പ്രധാന മീറ്റിംഗിൽ ഇരിക്കുമ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോൾ. വേറേ പ്രധാനപ്പെട്ട പലരുടേയും വിളി പ്രതീക്ഷിച്ചിരിക്കുന്നതിനാൽ മൊബൈൽ ഫോൺ പൊത്തിപ്പിടിച്ച് കോൺഫറൻസ് മുറിയിൽ നിന്നു പുറത്തിറങ്ങുന്നു.
അനന്തരം– സാർ...ഇതു ഡാഷ് കോൾ സെന്ററിൽ നിന്നു വിളിക്കുകയാണ്. സാറിന്റെ വണ്ടി സർവീസ് ചെയ്തല്ലോ...എന്താ അഭിപ്രായം...?
നാശം! ഒന്നും പറയാൻ പറ്റുന്ന സാഹചര്യമല്ലാത്തതിനാൽ കോൾ കട്ട് ചെയ്യുന്നു. പിന്നെയും വിളിച്ചാൽ നമ്പർ ബ്ളോക്ക് ചെയ്യുന്നു. പിന്നെ വേറേ നമ്പറിൽ നിന്നു വിളിക്കും! സർവീസിനു സമയമായി എന്ന് ഓർമ്മിപ്പിക്കാനും വർക്ക്ഷോപ്പിൽ നിന്നു വിളിയുണ്ട്. ഇപ്പോൾ ഫ്രീയാണോ, സംസാരിക്കാമോ എന്ന ഫോൺ മര്യാദകളൊന്നുമില്ല.
സർവീസ് കഴിഞ്ഞാലോ? ബിൽ തുകയിൽ തൃപ്തിയാണല്ലോ അല്ലേ? എന്ത് തൃപ്തി? ബില്ല് ഇല്ലാത്ത ഫ്രീ സർവീസിനും ബിൽ തുകയിലെ തൃപ്തി ചോദിക്കും. എന്താ ഏതാ ആരാ എന്നൊന്നും അറിയാതെയാണു വിളിക്കുന്നത്!
പുതിയ കാലത്തെ ബിസിനസുകളുടെ ഉപദ്രവമാണിത്. സേവനത്തെക്കുറിച്ച് അഭിപ്രായം അറിയണം പോലും. ബാങ്കുകൾ, ഇൻഷുറൻസ്, സൂപ്പർ മാർക്കറ്റ് തുടങ്ങി തുണിക്കടക്കാർ വരെ വിളിക്കുന്നു. വസ്ത്രങ്ങളുടെ പുതിയ സ്റ്റോക്ക് വന്നിട്ടുണ്ടത്രെ.
വണ്ടി എടുക്കാൻ വന്ന ഡ്രൈവറുടെ പെരുമാറ്റം? ചിരിച്ചുകൊണ്ടാണോ കരഞ്ഞുകൊണ്ടാണോ വന്നത്? സർവീസ് എൻജിനീയർ എല്ലാ കാര്യവും പറഞ്ഞു മനസിലാക്കിയോ? ശ്ശെടാ ഇതു വല്യ പൊല്ലാപ്പായല്ലോ എന്നു വിചാരിക്കുമ്പോൾ അടുത്ത മാസ് ഡയലോഗ് വരുന്നു– സേവനത്തിന് സാർ 1 മുതൽ 10 വരെ എത്ര മാർക്ക് കൊടുക്കും, പത്ത് മാർക്ക് തന്നെ കൊടുക്കണേ! ഇങ്ങനൊയൊരു കോൾ വരുമെന്നും 10 മാർക്ക് കൊടുക്കണമെന്നും സേവനം ചെയ്തവർ തന്നെ നേരത്തേ പറഞ്ഞു ചട്ടം കെട്ടാറുമുണ്ട്. പിന്നെന്തിനീ പ്രഹസനം?
ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിളി നിത്യം. ഒന്നു മൂളിപ്പോയാൽ വേണ്ടാത്ത കാർഡ് വരും. വാർഷിക ഫീസ് 6000 രൂപയുള്ളതു മിണ്ടില്ല. സേവനം ഒന്നു മുതൽ 10 വരെ എങ്ങനുണ്ടെന്നു ചോദിക്കുന്ന വിളി പിറകേ.
വല്യ കമ്പനിയുടെ റീട്ടെയിൽ കടയിൽ ചെന്ന് ഉപ്പും മുളകും വാങ്ങിയാലും കൗണ്ടറിലെത്തുമ്പോൾ മൊബൈൽ നമ്പർ ചോദിക്കും. എന്തിനാ ഫോൺ നമ്പർ? ബില്ലടിച്ച് കാശും കൊടുത്തിട്ട് കൗണ്ടറിൽ ഇരിക്കുന്ന സ്മൈലികളിലൊന്നിൽ ക്ളിക്ക് ചെയ്യണം. അതൃപ്തി കാണിക്കുന്ന സ്മൈലിയിൽ ക്ളിക്ക് ചെയ്താൽ ആ പാവത്തിനു പണികിട്ടും!
ഒടുവിലാൻ∙ സാർ ഡാഷ് ഡവലപ്പേഴ്സിൽ നിന്നു വിളിക്കുകയാണ്. ഞങ്ങളുടെ പുതിയ പ്രോജക്ടിലെ ഫ്ളാറ്റിൽ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ? രണ്ടര കോടി മുതലാണ് സ്റ്റാർട്ടിംഗ്!! ശരി രണ്ടെണ്ണം പൊതിഞ്ഞെടുത്തോ!