ഇതെന്റെ സ്വപ്നങ്ങളുടെ ഭൂപടം (കടൽ, ആകാശം, ഞാൻ, നീ...)

HIGHLIGHTS
  • പത്തു വർഷത്തോളമായി തനിച്ചാണ്. എല്ലാവരും എപ്പോഴും കൂടെയുണ്ടായിട്ടും തോന്നുന്ന ഒരു പ്രത്യേകതരം തനിച്ചാകലുണ്ട്. അധികമാർക്കും അതു മനസ്സിലാകണമെന്നുപോലുമില്ല
dream travel
This image created by Midjourney AI
SHARE

കവിളത്തു തണുത്ത കാറ്റ് കൈതട്ടിവിളിച്ചപ്പോഴാണ് അത്രയും നേരം ഉറങ്ങിപ്പോയതിന്റെ കുറ്റബോധത്തോടെ ശാരദാമ്മ കണ്ണുതുറന്നത്. നേരം പുലർന്നിരിക്കുന്നു. മരക്കൂട്ടങ്ങൾക്കിടയിലെ പച്ചിലവിടവുകളിലൂടെ അരിച്ചിറങ്ങുന്ന പുലർവെയിലിന്റെ മിനുക്കത്തിൽ കൈത്തണ്ടയിലെ കുപ്പിവളകൾപോലും തിളങ്ങുന്നുണ്ടായിരുന്നു. കടുംപച്ചയും മഞ്ഞയും ചുവപ്പും കുപ്പിവളകൾ. പത്തുവർഷംമുൻപ് നാട്ടിലെ ഭഗവതിക്കാവിലെ ഉത്സവത്തിന് വാങ്ങിവച്ചതാണ്. അതിന്റെ തുടുപ്പും മിനുപ്പും കലപിലക്കിലുക്കവും കാരണം ഒരിക്കലും അണിയാതെ അലമാരയിൽ തുണിക്കെട്ടുകൾക്കിടയിൽ ഉടയാതെ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഈ പത്തുവർഷവും.

അലമാരയിൽനിന്ന് കൊച്ചുമക്കൾ ഉടുപ്പും സാമാനങ്ങളും വലിച്ചുവാരിയിടുമ്പോഴൊന്നും താഴെവീണുടയാതെ അത്രയും വർഷം ആ കുപ്പിവളകൾ അവിടെ ഭദ്രമായിരുന്നെന്ന് വിശ്വസിക്കാൻപോലും ശാരദാമ്മ പ്രയാസപ്പെട്ടു. എല്ലാവരുമുറങ്ങിക്കഴിഞ്ഞ്, നിലാവുള്ള ചില രാത്രികളിൽ, ശാരദാമ്മ സ്വയം ഓമനിക്കുന്ന സ്വപ്നനേരങ്ങളിൽ ആ കുപ്പിവളകൾ വാരിയണിഞ്ഞ് പണ്ടത്തെ പട്ടുപാവാടക്കാരിയെപ്പോലെ വീട്ടുവരാന്തയിലും മുറ്റത്തും ഓടിനടക്കണമെന്ന് മോഹിക്കുമായിരുന്നു. പക്ഷേ, അപ്പോഴൊക്കെ ആ പഴയ തറവാട്ടുവീടിന്റെ ഉത്തരത്തിലും കഴുക്കോലിലും ഇണചേർന്നിരുന്ന നരിച്ചീറുകളുടെ തുറിച്ച നോട്ടങ്ങൾ ഭയന്ന് ആ കുപ്പിവളകൾ ഒരിക്കലും അണിയാതെ അലമാരയ്ക്കുള്ളിൽതന്നെ പൂട്ടിവച്ചു. ഇപ്പോഴിതാ എത്ര അരുമയോടെയാണ് അവ തന്റെ കൈത്തണ്ടയിലിങ്ങനെ ചുറ്റിക്കിടക്കുന്നത്. കാറ്റത്തു പാറിപ്പറന്ന മുടി കോതിയൊതുക്കുന്നതിനിടെ കുപ്പിവളകൾ ആലസ്യത്തോടെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

– അമ്മാ, തനിച്ചാണോ?

തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയുടെ ചോദ്യം പെട്ടെന്നാണ് അവളുടെ സന്തോഷത്തിലേക്കു വന്നുവീണത്. മറുപടി ഒരു ചിരിയിലൊതുക്കിയപ്പോഴും ശാരദാമ്മ തന്റെ തനിച്ചാകലിനെക്കുറിച്ച് ഓർമിക്കാതിരുന്നില്ല. അതേ തനിച്ചാണ്. പത്തുവർഷത്തോളമായി തനിച്ചാണ്. എല്ലാവരും എപ്പോഴും കൂടെയുണ്ടായിട്ടും തോന്നുന്ന ഒരു പ്രത്യേകതരം തനിച്ചാകലുണ്ട്. അധികമാർക്കും അതു മനസ്സിലാകണമെന്നുപോലുമില്ല. ആദ്യമൊക്കെ അതിനോടു പൊരുത്തപ്പെടാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ പക്ഷേ ആ ഏകാന്തത ഒരു ലഹരിയായി മാറിക്കഴിഞ്ഞു. ആ ലഹരിയുടെ ഏതോ ഉന്മാദ നിമിഷത്തിലായിരിക്കണം ഈ യാത്രയ്ക്കുള്ള തീരുമാനമെടുത്തതും. ഒറ്റയ്ക്കൊരു യാത്ര. ആദ്യത്തെ തനിച്ചുയാത്ര.

കുട്ടിക്കാലത്ത് ഉത്സവപ്പറമ്പിലേക്കുള്ള ദൂരമായിരുന്നു ഏറ്റവും ദൂരമുള്ള ദൂരം. അതുപോലും അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങിനടന്ന ഓർമയേയുള്ളൂ. അമ്മ നടന്നതാകട്ടെ അമ്മാവന്റെ പിന്നിലും. കല്യാണം കഴിഞ്ഞപ്പോഴും യാത്രകളൊന്നും കാര്യമായി തരപ്പെട്ടില്ല. ആയുർവേദ വൈദ്യനായിരുന്നു കുട്ട്യോൾടച്ഛൻ. എപ്പോഴും പച്ചിലമരുന്നും കഷായവും മണക്കുന്ന വീട്ടകം. കുഴമ്പിന്റെ വഴുവഴുപ്പും തണുപ്പും തളംകെട്ടിനിന്ന രാത്രിയിടനാഴികൾ. കർപ്പൂരം മണക്കുന്ന തൊടിയിടകൾ... വാട്ടിക്കുടിച്ചൊരു കഷായംപോലെ കയ്പു നാവിൽതൊട്ട വിരസമായ ദിവസങ്ങൾ. കുട്ട്യോൾടച്ഛൻ വലിയ സ്നേഹപ്രകൃതമായിരുന്നു. ഉണ്ണിയും അപ്പുവുമുണ്ടായതിനുശേഷം മുടികൊഴിച്ചിൽ കലശലായിട്ട് അദ്ദേഹം തന്നെയാണ് വിശേഷപ്പെട്ടൊരു കാച്ചെണ്ണയ്ക്കു കൂട്ടുപറഞ്ഞുതന്നത്. നീണ്ട ഇടതൂർന്ന മുടി അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഭഗവതിക്കാവിലെ ഉത്സവത്തിന് ശാരദാമ്മയെ കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ ഉത്സാഹം പറയാതെ വയ്യ. അദ്ദേഹത്തിന്റെ കസവു ജുബ്ബയ്ക്കൊപ്പം അവൾക്കും പ്രത്യേകം കസവു ബ്ലൗസ് തുന്നിക്കുമായിരുന്നു. ഉത്സവപ്പറമ്പിൽ കൈപിടിച്ചേ നടക്കുമായിരുന്നുള്ളു. എന്നിട്ടും ശാരദാമ്മയ്ക്ക് എപ്പോഴും വല്ലാത്തൊരു ഒറ്റപ്പെടലിന്റെ നീറ്റലായിരുന്നു ഉള്ളിൽ. അരക്കാതം പോലും ദൂരെയല്ലാത്തൊരു അമ്പലപ്പറമ്പിലെ ഉൽസവമേളം കാണിക്കാൻ കൊണ്ടുപോയി തിരിച്ചു വീട്ടിലെത്തുമ്പോൾ എന്തോ ലോകയാത്ര കഴിഞ്ഞുവന്ന ആവേശമായിരുന്നു അദ്ദേഹത്തിന്. ‘‘എന്തൊരു സ്നേഹക്കാരനാണ് മൂപ്പര്! നിന്നെ എവിടെയൊക്കെയാ കൊണ്ടു നടക്കണേ എന്ന് അമ്മ ഇടയ്ക്കിടെ അസൂയപ്പെട്ടു പറഞ്ഞുകൊണ്ടിരുന്നു.

ലോകമെന്നു പറയുന്നത് ഓരോരുത്തർക്കും ഓരോന്നാണ് അങ്ങനെയാണ് ശാരദാമ്മ തിരിച്ചറിഞ്ഞത്. പൂരപ്പറമ്പ് ചുറ്റിവന്നാൽ അമ്മയ്ക്ക് ലോകംചുറ്റിയപോലെയായി. ചികിത്സ കഴിഞ്ഞാൽ തറവാട്ടമ്പലവും കാവും ഉത്സവവുമൊക്കെയായിരുന്നു കുട്ട്യോൾടച്ഛന്റെ ലോകം. ആ ലോകത്തേക്കാണ് അദ്ദേഹം ശാരദാമ്മയെ കസവു സാരി ചുറ്റിച്ച് ഒരു റാണിയെപ്പോലെ കൊണ്ടുനടന്നതും. പക്ഷേ, ശാരദാമ്മയുടെ ലോകം കുറേക്കൂടി വിശാലമായിരുന്നു. കുമാരപുരത്തിനപ്പുറം, കേരളത്തിനപ്പുറം, കടലുംകടന്ന് പോകാവുന്നത്ര ദൂരേക്ക് ശാരദാമ്മ തന്റെ  സ്വപ്നങ്ങളുടെ ഭൂപടം തിരുത്തിവരച്ചു വിശാലമാക്കിയിരുന്നു. ശാരദാമ്മയ്ക്ക് ഓർമവച്ച കാലത്തേ പേർഷ്യക്കു പുറപ്പെട്ടുപോയ അച്ഛനായിരുന്നു  ഹീറോ. നീണ്ടുനീണ്ടു കിടക്കുന്ന വീതിയേറിയ വഴികളിലൂടെ, പാടവും പുഴയും കടലുംവരെ വരഞ്ഞു മുന്നോട്ടുകുതിക്കുന്ന വഴികളിലൂടെ ഏറെദൂരം യാത്രചെയ്യണമെന്ന മോഹം അവരുടെ ഉള്ളിൽനിറച്ച ഹീറോ. എന്നിട്ടും കുട്ട്യോൾച്ഛൻ ഒരന്തിക്കു പെട്ടെന്നു യാത്രയാകുംവരെ, അപ്പുവും ഉണ്ണിയും പെണ്ണുകെട്ടി അവരുടെ നാലു കുഞ്ഞുങ്ങളെ നോക്കിക്കൊടുക്കുംവരെ അക്കാലമത്രയും അവർ ആമാടപ്പെട്ടിക്കുള്ളിൽ  ഇളക്കത്താലിക്കും മാങ്ങാമാലയ്ക്കുമൊപ്പം പൂട്ടിവച്ചിരിക്കുകയായിരുന്നു ആ മോഹം.

വീടും തൊടിയും വിട്ട് ഒരിടത്തേക്കും പോകാതെ, ഓരോ പിറന്നാളും കൊഴിഞ്ഞുതീരുമ്പോഴും ശാരദാമ്മ വെറുതെ നെടുവീർപ്പിട്ടുകൊണ്ടിരുന്നു. ചില മോഹങ്ങൾ അങ്ങനെയല്ലേ, എത്ര കാലമെന്നറിയാതെ കാണാമറയത്തൊളിപ്പിച്ച് പൂട്ടിത്താഴിട്ടുവയ്ക്കും. പതുക്കെപ്പതുക്കെ പലരും ആ താക്കോൽപോലും കളഞ്ഞുപോകും. ഒരിക്കൽ അങ്ങനെയൊരു മോഹമുണ്ടായിരുന്നെന്നു പോലും ഓർമിക്കാനാവാത്തവിധം മറവി ആ മോഹത്തെ വന്നുമൂടിയിരിക്കും. പക്ഷേ ശാരദാമ്മ മാത്രം അപ്പോഴും ആ മോഹപ്പൂട്ടിന്റെ രഹസ്യത്താക്കോൽ കളയാതെ കയ്യിൽ കരുതിവച്ചിരുന്നു. അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകൾക്കു വേണ്ടിനടത്തുന്ന വിനോദയാത്രയെക്കുറിച്ച് അടുത്തിടെ പത്രത്തിൽ വായിച്ചറിഞ്ഞപ്പോഴാണ് ആ മോഹം വീണ്ടും പൊടിതട്ടിയെടുത്തതെന്നു മാത്രം. കശ്മീരിലേക്കെന്നു പറഞ്ഞാൽ ഉണ്ണിയും അപ്പുവും സമ്മതിക്കില്ലാത്തതുകൊണ്ടു ഹരിദ്വാറിലേക്കാണു യാത്രയെന്നു ചെറിയൊരു കള്ളം പറയേണ്ടിവന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു യാത്രയ്ക്ക് വീട്ടിൽനിന്ന് അനുമതി വാങ്ങാൻ. 

ഈ കാവും തൊടിയുംവിട്ട് ഒരിടത്തും പോകാത്ത അമ്മയ്ക്ക് ‘ഇതിപ്പോ എന്താ ഇങ്ങനെയൊരു മോഹ’മെന്ന് ഉണ്ണിയുടെ ഭാര്യ അൽപം പരിഹാസത്തോടെ ചോദിച്ചപ്പോൾ അവളോട് പറയണമെന്നുണ്ടായിരുന്നു, ഇപ്പോഴെങ്കിലും ഈ മോഹമൊന്നു സാധിക്കണ്ടേ എന്ന്. പക്ഷേ, മൗനം പാലിച്ചതേയുള്ളൂ. വഴിച്ചെലവിനും മറ്റുമായി ചെറിയൊരു തുക അപ്പു പഴ്സിൽ വച്ചു തന്നിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്ര തെല്ലും ശാരദാമ്മയെ ഭയപ്പെടുത്തിയില്ല. അല്ലെങ്കിലും മനസ്സുകൊണ്ട് എത്രയോവട്ടം ചിറകുവച്ചു ദൂരേദൂരേക്കു പറന്നു കഴിഞ്ഞ ശാരദാമ്മയ്ക്ക് ഒരു വിമാനയാത്രയിൽപോലും ഇനിയെന്തു ഭയം തോന്നാൻ. ഡൽഹിയിൽ വിമാനമിറങ്ങി പിന്നീട് ബസിലായിരുന്നു യാത്ര. പല ബസുകൾ മാറിക്കയറി, പലയിടങ്ങളിൽ രാത്രികൾ ചെലവഴിച്ച് കശ്മീർ താഴ്‌്‌വരയെത്താറായിരിക്കുന്നു. അപരിചിതരായി യാത്ര തുടങ്ങിയ ഒരു കൂട്ടം സ്ത്രീകൾ ഇതിനകം പരിചയക്കാരായി മാറിക്കഴിഞ്ഞിരിക്കുന്നു. ചിലരെല്ലാം കൂട്ടുകാരെപ്പോലെ അവരുടെ കഥകൾ പങ്കുവയ്ക്കുന്നത് അവൾ കേട്ടിരുന്നു.

– അമ്മാ നീങ്കൾ ഒറ്റയ്ക്കാണോ? ഞാൻ ഒറ്റയ്ക്കാണ്.

അടുത്തിരുന്ന സ്ത്രീ വീണ്ടും ശാരദാമ്മയോട് ചോദ്യം ആവർത്തിച്ചു. കാഴ്ചയിൽ അവരുടെയത്ര തന്നെ പ്രായം തോന്നിക്കുന്ന ആ അപരിചിതയായ സഹയാത്രിക തന്നെയെന്തിനാണ് അമ്മാ എന്നു വിളിക്കുന്നതോർത്ത് ശാരദാമ്മയ്ക്കു പരിഭവം തോന്നാതിരുന്നില്ല. എങ്കിലും തന്നെപ്പോലെ നാട്ടിലെ ഏതോ കുഗ്രാമത്തിൽനിന്ന് ഒരു പക്ഷേ ജീവിതത്തിലെ ആദ്യത്തെ ദൂരയാത്രയ്ക്കു പുറപ്പെട്ടതായിരിക്കണം ആ സാധു സ്ത്രീയും എന്ന തിരിച്ചറിവിൽ അവരുടെ പരിഭവം അലിഞ്ഞു. ശാരദാമ്മ സീറ്റിലേക്കു ചാരിയിരുന്ന് കവിൾ കാറ്റിനോടു ചേർത്തുവച്ചു. കുമാരപുരത്തുനിന്ന് ഇത്രദൂരം തനിച്ചെത്തിയെന്നു വിശ്വസിക്കാൻ പ്രയാസപ്പെടുന്നപോലെ. ദൂരക്കാഴ്ചയിൽ അപ്പോൾ കശ്മീരിലെ തടാകനീലിമ തെളിഞ്ഞു കാണാമായിരുന്നു. കടുംമഞ്ഞിന്റെ കൂട്ടിൽനിന്ന് പുലരിക്കിളി ചിറകടിച്ചു പറന്നു തുടങ്ങിയിരുന്നു. കാഴ്ചയുടെ പുതിയൊരു കാലിഡോസ്കോപ്പിലേക്ക് കണ്ണുകൾ അപ്പോഴേക്കും നോട്ടമുറപ്പിച്ചു കഴിഞ്ഞിരുന്നു.

‘ഈശ്വരാ...’ മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയത്തിന്റെ അതിവിദൂരക്കാഴ്ചയിൽ കൈലാസനാഥനെ മനസ്സിലുരുവിട്ടപ്പോൾ നാട്ടിലെ ഭഗവതിക്കാവിൽ ഉത്സവക്കൊടിയേറ്റിന്റെ മേളപ്പെരുക്കത്തിലെന്നപോലെ അവളുടെ കണ്ണുകളിൽ പുതിയൊരു തെളിച്ചം വന്നുനിറയുന്നുണ്ടായിരുന്നു. അടുത്തിരുന്ന സഹയാത്രികയുടെ നിശ്ശബ്ദതയിലേക്കും നിസ്സഹായതയിലേക്കും മൗനത്തിൽ കലർന്നൊരു പുഞ്ചിരി ചേർത്തുവച്ച് ശാരദാമ്മ അവരുടെ കയ്യിൽ കൈകോർത്തുപിടിച്ചു പറഞ്ഞു: ‘നമ്മൾ ഇപ്പോൾ ഒറ്റയ്ക്കല്ലല്ലോ...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS