ADVERTISEMENT

ഇന്ത്യയിൽ ക്രോണി കാപിറ്റലിസത്തിന്റെ അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ മൂർത്തിമദ് ഭാവമായി അവതരിപ്പിക്കുന്നത് അദാനിയെ ആണെങ്കിൽ മലേഷ്യയിൽ ഉണ്ടായിരുന്നു വേറൊരു അദാനി. മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായിരുന്ന 25 വർഷം ലൈസൻസുകളും കരാറുകളും നേടിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ടി. അനന്തകൃഷ്ണൻ. മോഡേൺ മലേഷ്യയുടെ ശിൽപികളിലൊരാൾ. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചപ്പോൾ ലോകത്തെല്ലായിടത്തുനിന്നും ആദരമൊഴുകി.

ലോകത്തെ ഏറ്റവും വലിയ ഇരട്ട ടവറുകളായ പെട്രോണസ് ടവർ നിർമിച്ചത് ആരാ? എകെ. അവിടെ അനന്തകൃഷ്ണൻ(86) എകെ എന്നാണ് അറിയപ്പെടുന്നത്. ക്വാലലംപൂരിന്റെ പ്രാന്തത്തിൽ കിടന്ന കുതിരപ്പന്തി ഉൾപ്പെടുന്ന പ്രദേശത്തെ നന്നാക്കിയെടുക്കാൻ മഹാതിർ മുഹമ്മദ് ഏൽപിച്ചതാണ്. എകെ അവിടം വൻ നഗരമാക്കി മാറ്റി പെട്രോണസ് എന്ന ഇരട്ട ടവറുകളും പണിതു.

എകെ രൂപം കൊടുത്ത പെട്രോണസ് മലേഷ്യയിലെ ദേശീയ എണ്ണക്കമ്പനിയാണ്. അതിലും ഒരു ചങ്ങാത്ത കഥയുണ്ട്. അറുപതുകളിൽ ഹാർവഡ് സർവകലാശാലയിൽ എകെ എംബിഎയ്ക്കു പഠിക്കുമ്പോൾ സൗദി രാജകുടുംബാംഗം സഹപാഠിയായുണ്ടായിരുന്നു. പിന്നീട് സൗദി ധനമന്ത്രിയായി. ആ കൂട്ടുകെട്ടിൽ എകെ ഓയിൽ ട്രേഡിങ് തുടങ്ങി. സൗദിയിൽ നിന്ന് എണ്ണ വാങ്ങുക, ലാഭത്തിൽ ലോകരാജ്യങ്ങൾക്കു വിൽക്കുക. പെട്രോഡോളർ ഒഴുകി.

മാക്സിസ്, ആസ്ട്രോ മലേഷ്യ ഹോൾഡിങ്സ്, ഉസാഹ ടേഗസ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എകെ പതിനായിരക്കണക്കിന് കോടികൾ ഉണ്ടാക്കുകയും അതുപോലെ കളയുകയും ചെയ്തിട്ടുണ്ട്. മാക്സിസ് ഇന്നും മലേഷ്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്ററാണ്. പക്ഷേ, തൊണ്ണൂറുകളിൽ ഇന്ത്യയിൽ മൊബൈൽ ബിസിനസിനു ശ്രമിച്ച് പൊട്ടിപ്പാളീസായി. ഓർമയുണ്ടോ എയർസെൽ മാക്സിസ്? ഫോഡും ജനറൽ മോട്ടോഴ്സും ഇന്ത്യയിൽ നിന്നു തോറ്റോടിയിരിക്കുന്നു, പിന്നാ!

കൂട്ടുകാരൻ മഹാതിർ മുഹമ്മദിന്റെ കാലത്ത് ഉപഗ്രഹ ബ്രോഡ്കാസ്റ്റിങ് ലൈസൻസുകളും ടിവി ചാനൽ ലൈസൻസുകളും എകെ സ്വന്തമാക്കിയിരുന്നു. അങ്ങനെ പല ബിസിനസുകളിലൂടെ വന്ന ആസ്തി ഇപ്പോൾ 5.2 ബില്യൻ ഡോളർ അഥവാ അരലക്ഷം കോടിയിലേറെയുണ്ട്. പക്ഷേ അനന്തരാവകാശിയായ മകൻ ബുദ്ധസന്യാസിയായി. പേര് വെൻ അജാൻ സിരിപാന്യോ. ഭാര്യ തായ് രാജകുടുംബാംഗം മോംവജാറോങ്സെ സുപ്രീന്ത ചക്രബാൻ! 2 പെൺമക്കൾ ലണ്ടനിലാണ്.

അവർ അവകാശികളാവുമോ അതോ മകൻ സന്യാസം മതിയാക്കി തിരിച്ചു വരുമോ? കണ്ടറിയണം. ഇനം ഇനത്തിൽ ചേരും എരണ്ട വെള്ളത്തിൽ ചേരും എന്ന പഴമൊഴി ഓർത്താൽ...!??

ഒടുവിലാൻ∙ സന്യാസിയായ മകൻ കാട്ടിലുള്ള ബുദ്ധ വിഹാരത്തിലാണു താമസം. ഭിക്ഷാപാത്രവുമായി നടക്കും. പക്ഷേ, ഇടയ്ക്ക് അച്ഛന്റെ പ്രൈവറ്റ് ജെറ്റിൽ പറക്കും. മകൻ സന്യാസിക്ക് അച്ഛൻ ഒരു ഫൈവ് സ്റ്റാർ ബുദ്ധിസ്റ്റ് റിസോർട്ട് വാങ്ങിക്കൊടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com