കെ‍ാന്നതും മരിച്ചതും ഒരാൾ!

HIGHLIGHTS
  • ആ ദിവസത്തിന്റെ വേദന ആരുമായും പങ്കുവയ്ക്കാതിരിക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ചില സന്തോഷങ്ങൾപോലെ, ചില സങ്കടങ്ങളും ആരുമായും പങ്കുവയ്ക്കപ്പെടാൻ പാടില്ലാത്തതാണ്...
lady-at-hospital-AI
This image created by midjourney AI
SHARE

പുറത്ത് അപ്പോഴും മഴ തകർത്തു പെയ്തുകൊണ്ടിരുന്നു. സമയം പാതിരാത്രിയായിരിക്കണം. ആശുപത്രിവരാന്തയിൽ ആൾത്തിരക്കു കുറഞ്ഞിരുന്നു. കാഷ്വൽറ്റിയിലേക്ക് അറ്റൻഡർമാർ തള്ളിക്കൊണ്ടുപോകുന്ന സ്ട്രെച്ചറുകളുടെ ചക്രം ആശുപത്രിയിലെ മൊസൈക്ക് തറയിലൂടെ ഉരഞ്ഞ് ഇടയ്ക്കിടെ ആർത്തനാദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. വെള്ള സോക്സും വെളുത്ത പാന്റും ധരിച്ച ചില പാദങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്നതും നോക്കി അവൾ തറയിലേക്കു കണ്ണുംനട്ടിരുന്നു.  ഉറക്കംവന്നു തൂങ്ങുന്ന കൺപോളകളെ ബലമായി തുറന്നുപിടിച്ചിരുന്നു. മഴനനഞ്ഞ നീല ഷിഫോൺ സാരി ദേഹത്തോട് ഒട്ടിപ്പിടിച്ചു കിടന്നു. പോസ്റ്റ്മാർട്ടം കാത്തുകിടക്കുന്ന അജ്ഞാത മൃതശരീരംപോലെ അവൾ ആ ചാരുബെഞ്ചിൽ ഇരുന്നു. വരാന്തയ്ക്കു പുറത്തുനിന്ന് ഇടയ്ക്കിടെ ആംബുലൻസിന്റെ നിലവിളി ശബ്ദം കേട്ട് അവൾ ഞെട്ടുന്നുണ്ടായിരുന്നു. 

എത്ര നേരമായി ആ സ്റ്റീൽ ബഞ്ചിൽ മുഖം കുനിച്ച് ഇരിപ്പ് തുടങ്ങിയിട്ടെന്ന് അവൾക്ക് ഓർമയില്ല. രാത്രി ഒൻപതു മണിക്ക് ടൗണിലെ സ്വീറ്റ്സ് കഫേയിൽനിന്ന് ഒരു പഫ്സും കോഫിയും കഴിച്ചെന്നു വരുത്തി കാറിൽ കയറിയതേ ഓർമയുള്ളൂ. കടയിൽനിന്നു കുറച്ചുദൂരെ മാറി പാർക്ക് ചെയ്ത കാറിലേക്ക് ഓടിക്കയറുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. കാറിൽ കയറി, ഒരു ടവൽകൊണ്ട് തലയിലെ മഴനനവു തുടച്ച് കുറച്ചുനേരം അവൾ വെറുതെ സീറ്റിൽ ചാരിയിരുന്നു. അപ്പോഴേക്കും മഴ കനത്തു പെയ്യാൻ തുടങ്ങിയിരുന്നു. മുന്നിലെ ഗ്ലാസ് വിൻഡോയിലെ മഴത്തുള്ളികളിൽ രാത്രിയുടെ വെളിച്ചം നുറുങ്ങിവീഴുന്നുണ്ടായിരുന്നു. മഴയും ഇരുട്ടും നഗരത്തിലെ നിയോൺ ബൾബുകളുടെ മഞ്ഞവെളിച്ചവും ചേർന്ന് കാറിന്റെ ഗ്ലാസ് വിൻഡോയിൽ ഒരു കലിഡോസ്കോപിക് ഫ്രെയിം തീർത്തു.  

രാവിലെ മുതൽ കോടതിയിലായിരുന്നു. അവസാന വട്ട കൗൺസലിങ്ങും കഴിഞ്ഞ് ജഡ്ജ് വിധി പറഞ്ഞപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു. പിന്നെയും കോടതിയിലെ ഓരോരോ ഫോർമാലിറ്റീസ്. ഉച്ചയ്ക്ക് ഊണുപോലും കഴിക്കാതെ അവൾക്ക് തല ചുറ്റുന്നുണ്ടായിരുന്നു. വിധി കേൾക്കാൻ രാജീവ് എത്തിയിരുന്നില്ല. അല്ലെങ്കിലും മിക്കപ്പോഴും ഹിയറിങ്ങിന് രാജീവ് വന്നിരുന്നില്ല. പകരം അയാളുടെ വക്കീലാണ് വരാറുണ്ടായിരുന്നത്. ക്ലാർക്കിന്റെ ഓഫിസിൽനിന്ന് വിധിപ്പകർപ്പും കയ്യിൽവാങ്ങി കുറച്ചുനേരംകൂടി കോടതിവരാന്തയിൽ അവൾ കാത്തുനിന്നു. ഒരുപക്ഷേ രാജീവ് വന്നിരുന്നെങ്കിൽ എന്നു മനസ്സുവെറുതെ ചിന്തിച്ചുകൂട്ടിയോ? കോടതിസമയം കഴിഞ്ഞ് ആളുകൾ പിരിഞ്ഞിരുന്നു. പുറത്തേക്കുള്ള ഗെയിറ്റ് അപ്പോഴും മലർക്കെത്തുറന്നു കിടന്നു. അവളുടെ നോട്ടം ആ ഗെയിറ്റിലേക്കു തന്നെയായിരുന്നു. ആരും ഇനിയൊരിക്കലും വരാനിടയില്ലാത്തവണ്ണം കൊട്ടിയടഞ്ഞുപോയൊരു ജീവിതത്തിന്റെ പടിവാതിൽക്കൽ ഒരു വെറുംകാത്തിരിപ്പ്. സമയം നാലുമണി കഴിഞ്ഞപ്പോഴാണ് അച്ഛന്റെ കോൾ വന്നത്. 

–കഴിഞ്ഞില്ലേ ഇന്ദൂ?

–ഉവ്വ്.. എല്ലാം കഴിഞ്ഞു.. ഇനിയൊന്നും ബാക്കിയില്ലാത്തവണ്ണം എല്ലാം അവസാനിച്ചിരിക്കുന്നു അച്ഛാ..

അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ നനവു പടരുന്നുണ്ടായിരുന്നു. ഫോണിന്റെ അങ്ങേത്തലയ്ക്കൽനിന്ന് അച്ഛന്റെ നെടുവീർപ്പ് അവൾ കേട്ടു. മൂന്നു വർഷമായി കോടതി കയറിയിറങ്ങാൻ തുടങ്ങിയിട്ട്. വാദപ്രതിവാദങ്ങളും കൗൺസലിങ്ങുമൊക്കെയായി എത്ര വേഗമാണ് മൂന്നുവർഷം കടന്നുപോയത്. ഓരോ വരവിലും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവ് അവൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ  ഒരുമിച്ചുപോകാൻ ഇനി കഴിയില്ലെന്ന് ഓരോ വിചാരണയിലും  ആവർത്തിച്ചുപറഞ്ഞ് രാജീവ് അവളുടെ തിരിച്ചുവരവിന്റെ പ്രതീക്ഷകളെ നിശേഷം ഇല്ലാതാക്കുകയും ചെയ്തു. 

–ഇന്ദൂ, നിനക്ക് നാണമില്ലേ, ഇനിയും അയാൾക്കുവേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യാൻ.. ഇത്രയൊക്കെയായിട്ടും നിനക്കു മതിയായില്ലേ?

ഇന്ദുവിനുവേണ്ടി വാദിച്ച അഡ്വ. സോഫി പലപ്പോഴും അവളെ പരിഹാസത്തിന്റെ മുനകോർത്തു നോവിച്ചിട്ടും അവളുടെ മനസ്സിന്റെ ഒരു കോണിൽ അപ്പോഴും രാജീവിനോടുള്ള പ്രണയം ബാക്കിനിന്നു.

അതുകൊണ്ടായിരിക്കാം വേർപിരിയലിന് നിയമസാധുതകൂടി കൈവന്ന ആ ദിവസം അവൾക്ക് അത്രമേൽ വേദനാജനകമായത്. കോടതിമുറ്റത്ത് ഏതോ കീടങ്ങളെ കൊത്തിപ്പെറുക്കിയും കൊക്കുരുമ്മിയും നിന്ന അവസാനത്തെ മൈനയും ചിറകടിച്ചുപോകുംവരെ ഇന്ദു വരാന്തയിൽ കാത്തുനിന്നു. ഒടുവിൽ അവിടെനിന്നു തിരികെ കാറിൽ കയറിയപ്പോഴേക്കും സന്ധ്യ ചുവന്നുകെട്ട് ഇരുട്ടിത്തുടങ്ങിയിരുന്നു. പകൽ മുഴുവൻ ഒരിറക്കു വെള്ളം പോലും കുടിക്കാത്തതിന്റെ ക്ഷീണം അവളെ തളർത്തിക്കളഞ്ഞു. കോടതിയിൽനിന്നിറങ്ങി നേരെ എങ്ങോട്ടുപോകണമെന്ന ആലോചന ചെന്നുനിന്നത് ടൗണിലെ സ്വീറ്റ്സ് കഫേയിലായിരുന്നു. രാജീവിനെ ആദ്യമായി കണ്ടുമുട്ടിയത് അവിടെയായിരുന്നുവെന്ന് വെറുതെ ഓർത്തു. ഒരു മൂവന്തിനേരത്തായിരുന്നു. ഓഫിസിൽനിന്ന് നേരെ വന്നു കയറിയതാണ്. ഒരു കാപ്പി കഴിച്ചിട്ടുപോകാമെന്നു പറഞ്ഞ് രാജീവ് നേരത്തെ ക്ഷണിച്ചിരുന്നു. വല്യച്ഛന്റെ ഒരു സുഹൃത്തുവഴി വന്ന കല്യാണാലോചന. അവളുടെ ആദ്യത്തെ പെണ്ണുകാണലിന് അങ്ങനെ സ്വീറ്റസ് കഫേ സാക്ഷിയായി. അന്നിരുന്ന അതേ ടേബിളിൽ അതേ കസേരയിൽതന്നെയാണ് ഇന്നും ഇന്ദു ചെന്നിരുന്നത്. അഞ്ചുവർഷത്തിനിടയിൽ കഫേയ്ക്ക് പുതിയ നിറങ്ങളും രുചികളും പ്രകാശവും കൈവന്നിരുന്നു. ഇന്ദുവിന്റെ ജീവിതം പക്ഷേ ആ അഞ്ചുവർഷത്തിനിടയിൽ ഇരുട്ടുതിങ്ങി ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

ഇന്ന് ആ ടേബിളിൽ തനിച്ചിരുന്നപ്പോൾ അഞ്ചുവർഷം മുൻപ് ആദ്യത്തെ കൂടിക്കാഴ്ചയിൽ ആ ‍ടേബിളിന്റെ എതിർവശത്തെ കസേരയിൽ വന്നിരുന്ന രാജീവിനെ അവൾ ഓർമിച്ചു. രാജീവിന് ഇപ്പോഴും വലിയ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഫെയ്സ്ബുക് പ്രൊഫൈലിലെ ചിത്രം നോക്കി അവൾ സ്വയം പറഞ്ഞു. അല്ലെങ്കിലും വിവാഹജീവിതം രാജീവിനെയല്ലല്ലോ അവളെയല്ലേ മാറ്റിയതും ഇല്ലാതാക്കിയതും. ഓരോ ദിവസവും അവളിൽനിന്ന് അവൾതന്നെ ചോർന്നുപോയിക്കൊണ്ടിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയുടെ ഓർമയിൽ അവൾ ഇന്നും രണ്ട് കാപ്പി ഓർഡർ ചെയ്തു. രാജീവിന് ഇഷ്ടപ്പെട്ട ചോക്ക്‌ലേറ്റ് കുക്കീസും. രാജീവിന്റെ ഇഷ്ടങ്ങളെല്ലാം ഇന്നും അവൾക്കു മനഃപാഠമാണ്. അവളുടെ ഇഷ്ടങ്ങൾ രാജീവ് ഒരിക്കലും തിരക്കിയിരുന്നില്ലെങ്കിലും. 

രാത്രി ഒൻപതുമണി വരെ കഫേയിൽ വെറുതെയിരുന്ന് ഇന്ദു നേരം തള്ളിനീക്കുകയായിരുന്നു. അച്ഛനും അമ്മയും ഉറങ്ങിയിട്ട് വീട്ടിൽ ചെന്നാൽ മതിയെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ ദിവസത്തിന്റെ വേദന ആരുമായും പങ്കുവയ്ക്കാതിരിക്കണമെന്ന്, ആരുടെയും മുന്നിൽ ഒരു വിചാരണയ്ക്കും നിന്നുകൊടുക്കാതിരിക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നപോലെ. ചില സന്തോഷങ്ങൾപോലെ, ചില സങ്കടങ്ങളും ആരുമായും പങ്കുവയ്ക്കപ്പെടാൻ പാടില്ലാത്തതാണെന്ന് ഇന്ദു വിശ്വസിച്ചു. കഫേയിൽനിന്ന് തിരികെ കാറിൽ കയറിയപ്പോൾ ഡാഷ് ബോർഡിൽ രാവിലെ എടുത്തുവച്ച കുപ്പിക്കുവേണ്ടി  അവളുടെ കൈകൾ തിരയുന്നുണ്ടായിരുന്നു. ഗ്ലാസ് ഇല്ലാത്തതിനാൽ, വെള്ളം പോലും ചേർക്കാതെ രണ്ടുമൂന്നിറക്കു കുടിച്ചിറക്കി അവൾ കാർ സ്റ്റാർട്ട് ചെയ്തു. ബ്ലൂടൂത്തിൽ അലൻ വാക്കറുടെ ഇംഗ്ലിഷ് ഈണങ്ങൾ ഓരോന്നായി പാടിക്കൊണ്ടിരുന്നു. ഹൈവേയിലൂടെ ഫിഫ്ത്ത് ഗിയറിൽ ഒരു നൈറ്റ് ഡ്രൈവ്. കുടിച്ചിറക്കിയ വീര്യവും ഉള്ളിലെ സങ്കടവും രാത്രിയുടെ ഇരുട്ടും തോരാമഴയും പ്രണയം നിറഞ്ഞ പാട്ടും.. ആഹാ... ഒരു ഹാലുസിനേഷനിലെന്ന പോലെ എത്രനേരം ഡ്രൈവ് ചെയ്തെന്ന് ഇന്ദുവിന് അറിയില്ല. വലിയൊരു ശബ്ദത്തോടുകൂടി കാർ റോഡിലെ മീഡിയനിൽ ഇടിച്ചുനിന്നപ്പോഴാണ് അവൾ ആ ഹാലുസിനേഷനിൽനിന്ന് ഉണർന്നത്. എതിർവശത്ത് ഒരു ബൈക്ക് മറിഞ്ഞുകിടക്കുന്ന ചുവന്ന കാഴ്ച അവളുടെ കണ്ണിൽ അവ്യക്തമായി തെളിഞ്ഞു. പിന്നീടൊന്നും അവൾക്ക് ഓർമയില്ല. 

കണ്ണുതുറക്കുമ്പോൾ ആശുപത്രി വരാന്തയിലെ സ്റ്റീൽ ബഞ്ചിൽ ആരോ ചാരിയിരുത്തിയിരിക്കുകയായിരുന്നു. ആക്സിഡന്റ് അത്ര ചെറുതായിരുന്നില്ലെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു. എന്നിട്ടും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അവൾക്കു അദ്ഭുതം തോന്നി. പിന്നെയും ആരാണ് തന്നെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നോ അപകടത്തിൽ എന്താണു സംഭവിച്ചതെന്നോ അവൾക്ക് ഓർമിക്കാൻ കഴിയുന്നില്ലായിരുന്നു. മരിച്ചുപോയാൽ മതിയായിരുന്നെന്ന് മനസ്സിൽ പറഞ്ഞ് അവൾ അവിടെത്തന്നെ ഇരുന്നു. പൊലീസ് ആണെന്നു തോന്നുന്നു, കാക്കിവേഷം ധരിച്ച ചില നിഴലുകൾ കൺമുന്നിൽ വന്നുനിൽക്കുന്നത് അവൾ കണ്ടു. അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കഴിയാതെ അവൾ തലകുനിച്ചിരുന്നു.

– കുടിച്ചിട്ടുണ്ട്. ഒരു ബോധവുമില്ലാതെ ഓടിച്ചിട്ടാണ്. ഇത് കേസ് വേറെയാണ്. 

പൊലീസ് ഉദ്യോഗസ്ഥന്റെ പരുക്കൻ ശബ്ദം അവളുടെ കാതിൽ മുഴങ്ങി. അവൾ നിസ്സംഗതയോടെ അതു കേൾക്കുക മാത്രം ചെയ്തു. 

കുറച്ചു കഴിഞ്ഞപ്പോൾ പരിചിതമായൊരു ചൂട് തന്നെ പൊതിയുന്നതുപോലെ. അച്ഛന്റെ മണം. അതെ അച്ഛൻ തന്നെ. അവൾക്ക് ആ നെഞ്ചിലേക്കു ചാരിയിരിക്കണമെന്നു തോന്നി. അച്ഛൻ അവളെ ചേർത്തുപിടിച്ചു, ഒരു കുഞ്ഞിനെയെന്നപോലെ നെഞ്ചോടടക്കിപ്പിടിച്ചു..

–മോളേ ഇന്ദൂ...

ആ വിളിയിൽ അച്ഛന്റെ നിസ്സഹായതമുഴുവൻ അവൾക്കു വായിച്ചെടുക്കാമായിരുന്നു.

കാഷ്വൽറ്റിയുടെ വാതിൽതുറന്ന്  അപ്പോഴേക്കും ചില ഡോക്ടർമാർ പുറത്തേക്കുവരുന്നത് അവൾ അവ്യക്തമായി കണ്ടു.

പൊലീസുകാരോട് അവർ എന്താണു പറയുന്നതുകേൾക്കാൻ അവൾ കാതു കൂർപ്പിച്ചു.

– സോറി.. വി കോൺട് ഹെൽപ്. ഡെത്ത് കൺഫേം ചെയ്തു. ആളുടെ ഡീറ്റെയിൽസ് അറിയില്ല. 

ഈശ്വരാ... ഇന്ദുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി... തന്റെ കൈകൊണ്ട്...അവൾക്കതു വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. 

അവൾ അച്ഛന്റെ നെഞ്ചിലേക്കു കൂടുതൽ ചേർന്നിരുന്നു. 

കാഷ്വൽറ്റിയുടെ മുന്നിലേക്ക് ഒന്നു രണ്ടു പൊലീസുകാർകൂടി തിടുക്കപ്പെട്ട് വരുന്നത് അവൾ കണ്ടു. അവർ എസ്ഐയോട് പറയുന്നതുകേട്ടു; 

– സാർ, ബൈക്ക് നമ്പർ ആർടിഐ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടത് വൺ മിസ്റ്റർ രാജീവ്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA