ADVERTISEMENT

സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു താഴോട്ടു നോക്കുന്നതാണത്രെ ഭംഗി! നേരേ നിന്നു നോക്കിയാൽ വെടക്കു കാഴ്ചകൾ കാണേണ്ടി വരും. മാനത്തു നിന്നു താഴോട്ടു നോക്കുമ്പോഴോ...??

കളകളാരവം പൊഴിക്കുന്ന കല്ലോലിനികൾ, പുഷ്പ–ലതാ നികുഞ്ജങ്ങൾ, പച്ചച്ച പാടങ്ങൾ, പുഴകൾ മലകൾ പൂവനങ്ങൾ... ആകപ്പാടെ സസ്യശ്യാമളകോമളം! വാതോരാതെ വർണിക്കുന്നവർ മലയാള സാഹിത്യത്തിലെ പഴയ പഞ്ചവർണപ്പൈങ്കിളി കാലത്തേക്കു മടങ്ങിയ പോലെ. കൊച്ചിയിൽ നിന്നു 4 മണിക്കൂർ റോഡ്മാർഗം കുണ്ടുംകുഴിയും താണ്ടി മൂന്നാറിലേക്കു പോകുമ്പോഴുള്ള കല്ല്കരട്കാഞ്ഞിരക്കുറ്റിയും,മുള്ള് മുരട് മൂർഖൻപാമ്പും ആകാശത്തിരുന്നാൽ കാണേണ്ടി വരില്ലല്ലോ. 

നമുക്കാകെ ഈ ഭംഗിയും പച്ചപ്പുമല്ലാതെ വേറൊന്നുമില്ലെങ്കിലും സീപ്ളെയിൻ വന്നാൽ ‘ബാക്ക്‌വാട്ടർ’ പോലെ ആകാശക്കാഴ്ച വേറൊരു യുഎസ്പി ആക്കി മാറ്റാമെന്നു വരെ പറയുന്നുണ്ട്. യൂണീക്ക് സെല്ലിംഗ് പ്രപ്പസിഷൻ എന്ന യുഎസ്പി (ഹഠാദാകർഷണം) ആകണമെങ്കിൽ സീപ്ളെയിൻ സ്ഥിരമായി പറക്കണം.

സീപ്ളെയിൻ മാട്ടുപ്പെട്ടിയിലെത്താൻ എടുത്തത് 16 മിനിട്ട്, അങ്ങോട്ടും ഇങ്ങോട്ടും എടുത്താലും 32 മിനിട്ട്. റോഡ് മാർഗം 8 മണിക്കൂർ മിനിമം. പ്ളെയിനിൽ കയറുന്ന തരം സഞ്ചാരികൾ നിലവിൽ ഇന്നോവയിലാണു സഞ്ചാരം. അത്തരം 350 ഇന്നോവകൾ ദിവസവും മൂന്നാറിൽ വന്നു പോകുന്നുണ്ടത്രെ. അതുണ്ടാക്കുന്ന മലിനീകരണമോ? കൊച്ചി–മൂന്നാർ ഇന്നോവയ്ക്ക് ഡ്രോപ് മാത്രം 4500 രൂപ. സീപ്ളെയിനിൽ ഒരു സീറ്റിന് അത്ര വേണ്ടത്രെ. 

ഇറങ്ങാനും പറക്കാനും സീപ്ളെയിനിന് ഏതാണ്ട് വിമാനം പോലെ ദൂരം വേണമെന്നായിരുന്നു പലരുടേയും ധാരണ. പക്ഷേ വലിയ റൺവേ വേണ്ട, പക്ഷിയെപ്പോലെ പറന്നിറങ്ങുകയാണ്. ലാന്റ് ചെയ്തിട്ട് വെറും 50 മീറ്റർ കായലിൽ കൂടി ഓടിയാൽ മതി. ടേക്ക് ഓഫും അതുപോലെ. ശബ്ദം വളരെ കുറവ്. മാട്ടുപ്പെട്ടി തടാകത്തിൽ 1996 മുതൽ ഓടുന്ന ബോട്ടുകളുടെ ശബ്ദം പോലുമില്ല. 13 ബോട്ടുകളാണ് മാട്ടുപ്പെട്ടി തടാകത്തിൽ ഓടുന്നത്. അതിൽ മാലിന്യമില്ലേ?

കൊച്ചി എയർപോർട്ടിൽ നിന്ന് ബോൾഗാട്ടിയിലെത്താൻ റോഡിലൂടെ 1-2 മണിക്കൂർ വേണം. പകരം ഇതേ സീപ്ളെയിൻ ഉപയോഗിച്ചാൽ കേറാൻ ആളു കാണും. സമ്മേളനങ്ങൾ നടക്കുമ്പോൾ ആളെ ഇറക്കാം. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളിൽ പ്രധാന ഐറ്റമാക്കാം ചെക്കനും പെണ്ണും കൂടിയൊരു ആദ്യയാത്ര. 

ഒടുവിലാൻ∙മുൻഅനുഭവം വച്ചുനോക്കുമ്പോൾ ഇതു മറ്റൊരു നാറാണത്തു ഭ്രാന്തൻ പരിപാടിയാകുമോ...?. എല്ലാം ഉരുട്ടി കയറ്റും, പിന്നെ താഴോട്ടിടും. കാരവനിലും, ടേക്ക് എ ബ്രേക്കിലും, സീബ്രിഡ്ജിലുമെല്ലാം കണ്ടതാണ്. ആരംഭ ശൂരത്വവും കേരളത്തിന്റെ മറ്റൊരു യുഎസ്പി ആക്കിയാലോ...? യേത്?

English Summary:

Business boom column by P Kishore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com