ADVERTISEMENT

‘‘ഇന്നത്തെ പത്രം കണ്ടില്ലേ കുഞ്ഞേലീ.. ഇസ്താംബൂളെന്നൊരു സ്ഥലത്തു നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്കാരിയായ പെണ്ണൊരുത്തിയാണത്രേ ഫസ്റ്റടിച്ച് കപ്പ് നേടിയത്... കൊള്ളാലോ... കാലം പോയൊരു പോക്കേ.. പെണ്ണൊരുമ്പെട്ടാൽ പിന്നെന്തു പറയാൻ....’’

 

അതിയാൻ അതുംപറഞ്ഞ് ഒരു ആക്കിച്ചിരിയും ചിരിച്ച് പത്രം മടക്കിവച്ചെഴുന്നേറ്റു. മുണ്ടും കുടഞ്ഞുടുത്ത് പുറവുംചൊറിഞ്ഞ് കുളിമുറിയിലേക്കു നടക്കുന്നതിനിടയിൽ അടുക്കളഭാഗത്തേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി വിളിച്ചു പറഞ്ഞു.

 

‘‘കുഞ്ഞേലീ.. കടുപ്പത്തിൽ ഒരു കട്ടനുംകൂടി.. ചീഞ്ഞ മഴയായതുകൊണ്ടാണോ എന്തോ, കാലത്ത് ഒരുഷാറ് കിട്ടുന്നില്ല...’’

 

പൂരിക്കു പരത്തുന്നതിനിടയിൽ കയ്യിൽ പുരണ്ട ഗോതമ്പുപൊടി കൈക്കലത്തുണിയിൽ തുടച്ച് കുഞ്ഞേലി വേഗം സ്റ്റൗവിനടുത്തേക്കോടി. ചായപ്പാത്രത്തിൽ വച്ച വെള്ളം തിളയ്ക്കാൻ തുടങ്ങി. കടുപ്പത്തിൽ തേയിലപ്പൊടിയിട്ടിളക്കുന്ന നേരംകൊണ്ട് കുഞ്ഞേലിയുടെ മനസ്സ് അടുക്കളക്കോലായിൽനിന്ന് ഇമ്മിണിയേറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. 

 

കുഞ്ഞേലിയുടെ ചിന്തകൾ പിന്നെ നേരെ ചെന്നു ലാൻഡ് ചെയ്തത് അങ്ങ് ഇസ്താംബൂളിലാണ്... കർത്താവാന്നേ.. കോട്ടയം വിട്ടാൽ ഇങ്ങോട്ടു കാഞ്ഞിരപ്പിള്ളിയും അങ്ങോട്ടു കടുത്തുരുത്തിയുമല്ലാതെ മറ്റൊരു ലോകം കണ്ടിട്ടില്ല കുഞ്ഞേലി. ഇപ്പറയുന്ന ഇസ്താംബൂള് എവിടാണെന്നും വല്യ നിശ്ചയമില്ല. എന്നാലും ചെക്കനൊരുത്തൻ വല്യ ബോക്സിങ് ഫാനായതുകൊണ്ട് ടിവിയിൽ ഇടയ്ക്കിടെ ബോക്സിങ് പരിപാടികൾ ഒരു മിന്നായം പോലെ കണ്ടിട്ടുണ്ട് കുഞ്ഞേലി. നല്ല ഘടാഘടിയന്മാരായ ആണുങ്ങള് ഇത്തിരിപ്പോന്ന ജട്ടിയുമിട്ടോണ്ട് അങ്ങോട്ടുമിങ്ങോട്ടും മൂക്കിടിച്ചു ഷെയ്പ്പാക്കുന്ന പരിപാടിയല്യോ.. പെണ്ണുങ്ങളും മോശമല്ല. പണ്ട് വല്യമ്മച്ചിയൊക്കെയിടാറുള്ളതുപോലുള്ള ബോഡീസൊക്കെ ഇട്ട് നല്ല ഉശിരത്തികളായല്യോ കളത്തിലിറങ്ങുന്നത്. ഇടിച്ചിടിച്ച് രസംകേറുമ്പോൾ അവളുമാരുടെ ചില ആക്രോശങ്ങളുണ്ട്. ഇടിക്കൂട്ടിനുള്ളിൽനിന്നുള്ള അലർച്ചകളും വീറും വാശിയും കണ്ട് അതിയാൻ പഴന്തുണി ചുരുട്ടിക്കൂട്ടിയതുപോലെ ടിവിറൂമിലെ സോഫയിൽകിടന്ന് നീട്ടിവിളിക്കും...

 

‘‘കുഞ്ഞേലീ.. കടിക്കാനെന്തെങ്കിലും എടുത്തോ...’’

 

അര മണിക്കൂർ കൂടുമ്പോൾ കൂടുമ്പോൾ കടിയും ചോദിച്ചുള്ള ഈ കുഞ്ഞേലിവിളി കേൾക്കുമ്പോൾ സത്യത്തിൽ കുഞ്ഞേലിക്ക് പെരുവിരലിൽനിന്നങ്ങു തരിച്ചുകയറും. അറിയാതെ കൈമുട്ടുകൾ ചുരുണ്ടുവരും. അങ്ങേരുടെ ഓരോരോ തോന്ന്യാസങ്ങൾക്ക് നല്ലൊരു ഊക്കനിടി ആ മോന്തായത്തിൽ വച്ചുകൊടുക്കണമെന്ന് കുഞ്ഞേലിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക്ക് ഇടി കൊണ്ടല്ലേ ശീലം.. കൊടുത്തിട്ടല്ലല്ലോ... അതുകൊണ്ട് ആ വീറുംവാശിയും അടക്കിപ്പിടിച്ച് കുഞ്ഞേലി നേരെ അടുക്കളപ്പുറത്തേക്കു പോരും. എന്നിട്ട് കുഴച്ചുവച്ചിരിക്കുന്ന ചപ്പാത്തിമാവിൽ പത്തോംപത്തോമെന്ന് രണ്ടിടിവച്ചുകൊടുത്തോ മണ്ടരിവന്ന് കുരുട്ടായിപ്പോയ തേങ്ങയൊരെണ്ണമെടുത്ത് വാക്കത്തികൊണ്ട് ആഞ്ഞുവെട്ടിയോ ആ കലിപ്പങ്ങു തീർക്കും. എന്നെങ്കിലുമൊരിക്കൽ ഒരു ഇടിക്കൂട്ടിലിട്ടു കലിപ്പുതീർക്കാനുള്ള കുറെ കഥാപാത്രങ്ങളെ നേരത്തെ നോട്ടമിട്ടുവച്ചിട്ടുണ്ട് കുഞ്ഞേലി. 

 

‘ഒരു ചെമ്പിനുള്ള ചോറു വേണമല്ലോ കൊച്ചേ നിന്നെയൂട്ടാൻ’ എന്നും പറഞ്ഞ് കുഞ്ഞേലിയുടെ പൊണ്ണത്തടിയെക്കുറിച്ച് എപ്പോഴും കളിയാക്കാറുള്ള കപ്യാര് വർഗീസിനെത്തന്നെ വേണം ആദ്യം ഇടിക്കൂട്ടിൽ കേറ്റാൻ. ഉരുകിയൊലിച്ച മെഴുകുതിരിക്കാലുപോലെ മെലിഞ്ഞുണങ്ങിയിരിക്കുന്ന കപ്യാര് വർഗീസ് കുഞ്ഞേലിയുടെ ഒരു ഇടിക്കുപോലും കാണില്ല. ടൈപ്പ് പഠിക്കാൻ പോയ കാലത്ത് ബസിലെ കിളിയൊരുത്തനുണ്ടായിരുന്നു. പേരോർമയില്ല. കുഞ്ഞേലിയെ തട്ടിയും മുട്ടിയും പഞ്ചാരവർത്തമാനംകൊണ്ട് കുറെ പുറകെ നടന്നതാണ്. അവൻ പിന്നെയും കുറെ പെൺപിള്ളേരെ തട്ടിയും മുട്ടിയും ഏനക്കേടു തീർത്തുകൊണ്ടേയിരുന്ന കാര്യം കുഞ്ഞേലി പിന്നീടറിയുന്നത് മൂത്തമകൾ സൂസി കോളജിൽ പോയിത്തുടങ്ങിയ കാലത്താണ്. തലമൂത്തുനരച്ചു കിഴവനായിട്ടും സൂക്കേട് മാറാത്ത അവനെയൊക്കെ ഇടിച്ചിടിച്ചുതന്നെ ശരിയാക്കണമെന്ന് അന്നേ കുഞ്ഞേലി ഉറപ്പിച്ചതാണ്. ‌സ്ത്രീധനബാക്കി പോരെന്നും പറഞ്ഞ് സൂസിയെ തിരികെ വീട്ടിൽകൊണ്ടാക്കിയ മരുമോനും കൊടുക്കണം രണ്ടിടി. അവന്റെ പെങ്ങളെ കെട്ടിക്കാൻ ചെലവായതത്രയും സൂസിയിൽനിന്നു വസൂലാകാത്തതിന്റെ പേരിലല്യോ അവനീ നെറികേട് കാണിക്കുന്നേ.. ഇളയവളുടെ കല്യാണം കഴിഞ്ഞപാടേ അവളുടെ കംപ്യൂട്ടറുദ്യോഗം വേണ്ടെന്നുവയ്ക്കാൻ ചട്ടംകെട്ടിയ കെട്ട്യോൻവീട്ടുകാർക്കും കൊടുക്കണം രണ്ടിടി. കന്നിനെമേച്ചും കറ്റചുമന്നും മോളുടെ നടുവൊടിയണ്ടല്ലോ എന്നു കരുതി ഒന്നാന്തരം കറവയുള്ള നാലഞ്ചു പൈക്കളെ വിറ്റിട്ടാണ് കുഞ്ഞേലി മോളെ കംപ്യൂട്ടർ പഠിക്കാൻ വിട്ടതെന്ന കാര്യം അവര്‍ ഓർമിക്കരുതായിരുന്നോ? എന്നിട്ടിപ്പോ അവളൊരിടത്ത് അടുക്കളനിരങ്ങി കാലം കഴിക്കുന്നു. 

 

‘കുഞ്ഞേലീ ഒരു ഗ്ലാസിങ്ങെടുത്തേ’ എന്നുംപറഞ്ഞ് മൂവന്തിക്ക് അതിയാന്റെ കൂടെ ഉമ്മറത്തേക്കു നിരങ്ങിക്കയറിവരുന്നൊരു അശ്രീകരം ഔസേപ്പുണ്ട്. പെണ്ണുങ്ങളോട് മിണ്ടുമ്പോൾ മാനംമര്യാദയ്ക്കു മുഖത്തേക്കു നോക്കാതെ ചട്ടയ്ക്കുള്ളിലേക്കു ചുഴിഞ്ഞുനോക്കുന്ന അവന്റെ കഴുകൻ കണ്ണുകൾ ഇടിച്ചിടിച്ചു ചമ്മന്തിയാക്കണമെന്ന് കുഞ്ഞേലി എത്രവട്ടം വിചാരിച്ചിരിക്കുന്നു. 

 

ചെക്കനൊരുത്തൻ പനപോലെ തഴച്ചുവളർന്നുവരുന്നുണ്ട്. തിന്ന പ്ലേറ്റുപോലും കൈകൊണ്ടു തൊടാനോ, ഉടുത്തഴിച്ചിട്ട അണ്ടർവെയറും ബർമുഡേം തറയിൽനിന്നെടുത്ത് അയയിൽതൂക്കാനോപോലും കൂട്ടാക്കാത്ത അവനും കൊടുക്കണം രണ്ടിടി. ഇല്ലെങ്കിൽ, നാളെ അവൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണൊരുത്തി അമ്മയുടെ വളർത്തുദോഷം പറഞ്ഞ് ആ ഇടി തന്റെ മോന്തായത്തിനിട്ടു ചാർത്തിതരില്ലേ എന്നതാണ് കുഞ്ഞേലിയുടെ പേടി. 

 

എന്തായാലും ഇസ്താംബൂൾ വരെച്ചെന്ന് എതിരാളിയെ ഇടിച്ചിട്ട ഇന്ത്യക്കാരിയോട് കുഞ്ഞേലിക്ക് വലിയ ബഹുമാനം തോന്നി. പെണ്ണുങ്ങളായാൽ കൊള്ളാൻ മാത്രമല്ല, കൊടുക്കാനും പഠിക്കണം. അതിയാൻ കുളിയും പാസാക്കി തോർത്തുമുടുത്ത് ആ വഴിയേ നടന്നുപോകുന്നതിനിടെ വീണ്ടും ഒരു കുഞ്ഞേലിവിളി ആ അന്തരീക്ഷത്തിൽ മുഴങ്ങി.. 

‘‘കുഞ്ഞേലീ .. എന്റെ ഷർട്ടും മുണ്ടും ഇസ്തിരിയിട്ടത് അത്ര ശേലായിട്ടില്ല. ചുളിവു കാണാം. ഇതൊക്കെ നോക്കിയും കണ്ടും ചെയ്തുവച്ചുകൂടേ.. ഇവിടെ നിനക്കു വേറെന്താ പണി. വെറുതെയിരുന്ന് തിന്നുമുടിപ്പിക്കാൻ ഒരു ജന്മം..’’

പൂരിക്കു കൂട്ടാൻ പോത്തിറച്ചി ഉരുളക്കിഴങ്ങിട്ടു വേവിച്ച് സ്റ്റ്യൂവാക്കുന്ന തിരക്കിനിടയിൽ കുഞ്ഞേലി അതു കേട്ടു. മുഖം ചുട്ടുവെന്തിരിക്കുന്ന ഇസ്തിരിപ്പെട്ടിപോലെ കടുപ്പിച്ച് കുഞ്ഞേലി അടുക്കളയിൽനിന്ന് ചവിട്ടിത്തുള്ളി ഒരു പോക്കു പോകുന്നതാണ് പിന്നീട് കണ്ടത്. അതിയാന്റെ മുറിക്കകത്തേക്കു കയറിച്ചെന്നപ്പോൾ കുഞ്ഞേലി അവിടം ഇസ്താംബൂളാണെന്നെങ്ങാനും ഇനി വിചാരിച്ചുകാണുമോ ആവോ... ഇസ്തിരിയിട്ട മുണ്ടും ഷർട്ടും കിട്ടുന്നതും കാത്ത് അർധനഗ്നനായി നിൽക്കുന്ന അതിയാനെക്കണ്ട് ഇടിക്കൂട്ടിൽ ജട്ടി മാത്രമിട്ടുനിൽക്കുന്ന  എതിരാളിയാണെന്നെങ്ങാനും കുഞ്ഞേലി കരുതിക്കാണുമോ? 

 

ഇന്ന് രണ്ടിലൊന്നറിയാം.. 

 

Content Summary: Pink Rose column written by Riya Joy on Fighting Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com