മൂവന്തിപ്പാതയിൽ മൂന്നാമതൊരാൾ
Mail This Article
ടാർ ചെയ്ത റോഡ് വീതി കുറഞ്ഞ് ഒരു വെട്ടിടവഴിയിലേക്കു തിരിയുന്നിടത്ത് അവസാനിച്ചു. അവിടെനിന്ന് മാഷ്ടെ വീട്ടിലേക്ക് അധികദൂരമില്ല. ചെങ്കല്ലുകൊണ്ട് അതിരുപാകിയ ആ ഇടവഴിക്ക് ഇത്ര വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാത്തതിൽ അവൾക്ക് അദ്ഭുതം തോന്നി. മഴത്തഴപ്പിൽ വളർന്നുനിൽക്കുന്ന കമ്യൂണിസ്റ്റ് പച്ചകൾ. കർക്കടകത്തിന്റെ പെയ്ത്തുഭാരംകൊണ്ട് കുനിഞ്ഞുനിൽക്കുന്ന തുമ്പക്കുടങ്ങൾ. പായൽപ്പച്ച വിരിച്ച ചെങ്കൽഭിത്തിയിൽ വേരുകൾ പടർത്തിനിൽക്കുന്ന മഷിപ്പച്ചകൾ... വെട്ടുകല്ലിനിടയിലെ പൊത്തുകളിൽ പുറത്തേക്കു തലനീട്ടിയിരിക്കുന്ന ചൊറിത്തവളകൾ. ചുറ്റിപ്പിണർന്ന തേരട്ടകൾ... സൂക്ഷിച്ചുനടന്നില്ലെങ്കിൽ തെറ്റിവീഴുമെന്നു തോന്നിപ്പിക്കുന്ന വഴുവഴുപ്പൻ ചെളിച്ചാലുകൾ... എല്ലാം പഴയതുപോലെതന്നെ. ഒന്നും മാറിയിട്ടില്ല.
മുപ്പതു വർഷങ്ങൾക്കുശേഷം ആളൊഴിഞ്ഞ ആ നാട്ടിടവഴിയിലേക്കു പിൻനടക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ തന്റെ വരവുംകാത്ത് ഈ മണ്ണിടവഴിയും മണ്ണിടവഴി അവസാനിക്കുന്നിടത്തൊരു മാഷും ടീച്ചറമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നത് ഇക്കഴിഞ്ഞ കാലത്തിനിടയിൽ ഒരിക്കലും ഓർമിക്കാത്തതിൽ അവൾക്കു കുറ്റബോധം തോന്നി. മുന്നോട്ടു നടക്കുന്തോറും ഇടവഴി കൂടുതൽ ഇടുങ്ങിവന്നു. ചുറ്റിലും നിന്ന ഏഴിലംപാലയും ചെമ്പകവും പിന്നെ ഏതേതോ പേരറിയാപാഴ്മരങ്ങളും ആർത്തലച്ചുവളർന്ന് ഇടവഴിയെ ഞെരുക്കിക്കളഞ്ഞിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ മാഷ്ടെ വീട്ടുപടിക്കൽ ആ വഴി അവസാനിച്ചു.
വീട്ടുമുറ്റത്ത് ചെറിയ ആൾക്കൂട്ടമേയുള്ളൂ. എല്ലാവരും പിരിയാൻ കാത്തുനിൽക്കുന്നതുപോലെ.
– വൈകിക്കണോ.. അടുത്ത മഴയ്ക്കു മുൻപേ ആകാം...
– നേരാ.. കിഴക്ക്ന്ന് നല്ല കാറ് വച്ച് വരണ്‌ണ്ട്..
– തെക്കേപ്പറമ്പിൽ എല്ലാം തയാറാണ്.. ഇനി എടുക്കുകയേ വേണ്ടൂ...
– ഇനി ആരെയും കാക്കണംന്നില്ല.. അല്ലെങ്കിലും ആര് വരാൻ...
ആൾക്കൂട്ടത്തിൽനിന്നുയരുന്ന അടക്കംപറച്ചിലുകളെ വകഞ്ഞുമാറ്റിക്കൊണ്ട് ഇന്ദു മുന്നോട്ടുനടന്നു.
മാഷ് പൂമുഖത്തു തന്നെയുണ്ട്, പതിവുചിരിയോടെ. നന്നെ ക്ഷീണിച്ചിരിക്കുന്നു. എണ്ണക്കറുപ്പോടെ മാത്രം കണ്ട മുടിയിഴകൾ നരച്ചിരിക്കുന്നു. നെറ്റിയിൽ പതിവു ചന്ദനക്കുറിയുണ്ട്. എപ്പോഴും കാണാറുള്ളതുപോലെ വെള്ളമുണ്ടും ഷർട്ടും തന്നെയാണ് വേഷം. തനിച്ചായിരുന്നു. അടുത്തിരുന്ന് അലമുറയിട്ടു കരഞ്ഞ് ആരും മാഷിനെ ശല്യപ്പെടുത്താത്തതിൽ അവൾക്ക് ആശ്വാസം തോന്നി. കണ്ണുനിറഞ്ഞിട്ടാണോ എന്തോ കാഴ്ച മറയുന്നു. അവൾ കണ്ണുതുടച്ച് വരാന്തയിലെ അരത്തിണ്ണയോടു ചേർന്നുനിന്നു.
ഇന്നലെ വൈകിട്ടോ മറ്റോ ആയിരിക്കണം, മാഷ്ടെ കൂടെ തൊടിയിലേക്കിറങ്ങി മഴ നനഞ്ഞൊരു കാലൻകുട വരാന്തയുടെ മൂലയ്ക്കൽ ചാരിയിരുന്ന് കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. പടവലത്തിനോ പാവലിനോ ഊന്നുകൊടുക്കാനായിരിക്കണം, ചില മുളവടികൾ വെട്ടിവച്ചത് മറ്റൊരിടത്ത് അനാഥമായി ഇരിക്കുന്നു. കഴുക്കോലിനോടു ചേർന്നൊരു തൂക്കണാംകുരുവിയുടെ കൂട്. ആദ്യമായി മാഷ്ടെ വീട്ടിൽ വന്നപ്പോഴും ആ തൂക്കണാംകുരുവിക്കൂട് കണ്ടതോർമിച്ചു അവൾ. കിളിയൊഴിഞ്ഞിട്ടും മാഷ് ആ കൂട് ഇത്രകാലം സൂക്ഷിച്ചുവച്ചതായിരിക്കുമോ?
എവിടെ നന്ദിനിടീച്ചറെവിടെ? കോളജിൽ മാഷിന്റെ മലയാളം ക്ലാസ് കഴിഞ്ഞാൽ പിന്നെ കുട്ടികൾക്കേറ്റവുമിഷ്ടം നന്ദിനി ടീച്ചറുടെ ഇംഗ്ലിഷ് ക്ലാസുകളായിരുന്നു. നള ദമയന്തിമാരായി ഒരിക്കൽ മാഷും ടീച്ചറും കൂടി ഒരു നാടകം അവതരിപ്പിച്ചത് അവൾ മറന്നിട്ടില്ല. നന്ദിനിടീച്ചർ ഒരുകാലത്ത് മാഷ്ടെ വിദ്യാർഥിയായിരുന്നെന്നും അന്നുതുടങ്ങിയ അടുപ്പമാണ് പിന്നീട് പ്രണയവിവാഹത്തിലെത്തിയതെന്നുമൊക്കെ സീനിയേഴ്സ് പറഞ്ഞുകേട്ടിട്ടുണ്ട്. പത്തുവയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു മാഷിനും ടീച്ചർക്കും. നന്ദേ.... എന്ന മാഷിന്റെ നീട്ടിവിളിത്തുമ്പത്ത് എന്നും ടീച്ചറോടുള്ള വാത്സല്യം നിറഞ്ഞുനിന്നു.
പുറത്തെ ആൾക്കൂട്ടം അടുത്ത മഴയ്ക്കു മുൻപേ മാഷിനെ തെക്കേപ്പറമ്പിലേക്കെടുക്കുന്നതിനുള്ള വട്ടംകൂട്ടിത്തുടങ്ങി. നന്ദിനി ടീച്ചറെവിടെ? പണ്ടും ആൾക്കൂട്ടങ്ങളിലൊന്നും വെട്ടപ്പെടാറില്ല ടീച്ചർ. അടുക്കളക്കോലായിലിരുന്ന് എണ്ണിപ്പെറുക്കി കരയുകയായിരിക്കും. സാരിത്തുമ്പുകൊണ്ട് കരച്ചിലുംതുടച്ച് പാവം ഇനി ഇവിടെ തനിച്ചാണല്ലോ എന്നോർത്തപ്പോൾ അവൾക്കു നെഞ്ചുപിടഞ്ഞു. ക്ലാസിലെ മറ്റു കുട്ടികളേക്കാൾ മാഷിനും ടീച്ചർക്കും അവളോടായിരുന്നു അടുപ്പം. മാഷിനു വേണ്ടിയുണ്ടാക്കുന്ന ഉണ്ണിയപ്പം ചിലപ്പോഴൊക്കെ ടീച്ചർ കോളജിലേക്കും കൊണ്ടുവന്നിരുന്നു. സ്റ്റാഫ് റൂമിൽ ആളൊഴിയുന്ന നേരംനോക്കി മാഷിനൊപ്പം ആ ഉണ്ണിയപ്പം കഴിക്കുമ്പോൾ അവളെയും കൂട്ടുവിളിച്ചിരിരുന്നു. നിന്റെ ടീച്ചറമ്മയ്ക്ക് ഉണ്ണിയപ്പംപോലെയുള്ള കവിളാണെന്നു മാഷ് കൃസൃതി പറയുമ്പോൾ നന്ദിനി ടീച്ചർ നെയ്യുപോലെ തുളുമ്പിച്ചിരിക്കുമായിരുന്നു.
എന്നിട്ടും അവൾ കല്യാണം കഴിഞ്ഞ് മുംബൈയ്ക്കു പോയതിൽപിന്നെ കൂടിക്കാണലുകൾ ഇല്ലാതായി. കല്യാണത്തിനു ക്ഷണിച്ചെങ്കിലും മാഷും ടീച്ചറും വന്നതുമില്ല. മുംബൈയിലേക്കു പെട്ടെന്നുള്ള പറിച്ചിനടീൽ, അധികം വൈകാതെ വിവാഹമോചനം... അവൾ പിന്നെ കുറച്ചുകാലം തനിച്ചായിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. ചോദ്യങ്ങൾ ഭയന്ന് എല്ലാവരിൽനിന്നും ഒരൊളിച്ചോട്ടം. അതോടെ നാടും തറവാടും കോളജും പഴയ കൂട്ടുകാരുമെല്ലാം അവളുടെ ജീവിതത്തിൽനിന്നും ഓർമകളിൽനിന്നുതന്നെയും മാഞ്ഞിരുന്നു. ഏറെക്കാലംകൂടി എല്ലാ ഓർമകളും കോർത്തിണക്കി എല്ലാവരെയും ഒരിക്കൽകൂടി കാണാനുള്ള ഈ വരവ് ഇങ്ങനെയുമായി. ‘പഠിപ്പും പത്രാസുമൊക്കെയായി എല്ലാവരേയും മറന്നല്ലേ നീയ്യ്’ എന്ന ശകാരവുമായി മാഷ് ഉമ്മറത്തെ ചാരുകസേരയിലുണ്ടാകുമെന്നാണ് അവൾ കരുതിയിരുന്നത്. നെയ്മണക്കുന്ന ടീച്ചറമ്മയുടെ കവിളിൽ നൽകാൻ ഉണ്ണിയപ്പംപോലൊരു മധുരമുത്തവും അവൾ കരുതിവച്ചിരുന്നു. ഉമ്മറത്തുനിന്ന് അകത്തേക്കു കടന്നപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, വീട്ടകം ഇരുട്ടുകുത്തിക്കിടന്നിരുന്നു. അടുക്കളയിൽ അടുത്തെങ്ങും പുകയാതെ ആറിത്തണുത്തുകിടന്ന അടുപ്പിലെ മൺകലത്തിനുള്ളിൽ ഒരു നീണ്ട കാലം പാടകെട്ടിനിന്നിരുന്നു.
– ടീച്ചറേ...
പതിഞ്ഞ ശബ്ദത്തിൽ അവൾ നീട്ടിവിളിച്ചു. ഉത്തരത്തിലിരുന്നൊരു പല്ലി അതിന്റെ വാലിളക്കി ഗോഷ്ടി കാണിച്ച് അലമാരയ്ക്കുള്ളിലേക്കു നൂളിയിട്ടു. കാറ്റത്തൊടിഞ്ഞുവീണതായിരിക്കണം, മൂപ്പെത്താതെ കുലയിരിഞ്ഞ ഒരു പടല ഞാലിപ്പൂവൻ അടുക്കളവരാന്തയിൽ ഉറുമ്പരിച്ചിരിക്കുന്നുണ്ടായിരുന്നു.
ടീച്ചറമ്മയെ അടുക്കളയിലും കോലായിലുമൊന്നും കാണാതെ ഉമ്മറത്തേക്കു തിരികെ നടക്കുമ്പോഴാണ് സ്വീകരണമുറിയിലെ ചുമരിൽ ഒരു ചിത്രം തൂക്കിയിട്ടിരിക്കുന്നത് അവൾ കണ്ടത്. നന്ദിനിടീച്ചറാണ്.. എത്ര സുന്ദരിയായിരിക്കുന്നു. നന്നെ ചെറുപ്പം... രണ്ടാമതൊന്നുകൂടി ആ ചിത്രത്തിലേക്കു നോക്കാൻ കഴിയാത്തവിധം അവളുടെ തൊണ്ടയിൽ ഒരു കരച്ചിൽ തടഞ്ഞുനിന്നു.
അപ്പോഴേക്കും തെക്കേപറമ്പിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഉമ്മറത്ത് ചന്ദനത്തിരിയുടെ ഗന്ധം പരന്നു. മാനം അടുത്ത മഴയ്ക്കു മുട്ടിനിൽക്കുന്നതു കണ്ടാകണം, മാഷ് പതിവുപോലെ കാലൻകുടയും ചെരിപ്പും തിരയുന്നുണ്ടായിരുന്നു. കോളജിലെ പഴയ കൂട്ടുകാരുൾപ്പെടെ ആരൊക്കെയോ പലപ്പോഴായി വന്നുംപോയുമിരുന്നു. ആർക്കും മുഖംകൊടുക്കാതെ കുറച്ചുനേരം കൂടി അവൾ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. ആരോടും യാത്ര പറയാനില്ലാത്ത ആ വീട്ടിൽനിന്ന് ഏറ്റവുമൊടുവിലത്തെ സന്ദർശകയായി പുറത്തേക്കിറങ്ങി നടന്നപ്പോൾ തെക്കേപ്പറമ്പിൽനിന്ന് പുകച്ചുരുളുകൾ ഉയർന്നുതുടങ്ങിയിരുന്നു. അവൾ ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി. അടുക്കളക്കോലായിൽനിന്ന് ഉണ്ണിയപ്പത്തിന്റെ നെയ്മണം വാസനിക്കുന്നതുപോലെ... മഴക്കാറ്റിൽ മാഷിന്റെ ‘നന്ദേ’ എന്ന നീട്ടിവിളി മുഴങ്ങുന്ന പോലെ.. ഇപ്പോഴാണ് ആ വീട് ശരിക്കും കിളിയൊഴിഞ്ഞൊരു കൂടായതെന്ന് നൊമ്പരപ്പെട്ട് അവൾ തിരികെ നടന്നു.
നടക്കുമ്പോൾ കരിയിലകൾ അമരാത്തതെന്തെന്നും മഴ തന്നെ തൊടാതെ മുൻപേ നടക്കുന്നതെന്തെന്നും കാറ്റ് വഴിമാറി പോകുന്നതെന്തെന്നും അവളോർമിച്ചില്ല. ആൾക്കൂട്ടത്തിലാരും അവളോടു പരിചയം പുതുക്കാത്തതെന്തെന്ന് അതിശയപ്പെട്ടതുമില്ല. നടന്നുതീരാത്ത അതേ ഇല്ലാവഴിയിലൂടെ അവൾ നടക്കുകമാത്രം ചെയ്തു...പറമ്പിൽനിന്ന് തൂക്കണാംകുരുവികൾ അപ്പോഴും ചിലച്ചുകൊണ്ടിരുന്നു. വെട്ടുവഴി മെയിൻറോഡിനോടു ചേരുന്നിടത്തെത്തിയപ്പോൾ അവൾ ഒരിക്കൽകൂടി തിരിഞ്ഞുനോക്കി, കസവുകരയുള്ള സാരിചുറ്റി ടീച്ചറമ്മ ആ ഇടവഴിയിലൂടെ അവൾക്കു പിന്നാലെ ചിരിച്ചുകൊണ്ടു നടന്നുവരുന്നതു കണ്ടു. ടീച്ചർക്കും ഏറെപ്പിന്നിലായി തിടുക്കപ്പെട്ട് മാഷുമുണ്ട്.
മരണപ്പെട്ടവർ മാത്രം വഴിനടക്കുന്ന ആ കർക്കടകമൂവന്തിയിൽ അവർ മൂന്നുപേരും ഒരിക്കൽകൂടി പരസ്പരം പുഞ്ചിരികൾ കൈമാറി യാത്രയായി...