതാ മഹാൻ വീട്ടിൽ പോയി ഇരുന്നില്ല. സീനിയർ മിനിസ്റ്റർ (എസ്എം) എന്ന തസ്തികയിൽ തുടർന്നു. ച്ചാൽ കാർന്നോര് പറയുന്നതിനപ്പുറമില്ല.
യുഎസിലെ മിഷിഗൺ സർവകലാശാലയിൽ പഠിച്ച സാമ്പത്തിക വിദഗ്ധനും നിലവിൽ ധനന്ത്രിയുമാണ് പ്രധാനമന്ത്രിയാവാൻ പോകുന്ന ലോറൻസ് വോങ്. പുതിയ മന്ത്രിസഭയിലും ‘സീനിയർ മിനിസ്റ്ററായി’ ഇപ്പോഴത്തെ പ്രധാനമന്ത്രി വരാൻ പോവുകയാണ്. കൂടെ തമിഴ് വംശജൻ കെ.ഷൺമുഖവും തുടരും. ആഭ്യന്തരമന്ത്രിയാണ് ഷൺമുഖം.
അപ്പോൾ ജനാധിപത്യം ഇല്ലേ? ഒണ്ടൊണ്ട്. പ്രതിപക്ഷമുണ്ട്. ഭരണകക്ഷിയുടെ പേര് പീപ്പിൾസ് ആക്‌ഷൻ പാർട്ടി. (പിഎപി). ഇലക്‌ഷനിൽ ആര് ജയിക്കും? പിഎപി! അതങ്ങനാ!
ഒടുവിലാൻ∙അഴിമതി കുറഞ്ഞ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് സിംഗപ്പൂരിന്. സദാ നിരീക്ഷിക്കാൻ ചാരൻമാരുണ്ട്. അവിടെ റോഡിൽ പൊലീസിനെ കാണാനേ കഴിയില്ല, പക്ഷേ കാണുന്ന പത്തു പേരിലൊരാൾ രഹസ്യ പൊലീസായേക്കാം. റോഡിലൊന്നു തുപ്പി നോക്ക്–പിടിവീഴും. 1000 ഡോളർ ഫൈൻ– 83000 രൂപ. അതും അങ്ങനാ!