ആ ക്ലോക്ക് നിലച്ചുപോയ ജലശാന്ത സമയം

HIGHLIGHTS
  • ഈ ആശുപത്രിമുറിയിലെ കടുംപച്ച കിടക്കവിരിയിൽ എത്ര മണിക്കൂറായി ഇങ്ങനെ ഈ കിടപ്പുതുടങ്ങിയിട്ട്? ഇമവെട്ടാതെ, ഓളംവെട്ടാതെ... എന്തൊരു ജലശാന്തത...
  • അതുകൊണ്ടുകൂടിയാണ് ഇത്രയും പ്രിയപ്പെട്ട ശരീരം അവർക്കു തീറെഴുതിക്കൊടുത്തത്. അല്ലെങ്കിലും എത്രയെത്ര ഇഷ്ടങ്ങൾ അങ്ങനെ ഓരോരുത്തർക്കുമായി തീറെഴുതിക്കൊടുത്തിരിക്കുന്നു
Patient sleeping in hospital bed
Representative Image. Photo By: feelartfeelant/shutterstock
SHARE

പതിയെ, വളരെ പതിയെ അവൾ ഉറക്കത്തിൽനിന്ന് ഉണർന്നുവരികയായിരുന്നു. അതോ ഉണർച്ചയിൽനിന്ന് ഉറക്കത്തിലേക്കു വീഴുകയായിരുന്നോ? നിശ്ചയമില്ല. ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിൽ ഇത്ര വഴുവഴുപ്പുണ്ടെന്ന് ആ ആശുപത്രിക്കിടക്കയിൽ അവൾ ആദ്യമായറിയുകയായിരുന്നു. പണ്ട് കുട്ടിക്കാലത്ത് വേനലവധിക്കു തറവാട്ടിൽ അച്ഛമ്മയുടെ കൂടെ താമസിക്കാൻ പോകുമ്പോൾ അമ്പലക്കുളത്തിലെ പതിവുനീരാട്ടിനിടയിലാണ് മുൻപ് ഈ വഴുവഴുപ്പും തണുപ്പും അനുഭവിച്ചിട്ടുള്ളതെന്ന് അവൾ വെറുതെ ഓർത്തു. വെളുത്ത പെറ്റിക്കോട്ടിട്ട് മടിച്ചുമടിച്ച് അമ്പലക്കടവിലെ കൽപടവുകളിറങ്ങുന്നതുകണ്ട് കൂട്ടുകാരികൾ കളിയാക്കുമായിരുന്നു, ഓ ഒരു പരിഷ്കാരി... 

കൽപടവുകളിൽ മുഴുവൻ പായലിന്റെ വഴുവഴുപ്പുണ്ടായിരുന്നു. എത്രയോവട്ടം കുളത്തിലേക്ക് തെറ്റിവീണിരിക്കുന്നു. മുങ്ങിനിവരുമ്പോഴേക്കും തണുത്തു മരവിച്ചുപോകും. അത്ര തണുപ്പാണ് വെള്ളത്തിന്. മുതിർന്നതിൽപിന്നെ അമ്പലക്കുളത്തിലെ കുളിയില്ലാതായി. അടുത്തിടെ അച്ഛമ്മയുടെ ശ്രാദ്ധത്തിന് നാട്ടിൽ പോയപ്പോൾ അമ്പലത്തിൽ ദീപാരാധനയ്ക്കു പോയിരുന്നു. അപ്പോഴാണ് ഒടുവിലായി അമ്പലക്കുളത്തിലിറങ്ങിയത്. കുളമാകെ പായലിന്റെ കടുംപച്ചവിരിച്ചുകിടക്കുന്നതു കാണാൻതന്നെ ഒരു ചന്തമായിരുന്നു. ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ അതുപോലൊരു വഴുവഴുപ്പൻ ഉറക്കത്തിലാണെന്ന് അവൾക്കു തോന്നി. പച്ചപ്പായലിന്റെ പകലുറക്കം. ഒന്നു പതിയെ കാലിട്ടടിച്ചാൽ മതി, കുളത്തിൽ ഓളങ്ങളുണരാൻ... പണ്ട് അവളുടെ കാൽപാദങ്ങളെ ഇറുകെപ്പുണർന്ന് കിടന്ന വെള്ളിക്കൊലുസുകള്‍ തെളിവെള്ളത്തിൽ ചിലമ്പിയാർക്കുന്നത് അവളോർത്തു.

ഈ ആശുപത്രിമുറിയിലെ കടുംപച്ച കിടക്കവിരിയിൽ എത്ര മണിക്കൂറായി ഇങ്ങനെ ഈ കിടപ്പുതുടങ്ങിയിട്ട്? ഇമവെട്ടാതെ, ഓളംവെട്ടാതെ... എന്തൊരു ജലശാന്തത... തൊടിയിൽ തെങ്ങിനു തടമെടുക്കാൻ വരുമായിരുന്ന കുട്ടനും കോതയും പറമ്പിൽപണി കഴിഞ്ഞ് കുളിച്ചുനനയ്ക്കാൻ തോട്ടുവക്കത്തു വന്നിരിക്കുമ്പോൾ പറയുമായിരുന്നു. ഒഴുക്കില്ലാതെ വെള്ളത്തെയാണ് പേടിക്കേണ്ടത്... ശരിയാണ്.. എത്രകാലമായി അവളിങ്ങനെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട്.. . ആഴമറിയാൻപോലും ആരുമൊരു കല്ലെടുത്തെറിയാത്തൊരു പൊട്ടക്കുളം പോലെ... തറവാട്ടു പറമ്പിൽ പാടവരമ്പിനോടു ചേർന്നൊരു പൊട്ടക്കുളമുണ്ടായിരുന്നു. അതിൽ പൊന്മാൻ വന്നു മുട്ടയിടുമായിരുന്നത്രേ. കോത പറഞ്ഞുള്ള അറിവാണ്. കുട്ടിക്കാലത്ത് പൊന്മാന്റെ മുട്ട വിരിയുന്നതുംകാത്ത് ആ പൊട്ടക്കുളത്തിനടുത്ത് പലപ്പോഴും ചുറ്റിപ്പറ്റിനിൽക്കും. ഒരു തവണ തൊടിയിൽ അമ്പഴങ്ങ പൊട്ടിക്കാൻ വന്ന അച്ഛമ്മ കയ്യോടെ പിടിച്ചു. ആളൊഴിഞ്ഞ മൂവന്തിനേരത്ത് പെൺകുട്ട്യോളങ്ങനെ പൊട്ടക്കുളത്തിനടുത്തൊന്നും പോയിനിൽക്കാൻ പാടില്ലത്രേ. മാടനും മറുതയുമൊക്കെ അലഞ്ഞുനടക്കുന്ന തൊടികളാണ്. അതോടെ പൊട്ടക്കുളത്തിനടുത്തേക്കുള്ള സാഹസിക യാത്രകൾ മതിയാക്കി. പൊന്മാനിട്ട മുട്ട വിരിഞ്ഞുവോ എന്നറിയണമെന്നുണ്ടായിരുന്നു. അതോ ഇപ്പോഴും ഏതെങ്കിലും പൊന്മാൻ അവിടെ അടയിരിക്കുന്നുണ്ടാവുമോ?

തലയ്ക്കുള്ളിൽ എന്തോ ഒരു പെരുക്കംപോലെ... ഏതോ പൊന്മാൻ പറന്നുപോയതായിരിക്കുമോ? തലവേദനയ്ക്കുള്ള എന്തെങ്കിലും മരുന്ന് ഇവർക്കു കുത്തിവച്ചാലെന്താണെന്ന് അവൾ വെറുതെ ചിന്തിച്ചു. അടുത്ത് നഴ്സ് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.... ആരുമില്ലെന്നു തോന്നുന്നു. ഒച്ചയനക്കങ്ങളൊന്നുമില്ല. ഓപ്പറേഷൻ ചെയ്തത് ഇന്നലെയായിരുന്നോ, അതോ ഇന്നോ? എവിടെയാണ് അവർ കീറിമുറിച്ചത്? കോളജിൽ ബയോളജി ക്ലാസുകളായിരുന്നു ഏറ്റവും ഭയാനകം. രക്തം കണ്ടാൽതന്നെ അവൾക്കു മനംമറിയും. അതിനിടയിൽ ചിലപ്പോൾ വസുമതി ടീച്ചർ ഏതെങ്കിലും കൂറയും തവളയുമായി ക്ലാസിൽവരും. പാവം കൂറയുടെ ചിറകുവിടർത്തി മലർത്തിക്കിടത്തി അതിസൂക്ഷ്മമായി ടീച്ചർ മൊട്ടുസൂചി തറയ്ക്കും. എന്തൊരു നിസ്സഹായതയോടെയായിരിക്കണം അത് പ്രാണവേദന അനുഭവിച്ചത്. തവളകളെ ക്ലാസിൽ എത്തിച്ചിരുന്നൊരു വറീതുണ്ടായിരുന്നു. തവളക്കണ്ണൻ വറീത്. അയാളെ കാണുമ്പോൾതന്നെ അവൾക്ക് ഓക്കാനം വരും. എന്നിട്ടും അയാൾ നെല്ലിനുള്ള വിഷംകുടിച്ച് ആത്മഹത്യ ചെയ്ത ദിവസം വയലിനോടു ചേർന്ന അയാളുടെ വീട്ടിലേക്ക് കൂട്ടുകാരികൾക്കൊപ്പം അവൾ പോയിരുന്നു. മഴ തിമിർത്തുപെയ്ത ആ സന്ധ്യക്ക് അയാളുടെ ഭാര്യയേക്കാൾ ഉച്ചത്തിൽ പാടവരമ്പത്തിരുന്ന് തവളകൾ കരയുന്നതുകേട്ടാണ് അവൾ മടങ്ങിയത്. ഒരുപക്ഷേ ഈ ആശുപത്രിയിൽനിന്ന് തുന്നിക്കൂട്ടിക്കെട്ടിയ ഒരു പഴന്തുണി കണക്കെ ജീവനറ്റു മടങ്ങേണ്ടി വന്നാൽ തനിക്കുവേണ്ടി കരയാൻ ഏതെങ്കിലുമൊരു മഴക്കാലസന്ധ്യ കാത്തിരിക്കുന്നുണ്ടാകുമോ എന്നവൾ ഒരു വിങ്ങലോടെ ഓർമിച്ചു. 

രണ്ടുമാസംമുൻപാണ് മെഡിക്കൽകോളജിലെ കുറച്ചു പെൺകുട്ടികൾ അവരുടെ ഒരു സാഹിത്യസംവാദസദസ്സിലേക്കു ക്ഷണിക്കാനായി വന്നത്. കഥകൾ പറഞ്ഞുപറഞ്ഞ് കുട്ടികളുടെ കൂടെക്കൂടിയ മനോഹരമായൊരു പകലായിരുന്നു അത്. നന്ദി പറഞ്ഞ പെൺകുട്ടി സ്വന്തമായെഴുതിയ ഒരു അപ്രകാശിത കവിതകൂടിചൊല്ലിയപ്പോൾ സദസ്സ് വികാരാധീനമായി. മരണശേഷം ഒരു കഥയായി പുനർജനിക്കാനാണ് ആഗ്രഹമെന്നു പറഞ്ഞപ്പോൾ എന്തൊരു കയ്യടിയായിരുന്നു. കാതിലിപ്പോഴും ആ കയ്യടി മുഴങ്ങുന്നതുപോലെ അവൾക്കു തോന്നി. അതോ തന്റെ ഹൃദയമിടിപ്പു തന്നെയാണോ ഇങ്ങനെ മുഴങ്ങിക്കേൾക്കുന്നത്... എന്തിനാണ് ഈ ഡോക്ടർമാർ തന്റെ ഹൃദയത്തെ ഇങ്ങനെ വയറുകൾകൊണ്ടും ട്യൂബുകൾകൊണ്ടും വരിഞ്ഞുമുറുക്കിവച്ചിരിക്കുന്നതെന്ന് അവൾ ആവലാതിപ്പെട്ടു. ഒരു പാവം ഹൃദയമല്ലേ അതൊന്ന് സമാധാനമായി മിടിച്ചോട്ടെ... ആരോടു പറയാൻ. അന്ന് സാഹിത്യസംവാദം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അപ്പോഴത്തെ ഒരു വികാരാധീനതയിൽ ഒരു സമ്മതപത്രം എഴുതിയൊപ്പിട്ടുകൊടുത്തിരുന്നു; മരണശേഷം ശരീരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കു സമർപ്പിക്കുന്നതിനുള്ള പൂർണസമ്മത പത്രം. തിരിച്ചു വീട്ടിലേക്കു മടങ്ങിയപ്പോൾ അവൾക്ക് ആ തീരുമാനത്തിൽ തെറ്റൊന്നും തോന്നിയില്ല. അല്ലെങ്കിലും പ്രത്യേകിച്ച് അവകാശികളൊന്നുമില്ലാത്തൊരു പാവം പെൺശരീരം... കുട്ട്യോൾ കീറി മുറിച്ച് പഠിക്കട്ടെ. ഒരു സാഹിത്യകാരിയുടെ ശരീരം അപൂർവമായല്ലേ അവർക്കു പഠിക്കാൻ കിട്ടൂ എന്നു കരുതി അവൾ ആശ്വസിച്ചു. അതുകൊണ്ടുകൂടിയാണ് ഇത്രയും പ്രിയപ്പെട്ട ശരീരം അവർക്കു തീറെഴുതിക്കൊടുത്തത്. അല്ലെങ്കിലും എത്രയെത്ര ഇഷ്ടങ്ങൾ അങ്ങനെ ഓരോരുത്തർക്കുമായി തീറെഴുതിക്കൊടുത്തിരിക്കുന്നു.... 

നോവിക്കാതിരിക്കണേ എന്ന പ്രാർഥനയേ അവൾക്കുള്ളൂ. കോളജിലെ സുവോളജി ലാബിൽ വിവസ്ത്രയായി കിടന്ന് പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന കൂറകളെ അവൾ വീണ്ടും ഓർമിച്ചു. സാഹിത്യതൽപരരായ മെഡിക്കൽ വിദ്യാർഥിനികൾ ഒരുപക്ഷേ തന്റെ ഉദരത്തിനുള്ളിലെവിടെയോ കഥക്കുഞ്ഞുങ്ങളുടെ ബീജങ്ങൾ കണ്ടെത്തുമോ? ഈശ്വരാ, ഇനിയും അവിഹിതഗർഭ കഥകളെ പ്രസവിക്കാൻ വയ്യ. അതിലും ഭേദം മരിക്കുന്നതുതന്നെ... എപ്പോഴാണ് മരിക്കുക? അവൾ ആശുപത്രിച്ചുമരിലെ ക്ലോക്ക് തിരഞ്ഞു. അത് നിലച്ചിരിക്കുന്നു. അല്ലെങ്കിലും മരണശേഷം ഭൂമിയിലെ സമയത്തിന് എന്തു പ്രസക്തി? ഓ അപ്പോൾ താൻ മരിച്ചുകഴിഞ്ഞിരുന്നോ? എപ്പോഴായിരുന്നു അത് സംഭവിച്ചത്? 1980 മീനമാസത്തിലെ തിരുവാതിരയ്ക്ക് പുലർച്ചെ 5.49നാണ് ജനനസമയമെന്ന് അച്ഛമ്മ തറവാട്ടിലെ രാമായണത്തിന്റെ ആദ്യതാളിൽ കുറിച്ചുവച്ചിരുന്നത് അവൾ പലപ്പോഴും കണ്ടിട്ടുണ്ട്. മരണസമയം ആരാണ് ഓർമിച്ചെടുത്തു കുറിച്ചുവയ്ക്കുക? ഏതായിരുന്നു തന്റെ മരണനക്ഷത്രം? മരിക്കുകതന്നെയായിരുന്നോ? അതോ എല്ലാവരുടെയും ഓർമകളിൽനിന്ന് മെല്ലെമെല്ലെയങ്ങു മാഞ്ഞുപോകുകയോ? ഈശ്വരാ.. എന്തൊരു തണുപ്പ്... വഴുവഴുപ്പ്...പക്ഷേ ഒരു സുഖമുണ്ട്... ഇങ്ങനെതന്നെകിടന്നേക്കാം... പച്ചപ്പായലിന്റെ പകലുറക്കത്തിലെന്നപോലെ അവൾ ഒരു ജലശാന്തത പുതച്ചു മരവിച്ചുകിടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS