ഉടലിൽ വേണം ലക്ഷങ്ങളുടെ ലൊഡുക്ക്
Mail This Article
ആനന്ദ് അംബാനിയുടെ വിവാഹപൂർവ സംഗീത് ആഘോഷത്തിന് പോപ് താരം ജസ്റ്റിൻ ബീബർ എത്തിയപ്പോഴൊരു ‘വസ്ത്രാക്ഷേപം’ ഉണ്ടായി. എന്നുവച്ചാൽ ബീബറുടെ വസ്ത്രത്തെക്കുറിച്ചൊരു ആക്ഷേപം. വധൂവരൻമാർക്കൊപ്പം ബീബർ നിൽക്കുന്നത് കൈയില്ലാത്ത ബനിയനും അടിവസ്ത്രമായ ബോക്സർ ഷോർട്സും ധരിച്ചാണ്. ഒരു ട്രാക്ക് പാന്റ്സ് വലിച്ചു കേറ്റിയിട്ടുണ്ടെങ്കിലും പാതിവരെ മാത്രമേ എത്തിയിട്ടുള്ളു. ഇതെന്തു മര്യാദ എന്നൊക്കെ ചിലർ ചുമ്മാ രോഷം കൊണ്ടു. ചെലവുള്ള കാര്യമല്ലല്ലോ രോഷം കൊള്ളൽ.
പിന്നീടാണ് ബീബറുടെ അൽപ്പവസ്ത്രങ്ങളുടെ വിലകളും ബ്രാൻഡും പുറത്തറിഞ്ഞത്. ബോക്സർ ഷോർട്സ് റാൽഫ് ലോറൻ! 12000 വില വരും. വില്ലി ഷവേറിയയുടെ ട്രാക്ക് പാന്റ്സിന് 40000. പോപ് ഗാനമേളയ്ക്ക് ധരിച്ച ജാക്കറ്റിന് 25000. പിന്നെ ലതർ ബൂട്സും തൊപ്പിയും കണ്ണടയുമെല്ലാം ചേർത്താൽ പയ്യന്റെ വേഷഭൂഷാദികളുടെ വില 5000 ഡോളർ കവിയുമെന്നാണു ഫാഷൻ ലോകത്തെ വിലയിരുത്തൽ – 4 ലക്ഷവും ചില്ലറയും. 2 മണിക്കൂർ പാട്ട് പാടാൻ 78 കോടി വാങ്ങിയ ബീബർക്ക് ഇതൊക്കെ കപ്പലണ്ടിക്കാശ്.
പോപ്–സിനിമാ താരങ്ങളുടെ കാര്യത്തിൽ ഇതൊന്നും അത്ഭുതമല്ല. വർഷങ്ങൾക്കു മുമ്പ് നീലക്കാളയെ വേട്ടയാടിയ കേസിൽ കോടതിയിൽ നിന്നു സൽമാൻ ഖാൻ ജീൻസിന്റെ കൂടെ ബനിയൻ മാത്രം ധരിച്ച് ഇറങ്ങി വന്നത് ഫാഷൻ സംഭവമായിരുന്നു.
വിദേശ ബ്രാൻഡ് പ്രാന്ത് നമ്മുടെ പിള്ളേരിലേക്കും വളർന്നിരിക്കുന്നു. പിള്ളേരുടെ പുതിയ ‘ഹാങ്ഔട്ട്’ ആയ എസി ജിമ്മുകളിൽ പോയി ഏറുകണ്ണിട്ട് നോക്കുക - ചെക്കൻ ഇട്ടേക്കുന്നത് ആഡിഡാസിന്റെ ട്രാക്ക് പാന്റ്സും യുഎസ് പോളോ ടീഷർട്ടും സ്കെച്ചേഴ്സിന്റെ ഷൂസും. അപ്പുറത്തെ പെണ്ണ് പ്യൂമയുടെ ഷോർട്ട് ടോപ്പും നൈക്കിയുടെ ടൈറ്റ്സും. തറയിൽ കിടന്ന് അഭ്യാസം കാണിക്കാൻ ബോൾഡ് ഫിറ്റിന്റെ മാറ്റ്. വിയർപ്പു തുടയ്ക്കാൻ ലക്കോസ്റ്റേയുടെ ടവ്വൽ, വെള്ളം കുടിക്കാൻ സ്കാർട്ടേർസിന്റെ കുപ്പി...!! എല്ലാറ്റിനും വില ആയിരങ്ങളിലാണ്.
കാശെവിടുന്നാന്നു ചോദിച്ചാൽ...ജനത്തിനു കാശുണ്ട് ചേട്ടാ. പക്ഷേ ഡ്യൂപ്ളിക്കേറ്റുകളുണ്ട്. ഓൺലൈനിൽ നോക്കിയിരുന്ന് വില കുറയുമ്പോൾ ചാടിപ്പിടിക്കുന്നവരുണ്ട്. മാളിൽ എല്ലാ ബ്രാൻഡുകൾക്കും പാതിരാ കഴിഞ്ഞാൽ പാതി വിലയെന്നു കേട്ട് അങ്ങോട്ട് ഓടുന്നവരുണ്ട്...!
സ്പോർട്സ് ആക്സസറീസിന്റെ (ലൊട്ടുലൊഡുക്ക് എന്നു മലയാളം) രാജ്യാന്തര ബ്രാൻഡുകൾ ട്രെൻഡായതോടെ അതില്ലാതെ പിള്ളേർക്കു പുറത്തിറങ്ങാൻ വയ്യ. കല്യാണത്തിനു പോകാനും അതേ ഇടൂ.
ഒടുവിലാൻ∙ പോപ് – സിനിമാ താരങ്ങൾ വളരെ ശ്രദ്ധിച്ച് ഇത്തരം വിലകൂടിയ ബ്രാൻഡുകളുമായി മാത്രമേ പുറത്തിറങ്ങൂ. വസ്ത്രങ്ങളും ഷൂസും ലൊഡുക്കുകളും ചേർത്ത് അഞ്ചോ പത്തോ ലക്ഷം ദേഹത്ത് ഇല്ലാതെ മുറ്റത്തേക്കു കാൽ വയ്ക്കില്ല. പടമെടുക്കാൻ സദാ പപ്പരാസികളും ഉണ്ടല്ലോ.