അമ്മാ നീങ്ക റൊമ്പ പ്രമാദം...!
Mail This Article
നിർമ്മല സീതാരാമൻ കടുകട്ടിക്കാരിയാണെന്നാണ് പരിചയക്കാർ പറയുന്നത്. സെൻട്രൽ എക്സൈസ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആ പേരുകേൾക്കുമ്പോൾ തന്നെ കിടുങ്ങും. ജെഎൻയു പ്രോഡക്ടാണ്– ഇക്കണോമിക്സ് എംഎ,എംഫിൽ. പക്ഷേ പിച്ചവച്ചതും മിച്ചവും കമ്മിയുമൊക്കെ ചൊല്ലിപ്പഠിച്ചതും അങ്ങ് തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജിലായിരുന്നേ–ഇക്കണോമിക്സ് ബിഎ.
പക്ഷേ സീതാലക്ഷ്മി രാമസ്വാമി കോളജിന് അഭിമാനിക്കേണ്ട മുഹൂർത്തമാണിത്– അവരുടെ പൂർവവിദ്യാർഥിനി തുടർച്ചയായി ഇന്ത്യയുടെ ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കുന്നു. രണ്ട് ടേം ധനമന്ത്രിയായ ഏക വനിത. മുമ്പ് 10 ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായി മാത്രമാണ് മുന്നിലുള്ളത്. ടെന്നിസിൽ നദാലിനേയും ഫെഡററേയും കടത്തിവെട്ടി ജോക്കോവിച്ച് 25–ാം ഗ്രാൻഡ് സ്‌ലാം നേടും എന്നു പറയും പോലെ നിർമ്മല പത്തും കടന്നു പോയേക്കാം.
നാളെ അവതരിപ്പിക്കുന്നത് ഏഴാമത്തെ തുടർ ബജറ്റാണ്. 5 പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മുടിച്ചിട്ടാങ്കെ– ആറെണ്ണം. കോയമ്പത്തൂരുകാരൻ ആർ.കെ.ഷൺമുഖം ചെട്ടി ആകാശത്തിരുന്ന് അതു കണ്ട് ‘അമ്മാ നീങ്ക റൊമ്പ പ്രമാദം’എന്നു പറയാതിരിക്കില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബർ 26ന് അവതരിപ്പിച്ച ഷൺമുഖം ചെട്ടി ഇക്കണോമിക്സ് പഠിച്ചത് മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ.
ഏതു ബജറ്റ് വരുമ്പോഴും ഇടത്തരക്കാരൊക്കെ നോക്കുന്നത് ഇൻകംടാക്സിൽ വല്ല ഇളവും കിടയ്ക്കുമോ എന്നാണ്. ഇപ്പോഴും പല ആഗ്രഹങ്ങളും പറയുന്നുണ്ട്. സ്റ്റാന്റേഡ് ഡിഡക്‌ഷൻ അരലക്ഷത്തിൽ നിന്ന് ഒരു ലക്ഷമാക്കുമെന്നും മിനിമം നികുതിക്ക് 3 ലക്ഷം വരുമാന പരിധി കൂട്ടുമെന്നും മറ്റും. രാജ്യത്ത് ‘കൺസംപ്ഷൻ ബൂസ്റ്റ് ചെയ്യണം എന്നാണ് എന്റെ ഒരു ഇത്’ എന്ന മട്ടിൽ പല പണ്ഡിറ്റുകളും പറയുന്നുണ്ട്. ഉപഭോഗം കൂട്ടിയാലേ ഉത്പാദനവും തൊഴിലവസരങ്ങളും കൂടൂ. ജനങ്ങൾ കൂടുതൽ സാധനങ്ങൾ വാങ്ങണമെങ്കിൽ (ഉപഭോഗം) കയ്യിൽ എക്സ്ട്രാ കാശ് വേണ്ടേ? അതിനാണ് ഇളവുകൾ വന്നേക്കാമെന്ന ഊഹാപോഹം.
റിസർവ് ബാങ്ക് കൊടുത്ത 2.1 ലക്ഷം കോടി രൂപ കൊണ്ട് എന്ത് ചെയ്യും എന്നാണ് എല്ലാവരും ചുഴിഞ്ഞു നോക്കുന്നത്. എട്ടാം പേ കമ്മിഷൻ പ്രഖ്യാപിക്കുമോ എന്നു കേന്ദ്ര ജീവനക്കാരും! ചന്ദബാബു നായിഡുവും നിതീഷ് കുമാറും സിംഹഭാഗം ചോദിക്കുന്നുമുണ്ട്.
ഒടുവിലാൻ∙ മാസങ്ങൾക്കു മുമ്പ് കൊച്ചി ആദായനികുതി ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് സന്ധ്യയ്ക്കുള്ള വന്ദേഭാരതിൽ കയറാൻ നിർമ്മല സീതാരാമൻ സൗത്ത് റയിൽവേ സ്റ്റേഷനിൽ വന്ന വരവൊരു വരവായിരുന്നു. പ്ളാറ്റ്ഫോമിൽ ഈച്ചയെ പോലും അടുപ്പിക്കുന്നില്ല. ഇരുവശത്തും ഉദ്യോഗസ്ഥരും പൊലീസും വരിയായി നിന്ന് കോട്ടതീർത്തു. അതിനു നടുവിലൂടെ മഹാറാണിയെപ്പോലെ മന്ദംമന്ദം...!!!