ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ റീൽസിട്ട് പോപ്പുലറായ രണ്ട് പെൺകുട്ടികളുടെ പ്രധാന വിഷയം അമ്മമാർ അവരെ ചാടിക്കുന്നതാണ്. അമ്മമാരുടെ വേഷമിട്ട് അവരുടെ വഴക്ക് പറയൽ അഭിനയിച്ചു കാണിക്കും. സാംപിൾ: ‘‘നിനക്കെന്താ ഡിപ്രഷനാ...നിന്റെ ഡിപ്രഷൻ ഞാൻ മാറ്റിത്തരാം. അതെങ്ങനാ വെളുപ്പിനെ നാലുമണിവരെ ഉറങ്ങാതെ കംപ്യൂട്ടറേൽ നോക്കിയിരിക്കുകയല്ലേ. സമയത്ത് കിടന്നുറങ്ങിയാൽ തന്നെ നിന്റെ പാതി ഡിപ്രഷൻ മാറും...’’

ഈ പിള്ളേരാകുന്നു ജനറേഷൻ സെഡ്. ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം. 

ഇവർ പഠിത്തം കഴിഞ്ഞ് ലോകമാകെ ജോലിക്കു കയറി തുടങ്ങിയിരിക്കുന്നു. ഇവരുടെ ശീലങ്ങൾ നിരീക്ഷിക്കുന്ന മുതിർന്നവർക്കെല്ലാം പെരുവിരലിൽ നിന്നു മുകളിലേക്ക് ഈറ വരുന്നതു സ്വാഭാവികം. സ്മാർട്ട് ഫോണും സോഷ്യൽമീഡിയയും 16 വയസ്സ് വരെ നിരോധിക്കണമെന്നവർ പറയുന്നു. മാർക്ക് സക്കർബർഗ് സ്വന്തം പിള്ളേർക്ക് സ്മാർട്ട് ഫോൺ കൊടുക്കുന്നില്ലെന്ന വാർത്ത കേട്ടിരുന്നു. അമേരിക്കയിലും ബ്രിട്ടനിലും അതെപ്പറ്റി ചർച്ച നടക്കുന്നുണ്ട്.

ഏതു കമ്പനിയിലേയും എച്ച്ആറുകാർ ജൻസീയെന്നു കേട്ടാൽ തലയിൽ കൈവയ്ക്കും, എന്നാൽ മിടുക്കരാണെന്നു പറയുന്നവരുമുണ്ട്. ടെക് സാവി! ‘മുൻജൻ’ അങ്കിൾമാർ 10 മണിക്കൂർ എടുക്കുന്ന കാര്യം 10 മിനിറ്റ് കൊണ്ട് ചെയ്യും. വർക്ക്–ലൈഫ് ബാലൻസ് അവർക്ക് നിർബന്ധം.

ഓച്ഛാനിച്ചു നിൽക്കാനൊന്നും കിട്ടില്ല. അവർക്ക് ചെയ്യുന്ന ജോലിയോടാണ് താൽപര്യം. സ്ഥാപനത്തോടല്ല. എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ ഉടൻ രാജി വയ്ക്കും, അവസരങ്ങൾ ഒരുപാടുള്ളതിനാൽ അതു പ്രശ്നമല്ല, വേറേ ജോലിക്കു കേറും. ‘മാർക്കറ്റബിൾ സ്കിൽസ്’ പഠിച്ചു വച്ചിട്ടുമുണ്ട്. അമേരിക്കയിൽ സീ തലമുറക്കാരായ 6000 സിഇഒമാരുണ്ടത്രെ. 

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സൈക്കോളജിസ്റ്റ് ജോനാഥൻ ഹൈഡ്റ്റ് ഇവരെ ഉത്കണ്ഠാ തലമുറ എന്നു വിളിക്കുന്നു. ഇവർക്ക് സ്വത്തും സമ്പാദ്യവും ഉണ്ടാക്കാൻ താൽപര്യം കുറവ്. കേരളത്തിലാണെങ്കിൽ അണുകുടുംബങ്ങളിൽ നിന്നു വരുന്നവർക്ക് വീടുണ്ട്, അതിനാൽ ഫ്ലാറ്റ് വിൽക്കാൻ ചെന്നാൽ രക്ഷയില്ല. 

ജിഎഐ വന്നിങ്ങു കയറി അടുത്ത 2 വർഷം വളരെ ക്രിട്ടിക്കലാണത്രെ. പ്രളയം പോലെ മാറ്റം വരുമ്പോൾ ജൻസീ അതിജീവിക്കും. മുൻ‍ജൻ മുങ്ങും.

 

ഒടുവിലാൻ∙ ഡേറ്റിങ് ആപ് ജൻസീക്ക് മാട്രിമോണിയൽ ആപ് ആയി മാറിയിരിക്കുകയാണത്രെ. അതിൽ പരിചയപ്പെട്ട് ഡേറ്റ് ചെയ്തിട്ട് കല്യാണം, മാട്രിമോണിയൽ ആപ് വഴി കണ്ടുമുട്ടുന്നവർക്ക് ‘ഒഫിഷ്യലായി’ ഡേറ്റിങ് നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com