മറുനാട്ടിലും സ്റ്റോറിൽ മലയാളി സൂപ്പർ

Kitreel-Shutterstock-kitchen
Representative image. Photo Credit: Kitreel/Shutterstock.com
SHARE

ആദ്യം ഒരു മലയാളി വന്ന് സ്റ്റോർ തുടങ്ങും, കച്ചവടം പിക്കപ് ആയാൽ അയാളുടെ കസിൻ വരും. പിന്നെ നാട്ടിൽ നിന്നു കൂടുതൽ കസിൻസ് വന്നുകൊണ്ടിരിക്കും. ‘കസിൻമാർ’ കച്ചവടം പഠിച്ചു കഴിഞ്ഞാൽ കുറച്ചു ദൂരെ സ്വന്തമായി സ്റ്റോർ തുടങ്ങുന്നു. ഇവയ്ക്കൊക്കെ സാധനങ്ങൾ നൽകുന്നത് ഒരേ സപ്ളയറും...! കന്നടക്കാരുടെ ഒരു ഇൻസ്റ്റ വിഡിയോയിൽ പറയുന്നതാണിത്.

ബെംഗളുരുവിലെ പ്രൊവിഷൻ സ്റ്റോർ–ചെറുകിട സൂപ്പർമാർക്കറ്റ് മേഖല മലയാളി കീഴടക്കിയതിന്റെ വൈക്ളബ്യമാണ് കന്നഡക്കാർക്ക്. ബേക്കറികളിലും മലയാളി കഴിഞ്ഞേയുള്ളു. ഭൂരിപക്ഷവും ഉത്തരമലബാറിൽ നിന്നുള്ളവരുമാണ്. എഴുപതുകളിൽ ചെറിയ തോതിൽ തുടങ്ങിയതാണ് ഈ പരിപാടിയെന്ന് പഴയ ബെംഗളൂരു മലയാളികൾ പറയുന്നു. 2 രൂപയ്ക്ക് ഒരു സെറ്റ് പലവ്യഞ്ജനം വിറ്റ കാലത്തിൽ നിന്ന് ഗ്ളാസിട്ട ഹൈടെക് സ്റ്റോറുകളിലേക്ക് മാറിയിരിക്കുന്നു. മിക്കതും 10ലേറെ സ്റ്റോറുകൾ നടത്തുന്ന ചെയിനുകളായി. 

നാടൻ നോൺവെജ് വിഭവങ്ങളുള്ള സാദാ റസ്റ്റാറന്റുകളും ചായത്തട്ടുകളും റിയൽ എസ്റ്റേറ്റ് ബിസിനസും മലയാളികളുടേതായിട്ടുണ്ടെങ്കിലും പ്രൊവിഷൻ സ്റ്റോറിലാണ് കുത്തക. പുതിയ പാർപ്പിട കേന്ദ്രങ്ങൾ വരുന്നതു നോക്കി ആദ്യമേ ചെന്ന് കടയിടും. അവിടം വളരുമ്പോൾ റീട്ടെയിൽ വിപണി മലയാളിക്ക് സ്വന്തം. 

ഫേസ്ബുക്കിലെ ബെംഗളൂരു മലയാളി ബിസിനസ് ഗ്രൂപ്പ് നോക്കിയാൽ ഇതെല്ലാം വ്യക്തം. പരസ്യങ്ങൾ സൂപ്പർമാർക്കറ്റിൽ സ്റ്റാഫിനെ വേണമെന്നും ഹോം, ഡെലിവറിക്ക് ടു വീലർ ലൈസൻസുള്ള ബോയ്സിനെ വേണമെന്നും സാദാ ചായക്കടയിലേക്ക് ചായ–കടി ഉണ്ടാക്കാനറിയാവുന്നവരെ വേണമെന്നും മറ്റുമാണ്. ഫ്ളാറ്റ്–സ്ഥലം മറിച്ചു വിൽക്കാനുള്ള പരസ്യങ്ങളുമുണ്ട്. 

കന്നട ഗ്രൂപ്പുകളിൽ ഇതൊക്കെ ചർച്ചയാണ്. എന്തുകൊണ്ട് മലയാളികളും തമിഴരും ഐടി‍ കമ്പനികളിൽ ചേക്കേറുന്നു? എന്തുകൊണ്ട് ഗൾഫിലെ തൊഴിൽ വിപണിയിൽ മലയാളി ആധിപത്യം? ഇതൊക്കെയാണ് ചർച്ച. നെറ്റ്‌വർക്കിംഗിന്റെ പ്രാധാന്യം മലയാളിയെപ്പോലെ നമുക്ക് മനസിലാവാഞ്ഞിട്ടാണെന്ന് ഒരു തിയറി അവതരിപ്പിക്കുന്നുണ്ട്. എവിടെ ചെന്നാലും മലയാളികൾ കൂട്ടായ്മയായി, കാർട്ടലായി കൂടുതൽ പേരെ നാട്ടിൽ നിന്നു കൊണ്ടുവരലായി, നമ്മൾ അതിലൊക്കെ പിറകിലായി എന്നാണ് കന്നടക്കാരുടെ പരിദേവനം.

സകല മലയാളിയും കന്നട പറയും. ഏത് നാട്ടിൽ ചെന്നാലും അവിടുത്തെ ഭാഷ ‘വെള്ളം പോലെ’ സംസാരിക്കുന്നതാണല്ലോ മലയാളി മിടുക്ക്. ഗൾഫ് നാടുകളിൽ അറബി ഭാഷ ചറപറാ പറയും. അറബികൾ മലയാളം പഠിച്ച് മലയാളി തൊഴിലാളികളോട് സംസാരിക്കാറില്ലെങ്കിലും കേരളത്തിൽ ഗോസായി തൊഴിലാളികളോട് അവരുടെ ഹിന്ദി പഠിച്ച് സംസാരിക്കാൻ നമുക്കു യാതൊരു മടിയുമില്ല.

ഒടുവിലാൻ∙പത്തു പന്ത്രണ്ട് ലക്ഷം മലയാളികളുള്ളതിനാൽ ബെംഗളൂരുവിലെ സകല അസംബ്ളി മണ്ഡലത്തിലും 30000–35000 മലയാളി വോട്ടുകളുണ്ടെന്ന് രാഷ്ട്രീയക്കാരും കണ്ടുപിടിച്ചിട്ടുണ്ട്. അതും മുതലാക്കാവുന്നതാണ്. മജാ മാഡി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS