അംബരചുംബികൾ അഭിവൃദ്ധി ലക്ഷണം

city-mm-ai-l
Photo Credit: Representative image created using AI Image Generator
SHARE

ക്വാലാലംപൂരിലെ പക്ഷി സങ്കേതത്തിൽ ഐസ്ക്രീം വിൽക്കുന്ന ചെറിയ കെട്ടിടത്തിനു മുകളിൽ പറന്നിരിക്കുന്ന പെലിക്കനുകൾക്കും വേഴാമ്പലുകൾക്കും മുകളിലായി ദൂരെ കണ്ണഞ്ചിക്കുന്ന 6 ടവറുകൾ കാണാം. അത്തരം ഏതാണ്ട് 2000 ടവറുകൾ ആ നഗരത്തിലുണ്ട്. 88 നിലകളിൽ പെട്രോണാസ് ട്വിൻ ടവറുകൾ നിർമ്മിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലുതായിരുന്നു. ഇക്കൊല്ലം 678 മീറ്റർ ഉയരത്തിൽ അതിലും വലിയ മെർഡെക ടവർ പണി തീർന്നു. മെർഡെക എന്നാൽ സ്വാതന്ത്ര്യം. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 10 കൊല്ലം കഴിഞ്ഞു കിട്ടിയ മലേഷ്യയുടെ അഭിവൃദ്ധിയുടെ പ്രതീകങ്ങളാണ് ടവറുകൾ. ഏതു രാജ്യത്തിനും ഐശ്വര്യത്തിന്റെ പ്രഘോഷണമാണ് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. അങ്ങനെ തന്നെ ഉദ്ദേശിച്ചാണ് അവ നിർമ്മിക്കുന്നതും. ദുബായിലെ ബുർജ് ഖലീഫ ഉദാഹരണം. 

സ്കൈക്രേപ്പർ അഥവാ മലയാളത്തിൽ ‘അംബരചുംബി’ ആവണമെങ്കിൽ 150 മീറ്ററിലേറെ ഉയരം വേണം. അത്തരം കെട്ടിടങ്ങൾ തന്നെ ക്വാലാലംപൂരിൽ 700ലേറെയുണ്ട്. 200 മീറ്ററിലേറെ 42 എണ്ണവും 300 മീറ്ററിലേറെ 5 എണ്ണവും. എന്താണിപ്പോ ടവറുകളെപ്പറ്റി പറയാനെന്നു ചോദിച്ചാൽ ഇതു കേരളത്തിൽ തൽക്കാലം പ്രയാസമാണ്. കാരണം ടവർ വെറുതെ കെട്ടിയാൽ പോരാ, അത് വാങ്ങാനോ വാടകയ്ക്കോ ആള് വേണം. അവിടെ ഓഫിസുകളും  ഹോട്ടലും മാളും ഫ്ളാറ്റും സർവീസ്ഡ് അപ്പാർട്ട്മെന്റുകളും മറ്റും വേണം. ഡിമാൻഡ് വേണമെന്നർഥം.

ടവറുകളിലെ പതിനായിരക്കണക്കിനു ചതുരശ്രയടി സ്ഥലം വിറ്റോ, വാടകയ്ക്കോ പോകുന്നുണ്ടെങ്കിൽ അതതിനർഥം അവിടെ പണം പുളയ്ക്കുന്നുണ്ടെന്നാണ്. ചുമ്മാതെ ആരും കെട്ടിപ്പൊക്കില്ല. 80കളിൽ പ്രധാനമന്ത്രി മഹാത്തിർ മുഹമ്മദ് മലേഷ്യയിൽ നടപ്പാക്കിയ വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഫലമാണിത്. 

ദുബായിൽ ലോകമാകെ നിന്നു മൂലധനം വന്നു കൂടുന്നു. പലവിധ പ്രശ്നങ്ങൾ മൂലം മുതൽമുടക്കാൻ കഴിയാത്ത രാജ്യങ്ങളിൽ നിന്നുള്ള മൂലധനവും ദുബായിൽ വരുന്നു, അഥവാ വരുത്താൻ കഴിയുന്നു എന്നതിലാണ് അവരുടെ വിജയം. അല്ലാതെ പൊങ്ങച്ചത്തിന്റെ പേരിൽ കെട്ടിപ്പൊക്കിയതാണെങ്കിൽ മുടിഞ്ഞു പോകും. ഡംഭ് കാണിക്കാൻ വെറുതെ ടവർ കെട്ടി ആപ്പിലായ രാജ്യങ്ങൾ പോലുമുണ്ട്.

നമുക്ക് കേരള നഗരങ്ങളിൽ സിംഗപ്പൂർ–മലേഷ്യ പോലെ ആകാശചുംബികൾ മോഹിച്ചാലോ? 150 മീറ്ററിലേറെയുള്ള സ്കൈക്രേപ്പർ വിഭാഗത്തിൽ സ്മാർട് സിറ്റി കൊച്ചിയിൽ ട്വിൻ ടവറുകൾ പണി തീർന്നിട്ടുണ്ട്. ലുലു ഇൻഫ്ര ടവർ. 32 നില, 153 മീറ്റർ.

ഒടുവിലാൻ∙ പഴയ മലയായിൽ ബോർണിയോ മലയാളിയും പെനാങ് മലയാളിയും പണ്ടുണ്ടായിരുന്നു. അവരുടെ പിൻമുറക്കാർ ഇപ്പോഴും അവിടെയുണ്ട്. മലേഷ്യയിലെ ധനികാഗ്രേസരന്മാരിൽ അവരുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS