നാളെ അമേരിക്കയിൽ ഇലക്‌ഷൻ നടക്കുമ്പോൾ ഹോട്ടൽ വെയ്റ്റർമാരെപ്പോലെ ടിപ്പ് കിട്ടുന്ന സകലർക്കും അവിടെ ട്രംപ് വരണേ എന്നാണു പ്രാർഥന! കാരണം താൻ പ്രസിഡന്റായാൽ ടിപ്പിൽ നിന്നുള്ള വരുമാനത്തെ ടാക്സ് ഫ്രീ ആക്കുമെന്ന് അതിയാൻ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയാണ് ലോകത്ത് തന്നെ വെയ്റ്റർമാർക്ക് ഏറ്റവും കൂടുതൽ ടിപ്പ് കിട്ടുന്ന രാജ്യമത്രെ. ബില്ല് കിട്ടിയാൽ അതിന്റെ തുകയുടെ കൂടെ 15% ടിപ്പ് തുക കൂടി ചേർത്ത് കണക്ക് കൂട്ടിയിട്ടാണ് കാശ് കൊടുക്കുക. അതു പഴയ കാര്യം, ഇപ്പോൾ 20% വരെയാണ് അമേരിക്കയിൽ ടിപ്പ്! ഇതിനെ ടിപ്ഫ്ളേഷൻ എന്നാണു വിളിക്കുന്നത്. ഇൻഫ്ളേഷൻ പോലെ.
കേരളത്തിൽ ബംഗാളികളെന്ന പോലെ അമേരിക്കയിൽ ഹിസ്പാനിക്കുകളാണ് വെയ്റ്റർമാരിൽ വലിയ വിഭാഗം. അവരുടെ വോട്ട് ലാക്കാക്കിയുള്ള ട്രംപിന്റെ നമ്പരാണിത്. ടിപ്പിന്റെ ആകെ തുക വർഷം 3800 കോടി ഡോളർ വരുമെന്നും (3.2 ലക്ഷം കോടി രൂപ) നികുതി ഒഴിവാക്കിയാൽ ഖജനാവിനു വൻ നഷ്ടമാണെന്നും പറയുന്നുണ്ട്.
നമ്മുടെ നാട്ടിൽ അത്രയ്ക്കില്ലെങ്കിലും മോശമല്ല. കൊച്ചിയിലെ അപ്മാർക്കറ്റ് വെജ് റസ്റ്ററന്റിൽ നിറയെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആണും പെണ്ണുമാണ് വെയ്റ്റർമാർ. മാസം 12000 രൂപ ശമ്പളം. പക്ഷേ അവർക്ക് ദിവസം ശരാശരി 400 രൂപ ടിപ്പ് കിട്ടും. ഞായറാഴ്ചകളിൽ വന്നു മസാലദോശ കഴിച്ച് എല്ലാ വെയ്റ്റർമാർക്കും നൂറ് രൂപ വീതം കൊടുക്കുന്ന ഉദാര ശിരോമണിമാരുമുണ്ടത്രെ.
ശമ്പളത്തേക്കാൾ ടിപ്പ് കിട്ടുന്ന അനേകം ജോലികളുണ്ട്. ശമ്പളം കൊടുക്കാതെ ടിപ്പ് കൊണ്ട് ജീവിച്ചോണം എന്നു പറയുന്ന സ്ഥലങ്ങളുമുണ്ട്. ടൂറിസ്റ്റുകളുടെ കാർ–ബസ് ഡ്രൈവർമാർക്ക് എത്രവേണമെങ്കിലും ടിപ്പ് കിട്ടാം. 500–1000 രൂപ സാധാരണം. സായിപ്പാണെങ്കിൽ പുല്ലുപോലെ 100 ഡോളർ കൊടുത്തിട്ടു പോകും–8300 രൂപ!
കാശിന്റെ കുത്ത് സഹിക്കാത്തവർ സ്റ്റാർ ഹോട്ടലുകളിൽ ചെന്നിട്ട് വെയ്റ്റർമാർക്കു മാത്രമല്ല, വാതിൽ തുറന്നു കൊടുക്കാൻ നിൽക്കുന്ന മീശക്കാരനും കൊടുക്കും 500ന്റെ ടിപ്പ്. ഗൂഗിൾ പേയും മറ്റും വന്നതോടെ ഇതിൽ ഇടിവുണ്ടെന്നു പറയുന്നുണ്ട്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്താലോ, ബില്ലിന്റെ കൂടെ ടിപ്പിന് ഓപ്ഷനുകൾ ചോദിക്കും. 40–60 രൂപ. അതും പോരാഞ്ഞിട്ട് ഡെലിവറിക്കാരന് നേരിട്ടു ടിപ്പ് കൊടുക്കലുമുണ്ട്.
ഒടുവിലാൻ∙ സാദാ ദോശക്കടയിൽ പോയാൽ ടിപ്പ് കൊടുക്കാത്തവരും വെറും 10 രൂപ കൊടുക്കുന്നവരും മുന്തിയ ഹോട്ടലുകളിൽ പോയാൽ 100ൽ കുറയാതെ കൊടുക്കും. കൂടെയുള്ളയാളെ ഇംപ്രസ് ചെയ്യാനും ടിപ്പാണ് മാർഗം. വൻ തുക വീശിയാൽ പുങ്കനാണെന്നും തോന്നിയേക്കാം