ADVERTISEMENT

ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ആരോ ചൂണ്ടിക്കൊടുത്തു. അനധികൃത കച്ചവടം സ്കൂളിൽ ‘പിടിച്ചു’. 

മറ്റു കുട്ടികളുടെ മുന്നിൽ നിർത്തി പ്രിൻസിപ്പലിന്റെ വക ചൂരൽ കഷായം. അതേ പയ്യൻ വളർന്ന് എൻജിനീയറിങ് കഴിഞ്ഞ് അങ്ങ് അമേരിക്കൻ സിലിക്കൺവാലിയിലെത്തി. അവിടെ ബിഗ് ബിസിനസാണ്. ചൊട്ട‍യിലെ ശീലം ചുടല വരെ. 

അവിടത്തെ പ്രമുഖ ഇന്ത്യൻ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റ്. മികച്ച സ്റ്റാർട്ടപ് കമ്പനികൾ നോക്കി നിക്ഷേപിക്കുന്നു, സ്വയം സ്റ്റാർട്ടപ്പുകൾ തുടങ്ങി വിജയിപ്പിക്കുന്നു, പിന്നെ വിറ്റ് കോടികൾ വാരുന്നു. സ്കൂളുകളിൽ പണ്ടേ പലതരം കച്ചവടങ്ങളുണ്ടേ... മയിൽപ്പീലിയും മിഠായിയും മാത്രമല്ല നാടൻ പിള്ളേര് പുളിങ്കുരുവും പുളിഞ്ചിക്കയും വരെ കൊണ്ടു നടന്നു വിറ്റിരുന്നു. 

കാലിഡോസ്കോപ് നോക്കുന്നതിനു വാടക വാങ്ങിയ വിദ്വാൻമാരുണ്ട്. മാഗ്നറ്റ് (കാന്തം) കൊണ്ടു വന്നു വിറ്റ പലരും പിൽക്കാലത്ത് ബിസിനസ് മാഗ്നറ്റുകളായി മാറുകയും ചെയ്തു. ചെറുപ്പത്തിലേ പിടിക്കുക അഥവാ കാച്ച് ദെം യങ് എന്ന തത്വം നമുക്ക് മാത്രം ഇല്ല. 

മിക്ക രാജ്യങ്ങളിലും ഈ ലക്ഷ്യം വച്ചു തന്നെ പല പരിപാടികളുണ്ട്. സുസുക്കിയുടെ കാർ മ്യൂസിയമുണ്ട് ജപ്പാനിൽ. ഇതു കാണിക്കാൻ പ്രൈമറി സ്കൂൾ കുട്ടികളെ കൊണ്ടു വരും. 

ഇത്ര ചെറിയ കുട്ടികൾ ഇതു കണ്ടിട്ടെന്ത് കാട്ടാനാ എന്നേ തോന്നൂ. അവിടെ കിയോസ്കുകളിൽ കുട്ടികൾക്ക് ടോയ് കാർ ഡിസൈൻ ചെയ്ത് ഓർഡർ ചെയ്യാം. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കാർ. 

കോള ഡിസ്പെൻസറിൽ കാശിട്ടാൽ കുപ്പി വരും പോലെ കുട്ടികൾക്ക് അവർ ഡിസൈൻ ചെയ്ത ടോയ് കാർ കിട്ടും. നെയ്യപ്പം തിന്നുമ്പോഴുള്ള പോലെ ഇതിലും രണ്ടുണ്ട് കാര്യം. സുസുക്കി ബ്രാൻഡ് പിള്ളേരുടെ മനസ്സിൽ പതിപ്പിച്ച് ഭാവിയിൽ അവരുടെ ഉപയോക്താക്കളാക്കി മാറ്റുക. കുട്ടികൾക്ക് കാറിനോട് അഭിനിവേശവും അതു ഡിസൈൻ ചെയ്യാനുള്ള ഭാവനയും ഉണർത്തുക... ജപ്പാൻകാരന്റെ ബുദ്ധി അപാരം തന്നെ.

ഒ‌ടുവിലാൻ∙ പണ്ട് അടി കിട്ടിയ പയ്യന്റെ മകളും ഇപ്പോൾ കലിഫോണിയ സ്കൂളിൽ കച്ചവടം നടത്തുന്നുണ്ടത്രെ. ചക്ളി എന്ന മുറുക്ക് വിൽക്കും. ചൈനീസ് കുട്ടികളാണു വാങ്ങുന്നതിൽ കൂടുതലും. അവിടത്തെ സ്കൂളിൽ നാലുകാശുണ്ടാക്കുന്നതിന് മിടുക്കി എന്നേ പറയൂ.

English Summary:

Business Boom column by P Kishore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com