നന്ദി... എന്നിൽ പിറന്നതിന്

HIGHLIGHTS
  • മേശപ്പുറത്തെ പാതിയൊഴിഞ്ഞ ബിയർ കുപ്പി കണ്ടപ്പോൾ ഒരിക്കൽകൂടി ആ ബാൽക്കണിയിരുട്ടിൽ രണ്ടു മുയൽക്കുഞ്ഞുങ്ങളെപ്പോലെ പതുങ്ങിയിരുന്ന് റാമിനോട് ചീയേഴ്സ് പറയണമെന്ന് അവൾക്കു തോന്നി
women-alone-sitting-balcony
This image created by midjourney AI
SHARE

ഗാർഡൻ വ്യൂസ് അപ്പാർട്മെന്റിന്റെ ഏറ്റവും മുകളിലെ ഫ്ലാറ്റിൽ ബാൽക്കണിയിൽ ഇരുന്നാൽ ഷർമിളയ്ക്ക് ആ നഗരം മുഴുവൻ കാണാം. വെളിച്ചത്തിന്റെ കുഞ്ഞുകുഞ്ഞു തുണ്ടുകൾ ഒഴുകിനീങ്ങുന്ന രാത്രിനഗരം. രാത്രി ഏറെ വൈകിയും ബെംഗളൂരു നഗരം കണ്ണടയ്ക്കാതെ ഉണർന്നുതന്നെയിരിക്കും. പിറ്റേന്ന് വീണ്ടും അതിരാവിലെ ഉറക്കച്ചടവിന്റെ നേരിയ കണികപോലും അവശേഷിപ്പിക്കാതെ അടുത്ത പകലിലേക്ക് കൺതുറക്കും. അതിന്റെ രഹസ്യം അവൾക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അവൾ ഇതുവരെയും ഈ ഇലക്ട്രോണിക് നഗരം മുഴുവനായി കണ്ടുതീർന്നിട്ടുമില്ല. ആദ്യമായി ഈ നഗരത്തിന്റെ ഒരു പ്രഭാതത്തിലേക്ക്  എസി സ്ലീപ്പർ ബസിൽ വന്നിറങ്ങുമ്പോൾ കാത്തുനിന്നു സ്വീകരിച്ചത് അവനായിരുന്നു, റാം. അവന്റെ കൈകോർത്തു പിടിച്ചുനടന്നാണ് ഈ നഗരം അവൾ കണ്ടത്. ആൾക്കൂട്ടങ്ങളിൽ അലിഞ്ഞുചേർന്നും ആർത്തുല്ലസിച്ചും അവനൊപ്പം നടന്ന പകൽവഴികൾ... അവൻ തന്നെയാണ് ആദ്യം അവളെ ആ അപാർട്മെന്റിലേക്കു കൂട്ടിക്കൊണ്ടുവന്നതും. 

അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽനിന്നുള്ള രാത്രികാഴ്ചയിൽ, പണ്ട് കുട്ടിക്കാലത്ത് അവൾ കണ്ട പള്ളിപ്പെരുന്നാളുകളുടെ വെളിച്ചത്തോരണങ്ങളെ ഓർമിപ്പിച്ചു നഗരം. അന്തോണീസ് പുണ്യാളന്റെ അമ്പു പെരുന്നാളിന് മിന്നിമിന്നി ബൾബുകൾകൊണ്ട് അലങ്കരിച്ച നാട്ടിൻപുറങ്ങളുടെ രാത്രിഭംഗിയോടോ ഈ നഗരം വെറുതെ മത്സരിക്കുന്നതെന്നോർത്ത് എത്രയോ വട്ടം അവൾ ഉറക്കെച്ചിരിച്ചു. അപ്പോഴൊക്കെ കൂടെ റാമും ഉണ്ടായിരുന്നു. ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിലെ സോഫയിലായിരുന്നു മിക്കപ്പോഴും അവരുടെ രാത്രിനേരങ്ങൾ... ബാൽക്കണിയിലെ കമ്പിവേലിയിൽ പടർന്നുകയറിയ ബോഗൻവില്ലകളിലെ കടുംചുവന്ന പൂക്കളെപ്പോലും നാണിപ്പിച്ച് അവർക്കിടയിൽ ചുംബനങ്ങൾ പൂവിട്ടു.. പുതിയ പകലിലേക്ക് അവർ രണ്ടുപേരും തളിർപ്പച്ചയിലകളായി വീണ്ടും തഴച്ചു. റാമിന്റെ ചുമലിൽ തലചായ്ച്ച് സോഫയിൽ ചാരിയിരുന്ന് ബെംഗളൂരു നഗരത്തിന്റെ വെളിച്ചത്തുരുത്തുകളിലേക്കു നോക്കിയിരുന്ന് ഉറങ്ങിയും ഉറങ്ങാതെയും അങ്ങനെയെത്രയെത്ര രാത്രികൾ.... 

റാം കൂടെക്കൂടെ കൊണ്ടുവരാറുള്ള ബിയർ കുപ്പികളും ചിലപ്പോഴൊക്കെ അവൻ ആദ്യ പുകയെടുത്ത ഷേഷം അവളുടെ ചുണ്ടിലേക്കു പകർന്നുകൊടുക്കാറുള്ള സിഗരറ്റുകളും ആ രാത്രികളുടെ ഉന്മാദം ഇരട്ടിയാക്കിയിരുന്നു. എങ്കിലും റാമിനോളം അവൾക്ക് മറ്റെന്ത് ഉന്മാദം... ഒരിക്കലും വീര്യം കെടാത്ത ആ ലഹരിയോളം അവളെ ഭ്രമിപ്പിച്ചിട്ടില്ല മറ്റൊന്നും. അതുകൊണ്ടായിരിക്കാം അവൻ കൂടെയില്ലാതായി മാസങ്ങൾ പിന്നിട്ടിട്ടും ഈ രാത്രിയിലും അവളെ അതേ ഉന്മാദം മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. ഒപ്പമുള്ളപ്പോഴുള്ള അതേ ഉന്മാദം ഒപ്പമില്ലായ്മയിലും പകർന്ന റാമിന്റെ ഓർമകളിൽ ഷർമിളയ്ക്ക് ചിലപ്പോഴൊക്കെ അവളെത്തന്നെ കൈവിട്ടുപോയിത്തുടങ്ങിയിരുന്നു. 

– രണ്ടുമൂന്നു മാസമായില്ലേ  ഷമീ...എന്തെങ്കിലും ഒന്നു തീരുമാനിക്ക്...

അമ്മയുടെ ഓർമപ്പെടുത്തലുകൾ കൂടിവരുന്നു. അമ്മയുടെ ആധി അവൾക്കു മനസ്സിലാകുന്നുണ്ടായിരുന്നു. അല്ലെങ്കിലും അപ്പ പോയതിൽപിന്നെ അമ്മയ്ക്ക് അവളെക്കുറിച്ചു മാത്രമല്ലേ ആധി പിടിക്കാനുള്ളൂ. അമ്മയോട് എന്ത് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു. കൂടെ ജോലിചെയ്യുന്ന പയ്യനോട് അടുപ്പമാണെന്ന് കൂട്ടുകാരി പറഞ്ഞ് വീട്ടിലറിഞ്ഞ ദിവസം ഷർമിള ഒരു പൊട്ടിത്തെറി തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അമ്മ മൗനം പാലിച്ചതേയുള്ളൂ. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നായിരുന്നു ആ മൗനത്തിന്റെ അർഥമെന്ന് വായിച്ചറിഞ്ഞപ്പോൾ ഷർമിളയ്ക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. എന്നിട്ടും ചടങ്ങ് പള്ളിയിൽ നടത്തണമെന്ന അമ്മയുടെ കുഞ്ഞുമോഹം സാധിച്ചുകൊടുക്കാൻ അവൾക്കു കഴിഞ്ഞില്ല. റാമിന് ഏറ്റവും ലളിതമായി ആളും ബഹളവുമൊന്നുമില്ലാതെ ഏതെങ്കിലും റജിസ്ട്രാർ ഓഫിസിൽവച്ചു മതിയെന്നു നിർബന്ധമായിരുന്നു. അവൾക്കും.. 

എന്നിട്ടും പക്ഷേ ഒരുമിച്ചുണ്ടായിരുന്നത് വെറും ഒരുമാസം. റാമിന്റെയൊപ്പമുള്ളതിനേക്കാൾ കൂടുതൽ ദിവസം റാമിന്റെ ഒപ്പമില്ലായ്മയിൽ അവൾ പിന്നിട്ടിരിക്കുന്നു. ഓർമിക്കാൻ ഒരു വാർഷികം പോലും സമ്മാനിക്കാൻ നിൽക്കാതെ അവനിത്രവേഗം പോകുമെന്ന് ആരു കണ്ടു... ആദ്യമായി കണ്ടുമുട്ടിയതിന്റെ, ആദ്യമായി ഉമ്മവച്ചതിന്റെ, ആദ്യമായി ഒരേ സ്വപ്നത്തിലേക്ക് ഉറങ്ങിയുണർന്നതിന്റെ... അങ്ങനെ നീളുന്ന ആദ്യങ്ങളുടെയൊന്നും ഒന്നാം വാർഷികംവരെപ്പോലും കാത്തുനിൽക്കാതെ അവനെന്തിനാണ് ഇത്ര ധൃതിപ്പെട്ടു പോയതെന്ന് അവൾക്കു ചോദിക്കണമെന്നുണ്ടായിരുന്നു. ആ ബാൽക്കണിയിൽ തനിച്ചിരിക്കുമ്പോഴെല്ലാം ഒപ്പം അവനില്ലായ്മയുടെയൊരു വരണ്ട തണുപ്പ് അവളെ പൊതിഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴും ബോഗൻവില്ലയിൽ പൂക്കൾ ചുവന്നു പൂക്കുകയും കൊഴിഞ്ഞുവീഴുകയും ചെയ്യുന്നതു തുടർന്നു. തളിരിലത്തഴപ്പിൽ അവന്റെ ഓർമകൾ പച്ചപിടിച്ചു നിന്നു. ബാൽക്കണിയിലെ മൂലയ്ക്കലിരുന്ന ആഷ്‌ട്രേയിൽ റാമിന്റെ പുകഞ്ഞ ഉഛ്വാസങ്ങൾ ചാരംപുതച്ചു കിടന്നു. ഒരു നേർത്ത കാറ്റിൽപോലും അത് പറന്നുപോകാതിരിക്കാൻ അവൾ നന്നെ ശ്രദ്ധിച്ചു.  ഏറ്റവും പ്രിയപ്പെട്ടൊരാളുടെ ഒപ്പമില്ലായ്മയെ താലോലിച്ചും അതിന്റെ നോവിൽ നനഞ്ഞും ഓരോ ദിവസവും ഓരോ യുഗം പോലെ എത്ര സാവധാനമാണ് ഇഴഞ്ഞുനീങ്ങുന്നതെന്ന് അവൾക്ക് അദ്ഭുതം തോന്നി. റാം കൂടെയുണ്ടായിരുന്നപ്പോൾ ചുമരിലെ ക്ലോക്കിലെ സൂചികൾക്കുണ്ടായിരുന്ന മാരത്തൺവേഗമോർത്ത് അവൾ വിതുമ്പി. 

അമ്മയുടെ ക്ഷമ നശിച്ചിരിക്കണം. അപാർട്മെന്റ് ഒഴിഞ്ഞുകൊടുക്കാറായി. ഹൗസ് ഓണർ മാർവാടി വാടക മുടങ്ങുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു പലപ്പോഴായി വിളി തുടങ്ങി. നഗരത്തിലെ ആ അപ്പാർട്മെന്റിന്റെ വാടക അവൾക്കൊറ്റയ്ക്കു താങ്ങാവുന്നതിലും കൂടുതലായിരുന്നു. പക്ഷേ റാമിനൊപ്പം കഴിഞ്ഞ ഇന്നലെകളെ തനിച്ചാക്കി അവൾക്ക് അവിടം വിട്ടുപോകാൻ കഴിയില്ലെന്നു തോന്നി. ഓരോ മുറിയിലും റാമിന്റെ മണം ബാക്കി നിൽക്കുന്ന പോലെ.. അവിടെ നിറഞ്ഞുനിൽക്കുന്ന നിശ്ശബ്ദതപോലും റാമിന്റെ സ്വരത്തിൽ അവളോട് സംസാരിക്കുന്ന പോലെ.. അമ്മയ്ക്കത് പറഞ്ഞാൽ മനസ്സിലാകില്ല. ആ വീടും ബാൽക്കണിയും വിട്ടുപോകാൻ കഴിയാത്തവിധം അവളും അതിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. 

– നാളെ വീടൊഴിയണം മോളേ.. ഇവിടെത്തന്നെ എത്ര കാലമെന്നു കരുതിയാണ്...നാട്ടിലേക്കു പോകാം...

ഉറങ്ങും മുൻപേ അമ്മ സ്വരം കടുപ്പിച്ചു പറഞ്ഞു. ആ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുഴുവൻ നേരവും ബാൽക്കണിയിലെ സോഫയിൽ ചാരിയിരുന്നു. റാമിന്റെ വിയർപ്പിന്റെ ഉപ്പ് ഉണങ്ങിപ്പിടിച്ചിരുന്ന സോഫവിരി അവളുടെ കണ്ണുനീർവീണു വീണ്ടും നനഞ്ഞു. ബോഗൻവില്ലപ്പൂക്കളിൽ ചുവപ്പു ചോരച്ചുകിടന്നു. നഗരത്തിൽ അപ്പോഴും രാത്രിയുടെ വെളിച്ചത്തുരുത്തുകൾ ഒഴുകിനടന്നു.  മേശപ്പുറത്തെ പാതിയൊഴിഞ്ഞ ബിയർ കുപ്പി കണ്ടപ്പോൾ ഒരിക്കൽകൂടി ആ ബാൽക്കണിയിരുട്ടിൽ രണ്ടു മുയൽക്കുഞ്ഞുങ്ങളെപ്പോലെ പതുങ്ങിയിരുന്ന് റാമിനോട് ചിയേഴ്സ് പറയണമെന്നു തോന്നി. അന്നു രാത്രി എത്ര പെഗ് കഴിച്ചെന്ന് അവൾക്ക് ഓർമയില്ല. ഏറെ വൈകി എപ്പോഴാണ് ഉറങ്ങിയതെന്നും അറിയില്ല. പുലർച്ചെ ഉണർന്നപ്പോൾ അപ്പാർട്മെന്റിനോടു ചേർന്നുള്ള  ക്ലിനിക്കിലായിരുന്നു. തലയ്ക്കുമീതെ ഒരു സീലിങ് ഫാൻ ഞെരുക്കങ്ങളോടെ കറങ്ങിനിന്നു. 

– രാവിലെ നോക്കുമ്പോൾ ഒരു ബോധവുമില്ലായിരുന്നു ഡോക്ടറേ...

അമ്മ ഡോക്ടറോട് എണ്ണിപ്പെറുക്കി പറയുന്നതുകേട്ടാണ് അവൾ കൺതുറന്നത്. പാതി മലയാളിയായ ഡോക്ടർ മാലതിയെ അവൾക്കു നേരത്തെ കണ്ടു പരിചയമുണ്ട്. റാം പെട്ടെന്ന് രാത്രി കുഴഞ്ഞുവീണപ്പോൾ ആദ്യം ഓടിവന്നത് മാലതി ഡോക്ടറായിരുന്നല്ലോ. റാമിനെ കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചുതന്നതും അവരായിരുന്നു. അവൾ പരിചയം പുതുക്കാനെന്നപോലെ നേർത്ത ഒരു ചിരി മുഖത്തുവരുത്തി. 

– ഹൗ ആർ യൂ ഫീലിങ് ഷമീ?

അവൾ മറുപടി പറയാതെ സീലിങ് ഫാനിലേക്കു നോക്കിക്കിടക്കുകയായിരുന്നു. വലിയൊരു കരച്ചിലായിരുന്നു മറുപടി

–റാം പോയി ഡോക്ടർ... എന്നെ ഒറ്റയ്ക്കാക്കി പോയി...

കുറച്ചുനേരം എന്തോ ആലോചിച്ചുനിന്ന് മാലതി ഡോക്ടർ അവളുടെ കൈകൾ രണ്ടും ചേർത്തുപിടിച്ചു.

– ആരു പറഞ്ഞു ഒറ്റയ്ക്കാക്കി പോയെന്ന്.. കൂട്ടിന് ഒരാളെ തന്നിട്ടുണ്ട്. ദാ ഇവിടെ...

മാലതി ഡോക്ടർ പതുക്കെ അവളുടെ അടിവയറ്റിൽ തൊട്ടുഴിഞ്ഞു പുഞ്ചിരിച്ചുകൊണ്ടാണത് പറഞ്ഞത്. 

ഷർമിളയ്ക്കു വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. തന്റെയുള്ളിൽ ഒരു കുഞ്ഞു റാം... 

ആ ഒരു നിമിഷത്തിലേക്കാണ് അവൾ തലേരാത്രിയുടെ മരണത്തോളമെത്തിയ ഉറക്കത്തിൽനിന്നു വീണ്ടും ഉണർന്നതെന്നു തോന്നി. ഒപ്പമില്ലായ്മയിലും ഒപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന റാമിന്റെ മാജിക് ഓർമിച്ച് അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS