ADVERTISEMENT

പാട്ടുകുർബാനേം കഴിഞ്ഞ് പുണ്യാളനേം മുത്തി പുറത്തിറങ്ങിയാലും പണ്ടൊക്കെ ഔതച്ചേടത്തീം മറിയാമ്മച്ചിയുമൊക്കെ പിന്നെയും പള്ളിമേടയിൽ അവിടെയുമിവിടെയുമൊക്കെയായി ഞഞ്ഞാ പിഞ്ഞാ പറഞ്ഞു നിൽക്കുന്നതു കാണാം. പൊതിയഴിക്കാൻ ഇമ്മിണിയേറെ വർത്തമാനങ്ങളുണ്ടായിരിക്കും അവർക്കെപ്പോഴും. 

– ഹോ.. എന്നാലും ആ ശോശാമ്മേടെ മോന്തായത്തെ ഒരു തെളിച്ചം കണ്ടാ... കെട്ട്യോനെ കുഴീലടക്കീട്ട് ആണ്ടൊന്നു തികഞ്ഞീലാ. അതിന്റെ സങ്കടം വല്ലതുമുണ്ടേല് അവളിങ്ങനെ ചിരീം കളീമായി നടക്ക്വോ..

– അപ്പോ നമ്മുടെ കളപ്പുരയ്ക്കലെ ലിസിക്കൊച്ചിന്റെ കാര്യോ... ബന്ധം പിരിഞ്ഞൂന്നോ പിരിയാൻ പോവാന്നോ എന്നൊക്കെ കേട്ടായിരുന്നു. എന്നിട്ടും നല്ല ചിമിട്ടു പോലെ ചിരിച്ചുകൊണ്ടല്യോ നടക്കണേ... 

– ആകെയുള്ള മോളൊരുത്തി ഏതോ ചെത്തുകാരന്റെ കൂടെ ഒളിച്ചോടിപ്പോയിട്ടും സാറാമ്മയ്ക്ക്, കണ്ടില്ലേ ഒരു കൂസലുമില്ലെന്നാ തോന്നണേ...

–പത്തുകാശ് തെകച്ചെടുക്കാനൻ കാണില്ല കുടുംബത്തിൽ. എന്നാലും അന്നാമ്മേടെ പെൺമക്കടെ മട്ടും മാതിരീം കണ്ടാൽ വീട്ടിൽ ഇമ്മിണി കെട്ടിയിരിപ്പുണ്ടെന്നല്യോ തോന്ന്വാ... എന്താ പത്രാസ്...

 

ഇതൊക്കെ വെറും സാംപിൾ... ഇമ്മാതിരി എന്തോരം കന്നംതിരിവൊക്കെയാ നാട്ടാര് പറഞ്ഞുകൂട്ടുന്നതെന്നറിയാവോ.. ആരേലും ചിരിച്ചു സന്തോഷായിരിക്കണതു കണ്ടാൽ എന്നതാന്നറിയാമ്മേല എങ്ങാണ്ടൊക്കെയൊരു ചൊറിച്ചില്. പ്രത്യേകിച്ചും കെട്ട്യോൻ മരിച്ചതോ പിരിഞ്ഞതോ കാശിന് ഇച്ചിരി കഷ്ടപ്പാടുള്ളതോ അങ്ങനെയെന്തെങ്കിലും സങ്കടമുള്ള കുടുംബങ്ങളിലെ പെണ്ണുങ്ങൾ ആയുസ്സിൽ പിന്നെ ചിരിക്കാൻ പാടില്ലെന്നാണ് നാട്ടുകാരുടെ ഒരു പ്രമാണം. നാട്ടുമ്പുറങ്ങളിൽ നാലാളുകൂടുന്നിടത്തൊക്കെ ഇവരുടെ ചിരിക്കുന്ന മുഖം കണ്ടു മറ്റുള്ളോർ നെറ്റിചുളിക്കും. അവരെന്താ ദെണ്ണപ്പെട്ടു കണ്ണീരൊലിപ്പിച്ചു നടക്കാത്തതെന്നോർത്ത് കാഴ്ചക്കാര് പല്ലുകൂട്ടിക്കടിക്കും. 

 

നാട്ടുമ്പുറങ്ങളിലെ നാൽക്കവലകൾ ആൾക്കൂട്ടം പിരിച്ചുവിട്ട് സോഷ്യൽ മീഡിയയിലേക്കു ചേക്കേറിയപ്പോൾ അവിടെയും കാണാം ഇത്തരം കണ്ണുകടിയും മുറുമുറുപ്പും.  ഭർത്താവിനെ നഷ്ടപ്പെട്ട ഒരു സെലിബ്രിറ്റിപെണ്ണ് നല്ല പുഞ്ചിരിയോടെയിരിക്കുന്ന ഒരു ചിത്രം ഈയടുത്ത് ഇൻസ്റ്റയിലെങ്ങാണ്ടു പോസ്റ്റ് ചെയ്തതേയുള്ളൂ... തുടങ്ങിയില്ലേ പണ്ടത്തേ ഔതച്ചേടത്തീടെം  മറിയാമ്മച്ചിയുടെയുമൊക്കെ ന്യൂജെൻ പതിപ്പുകൾ വായിൽതോന്നിയ കമന്റുകൾ പോസ്റ്റ് ചെയ്യാൻ.. ഭർത്താവു മരിച്ചൊരു പെണ്ണ് ഇങ്ങനെ സന്തോഷായിരിക്കുന്ന പടമൊക്കെ പോസ്റ്റ് ചെയ്യാമോ എന്നതാണ് മിക്കവരുടെയും പ്രധാന വേവലാതി. പിന്നെ ജീവിതകാലം മുഴുവൻ അവൾ വൈധവ്യത്തിന്റെ സങ്കടം പുതച്ച് എന്നെന്നേക്കുമായി ചിരിക്കാതിരിക്കണോ... ഒന്നു ചിരിച്ചെന്നു കരുതി തീർന്നുപോകുന്നതാണോ അവളനുഭവിക്കുന്ന ഏകാന്തതയും നൊമ്പരവും. അവളുടെ സങ്കടത്തിന്റെ എക്സ്പയറി ഡേറ്റ് നാട്ടുകാരാണോ തീരുമാനിക്കേണ്ടത്? 

 

ഇത്രയൊക്കെ കഷ്ടപ്പാടുണ്ടായിട്ടും അവർക്കൊക്കെ ചിരിക്കാൻ കഴിയുന്നതു തന്നെയല്ലേ ഏറ്റവും വലിയ കാര്യം.  ഉള്ളിലെ സങ്കടം എത്രയുമാകട്ടെ, പുറത്തിറങ്ങുമ്പോഴും അതെല്ലാം മുഖത്തു ഫിറ്റ് ചെയ്തു നടക്കണമെന്നുണ്ടോ? ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്ണിനെ കണ്ടാൽ പിന്നോട്ടു മാറിനിന്ന് കുശുകുശുക്കാനോ അവളുടെ സന്തോഷത്തിനും സങ്കടത്തിനും മാർക്കിടാനോ നമ്മളോടാരെങ്കിലും പറഞ്ഞിട്ടുണ്ടോ? ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഒറ്റയ്ക്കായിപ്പോകുന്ന പെണ്ണങ്ങളോടു മിക്കവർക്കുമുള്ളത് ഇതേ മനോഭാവമാണ്. എന്തെങ്കിലും തരം പരാധീനതകൾ, രോഗങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ ഇതൊക്കെ നേരിടുന്ന സ്ത്രീകളോടും അവരൊന്നു ചിരിച്ചുകണ്ടാൽ തീരുന്ന ദീനാനുകമ്പയേ മറ്റുള്ളവർക്കുള്ളു എന്നു തോന്നാറില്ലേ. എത്ര സങ്കടം ഉള്ളിലൊതുക്കിയാകും അവരൊന്നു ചിരിക്കാൻ ശ്രമിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. 

 

ചിലപ്പോൾ ആ പുഞ്ചിരി അവളവൾക്കു തന്നെ പകരുന്ന ആത്മവിശ്വാസമാകാം. മനസ്സ് ഏറ്റവും വേദനിച്ചു നുറുങ്ങുമ്പോൾ, ഏറ്റവും കുഞ്ഞുചില്ലുപൊട്ടുകളായി ഹൃദയം പൊട്ടിയടർന്നുവീഴുമ്പോൾ അവൾ അവളെത്തന്നെ ചേർത്തുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളാകാം. സന്തോഷംകൊണ്ടു ചിലപ്പോൾ കണ്ണുനിറയുന്നപോലെ, സങ്കടം സഹിക്കവയ്യാതാകുമ്പോൾ ചിരിച്ചുപോകുകയാണ് ചിലർ. എന്നെങ്കിലുമൊരിക്കൽ പുലരാനിരിക്കുന്ന പുതുവസന്തത്തിനുവേണ്ടി ഇപ്പോഴേ ചുണ്ടുകളിൽ പുഞ്ചിരിയുടെ തൈച്ചെടികൾ നട്ടുവളർത്തുകയാണവർ. കൂടെനിന്നു പരിപാലിച്ചില്ലെങ്കിലും പരിഹാസത്തിന്റെയും പുച്ഛത്തിന്റെയും ചൂടുവെള്ളം കോരിയൊഴിച്ച് വാടിക്കരിയിച്ചു കളയണോ? അവർ ചിരിക്കട്ടേന്നേ... ആ ചിരിനിമിഷത്തിന്റെ ക്ഷണികതയിലെങ്കിലും അവർ അവരുടെ സങ്കടം മറക്കട്ടേന്നേ... ആൾക്കൂട്ടത്തിലെത്ര ചിരിക്കാൻ ശ്രമിച്ചാലും  ഒറ്റയ്ക്കാവുമ്പോൾ വീണ്ടും അതേ സങ്കടത്തിലേക്കും ഏകാന്തതയിലേക്കും പൊള്ളിവീഴുന്ന എത്രയെത്ര പേരുണ്ടാവും നമുക്കിടയിൽ. അനുഭവിച്ചവർക്കെങ്കിലുമറിയാം എത്ര സ്വകാര്യമാണ് ചില സങ്കടങ്ങളെന്ന്. തുഴഞ്ഞാലും തുഴഞ്ഞാലും കരതൊടില്ല ചില കരച്ചിലാഴങ്ങളെന്ന്... 

 

Content Summary: Pink Rose, column on jealousy over the happiness of others

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com