‘‘അറിഞ്ഞായിരുന്നോ?
അപ്പുറത്തൊരുത്തി വാടകയ്ക്ക് താമസിക്കാൻ വന്നിട്ടുണ്ട്.
ഒറ്റയ്ക്കാന്നാ തോന്നുന്നേ.
കെട്ട്യോനും പിള്ളാരുമൊന്നുമുള്ള ലക്ഷണമില്ല.
വല്ലേടത്തുനിന്നും കെട്ടുംപൊട്ടിച്ചു വന്നതല്ലെന്ന് ആരു കണ്ടു...’’
ശ്ശെടാ.. അല്ലറചില്ലറ അതിർത്തിതർക്കോം അസൂയേം കൊഞ്ഞനംകുത്തുമൊക്കെയായി തട്ടീംമുട്ടീം ജീവിച്ചുപോയ്ക്കൊണ്ടിരുന്ന അയൽക്കാരുടെ മനസ്സമാധാനം തകർക്കാൻ ഇനി ഈ ‘ഒരുത്തി’ മതി. നമ്മുടെ നാട്ടിലൊക്കെ ഒറ്റയ്ക്കൊരുത്തി താമസിക്കാൻ വന്നാൽ ആ പെണ്ണിനുപോലും ഇല്ലാത്ത ആകുലതകളല്യോ അയൽക്കാർക്ക്. അവളുടെ കെട്ടു കഴിഞ്ഞതാണോ.. കെട്ടുപൊട്ടിച്ചതാണോ? കെട്ടാതിരിക്കാൻ മാത്രം വല്ല ഏനക്കേടുമുണ്ടോ? എന്നു തുടങ്ങി മറ്റുള്ളോരുടെ സംസാരങ്ങളങ്ങനെ കാടു കയറും. അവൾ വീടും പൂട്ടി പുറത്തിറങ്ങുമ്പോഴേക്കും അയൽക്കാർ അവരവരുടെ ജനാലകൾക്കപ്പുറം മറഞ്ഞിരുന്ന് കുശുകുശുപ്പു തുടങ്ങും. ‘കാലത്തെ തന്നെ ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. ആരെ കാണിക്കാനാ ഈ ചമഞ്ഞിറങ്ങുന്നേ...’ എന്നു കുനിഷ്ട് ചിന്തിച്ചുകൊണ്ടാകും അവളുടെ ഉമ്മറത്തേക്കുള്ള എത്തിനോട്ടം. അതിൽപിന്നെ അവളുടെ വീട്ടുമുറ്റത്തേക്കു തുറക്കുന്ന അയൽജനാലകൾ പിന്നീടൊരിക്കലും ആരും കൊട്ടിയടയ്ക്കാറില്ലെന്നു മാത്രം.
ദോഷം പറയരുതല്ലോ.. അവളുടെ നല്ലനടപ്പ് ഉറപ്പാക്കേണ്ടത് അയൽക്കാരുടെ ഉത്തരവാദിത്വമല്യോ. ഇത്രേം സ്നേഹമുള്ള അയൽക്കാരെ നമ്മുടെ നാട്ടിൽ മാത്രമേ കാണാൻ കഴിയൂ എന്നതൊക്കെ ഈ നാടിന്റെ മുജ്ജന്മ സുകൃതം. കാര്യം ചില അസൂയക്കാര് പറഞ്ഞുനടക്കുന്നത്, സിറ്റീലൊക്കെ ആരും തമ്മിൽതമ്മിൽ അറിയുകയൊന്നൂല്യാ.. അയൽക്കാർപോലും തമ്മിൽ കാണാറില്ലാ എന്നൊക്കെയാണേലും ഏതു നഗരത്തിലും പെണ്ണൊരുത്തി ഒറ്റയ്ക്കൊരു വീടെടുത്തു താമസിക്കാൻ വന്നാൽ അവളുടെ ജാതകം മുതൽ ഹസ്തരേഖ വരെ തോണ്ടിയെടുക്കാതെ മറ്റു താമസക്കാർക്ക് സമാധാനമില്ല. അവളുടെ വരവും പോക്കും നോക്കി നല്ലനടപ്പിനു മാർക്കിടാൻ മറ്റുള്ളോര് അവരുടെ രണ്ടു കണ്ണും ഉഴിഞ്ഞുവയ്ക്കും. സ്നേഹംകൊണ്ടല്യോ... എങ്ങനെ കുറ്റം പറയാനൊക്കും? അവളുടെ വീട്ടിലേക്ക് മറ്റാരുടെയങ്കിലും വരവുപോക്കുണ്ടോ എന്നറിയാൻ വേണ്ടി പ്രത്യേകം ബൈനോക്കുലറും സെറ്റ്ചെയ്തു വച്ചിട്ടുണ്ടാകും അയൽക്കാർ. അതു പിന്നങ്ങനെതന്നെ വേണ്ടായോ? പെണ്ണൊരുത്തി ഒറ്റയ്ക്കു താമസിക്കുന്നയിടത്തേക്ക് ആണുങ്ങളാരെങ്കിലും അസമയത്തു കയറിച്ചെല്ലുന്നുണ്ടോയെന്ന് നോക്കിയില്ലെങ്കിൽ പിന്നെന്ത് അയൽസ്നേഹം?
അവിടെക്കയറിയിറങ്ങുന്ന പാൽക്കാരനെയും പത്രക്കാരനെയും മുതൽ സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി പയ്യന്മാരെ വരെ പലവട്ടം വിചാരണ ചെയ്യാതെ അയൽക്കാർക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല. എല്ലാരും ഡയ്യടിച്ച് യൂത്തന്മാരായി നടക്കുന്നതിനാൽ അവളെ കാണാൻ വരുന്നത് കാരണവരാണോ കാമുകനാണോ എന്നു തിട്ടപ്പെടുത്താൻ കഴിയാതെ അയൽക്കാർ ദെണ്ണപ്പെടുന്നതൊക്കെ ആരറിയാൻ. അവളുടെ വീട്ടിലേക്ക് ഏന്തിവലിഞ്ഞുനോക്കാൻ വേണ്ടി മാത്രം തിമിരക്കണ്ണട പുതിയ ചില്ലിടീപ്പിച്ചു വാങ്ങിയ അയലത്തെ തൈക്കിളവന്മാരുടെ ആത്മാർഥതയെ നിങ്ങൾ സംശയിക്കരുത്. ഇനി ഒരു ദിവസമെങ്ങാൻ അവൾ വരാൻ വൈകിയാൽ അയൽവക്കത്തെ പെണ്ണുങ്ങളുടെ ഉള്ളിൽ എന്തൊരു ആളിക്കത്തലാണെന്നോ? നേരമിരുട്ടി അവളെ ഡ്രോപ് ചെയ്യാൻ ഏതെങ്കിലും കാർ ആ വഴി വന്നാൽ പിന്നെ അതിനു പിന്നാലെ സംശയത്തിന്റെ ജിപിഎസ്സും വച്ചു പായുകയല്യോ മറ്റുള്ളോരുടെ ഹൃദയം. ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ൽ സോളമൻ അവന്റെ കാമുകിക്ക് വീട്ടിൽനിന്ന് ഇറങ്ങിവരാൻ കൊടുത്ത സിഗ്നൽ പോലെ ഏതെങ്കിലും ഒരുമ്പെട്ടവൻ അവളുടെ വീട്ടുപടിക്കൽ വന്ന് ഹോണടിക്കുന്നുണ്ടോ എന്നറിയാൽ അപ്പുറമിപ്പുറം താമസിക്കുന്നവർ ഉറക്കത്തിലും ചെവി വട്ടംപിടിച്ചിരിക്കും. വിഷുവിനോ സംക്രാന്തിക്കോ ഒരു വലിയ ബാക്പായ്ക്കും തൂക്കി അവൾ വീടുംപൂട്ടിയിറങ്ങിയാൽ എന്താണെന്നറിയില്ല, പിന്നെ അയൽക്കാർക്ക് മനസ്സിൽ വല്ലാത്തൊരു ശൂന്യതയാണ്; അവള് തിരിച്ചുവരും വരെ.
പുരനിറഞ്ഞുനിൽക്കുന്ന പെൺമക്കളുള്ള അച്ഛനമ്മമാരുടെ ആധി പോലെതന്നെയാ ഒറ്റയ്ക്കു താമസിക്കുന്ന പെണ്ണുങ്ങൾ അയൽവക്കത്തുണ്ടെങ്കിൽ നാട്ടുകാർക്കും. നാട്ടുകാരുടെ ഈ വേവലാതി മനസ്സിലാക്കിക്കൊണ്ടാകണം ഒട്ടുമിക്ക ഹൗസ് ഓണർമാരും ഈ ടൈപ്പ് ‘ഒറ്റയ്ക്കൊരുത്തി’കൾക്ക് വീടു വാടകയ്ക്കു കൊടുക്കാൻ പോലും മടിക്കും. ആധാറും റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും പോരാഞ്ഞ് അച്ഛനെയും അമ്മയെയും കൂട്ടി വന്നാലേ വീടു തരൂ.. ഭർത്താവിനെക്കൂട്ടി വന്നാലെ വീടു തരൂ.. എന്നൊക്കെ പറഞ്ഞുള്ള വിരട്ടൊക്കെ അതിന്റെ ഭാഗമല്യോ. കെട്ട്യോനും പിള്ളേരുമൊക്കെയുള്ള കോംബോ പായ്ക്ക് ആയി വരുന്ന പെണ്ണുങ്ങൾക്ക് കണ്ണുംപൂട്ടി വീടു കൊടുക്കുന്നവർ പെണ്ണൊരുത്തി ഒറ്റയ്ക്കാണു താമസിക്കാൻ വന്നതെന്നറിഞ്ഞാൽ പുരികം ചുളിക്കും. കൂടുംകുടുക്കേം വിട്ട് നീയെന്തിനാടി കൊച്ചേ ഒറ്റയ്ക്കിങ്ങു പോന്നതെന്നായിരിക്കും മിക്കവരുടെയും ചോദ്യം. ഹൗസ് ഓണറെയും അടുത്ത വീട്ടുകാരെയും മുഴുവൻ ബോധിപ്പിച്ചാലും വീട് കിട്ടാൻ അത്രയെളുപ്പമല്ല. ‘ഫാമിലിക്കേ വീടു കൊടുക്കൂ’ എന്നു വല്യ പ്രമാണം പറയുന്ന ചില ഹൗസ് ഓണർമാരുടെ വായടപ്പിക്കാൻ വേണ്ടി ഇനി ഇല്ലാത്ത ഫാമിലി തട്ടിക്കൂട്ടാൻ പറ്റുമോ?
പട്ടിക്കാടു നാട്ടുമ്പുറങ്ങളിൽ മാത്രമല്ല, പരിഷ്കാരം പറയുന്ന മെട്രോ നഗരങ്ങളിൽപോലും പെണ്ണൊരുത്തി ഒറ്റയ്ക്കു താമസിക്കാൻ വന്നാൽ ഇതാണവസ്ഥ. സുഖവിവരം തിരക്കിച്ചെല്ലുന്ന ചില ഞരമ്പുരോഗികളൊഴികെ, കണ്ണുംതിരുമ്മി അവളുടെ വീട്ടുപടിക്കലേക്കു നോക്കി സദാ ജാഗരൂകമായിരിക്കുന്ന അയൽക്കാരിൽ ബഹുഭൂരിപക്ഷവും അവളോട് ഒരു വാക്കു പോലും നേരിട്ടു സംസാരിക്കാനോ അവളെ മനസ്സിലാക്കാനോ ശ്രമിക്കാറില്ലെന്നതു വേറെ കാര്യം. ദൂരദർശിനിക്കുഴലുംവച്ചുള്ള വിദൂരസംപ്രേഷണത്തിൽ മാത്രമേ ഇത്തരം സദാചാര രോഗികൾ വിശ്വസിക്കാറുള്ളൂ. സ്വന്തം വീട്ടിലെ ആൺപിറന്നോന്മാരാരെങ്കിലും അവളുടെ വീട്ടിലേക്കു നോക്കി കയ്യും കലാശവും കസർത്തും കാണിക്കുന്നില്ലെന്നുറപ്പാക്കേണ്ട ഇരട്ടച്ചുമതല കൂടിയുണ്ട് അയലത്തെ പെണ്ണുങ്ങൾക്ക്. എന്നാൽ, ഇത്രയൊക്കെയും അയൽക്കാർ തനിക്കുവേണ്ടി ബദ്ധപ്പെടുന്ന കാര്യം ആ പെണ്ണൊരുത്തി വല്ലതുമറിയുന്നുണ്ടോ? ഉടുത്തൊരുങ്ങി രാവിലെ ഇറങ്ങിപ്പോയാൽ ജോലിയും സർക്കീട്ടും കഴിഞ്ഞ് തോന്നുന്ന നേരത്ത് തിരിച്ചുകയറിവരുന്ന അവളുമാർക്കറിയില്ലല്ലോ തനിക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന അയൽക്കൂട്ടത്തെക്കുറിച്ച്. ഇത്രയും കടുത്ത മനോവ്യഥയിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകാനുള്ള ത്രാണിയില്ലാത്തതുകൊണ്ടല്ലേ നാട്ടുകാർ ആവർത്തിച്ചു പറയുന്നത്, ഒറ്റയ്ക്കു താമസിക്കാൻ വരുന്ന പെണ്ണുങ്ങൾക്ക് വാടകയ്ക്കു വീടുകൊടുക്കല്ലേയെന്ന്... പെണ്ണുങ്ങളെക്കുറിച്ച് ഇത്രയും കരുതലുള്ള നാട്ടുകാരെ എന്നിട്ടും നമ്മൾ വെറുതെ തെറ്റിദ്ധരിക്കുന്നു. കഷ്ടം തന്നെ...
Content Summary: Pink Rose column on issues faced by women who live alone