ADVERTISEMENT

ആണല്ലാ.. പെണ്ണല്ലാ അടിപൊളി വേഷം..പെണ്ണായാൽ കാണില്ലേ പേരിനു നാണം...

പണ്ടു സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ വാർഷികാഘോഷത്തിനു ലൗഡ്സ്പീക്കറിൽ കേട്ട ഒരു തട്ടുപൊളിപ്പൻ പാട്ട്. ഹോ എന്നാ ഒരു ഓളമായിരുന്നെന്നോ... ജയറാമിന്റെ ഡാൻസും അഭിനയോം ശിങ്കാരിമേളവുമെല്ലാം കൂടി പാട്ടങ്ങ് കത്തിക്കയറുകയല്ലായിരുന്നോ... ഇന്നോർക്കുമ്പോൾ ഓരോരോ കാലത്തെഴുന്നള്ളിച്ച വിഡ്ഢിത്തങ്ങളെന്നല്ലാണ്ട് എന്നാ പറയാൻ. അന്നൊക്കെ ജീൻസോ പാന്റോ ഇട്ട് ഒരു പെൺകൊച്ച് വഴിനടന്നുപോകുന്നതു കണ്ടാൽ കവലയ്ക്കൽ കൂടിയിരിക്കുന്നവരുടെ മുഴുവൻ നോട്ടവും പിന്നെ അവളിലേക്കാണേ...കുറ്റം പറയാനൊക്കുമോ? അക്കാലത്തൊക്കെ ജീൻസിട്ടു വരുന്നൊരു നായികയാണെങ്കിൽ സിനിമയിൽ ക്യാമറാമേനോൻ ആദ്യം ക്യാമറ സൂം ചെയ്യുന്നതു തന്നെ അവളുടെ അന്നനടയുടെ പിൻകാഴ്ചയിലേക്കായിരിക്കും. അതുകൊണ്ടുതന്നെ നാൽക്കവലയ്ക്കലെ അത്തരം നോട്ടങ്ങൾ തികച്ചും സ്വാഭാവികമായി മാറി. അത്തരം നോട്ടങ്ങൾ നോക്കുന്ന ചെറുക്കന്മാരുടെ ചെവിക്കു പിടിച്ചു തിരുമ്മുന്നതിനു പകരം അമ്മമാരും അമ്മച്ചിമാരും വല്യമ്മച്ചിമാരുമൊക്കെ കണ്ണുരുട്ടിയത് പെൺകൊച്ചുങ്ങൾക്കു നേരെയായിരുന്നുവെന്നു മാത്രം. 

 

പെണ്ണുങ്ങളായാൽ അടക്കത്തിലും ഒതുക്കത്തിലും നടക്കണമെന്ന ആദ്യത്തെ ഉപദേശത്തിനൊപ്പം അവർ ഒരു ഷോളെടുത്ത് നമ്മുടെ ചുമലിൽ ചുറ്റിത്തന്നു. കാറ്റത്തെങ്ങാനും അടക്കവുമൊതുക്കവും ആടിയുലഞ്ഞാലോ എന്നു കരുതിയാകണം ചുരിദാറിന്റെ സൈഡ് ഓപ്പൺ ഏർപ്പാടും അവർ തുന്നിച്ചേർത്തുതന്നു. അങ്ങനെ ഒരുവിധം സമാധാനമായി കാര്യങ്ങൾ പോകുമ്പോഴാണ് കോളജുകുമാരികൾക്കിടയിൽ ജീൻസ് ഒരു തരംഗമാകുന്നത്. ജീൻസ് വന്നപാടെ പിന്നെ ടീ ഷർട്ടും കേറിയങ്ങ് സ്റ്റാറായി. നല്ലതോതിക്കൊടുപ്പിന്റെ നാട്ടുനടപ്പ് ഏറ്റെടുത്ത അമ്മച്ചിമാർക്കു പിന്നെ ഇരിക്കപ്പൊറുതിയില്ലാതായി. ‘ഞങ്ങളൊക്കെ പള്ളിക്കൂടത്തിൽ പോകുന്ന കാലത്ത് പൊസ്തകോം ചോറ്റുംപാത്രോം മാറത്തടക്കി നിലത്തേക്കു നോക്കി മാത്രേ നടന്നിട്ടുള്ളൂ മക്കളേ’ എന്നു തുടങ്ങുന്ന പണ്ടത്തെ ഫുൾപാവാടക്കാലത്തിന്റെ പതിവു പൊതിയഴിക്കൽ കേൾക്കാൻ നിൽക്കാതെ പെൺപിള്ളേര് മൂടുംതട്ടിയെഴുന്നേറ്റുപോകാൻ തുടങ്ങി. 

 

അക്കാലത്തെ മിക്ക സിനിമകളിലും സുകുമാരിയൊക്കെ അവതരിപ്പിച്ച ചില കഥാപാത്രങ്ങളെ ഓർമയില്യോ? സ്ലീവ്‌ലസ് ബ്ലൗസും ബോബ് ചെയ്ത മുടിയുമായിരുന്നു അക്കാലത്തെ ‘കുടുംബത്തിൽ പിറക്കാത്ത’ പെണ്ണുങ്ങളുടെ സ്ഥിരം കോസ്റ്റ്യൂം. കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കും ഹൈ ഹീൽഡും ചെരുപ്പുംകൂടിയായാൽ പെണ്ണ് മതില് ചാടിയെന്നു വ്യാക്ഷേപം. കയ്യിലൊരു പട്ടിക്കുട്ടിയും കമാന്നൊരക്ഷം മിണ്ടാത്ത ‘ഹസ്സും’ കൂടെയുണ്ടെങ്കിൽ പരിഷ്കാരി ഫെമിനിസ്റ്റ് കൂടിയായി വ്യാഖ്യാനിക്കപ്പെട്ടുകൊള്ളും. പെണ്ണുങ്ങളുൾപ്പെടെയുള്ള പ്രേക്ഷകർക്കിടയിലേക്ക് എത്ര നോർമൽ ആയാണ് അത്തരം ഇമേജറികൾ വിനിമയം ചെയ്യപ്പെട്ടതെന്നോർത്ത് ഇപ്പോൾ അദ്ഭുതം തോന്നുന്നു. ഇമ്മാതിരി പടങ്ങളൊക്കെ കണ്ട് വേണ്ടാതീനം മനസ്സിൽ കുത്തിനിറച്ച അമ്മച്ചിമാര് ജീൻസിട്ട പെൺപിള്ളേരെ ഗുണദോഷിക്കാൻ വന്നാൽ തെറ്റു പറയാൻ പറ്റ്വോ? യൂണിസെക്ഷ്വൽ വേഷങ്ങളിലേക്കു നമ്മുടെ വസ്ത്രസ്വാതന്ത്ര്യം വളരാൻ എത്ര വർഷങ്ങളെടുത്തുവെന്ന് ഇപ്പോഴൊന്നു തിരിഞ്ഞുനോക്കണം. 

 

ഇന്നിപ്പോൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്കു ചർച്ചകൾ പുരോഗമിക്കുന്നതു കണ്ടു കണ്ണുതള്ളാൻ പണ്ടത്തെ വല്യമ്മച്ചിമാർ അടുക്കളക്കോലായിൽ ഇല്ലാതെപോയത് എത്ര നന്നായി. കണങ്കാലു വരെ ഇറക്കമുള്ള ഫുൾപാവാടയും ബ്ലൗസുമിട്ട് സ്കൂളിൽപോയ അമ്മമാരുടെ മക്കൾ ഇന്ന് പാന്റിലേക്കും ത്രിഫോർത്തിലേക്കുമൊക്കെ കേറിയങ്ങ് മോഡാണായില്യോ. ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷമെന്നെങ്ങാനുമൊരു പാട്ട് ഇന്നത്തെക്കാലത്തിറങ്ങിയാൽ വസ്ത്രസ്വാതന്ത്ര്യത്തിന്റെ പൊളിറ്റിക്കൽ കറക്ട്നസൊക്കെ ഇഴകീറി പരിശോധിച്ച് വല്ലാത്ത പൊല്ലാപ്പായാനേ. ആണിനേം പെണ്ണിനേം തീരുമാനിക്കുന്നത് വേഷമാണെന്ന മണ്ടൻധാരണകളൊക്കെ പതുക്കെയാണേലും നാടും നാട്ടാരും തിരുത്തിയതു കണ്ട് കണ്ണുനിറയാതെയെങ്ങനെ? ഒഫീഷ്യലായും കാഷ്വലായുമൊക്കെ ജെൻഡർ ന്യൂട്രൽ വേഷങ്ങൾ വാർഡ്രോബിൽ നിറയുമ്പോൾ പെണ്ണിന്റെ ഉടലിനെച്ചുറ്റിപ്പറ്റിക്കിടന്ന ചില ചങ്ങലക്കണ്ണികൾകൂടിയല്ലേ ഇഴയകലുന്നത്? 

 

സ്കൂൾമുറ്റത്ത് ഓടിക്കളിക്കുമ്പോഴും ബസിന്റെ കമ്പിയിൽതൂങ്ങിപ്പിടിച്ചുനിൽക്കുമ്പോഴും കാറ്റത്തുയർന്നുപൊങ്ങാതിരിക്കാൻ  പാവാടത്തുമ്പ് ഒരു കൈകൊണ്ടു കൂട്ടിപ്പിടിച്ചുനിന്നിട്ടില്ലേ നമ്മൾ പണ്ട്? സൈക്കിളിൽ കാറ്റിനെതിരെ ഡബിൾ ബെല്ലടിച്ചു ചവിട്ടിവിടുമ്പോഴും ആ ഒരു കൈ പാവാടയിൽ നിന്നെടുത്തു മാറ്റിയിരുന്നില്ല. ഓടിക്കളിക്കുന്നതിനിടയിലൊന്നു തട്ടിവീണാൽ മുട്ടിൽ ചോരപൊടിയുമ്പോഴുള്ള വേദനയേക്കാൾ മുട്ടിനുമേലേക്കു പാവാടയൽപം നീങ്ങിക്കിടന്നത് മറ്റാരെങ്കിലും കണ്ടിരിക്കുമോ എന്ന വേവലാതിയായിരുന്നില്ലേ നമ്മെ ഏറ്റവും അലട്ടിയിരുന്നത്? പിടി ക്ലാസിൽ ഓട്ടമൽസരത്തിൽ എല്ലാരുടെയും മുന്നിൽ ഫസ്റ്റടിച്ച് ഓടിയെത്താൻ ചിലപ്പോഴൊക്കെ കഴിയാതിരുന്നതിനു പിന്നിലും വില്ലൻ അതേ പാവാട തന്നെ. എന്നിട്ടും പാവാടയ്ക്കിപ്പോഴും പെൺവേഷമെന്നുതന്നെയല്ലേ ബ്രാൻഡ് നെയിം. ഇന്ന് പാന്റും ത്രീഫോർത്തും ഡിവൈഡഡ് സ്കേർട്ടുമൊക്കെയായി തുള്ളിച്ചാടി നടക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ അന്നത്തെ പാവാടക്കാലം ഓർമിക്കാതിരിക്കാൻ കഴിയില്ല. എന്നു കരുതി നിറയെ ഫ്രില്ലുവച്ചും തൊങ്ങലുവച്ചും ഞൊറിയിട്ടു തയ്ച്ച പുള്ളിപ്പട്ടുപാവാടകൾ പാടെ കീറിക്കളയണമെന്നല്ല കേട്ടോ. ഓരോരോ ഇഷ്ടങ്ങളല്ലേ.. അതിനപ്പുറം ഓരോരുത്തരുടെയും സൗകര്യവും സ്വാതന്ത്ര്യവും കൂടിയാണേ എന്നു ചേർത്തുവായിക്കണമെന്നു മാത്രം. 

 

English Summary : Pink Rose column on dressing style of ladies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com