ഹാപ്പി മേരീസ് ഡേ! (ഇന്നും, എന്നുമെന്നും)
Mail This Article
ഹാപ്പി വിമൻസ് ഡേ അമ്മാ...
വാഷിങ്മെഷീനിൽ അലക്കിയാൽ ചെളി പോകില്ലെന്ന പരാതി കാരണം ജീൻസും ബർമുഡയുമൊക്കെ അലക്കുകല്ലിൽ തിരുമ്മി കുത്തിപ്പിഴിഞ്ഞിടുന്നതിനിടെയാണ് മൂത്ത മോൻ വരാന്തയിൽ വന്ന് വിഷ് ചെയ്തത്. അതുകേട്ടപ്പോഴാണ് അടുപ്പത്തു ചായയ്ക്കുവച്ച പാല് തിളച്ചുതൂവിക്കാണുമല്ലോ എന്നു മേരി ഓർത്തത്. തുണിയിട്ടേച്ച് നേരെ അടുക്കളയിലേക്ക് ഒറ്റയോട്ടം. ഒരുത്തനു ചായ, രണ്ടാമത്തവന് ഹോർലിക്സ്, അതിയാന് പാൽ അളവുകൂട്ടി ഒന്നാന്തരം കാപ്പി. ഇതൊക്കെ ഫ്ലാസ്കിലേക്കു പകർന്ന് കടുപ്പത്തിലൊരു കട്ടനും കുടിച്ച് പാത്രം കഴുകുന്നതിനിടെ ഇളയ ചെറുക്കൻ വന്നു ചിണുങ്ങി; ‘‘അമ്മേ ഇന്നുച്ചയ്ക്ക് ചോറു വേണ്ട; ഫ്രൈഡ് റൈസ് മതി’’ പുലർച്ചെ നാലിനെഴുന്നേറ്റ് അടുപ്പത്തിട്ട കുത്തരി അപ്പോഴേക്കും തിളച്ചുതൂവിയിരുന്നു.
ഫ്രിഡ്ജിൽനിന്ന് രാവിലെ വെറുംവയറ്റിൽതന്നെ എന്തോ കൊറിക്കാനെടുത്തു തിരിച്ചു ടിവിറൂമിലേക്കു നടക്കുന്നതിനിടെ ഇളയവനും വിളിച്ചു പറഞ്ഞു... അമ്മാ ഹാപ്പി വിമൻസ് ഡേ...
മേരിക്കിപ്പോ കിന്നാരം പറയാനൊന്നും നേരമില്ല. അതിയാനിപ്പോ വരും രാവിലത്തെ നടപ്പും കഴിഞ്ഞ് ചൂടുകാപ്പിയും ചോദിച്ച്.. ഈയിടെയായി രാത്രിയിലെ അങ്ങേരുടെ കസർത്ത് പരിധിവിടുന്നതുകൊണ്ടാണോ എന്തോ മേരിക്കുട്ടിക്കു സ്ഥിരം നടുവേദനയാണ്. അതിനൊരു ആശുപത്രിയിലെങ്ങാനും പോയി നല്ലൊരു ഡോക്ടറെ കാണണമെന്നു പറഞ്ഞാൽ ആശുപത്രിക്കാരു വെറുതെ സ്കാനിങ്ങെന്നും എക്സ്റേയെന്നും പറഞ്ഞു കുറെ കാശ് ഇസ്കിയെടുക്കുമെന്നു വിരട്ടി അതിയാൻ രണ്ടു ചാട്ടം ചാടും. കവലയ്ക്കലെ വൈദ്യരെ കണ്ടെന്നും പറഞ്ഞ് ഏതോ തൈലമോ കുഴമ്പോ വാങ്ങിക്കൊണ്ടുവച്ചിട്ടുണ്ട്. വീട്ടിലെ പണിയെല്ലാമൊതുക്കി കുഴമ്പുംപുരട്ടി ചൂടുംവച്ചു കുളിക്കാൻ മേരിക്കെവിടെയാ സമയം. അതുകൊണ്ട് നടുവേദനയെക്കുറിച്ച് മേരിയിപ്പോൾ ഓർമിക്കാറേയില്ല.
നടുവിനു കൈകൊടുത്ത് ഉമ്മറമൊക്കെ അടിച്ചുവാരിക്കഴിഞ്ഞപ്പോഴേക്കും അതിയാനെത്തി. കുളിക്കാനുള്ള ചൂടുവെള്ളം അപ്പോഴേക്കും തയാർ. നടന്നുവിയർത്തൊലിച്ച ടീഷർട്ട് അതിയാൻ കട്ടിലിലേക്കേ വലിച്ചെറിയൂ. അണ്ടർവെയർ ഊരിയപടിതന്നെ തറയിൽ കിടക്കുന്നുണ്ടാകും. മുണ്ടഴിച്ചിട്ടതും തറയിൽതന്നെ. അതൊക്കെ മേരിവേണം പിന്നാലെചെന്നു വാരിപ്പെറുക്കിയെടുക്കാൻ. അപ്പോഴേക്കും അടുക്കളയിൽനിന്നു പ്രഷർ കുക്കർ രണ്ടു കൂകി. അതിയാന് രാവിലെ മുളപ്പിച്ച ചെറുപയർ വേവിച്ചതു നിർബന്ധമാ.. ‘എന്റീശോയ ഇന്ന് പയർ വെന്തു കുഴഞ്ഞുകാണും..’ ഒന്നിനോടൊന്നു വിട്ടുവിട്ടു കിടന്നാലെ അതിയാൻ കഴിക്കൂ. എന്തെങ്കിലും വായ്ക്കു പിടിച്ചില്ലെങ്കിൽ പിന്നെ ഊണുമേശപ്പുറത്തുനിന്ന് ഒറ്റയേറാ... കുക്കറിന്റെ വിസിലടി കേട്ട് മേരി അടുക്കളയിലേക്കോടി. ഷുഗറിന്റെ അസുഖമുള്ളതുകൊണ്ട് അങ്ങേർക്ക് രാവിലെ ഓട്സ്കൊണ്ടുള്ള ഊത്തപ്പമോ അടയോ ദോശയോ വല്ലതുമാണ് ഭക്ഷണം. ഓട്സ് കുതിർത്തിവച്ചത് മിക്സിയിലരയ്ക്കുന്നതിനിടെയാണ് അടുക്കളയിലെ ചില്ലലമാരയിലൂടെ ഉറുമ്പുകൾ വരിവച്ചുപോകുന്നതു കാണുന്നത്. പുഴുപ്പൊടി കുടഞ്ഞിട്ട് കൈകഴുകിയപ്പോഴേക്കും മുകളിലെ നിലയിൽനിന്ന് മൂത്തവന്റെ അലർച്ച കേൾക്കാം.. ‘‘അമ്മേ എന്റെ ഷർട്ടൊന്നും തേച്ചുവച്ചിട്ടില്ലേ..’’ ഉടനെ സ്റ്റെപ്പ് കയറി മുകളിലെത്തി അലമാര തുറന്ന് തേച്ചുവച്ച ഷർട്ടെടുത്ത് മുന്നിലേക്കിട്ടുകൊടുത്തു മേരി. ‘തേച്ചുവച്ചാലും പോരാ.. മുന്നിൽകൊണ്ടുവച്ചുതരണമല്യോ...’ മേരി മകന്റെനേരെ അലറി.. പ്ലേ ചെയ്തുകൊണ്ടിരുന്ന ഏതോ ഇംഗ്ലിഷ് പാട്ട് ഒരു നിമിഷം മ്യൂട്ട് ചെയ്ത് മകന്റെ ചോദ്യം.. ‘‘അമ്മയ്ക്കിവിടെ വേറെന്താ പണി?’’
തിരിച്ചു താഴേക്കു പടിയിറങ്ങുമ്പോൾ അരിശം കാരണം മേരിക്കു ദേഹം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു. താഴെ ഊണുമേശയ്ക്കൽ ഇളയവൻ ഹാജരായിട്ടുണ്ട്. അവനുള്ള പുട്ട് പ്ലേറ്റിലാക്കി പഴവും കുഴച്ചുവച്ച് കോരിക്കഴിക്കാൻ ഒരു സ്പൂണും ഇട്ടുകൊടുത്ത് മേരി വീണ്ടും അടുക്കളയിലേക്ക്. ഓട്സ് കുതിർത്തിയരച്ച് ദോശക്കല്ലിലൊഴിച്ച് ഊത്തപ്പമാക്കി ഇന്നലെ രാത്രി വച്ച കടലക്കറി ഫ്രിഡ്ജിൽനിന്നെടുത്തു ചൂടാക്കി പിഞ്ഞാണത്തിലൊഴിച്ച് അതിയാനു കഴിക്കാനായി ഊണുമേശപ്പുറത്തു കൊണ്ടുചെന്നുവയ്ക്കും വരെ മേരിക്കു ശ്വാസംവിടാൻപോലും നേരമില്ല. ഈ കാപ്പിക്കു ചൂടുപോരെന്നും പറഞ്ഞ് അപ്പോഴേക്കും ഉമ്മറത്തുനിന്നൊറ്റയലർച്ച. ഓടിച്ചെന്നപ്പോഴേക്കും അതിയാൻ കാപ്പി ഗ്ലാസ് മുറ്റത്തെ റോസാച്ചെടിക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. അടുത്ത കാപ്പി അടുപ്പത്തുവച്ച് തിളച്ചപടിയേ ഗ്ലാസിലാക്കി കൊണ്ടുചെന്നപ്പോഴേക്കും അതിയാൻ ഊത്തപ്പം മുക്കാലും കഴിച്ചുതീർത്തു. ‘‘കടല ഇന്നലെ വച്ചതാണല്ലേ.. നിനക്ക് രാവിലെ കുറച്ചുകൂടി നേരത്തെയെഴുന്നേറ്റു വച്ചാലെന്താ.. തലേന്നുവച്ചതു കഴിക്കാൻ ഇനിയെന്നെ കിട്ടില്ല...’’ മേരി അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഓടിച്ചെന്ന് ഗേറ്റ് തുറന്നുകൊടുത്തില്ലെങ്കിൽ അതിയാൻ കാറെടുത്ത് ഹോൺ നീട്ടിയടിച്ച് അയൽക്കാരെക്കൊണ്ട് പറയിക്കും. അതിനിട കൊടുക്കാതെ ഗേറ്റിലേക്കോടി മേരി.
അതിയാനിറങ്ങിയ പിന്നാലെ ഇളയവൻ സൈക്കിളെടുത്ത് ട്യൂഷൻ ക്ലാസിലേക്കും പോയി. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ മൂത്തമകന്റെ ചോദ്യം. ‘‘മേരിക്കുട്ടീ. കാശ് വല്ലതും അപ്പ തന്നിട്ടുണ്ടെങ്കിൽ കുറച്ചിങ്ങെടുത്തേ... പെട്രോളടിക്കാനാ...’’
അതിന് എന്റെ കയ്യിലെവിടെയാ കാശ് എന്നും പിറുപിറുത്ത് മേരി വീട്ടിനകത്തേക്കു കയറി. ശരിയാ.. അല്ലേലും മേരിയുടെ കയ്യിൽ എവിടെയാ കാശ്.. നോട്ട് കയ്യിൽപിടിച്ച കാലം മറന്നു. എന്താവശ്യമുണ്ടേലും പറഞ്ഞാ മതി.. ചെയ്തു തരാമെന്നൊക്കെ പറഞ്ഞാണ് പണ്ട് അതിയാൻ മേരിയുടെ ജോലിക്കുപോക്ക് നിർത്തിയത്. പിന്നീട് ആവശ്യങ്ങളോരോന്നു പറയാൻ തുടങ്ങിയപ്പോഴാണ് അങ്ങേരുടെ ഭാവം മാറിയത്. ഇതുവരെയുണ്ടായിരുന്ന ആവശ്യങ്ങളൊക്കെ അനാവശ്യങ്ങളായിരുന്നെന്ന് ഇപ്പോൾ മേരിക്കു പോലും തോന്നിത്തുടങ്ങി. ഹുക്ക് പൊട്ടി ഇലാസ്റ്റിക് പിഞ്ഞിയ ബ്രേസിയറും നനഞ്ഞ കൈ തുടച്ച് ഇരുവശത്തും കരിമ്പൻ തല്ലിയ നൈറ്റിയും തേഞ്ഞുതീരാറായ വള്ളിച്ചെരുപ്പുമൊന്നും ഇപ്പോൾ മേരിക്കുട്ടിയെ സങ്കടപ്പെടുത്താതായി. മുൻപെപ്പോഴോ അപ്പച്ചനും അമ്മച്ചിയും വാങ്ങിത്തന്ന ചില നല്ല സാരികളല്ലാതെ മേരിക്കുട്ടിക്ക് ഈയിടെയായി അതിയാൻ പുതിയതൊന്നും വാങ്ങിക്കൊടുക്കാതായി.
‘‘മേരിക്കെന്തിനാ പുതിയ ഡ്രസ്. ഈ വീട്ടിൽതന്നെയല്യോ എപ്പോഴും.. പുറത്തിറങ്ങി ജോലിചെയ്യുന്നതിന്റെ ദെണ്ണം വല്ലതുമറിയണോ.. സുഖമായി എപ്പോഴും വീട്ടിലിരിക്കാലോ...’’ ഇതുമാതിരി ഓരോരോ സോപ്പുവർത്തമാനവും കൊണ്ട് അതിയാൻ വരുമ്പോൾ മേരിക്കിപ്പോൾ പഴയപടി തർക്കുത്തരം പറയാനുള്ള ത്രാണി കൂടിയില്ലാതായി..
അതിയാനും പിള്ളേരും രാവിലെ പടിയിറങ്ങുന്നതുവരെയുള്ള വെപ്രാളം തീർന്നാലെ മേരിയെന്തെങ്കിലും കഴിക്കൂ. അതിയാൻ കഴിച്ചുവച്ച ഊത്തപ്പത്തിന്റെ ബാക്കിയിരിപ്പുണ്ടായിരുന്നു മേശപ്പുറത്ത്. അതും തലേന്നു രാത്രി ബാക്കിയിരുന്ന ചപ്പാത്തിയും കടലക്കറി കൂട്ടിക്കഴിച്ച് ഒരേമ്പക്കവും വിട്ട് മേരിക്കുട്ടി കുറച്ചുനേരം സോഫയിൽ കാലുംനീട്ടിയിരുന്നു. മൊബൈൽഫോണിൽ എന്തോ മെസേജ് വന്ന ശബ്ദം കേട്ട് എടുത്തുനോക്കിയപ്പോഴാണ് വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ നിറയെ വിമൻസ് ഡേ മെസേജുകളും ആശംസകളും കണ്ടത്. കലണ്ടറിൽ നോക്കിയപ്പോൾ മാർച്ച് 8. ഓ.. ഇങ്ങനെയും ഒരു ദിനമുണ്ടോ? പിന്നെ വൈകിയില്ല, പെട്ടെന്നു തന്നെ മൊബൈൽഫോണിലെ ഗ്യാലറിയിൽനിന്നു സ്വന്തം ഫോട്ടോകൾ ചിലതു തപ്പിയെടുത്ത് ഊടുപാട് ഫിൽറ്ററിട്ട് എഡിറ്റ് ചെയ്ത് ഗ്ലാമറാക്കി തലങ്ങും വിലങ്ങും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒപ്പം സർവ മഹിളാമണികൾക്കും വനിതാദിനം ആശംസിക്കുകയും ചെയ്തു. ഇല്ലെങ്കിൽ നാട്ടുകാർ വിചാരിക്കില്ലേ മേരിക്കുട്ടി ഇവിടെ നരകിച്ചുജീവിക്കുകയാണെന്ന്. ഫെയ്സ്ബുക്കിലെങ്കിലും ജീവിതം നല്ല കളർപടമായി കിടക്കട്ടെ.. പോസ്റ്റിട്ടു മൊബൈൽ താഴെവയ്ക്കുംമുൻപേ വന്നും ആദ്യ നോട്ടിഫിക്കേഷൻ...
‘‘വിഷു യു എ വെരി ഹാപ്പി വിമൻസ് ഡേ മൈ ഡാർലിങ്... യു ആർ റിയലി എ സൂപ്പർ വുമൺ... കീപ്പ് ഇറ്റ് അപ്പ്...’’ അതിയാന്റെ വകയാണ്... ഹോ.. മേരിക്കുട്ടിക്കു നിർവൃതിയടയാൻ ഇനി ഇതിൽപരം മറ്റെന്തുവേണം...!!!
Content Summary: Pink Rose, Column on women's day