മോട്ടിവേഷൻകെട്ട് കഥാകാലക്ഷേപം
Mail This Article
മോട്ടിവേഷനൽ സ്പീക്കറായി വന്നയാൾ കുറേ നേരം കദനകഥകൾ പറഞ്ഞു. കുട്ടിക്കാലത്ത് ചെന്നൈയിൽ കൊടിയ ദാരിദ്യം. അക്കാലത്തെ ദുരിതം പറഞ്ഞ് ബോറടിപ്പിച്ചെങ്കിലും എല്ലാവരും കയ്യടിച്ചു. കേൾവിക്കാരുടെ മനസിലുള്ളതും പുറത്തു കാണിക്കുന്നതും തമ്മിൽ പുലബന്ധം പോലും കാണണമെന്നില്ലല്ലോ. യേത്?
പിൽക്കാലത്ത് ഐഐഎമ്മിൽ എംബിഎ കഴിഞ്ഞ് വൻ വിജയമായത്രെ. എങ്ങനെ? ചെന്നൈയിൽ കുറേ ഇഡ്ഡലി തട്ടുകടകൾ നടത്തുന്നു! ഇഡ്ഡലി തട്ട് നടത്താൻ എന്തിന് എംബിഎ...??? എട്ടാം ക്ളാസുകാരൻ കുട്ടപ്പണ്ണൻ എത്രയോ തട്ടുകടകൾ നടത്തുന്നു, പിന്നാ!
മോട്ടിവേഷൻകെട്ട് കുട്ടപ്പൻമാരുടേത് പുത്തൻ കഥാകാലക്ഷേപമാണ്. കോർപ്പറേറ്റ് കമ്പനികളുടേയും ബിസിനസ് സംഘടനകളുടേയും ഈവന്റ്സ് ഒരുപാട് ഉള്ളതാണ് അവസരം. വലിയ കമ്പനിയാകുമ്പോൾ വൻകിടക്കാരെ വിളിക്കും. ബോളിവുഡ് താരങ്ങളെ തന്നെ. വിദ്യാ ബാലൻ, കബീർ ബേഡി, മിലിന്ദ് സോമൻ, ഡിംപിൾ ഖന്ന... താരത്തേയും കാണാം, താളിയും ഒടിക്കാം. ഇവരൊക്കെ സ്വന്തം ജീവിതാനുഭവങ്ങൾ കഥയായി പറഞ്ഞാണ് മോട്ടിവേറ്റ് ചെയ്യുന്നത്. പാത്താലേ പരവേശമായിടും എന്നു തമിഴിൽ പറയും പോലെ അവരെ കാണുന്നതു തന്നെ ആവേശം.
ക്രിക്കറ്റ് താരം മതിയെങ്കിൽ ഗാവസ്ക്കർ, ഗാംഗുലി, ദ്രാവിഡ് എന്തിന് മിത്താലി രാജ് പോലും പ്രസംഗവുമായി ഇറങ്ങിയിട്ടുണ്ട്. സ്ഥിരോൽസാഹം, അർപ്പണം, വലിയ സ്വപ്നം കാണൽ,വെല്ലുവിളി നേരിടൽ തുടങ്ങിയ ഉപദേശ–നിർദ്ദേശങ്ങൾ നൽകുന്നു.
ബിസിനസ് മോട്ടിവേഷൻകാരിലെ താരങ്ങളാണ് ശിവ് ഖേര, വിവേക് ബിന്ദ്ര, സന്ദീപ് മഹേശ്വരി...ബിസിനസ് വെല്ലുവിളികളെയാണ് ഇവർ കൈകാര്യം ചെയ്യുന്നത്. തൈറോകെയർ സ്ഥാപിച്ച ആരോഗ്യസ്വാമി വേലുമണി സ്വന്തം വിജയകഥ തന്നെയാണ് അവതരിപ്പിക്കുന്നത്. ചില സ്വാമിമാർക്ക് ഭയങ്കര ബുക്കിംഗ് ആകുന്നു. ഗൗർ ഗോപാൽദാസ്, ജഗ്ഗി വാസുദേവ്... മേജർ സെറ്റാണ്. വൻ ഫീയുണ്ട് പക്ഷേ കൊടുത്ത കാശ് മുതലാക്കി തരും.
വലത്തേ കയ്യിലെ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് തിരുമ്മിക്കൊണ്ട് വല്ലതും തടയുമോ എന്ന് ഇവരാരോടും ചോദിക്കരുത്. മറുപടി കേട്ടു ബോധംകെട്ടുവീണേക്കാം. താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷം വരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്, പാളീസായവർ വേറേ വഴിയില്ലാതെ ‘ടോക്ക് ഷോ’ നടത്തുന്നു. വെറും ബ്ളാ...ബ്ളാ...ബ്ളാ...
ആർക്കും ഇതിലേക്ക് ഇറങ്ങാം. കാശ് മുടക്കില്ല. നാക്കിനു നീളം വേണം. കഥ പറഞ്ഞ് രസിപ്പിക്കാനറിയണം. കുറച്ചു പുസ്തകങ്ങൾ വായിച്ച് ചില വിജ്ഞാനങ്ങളും ബിസിനസ് ജാർഗണുകളും പുരാണകഥകളും തരം പോലെ തട്ടണം. ഏത് ചോദ്യം വന്നാലും നിൽക്കാനറിയണം. തുടക്കക്കാരൻ ആദ്യം ഫ്രീയായി നടത്തുക. പതുക്കെ കേറിവരാം.
ഒടുവിലാൻ∙സിനിമാക്കാർ പറയും പോലെ ‘സെന്റിമെന്റ്സ് വർക്ക്ഔട്ട്’ ചെയ്യണം. കദനകഥ ബെസ്റ്റ്. കാണികൾക്കു കരച്ചിൽ വന്നാൽ ജയിച്ചു.