പുറത്ത് ഒരു കാർ വന്നുനിൽക്കുന്നതിന്റെ ശബ്ദംകേട്ടു. ലക്ഷ്മി മുറിക്കകത്ത് വാതിലടച്ചു കിടക്കുകയായിരുന്നു. ചെന്നിക്കുത്തിന്റെ വേദന സഹിക്കാൻ വയ്യാതായിരിക്കുന്നു. കട്ടിലിനോടു ചേർന്നുള്ള ജനാലയുടെ കർട്ടൻ പതുക്കെ വകഞ്ഞുമാറ്റി മുറ്റത്തേക്കു നോക്കി അവൾ തിരിഞ്ഞു കിടന്നു; മഹിയാണ്. രാത്രി വൈകിവരുന്നത് ഇപ്പോൾ ഒരു പതിവായിരിക്കുന്നു. നഗരത്തിലെ ഇന്റീരിയർ ഡിസൈനിങ് ഓഫിസിലെ ജോലി കഴിഞ്ഞാൽ പിന്നെ കൂട്ടുകാരോടൊപ്പം കുറെനേരം ചെലവഴിച്ചശേഷമേ വീട്ടിലേക്കു തിരിക്കൂ. പിന്നെ ഈയിടെയായി ദർബാർ ഹാളിലോ ചങ്ങമ്പുഴ പാർക്കിലോ ചിത്രകാരന്മാരുടെ സായാഹ്ന കൂട്ടായ്മയിലും മറ്റും പങ്കെടുത്ത് ഏറെ വൈകിയേ വരാറുള്ളൂ. ചിലപ്പോൾ വന്നില്ലെന്നുവരാം. ഒന്നു രണ്ടുതവണ ഏറെ വൈകിയിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു തിരക്കി. ആർട്ട് ഗ്യാലറിയോടു ചേർന്നുള്ള ഒരു ഡ്രോയിങ് ക്യാംപിൽ ചിത്രംവര പഠിക്കാനെത്തിയ കുട്ടികളോടോപ്പം തങ്ങുകയാണെന്നൊരു ഒഴുക്കൻ മറുപടി പറഞ്ഞു ഫോൺവച്ചു. ചിലപ്പോൾ കൂട്ടുകാർക്കൊപ്പം ഏതെങ്കിലും ക്ലബിൽ, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ.. മഹിക്ക് ഉറങ്ങാൻ ഇപ്പോൾ വീടുവേണമെന്നില്ലാതായിരിക്കുന്നു, വീട്ടിൽ കാത്തിരിക്കുന്നവരെയും.
മഹിയുടെ വീട്ടിലേക്ക് ആദ്യമെത്തിയത് ലക്ഷ്മി ഇപ്പോഴും ഓർമിക്കുന്നുണ്ട്. ആർട്സ് കോളജിലെ അവസാന വർഷത്തിലെപ്പോഴോ ആയിരുന്നു. കോളജിലെ ഏതോ ആഘോഷപരിപാടി കഴിഞ്ഞ് സാരി മാറി ഫ്രഷ് ആകാൻ വേണ്ടിയായിരുന്നു കൂട്ടുകാരികൾക്കൊപ്പമുള്ള ആ വരവ്. അന്ന് ആർട്സ് ക്ലബ് സെക്രട്ടറി കൂടിയായിരുന്നു മഹി. കെമിസ്ട്രി ഡിപ്പാർട്മെന്റിലെ മാധവിടീച്ചറുടെ മകൻ. മാധവിടീച്ചറും മാഷും അന്ന് വളരെ കാര്യമായാണ് അവളെയും കൂട്ടുകാരികളെയും വീട്ടിലേക്കു സ്വീകരിച്ചത്. നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞുമാറിയൊരിടത്ത്, മൂവാണ്ടൻമാവുകൾ പൂവിട്ടുനിൽക്കുന്ന പറമ്പിൽ, നടുമുറ്റവും നീളൻ വരാന്തകളുമുള്ള വലിയൊരു വീട്. വീടുനിറയെ ആളുകൾ. മാധവിടീച്ചറും മാഷും കൂടാതെ മഹിയുടെ ചെറിയമ്മ, വല്യമ്മ, രണ്ട് അമ്മാവന്മാർ, അവരുടെ കുട്ടികൾ, മുത്തശ്ശി, മുത്തശ്ശൻ... എപ്പോഴും ആളും ബഹളവും. ആ വീട്ടിലെപ്പോഴും പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള വർത്തമാനങ്ങളും മുഴങ്ങിക്കേട്ടിരുന്നു. കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ച് അമ്മയുടെ ഒറ്റക്കുട്ടിയായി വളർന്ന ലക്ഷ്മിക്ക് അതൊക്കെ വലിയ കൗതുകങ്ങളായിരുന്നു. അതുതന്നെയായിരുന്നു അവളെ ആ വീട്ടിലേക്ക് അടുപ്പിച്ചതും.
മാധവിടീച്ചറോടു കെമിസ്ട്രി സംശയം ചോദിക്കാനെന്ന മട്ടിൽ പലവട്ടം അവൾ പിന്നീടും കൂട്ടുകാരികൾക്കൊപ്പം ആ വീട്ടിലേക്കു വന്നുകൊണ്ടേയിരുന്നു. മഹിയോട് അന്നൊന്നും കാര്യമായി സംസാരിച്ചതായി അവൾ ഓർക്കുന്നേയില്ല. മഹിയും അധികം സംസാരിച്ചിരുന്നില്ല ആരോടും; അവളോടു പ്രത്യേകിച്ചും. ചിലപ്പോൾ അടുക്കളയിലേക്ക് വന്ന് ദോശയോ ചമ്മന്തിയോ മറ്റോ കഴിച്ചെന്നു വരുത്തി വേഗംതന്നെ മുറിയിലേക്കു തിരിച്ചുപോകും. ആർട്സ് ക്ലബ് സെക്രട്ടറിയുടെ ജാഡയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ മുത്തശ്ശിയാണ് അവളോടു പറഞ്ഞത്, മഹി അങ്ങനെ ആരോടും ഇടപെടുന്നൊരാളല്ലെന്ന്. മറ്റൊരു രഹസ്യംകൂടി മുത്തശ്ശി പറഞ്ഞു, മഹിയുടെ മുറിയിൽ മഹി വരച്ചുകൂട്ടിയ കുറെയേറെ ജലച്ചായ ചിത്രങ്ങളുണ്ടെന്ന്. ആരെയും കാണിക്കാതെ ആ ചിത്രങ്ങളൊക്കെ ഇളംനിറമുള്ള നൈലോൺതുണികൊണ്ട് മൂടിവച്ചിരിക്കുകയാണെന്ന്. ശരിയായിരിക്കണം. ചിലപ്പോൾ അടുക്കളയിൽ ദോശ കഴിക്കാനെത്തുമ്പോൾ മഹിയുടെ വിരൽത്തുമ്പുകളിലെല്ലാം മഷിക്കൂട്ടുകൾ പടർന്നിരിക്കുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. കൈ കഴുകാൻപോലും കൂട്ടാക്കാത്ത മഹിക്ക് അപ്പോഴൊക്കെ മാധവി ടീച്ചർ തന്നെയാണ് വാത്സല്യത്തോടെ ഭക്ഷണം വാരിക്കൊടുത്തിരുന്നതും ‘‘ഇപ്പോഴും ഇള്ളക്കുട്ടിയാണെന്നാ വിചാരം...’’ ഒരിക്കൽ മഹിയെ കളിയാക്കാനുള്ള അവസരം കിട്ടിയപ്പോൾ അവൾ പറയുകയും ചെയ്തു. മാധവി ടീച്ചറും മുത്തശ്ശിയും അതുകേട്ടു ചിരിച്ചെങ്കിലും മഹി വളരെ ഗൗരവത്തിൽ അവിടെനിന്ന് എഴുന്നേറ്റു പോകുകയാണു ചെയ്തത്. അന്ന് ആ മുഖത്തെ ഗൗരവം കണ്ടപ്പോഴാണ് അവൾ തീരുമാനിച്ചത്, എന്നെങ്കിലും ആ മുറിയിൽ കയറിപ്പറ്റി മഹി വരച്ച ചിത്രങ്ങളുടെ രഹസ്യ സൂക്ഷിപ്പുകൾ കാണണമെന്ന്. എന്നിട്ടും പലവട്ടം ആ വീട്ടിൽ കയറിയിറങ്ങിയിട്ടും ആ മോഹം മാത്രം ബാക്കിയായി.
കോളജിൽ സ്റ്റഡി ലീവ് ആയിരുന്നൊരു കർക്കടകത്തിൽ മുത്തശ്ശിയുടെ കണ്ണിമാങ്ങയച്ചാറു വാങ്ങാനായിരുന്നു അവൾ വീണ്ടും ആ വീട്ടിലെത്തിയത്. അച്ചാറുഭരണി പത്തായപ്പുരയിൽനിന്ന് അടുക്കളയിലേക്കു ചുമന്നുകൊണ്ടുപോയി കൊടുക്കുന്നതിനിടയിൽ മഹിയുടെ മുറി തുറന്നുകിടക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല, നേരെ അകത്തുകടന്നു. കർക്കടകം പുറത്ത് ആർത്തലച്ചു പെയ്യുന്നതിനിടയിൽ മഹി അവളുടെ പാദസ്വരത്തിന്റെ ശബ്ദം കേട്ടതേയില്ല. മുത്തശ്ശി പറഞ്ഞതു ശരിയായിരുന്നു, നിറയെ കാൻവാസുകളായിരുന്നു ആ മുറിയിൽ. പല വലുപ്പത്തിൽ ഓരോന്നിലും ഓരോ ഛായാചിത്രങ്ങൾ. അതിസുന്ദരികളുടെ മുഖങ്ങൾ... കണ്ണുകളിൽ കർക്കടകത്തിന്റെ വെള്ളിടികൾ... അപ്പോഴാരോ ചുംബിച്ചതുപോലെ ചുവന്ന കവിൾത്തടങ്ങൾ... തുടുത്തുനിൽക്കുന്ന ചുണ്ടുകൾ...കഴുത്തിനുചുറ്റും അലസമായി കാറ്റിലിളകുന്ന മുടിയിഴകൾ... കൂടുതൽ താഴേക്കുനോക്കാൻപോലുമാകാതെ നാണിച്ച് മുഖംപൊത്തിയ അവളുടെ അരക്കെട്ടിലേക്ക് ഒരു മഴവില്ലു വന്നു ചുറ്റിപ്പിടിച്ചതുപോലെ തോന്നി. അവൾക്കു ശ്വാസമെടുക്കാൻപോലും തെല്ലിടതരാതെ ആ മഴവില്ല് അവളിൽ പടരുന്നപോലെയും തോന്നി. വില്ലുപോലെ വളഞ്ഞ അവളുടെ ഉടൽ അന്നേരം ഒരു കാൻവാസായി മാറുകയായിരുന്നോ? അവൾക്ക് അത്രയും നിറങ്ങളുണ്ടായിരുന്നോ? ചുണ്ടിൽ, പിൻകഴുത്തിൽ, പൊക്കിൾച്ചുഴിയിൽ...അവൾ മറ്റൊരു കർക്കടകമായി പെയ്തുകൊണ്ടേയിരുന്നു...
മുത്തശ്ശിയുടെ നീട്ടിവിളികേട്ട് തിടുക്കപ്പെട്ടു മുറിയിൽനിന്നിറങ്ങിയപ്പോൾ മഹി അവളെ പിൻവിളിച്ചു പറഞ്ഞു; ‘‘ഞാൻ ഇക്കാലമത്രയും വരച്ച ഛായാചിത്രങ്ങളിലെ സുന്ദരികളൊക്കെയും നീയാണെന്നു തോന്നുന്നു അവയ്ക്കൊക്കെയും നീ ജീവൻ വയ്പിച്ചപോലെ....’’ ലക്ഷ്മിയുടെ മനസ്സ് നിറഞ്ഞു. ബാക്കികാര്യങ്ങളൊക്കെ വീട്ടുകാർ തമ്മിൽതമ്മിൽ സംസാരിച്ചു തീരുമാനിച്ചു. ലക്ഷ്മിക്ക് അമ്മയുടെ അനുവാദം മാത്രമേ വേണ്ടിയിരുന്നുള്ളു. അങ്ങനെ തൊട്ടടുത്ത ചിങ്ങത്തിൽതന്നെ ആ ചടങ്ങ് കഴിഞ്ഞു. കൂട്ടുകാരികൾക്കെല്ലാം എന്തുമാത്രം അസൂയയായിരുന്നെന്നോ? മഹി വലിയ ഫ്യൂച്ചറുള്ള ആർട്ടിസ്റ്റാണെന്ന് കോളജിൽനിന്നെത്തിയ പ്രഫസർമാർ പറയുന്നുണ്ടായിരുന്നു. പഠനം കഴിഞ്ഞ ഉടൻതന്നെ നഗരത്തിലെ വലിയൊരു ഇന്റീരിയർ ഡിസൈൻ ഗ്രൂപ്പിൽ മഹിക്കു പ്ലേസ്മെന്റായി. അതിനൊപ്പം ചിത്രംവരയും തുടർന്നു. ഓഫിസിൽ ജോലിക്കുകയറി രണ്ടുവർഷംകൊണ്ടുതന്നെ നാലു പ്രമോഷൻ. ഇപ്പോൾ ചീഫ് ഡിസൈനർ. അതിനുംപുറമേ ദർബാർ ഹാളിലും ആർട്ട് ഗ്യാലറിയിലും തുടരെത്തുടരെ പ്രദർശനങ്ങൾ... ചായക്കൂട്ടുകളൊഴിഞ്ഞൊരു നേരംതന്നെ ഇല്ലാതായി മഹിക്ക്.
അവരുടെ കിടപ്പുമുറിയിൽ പിന്നെയും കാൻവാസുകൾ പെരുകി. രാത്രി ഏറെ വൈകിയും മഹി ആ കാൻവാസുകൾക്കൊപ്പംതന്നെയായിരുന്നു. ഓരോന്നിലും പുതിയ പുതിയ അതിസുന്ദരികൾ. ഉറക്കംവരാതെ തിരിഞ്ഞുംമറിഞ്ഞുംകിടക്കുന്ന രാത്രികളിൽ എപ്പോഴൊക്കെയോ ഞെട്ടിയുണർന്നുനോക്കുമ്പോൾ മഹി കാൻവാസിൽ അതിസുന്ദരികളെ വരയ്ക്കുന്നത് ലക്ഷ്മിക്ക് കാണാമായിരുന്നു. അവളുമാരുടെ മാറിടങ്ങളിലൂടെ മഹിയുടെ ബ്രഷ് നിറങ്ങളുരുമ്മി വരഞ്ഞിറങ്ങുന്നതു കാണുമ്പോഴൊക്കെ ലക്ഷ്മിക്ക് അസ്വസ്ഥത തോന്നി. അവളുമാരുടെ ചുണ്ടുകളിൽ മഹി ചുവപ്പു ചാലിച്ച് വിരൽതൊടുമ്പോഴും, അവളുമാരുടെ അടിവയറ്റിൽ ഇളംനീല രോമങ്ങൾ വരയുമ്പോഴും ലക്ഷ്മിക്ക് സങ്കടംതോന്നി. പതുക്കെപ്പതുക്കെ ആ മുറിയിലെ എണ്ണമറ്റ സുന്ദരികളുടെ മുഖചിത്രങ്ങൾ അവളെ ശ്വാസംമുട്ടിച്ചുതുടങ്ങി. അവരുടെ ആസക്തി നിറഞ്ഞ നോട്ടങ്ങളിൽ അവൾക്കു മനംപിരട്ടുന്നതുപോലെ തോന്നി.
രണ്ടുദിവസമായിത്തുടങ്ങിയ ചെന്നിക്കുത്തിന്റെ വേദനകൂടിയായപ്പോൾ ലക്ഷ്മിക്ക് ആകെ ഒരു വയ്യായ്മ.. എത്രനേരമായി കട്ടിലിൽ ആ കിടപ്പ് തുടങ്ങിയിട്ടെന്ന് അവൾക്ക് ഓർമയില്ല. ‘‘എന്തെങ്കിലും വന്ന് കഴിച്ചിട്ട് കിടക്ക് ലക്ഷ്മ്യേ...’’ മാധവി ടീച്ചർ കതകിൽതട്ടി വിളിക്കുന്ന കേട്ടാണ് അവൾ ഉണർന്നത്.
– മഹി വന്നോ അമ്മേ?
പുറത്ത് കാറിന്റെ ശബ്ദം കേട്ട ഓർമയിൽ അവൾ ചോദിച്ചു.
–അവൻ ബനാറസിലേക്ക് യാത്ര പോകുകയാണത്രേ, കൂട്ടുകാർക്കൊപ്പം. അവിടെ യൂണിവേഴ്സിറ്റിയിൽ എന്തോ പരിപാടിയുണ്ട്. മോളോടു പറഞ്ഞില്ലേ? യാത്രയ്ക്കുള്ള ബാഗും പായ്ക്കും ചെയ്ത് മഹി അപ്പോൾതന്നെ ഇറങ്ങിയല്ലോ.
പറയാതെപോയതിന്റെ സങ്കടം അവളുടെ മുഖത്തുനിന്നു വായിച്ചെടുത്തപോലെ അമ്മ അവളെ സമാധാനിപ്പിച്ചു.
– സാരമില്ല ലക്ഷ്മ്യേ.. ഒരു കുഞ്ഞൊക്കെയാകട്ടെ, എല്ലാം ശരിയാകും....
മാധവി ടീച്ചർ ഇതു പറയാൻ തുടങ്ങിയിട്ട് വർഷം ഏഴായിരിക്കുന്നു.
ലക്ഷ്മി അതു നിർവികാരതയോടെ കേട്ടു മൂളുകമാത്രം ചെയ്തു. അവൾക്കു നാവു വരളുന്നുണ്ടായിരുന്നു. പുറത്ത് മഴ വീണ്ടും ആർത്തലച്ചു പെയ്തു തുടങ്ങി. ഛായാചിത്രങ്ങളിലെ മാദകസുന്ദരികൾ അവരുടെ പ്രാണപ്രിയനെ തിരയുന്നതുപോലെ അവൾക്കുതോന്നി.
‘‘കാൻവാസിലെ പെണ്ണുങ്ങൾക്ക് കുഞ്ഞിനെ പെറാൻ കഴിയില്ലല്ലോ...’’ ലക്ഷ്മി അവളുമാരെ അറപ്പോടെ നോക്കി പിറുപിറുത്തുകൊണ്ട് ആ മുറിവിട്ട് പുറത്തേക്കിറങ്ങി. അവൾ കിടന്ന കട്ടിലിലെ കിടക്കവിരിച്ചുരുളുകളിൽ മറ്റൊരു കാൻവാസിലെന്നപോലെ അവളുടെ തീണ്ടാരിച്ചുവപ്പ് ഒരു നഷ്ടചിത്രം വരഞ്ഞത് തെളിഞ്ഞുകിടന്നു.