ബംഗ്ലാ പ്രാണ്‍ എനിക്കു നല്‍കിയ പരമാനന്ദ രസത്തേ...
Mail This Article
ബംഗ്ലദേശിനു വെള്ളിയാഴ്ച 50 വയസ്സായെന്ന്. ഓര്‍ത്തത് എന്നിട്ടും ഇത്ര കാലമായിട്ടും ഒരു ബംഗ്ലദേശി ബ്രാന്‍ഡിനെ പരിചയപ്പെട്ടില്ലല്ലോ എന്നാണ്. പിന്നെ പെട്ടെന്നു തന്നെ തിരുത്തി– ദുബായില്‍വച്ച് പ്രിയപ്പെട്ട പ്രാണ്‍ ലിച്ചി ഡ്രിങ്കിനെ ഓര്‍ത്തു. യാദൃച്ഛികമെന്നു പറയട്ടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു കടയില്‍ കയറിയപ്പോള്‍ ‘ഇതു നല്ല ബിസ്‌കറ്റാണ്, പൊട്ടറ്റ ബിസ്‌കറ്റ്’ എന്നു പറഞ്ഞ് കൂട്ടുകാരന്‍ ഒരു ഷെല്‍ഫിലേക്കു വിരല്‍ചൂണ്ടി. യേസ്, നമ്മുടെ ബംഗ്ലദേശി പ്രാണ്‍ തന്നെ. ചാടിക്കേറി ഒരെണ്ണം വാങ്ങി. വീട്ടില്‍ വന്ന് രുചിച്ചു നോക്കിയപ്പോള്‍, ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു രസികന്‍സ്വാദും. ഗള്‍ഫിലും ഇന്ത്യയിലും എത്തിയ പ്രാണിനെ ആദ്യത്തെ ബംഗ്ലദേശി മള്‍ട്ടിനാഷനല്‍ ബ്രാന്‍ഡ് എന്നു വിളിക്കാമോ? അതോ നമ്മളറിയാത്ത വേറെ ബംഗ്ലദേശി ബ്രാന്‍ഡുകള്‍ നേരത്തേതന്നെ എംഎന്‍ (മള്‍ട്ടിനാഷനല്‍) ആയിക്കാണുമോ?
ബംഗ്ലദേശ് ആയാലും കിറ്റെക്‌സ് ആയാലും വന്‍തോതില്‍ കുട്ടിയുടുപ്പ്/കുപ്പായ നിര്‍മാണവും കയറ്റുമതിയുമുണ്ട്. പക്ഷേ അതൊന്നും സ്വന്തം ബ്രാന്‍ഡിലല്ല. സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കുന്നത് എളുപ്പമുള്ള കാര്യവുമല്ല. അവിടെയാണ് ഗുഡ്‌നൈറ്റ് മോഹനേം ഈസ്‌റ്റേണ്‍ മീരാനേം ഉജാല രാമചന്ദ്രനേം വണങ്ങേണ്ടത്. ഇന്ത്യാ, പാക്ക്, ബംഗ്ലാ എന്നിങ്ങനെ മൂന്നായി പിളര്‍ന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം പഴയ ഹിന്ദി സിനിമാ സോപ്പുംപെട്ടിക്കഥയിലെ സഹോദരങ്ങള്‍ ലാസ്റ്റ് സീനില്‍ ഒരു പാട്ടില്‍ ഒന്നാകുന്നപോലെ ഒന്നാകുന്ന ഒരു സ്ഥലമുണ്ട് - ഗള്‍ഫിലെ തൊഴില്‍വിപണി.
കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളില്‍ ഉള്ളതിനേക്കാള്‍ മലയാളികള്‍ വസിക്കുമിടം. അവരില്‍ ഒരാളായി ഒരു വ്യാഴവട്ടക്കാലം (പന്ത്രണ്ടു വര്‍ഷം - ഒരു ജീവപര്യന്തക്കാലം എന്നും വിളിക്കാം) ജീവിച്ചപ്പോള്‍ ഇഷ്ടപ്പെട്ട പാക്കിസ്ഥാനി ഉല്‍പന്നങ്ങളുമുണ്ട്. ഇന്ത്യയിലെ ഏത് ഇനം മാങ്ങയോടും കിടപിടിക്കും പാക്കിസ്ഥാനില്‍ നിന്നുള്ള സിന്ധ്രിയും ദേശിയും. കണ്ടാല്‍ അത്ര മെനയില്ലെന്നേയുള്ളു. ചളുങ്ങിപ്പിളുങ്ങി ഇരിക്കും (അതിനി കയറ്റിറക്കില്‍ പറ്റുന്നതാണോ എന്നും അറിയില്ല). തൊലിക്കാണെങ്കില്‍ ഉള്ളിത്തൊലിയുടെ കനമേയുള്ളു. മധുരമോ, സ്വാദോ - വാക്കുകളില്‍ വിശദീകരിക്കാനാവാത്ത വിധം സ്വര്‍ഗീയം.
മറ്റൊന്ന് പാക്കിസ്ഥാനില്‍നിന്നു വരുന്ന സേമിയയാണ്. നമ്മുടെ സേമിയകളുടെ നാലിലൊന്നേ കനം കാണൂ - നേര്‍ത്ത് തലമുടി പോലെ. നിറമോ, കൂടുതല്‍ ഗോള്‍ഡനും. ഇറാനില്‍ നിന്നുള്ള കിസ്മിസ്, ഐവറി കോസ്റ്റീന്ന് കൊല്ലം വഴി വന്ന കശുവണ്ടി, മേഡിന്‍ സ്വിസ് പാല്‍ക്കാരിപ്പെണ്ണ് (മില്‍ക്ക് മെയ്ഡ്)... സേമിയപ്പായസം നല്ലത് ഗള്‍ഫിലെതന്നെ. ഇനി ആ സേമിയ കൊണ്ടുള്ള ഉപ്പുമാവിന്റെ കാര്യം വേറേ പറയാനുണ്ടോ? കണ്ടാണശ്ശേരി ഭാഷയില്‍പറഞ്ഞാല്‍ ചിറി ചെണ്ട കൊട്ടും!
എന്നാല്‍ ബ്രാന്‍ഡിന്റെ കാര്യത്തില്‍ പാക്കിസ്ഥാനും പിന്നിലാണ് എന്നു പറയാതെ വയ്യ. അകാലത്തില്‍ മരിച്ചുപോയ പ്രിയസുഹൃത്ത് ചക്കുളത്തുകാവുകാരന്‍ ചന്ദ്രമോഹന്‍ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി വിതരണക്കമ്പനി വിറ്റിരുന്ന ഡോളര്‍ എന്ന സ്‌റ്റേഷനറി ബ്രാന്‍ഡാണ്- പ്രധാനമായും പേനകള്‍- ഓര്‍മയിലെ ഒരപവാദം. ചന്ദ്രമോഹന്റെയും ദുബായ് ജീവിതത്തിന്റെയും ഓര്‍മയ്ക്കും ബ്രാന്‍ഡ് നിരീക്ഷണത്തിന്റെ ഭാഗമായും ഒരു ഡോളര്‍പ്പേന ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
അതേസമയം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഗള്‍ഫിലെങ്ങും സുലഭമാണ്. ഇന്ത്യക്കാരും ഗള്‍ഫില്‍ സുലഭമാണ് എന്നതാണ് അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നിങ്ങടെ നാട്ടുകാരില്ലാത്ത നാട്ടില്‍ നിങ്ങടെ ബ്രാന്‍ഡ് വിജയിപ്പിക്കുക എന്നതാണ് ഒരു ബ്രാന്‍ഡ് മേക്കര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ചും ഫുഡ് ബ്രാന്‍ഡുകള്‍. മറുനാട്ടുകാരുടെ ബ്രാന്‍ഡുകള്‍ വാങ്ങുന്നവര്‍ ഏറ്റവും അവസാനമായിരിക്കും മറുനാടന്‍ ഫുഡ് ബ്രാന്‍ഡുകള്‍ വാങ്ങുക. പേന വാങ്ങുന്ന പോലെയല്ലല്ലോ സേമിയ വാങ്ങുന്നെ. അതാണ് കടവന്ത്രയിലെ ആ ചെറിയ കടയിലെ ഷെല്‍ഫില്‍ കണ്ടു വാങ്ങിയ പ്രാണ്‍ പൊട്ടറ്റ ബിസ്‌കറ്റ് അതിന്റെ പായ്ക്കറ്റ് പൊട്ടിക്കും മുൻപുതന്നെ എന്നെ രസിപ്പിച്ചത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു കാലത്ത് ഒന്നായിരുന്നെങ്കിലും മൂന്നായി പിരിഞ്ഞ് എഴുപതും അൻപതുമൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലദേശും പറയുന്ന ബ്രാന്‍ഡ് കഥകളിലും വ്യത്യാസമുണ്ട്. ഫുഡ് മുതല്‍ ഓട്ടമൊബീല്‍ വരെയുള്ള വ്യത്യസ്ത മേഖലകളില്‍ ഒട്ടേറെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇന്ന് ആഗോളഭീമന്മാരാണ്. അതേ സമയം പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും ബ്രാന്‍ഡുകള്‍ അവരുടെ അതിര്‍ത്തിക്കപ്പുറത്ത് ഏറെ വലുതായിട്ടില്ല. ജനാധിപത്യവും ബ്രാന്‍ഡിങ്ങും തമ്മിലുള്ള ബന്ധമാകാം ഈ വ്യത്യാസത്തിനു കാരണം. പാക്കിസ്ഥാനും ബംഗ്ലദേശും എപ്പോഴും സൈനിക അട്ടിമറികളുടേയോ നിയന്ത്രണങ്ങളുടേയോ അരാജകകാലങ്ങളുടേയോ നിഴലിലോ വെയിലത്തോ ആണല്ലോ. നമ്മുടെ ജനാധിപത്യമാകട്ടെ എന്തെല്ലാം കുറവുകളുണ്ടായാലും എന്നും സ്വതന്ത്രമാണ്.
ബ്രാന്‍ഡിങ് എന്നാല്‍ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് എന്ന് ചുരുക്കം. അതു തന്നെയാണല്ലോ ജനാധിപത്യത്തിന്റെ ആണിക്കല്ലും. ബ്രാന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ ചില കടുംസഖാക്കള്‍ വിറളി പിടിക്കുന്നതിനുള്ള കാരണവും അതു തന്നെ. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ അവിടത്തെ സര്‍ക്കാര്‍ അവനാവശ്യമുള്ള വൈദ്യുതി ആ കുഞ്ഞിന്റെ തൊട്ടില്‍പടിയില്‍ എത്തിക്കുന്ന വ്യവസ്ഥയെപ്പറ്റിയാണ് അവരിപ്പോഴും സ്വപ്‌നം കാണുന്നത്. ചൈനയില്‍നിന്നുള്ള നൂറുകണക്കിന് ബ്രാന്‍ഡുകള്‍ വന്ന് നമ്മുടെ പോക്കറ്റുകള്‍ കാലിയാക്കുന്നത് അവര്‍ അറിഞ്ഞ മട്ടില്ല.
ഏതെങ്കിലും മറുനാടന്‍ ബ്രാന്‍ഡു വന്ന് നമ്മുടെ പോക്കറ്റ് കാലിയാക്കുന്നതില്‍ നമുക്ക് സന്തോഷിക്കാമെങ്കില്‍ അക്കൂട്ടത്തിലെ ആദ്യ ബ്രാന്‍ഡ് ബംഗ്ലദേശില്‍ നിന്നുള്ളതായിരിക്കണം. ഒന്ന്, ബംഗ്ലദേശ് നമ്മളേക്കാള്‍ പിന്നിലുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ്. രണ്ട്, ബംഗ്ലദേശ് നമ്മുടെ ശത്രുവല്ല. മൂന്ന്, ബംഗ്ലദേശില്‍ ജനാധിപത്യം പുലരുന്നതിന്റെ തെളിവാണ് അവിടെനിന്ന് ബ്രാന്‍ഡുകള്‍ വരുന്നത്. നാല്, നമ്മള്‍ ഒരേ ഉപഭൂഖണ്ഡക്കാരാണ്. അഞ്ച്, അൻപത് വര്‍ഷം മുമ്പ് നമ്മളും കൂടി ഒത്തുപിടിച്ചിട്ടാണ് ബംഗ്ലദേശ് ഉണ്ടായത്.
English Summary : Brandalayam Column - Pran potata spicy flavoured biscuit