ADVERTISEMENT

ഏറെ ചർച്ച ചെയ്യപ്പെട്ട ‘മീശ’യ്ക്കു ശേഷമുളള എസ്.ഹരീഷിന്റെ ‘ഓഗസ്റ്റ് 17’ എന്ന പുതിയ നോവൽ വായിച്ചു. ഗ്രന്ഥകാരൻ പറയുന്നതുപോലെ ചരിത്രത്തേയും രാഷ്ട്രീയത്തേയും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തോടെ ഫിക്ഷനിൽ കൊണ്ടുവരാനുളള രസകരമായ ദൗത്യത്തിന്റെ വായനയാണ് പുസ്തകം നൽകുന്നത്. 

ഇത് ഒരു പ്രതിചരിത്രമെന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ്. തന്റെ ഭാവനയ്ക്കനുസരിച്ച് ചരിത്രയാഥാർഥ്യങ്ങളെ കീഴ്‌മേൽമറിക്കാനുളള ഉദ്യമം ആദ്യാവസാനം കാണുന്നുണ്ട്. തിരുവിതാംകൂർ കൊച്ചി, മലബാർ മേഖലകളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ചെലുത്തിയ സ്വാധീനം തന്റേതായ രീതിയിൽ നോവലിസ്റ്റ് വരച്ചുകാട്ടുന്നു. നോവൽ ആകുമ്പോൾ അത് ചരിത്രത്തോടും സംഭവങ്ങളോടും നീതി പുലർത്തണമെന്ന നിർബന്ധ ബുദ്ധി പാടില്ലെന്നു വാദിക്കുന്ന ഹരീഷ് ഭാവനാ പൂർണമായി പുസ്തകം പൂർത്തിയാക്കിയിരിക്കുന്നു. 

ഒരു പക്ഷേ മലയാളത്തിൽ ഇത്തരം ഒരു നോവൽ അപൂർവമാണ്. സ്റ്റേറ്റ് കോൺഗ്രസിന്റെ പോരാട്ടം, നേതാക്കളുടെ ജയിൽ ജീവിതം, പ്രണയം എന്നിവയെല്ലാം മനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യൻ യൂണിയനിൽ ചേരാതെ തിരുവിതാംകൂർ സ്വതന്ത്രരാജ്യമായി നിൽക്കുന്നതായി എഴുതുന്നു. തുടർന്ന് തിരുവിതാംകൂർ എന്ന രാജ്യത്തിന് യുഎൻ പോലും നൽകുന്ന പരിഗണന, പാക്കിസാഥാന്റെ പിന്തുണ, സർ സിപിയുടെ ഭരണ പരിഷ്‌ക്കാരങ്ങൾ തുടങ്ങിയവയിൽ എഴുത്തിന്റെ ഭാവനാ വിലാസം അത്യന്തം രസകരമാണ്. 

തിരുവാതാംകൂർ രാജ്യത്തിന്റെ ഭരണം രാജാവിന്റെ കൈയിൽ നിന്നും ജനകീയ പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കപ്പെട്ടു. ‘പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ട്രാവൻകൂർ’ നിലവിൽ വരുന്നു. വിപ്ലവദിനത്തിൽ രാജ്യത്തിന്റെ പ്രത്യേക അതിഥിയായി റൊമാനിയൻ പ്രസിഡന്റ് നിക്കോളാസ് ചെഷസ്‌ക്യു വരുന്നു. എഴുത്തുകാരെയെല്ലാം കൽതുറങ്കിലടക്കുന്നു. ഭരണകൂടം പറയുന്ന പോലെ ചരിത്രം എഴുതുവാൻ നിർബന്ധിക്കുന്നു. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ഈ ഭരണവും ഇവിടെ അട്ടിമറിക്കപ്പെടുന്നു. പ്രതിമകൾ തകർക്കപ്പെടുന്നു. മാറ്റങ്ങൾ രൂപപ്പെടുന്നു. ബഷീർ എന്ന കഥാപാത്രം വളരെ ശ്രദ്ധേയം തന്നെ. 

ഉന്നത രാഷ്ട്രീയനേതാക്കൾ, പത്രപ്രവർത്തകർ, എഴുത്തുകാർ എന്നിവർക്കെല്ലാം ഭാവനയിൽ പ്രത്യേക സ്ഥാനങ്ങളാണ്. അതിരുകളില്ലാതെ എങ്ങനെ എഴുതാം എന്ന് കൃതഹസ്തനായ എസ്.ഹരീഷ് തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com