ഈ ഉടലെന്നെ വേവിക്കുമ്പോൾ
Mail This Article
മട്ടുപ്പാവിലേക്കു ചാഞ്ഞുനിന്ന പൈൻമരങ്ങളുടെ ഇലത്തുമ്പുകൾ മഞ്ഞുതുള്ളികളുടെ ലോലാക്ക് അണിഞ്ഞിരുന്നു. ഓരോ ഇലത്തുമ്പിലും ജലരാശിയുടെ ഇളനീലിമ അവശേഷിപ്പിച്ച് ശിശിരം വിടവാങ്ങാനൊരുങ്ങുന്ന പോലെ. ദൂരെദൂരെയുള്ള മലനിരകളിൽ മഞ്ഞും കോടയും മാഞ്ഞ് വെയിൽ തെളിഞ്ഞുവരുന്നതുംനോക്കി അവൾ ചാരുകസേരയിൽ പാതി കണ്ണുകളടച്ച് പാതി സ്വപ്നത്തിലും പാതിയുറക്കത്തിലുമെന്നപോലെ ഉണർന്നുകിടന്നു. രണ്ടാംനിലയിലെ മുറിയുടെ മട്ടുപ്പാവിലിരുന്നാൽ താഴെ സ്വിമ്മിങ്പൂളിലെ ജലകേളികളുടെ മേളം അവൾക്കു കേൾക്കാം. റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തപ്പോഴേ അവൾ ശ്രദ്ധിച്ചിരുന്നു, കൂടുതലും ചെറുപ്പക്കാരാണ് അവിടത്തെ അതിഥികൾ. മിക്കവരും നവദമ്പതികൾ. ഹണിമൂണിനെത്തുന്നവർക്ക് എന്തോ സ്പെഷൽ പാക്കേജ് ഓഫർ ചെയ്തിട്ടുണ്ടായിരുന്നു റിസോർട്ടുകാർ.
ഡിസംബർ അവർക്കു സീസൺ ആണ്. പുറത്തെ കോടമഞ്ഞിന്റെ തണുപ്പിലും ഏറ്റവും പ്രിയപ്പെട്ടൊരാളുടെ മാറിലെ ചൂടിനോടു പറ്റിച്ചേർന്നുകിടക്കാൻ കൊതിച്ചെത്തുന്ന പ്രണയികളുടെ സീസൺ. ട്രെക്കിങ്ങും മറ്റു കായിക വിനോദങ്ങളുമായി മലയും മേടയും ചുറ്റിയടിക്കാൻ വരുന്ന സാഹസികരുടെ സീസൺ. നഗരത്തിലെ ജോലിത്തിരക്കിൽനിന്നൊഴിവായി രണ്ടെണ്ണം അടിച്ചു ഫിറ്റായി ബോധം കെട്ടുറങ്ങാൻ വരുന്ന മടിയന്മാരുടെ സീസൺ... ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് അവർക്കു വേണ്ടത് ഒരുക്കിവച്ചിട്ടുണ്ട് കൊടൈക്കനാലിലെ ആ റിസോർട്ടിൽ. അവരിൽ ഒരു കൂട്ടത്തിലും പെടാത്ത അവളെയും മോഹനെയും കണ്ട് റിസപ്‌ഷനിലെ തമിഴ് പെൺകൊടിക്ക് ആകാംക്ഷ തോന്നിയിരിക്കണം.
കൊടൈക്കനാലിലേക്കുള്ള യാത്ര നേരത്തെ തീരുമാനിച്ചിരുന്നതല്ല. പെട്ടെന്നൊരു തോന്നലായിരുന്നു. അല്ലെങ്കിലും മോഹനുമൊരുമിച്ച് തനിച്ച് ഒരു യാത്ര പോയിട്ട് എത്രകാലമായെന്ന് അവൾ കണക്കുകൂട്ടി നോക്കി. മാളുവും മാധവും ജനിച്ചതിൽപിന്നെ മോഹനും അവളും മാത്രമായി ഒരിക്കലും ഒരു യാത്ര പോയിരുന്നില്ല. കൈക്കുഞ്ഞുങ്ങളായിരുന്ന കാലത്ത് അവരെയുംകൂട്ടി യാത്ര പോകുന്നതിന്റെ പെടാപ്പാട്. ഇരട്ടക്കുഞ്ഞുങ്ങളായിരുന്നതിനാൽ ഒന്നിനു പനി വന്നാൽ അപ്പോഴേക്കും രണ്ടാമത്തേതിനും തുടങ്ങും. അതുകൊണ്ട് കുട്ടികൾ മുതിർന്നിട്ടു പോകാമെന്നായി. മുതിർന്നപ്പോൾ പിന്നെ അവരുടെ സ്കൂളും പരീക്ഷയും ട്യൂഷനുമൊക്കെയായി വേറെ തിരക്കുകൾ. എല്ലാംകൂടി തരപ്പെട്ടുവരുന്ന ചില വേനലവധിക്കാലങ്ങളിൽ മോഹന് ബാങ്കിലെ എന്തെങ്കിലും ട്രെയിനിങ് പരിപാടി വന്നുചേരും. അങ്ങനെ, പോകാതെ പോകാതെ ഓരോ യാത്രയും അതിനെക്കുറിച്ചുള്ള ആലോചനയിൽതന്നെ തുടങ്ങിയും അവസാനിച്ചുംപോയ നാളുകൾ. പ്ലസ്ടു കഴിഞ്ഞ് മാളു ബെംഗളൂരുവിലേക്കും മാധവ് ഡൽഹിയിലേക്കും പോയതിൽപിന്നെയാണ് വർഷങ്ങൾക്കുശേഷം അവൾ ഒരു യാത്രയെക്കുറിച്ചു ചിന്തിച്ചതുതന്നെ. അപ്പോഴേക്കും അങ്ങനെയൊരു യാത്രയ്ക്കുള്ള മനസ്സിന്റെ ഇന്ധനമൊക്കെ തീർന്നുതുടങ്ങിയെന്ന് അവൾക്കു തോന്നി. മോഹനും. അതുകൊണ്ടായിരിക്കാം പിന്നെയും ഒരു വർഷംകൂടി വീടും അമ്പലവുമായി അവളുടെയും, വീടും ബാങ്കുമായി മോഹന്റെയും ജീവിതം പതിവു ട്രാക്കിൽതന്നെ ഇഴഞ്ഞു നീങ്ങിയത്.
ജീവിതം വല്ലാതെ മടുപ്പിക്കുന്നുവെന്നു തോന്നിയൊരു നിമിഷമാണ് അവൾ മെയ്ക് മൈ ട്രിപ് ആപ്പിൽ കയറി കൊടൈക്കനാലിലെ ആ റിസോർട്ട് ബുക്ക് ചെയ്തത്. ഡിസംബർ മഞ്ഞ് അതിരുതുന്നിയ ഹൈറേഞ്ചിലെ ചെങ്കുത്തായ വഴികളിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ അവൾ ഓർമിച്ചത് മോഹനൊപ്പം ആദ്യമായി കൊടൈക്കനാലിലേക്കു വന്ന യാത്രയായിരുന്നു. അന്നു മോഹനായിരുന്നു ഡ്രൈവ് ചെയ്തത്. അവരുടെ അന്നത്തെ കടുംചുവന്ന മാരുതി ഓൾട്ടോ കാർ എത്ര ഉന്മേഷത്തോടെയാണ് ഹെയർപിൻവളവുകളുടെ ചുരുൾ നിവർത്തി മലമുകളിലേക്ക് ഓടിക്കയറിയത്. ഓരോ വ്യൂ പോയിന്റിലും നിർത്തിനിർത്തി, വഴിയോരം കണ്ട ചായക്കടകളിൽനിന്ന് കടുംകാപ്പിയും മുളകുബജിയും കഴിച്ച്, നാൽക്കവലകളിലെ പീടികയിൽനിന്ന് തേൻനെല്ലിക്കയും ഉപ്പിലിട്ട പച്ചമാങ്ങയും വാങ്ങി കാറിലിരുന്ന് കൊറിച്ച്... എത്ര നേരംകൊണ്ടാണ് കൊടൈക്കനാലിലെത്തിയത്. ഡ്രൈവ് ചെയ്തു തളരുമ്പോൾ വിജനമായ ചില വഴിയോരങ്ങളിൽ കാർ കുറച്ചുനേരം നിർത്തിയിട്ട് അൽപനേരത്തേക്ക് ഒന്നു മയങ്ങുന്ന ശീലമുണ്ടായിരുന്നു മോഹന്. ആ നേരമത്രയും കാറിലെ സ്റ്റീരിയോ മുഹമ്മദ് റഫിയുടെയോ കിഷോർ കുമാറിന്റെയോ പാട്ടുകൾ മൃദുവായി പാടിക്കൊണ്ടേയിരിക്കും. അവൾ മോഹന്റെ തോളത്തേക്കു ചാഞ്ഞിരുന്ന് ആ മുടിയിൽ വിരലോടിച്ചുകൊണ്ടിരിക്കും. അതുകൊണ്ടായിരിക്കാം ലോങ് ഡ്രൈവുകൾ അന്നൊക്കെ ഒരിക്കൽപോലും മോഹനെ ക്ഷീണിപ്പിച്ചിരുന്നില്ലല്ലോ എന്ന് അവൾ ഓർത്തു. അങ്ങനെയെത്രയെത്ര യാത്രകൾ...
∙∙
– മഞ്ജൂ.. എന്താ ആലോചിച്ചിരിക്കുന്നേ? കാലത്തെ കാപ്പി കിട്ടിയില്ലാട്ടോ...
മോഹൻ ഉണർന്നത് അവൾ അറിഞ്ഞിരുന്നില്ല. കാലത്തേ ഒരു കാപ്പി പതിവുള്ളതാണ്. മഞ്ജു തിടുക്കപ്പെട്ട് മട്ടുപ്പാവിൽനിന്ന് മുറിക്കകത്തേക്കു കയറി. അവൾ കാപ്പിയുണ്ടാക്കുന്ന നേരമത്രയും മോഹൻ വീണ്ടും മെത്തയിൽതന്നെ കിടന്നു. ഈയിടെയായി മോഹന് കാൽവേദന ഇടയ്ക്കിടെ കൂടിവരുന്നതായി പറഞ്ഞിരുന്നു, പടികൾ കയറുമ്പോഴുള്ള കിതപ്പും. ടൗണിലെ വർഗീസ് ഡോക്ടറെ കണ്ട് മുടങ്ങാതെ മരുന്നു കഴിക്കുന്നുണ്ടെങ്കിലും ആകെയൊരു ക്ഷീണവും തളർച്ചയുമാണ് എപ്പോഴും. മോഹന് എന്തോ ആ ഡോക്ടറെ തീരെ ഇഷ്ടമല്ല. മരുന്നു കഴിക്കാനും മടി. അതുകൊണ്ടാണ് യാത്രയ്ക്കു മുൻപ് ഡോക്ടറെ കാണാൻ പോയപ്പോൾ അവളും നിർബന്ധം പറഞ്ഞു കൂടെപ്പോയത്. ആർത്തിപിടിച്ച കണ്ണുകളോടെയാണ് ഡോക്ടർ അവളുടെ യൗവനംവിട്ടുമാറാത്ത ശരീരത്തിലേക്കു നോക്കിയത്.
– മരുന്നിന്റെയായിരിക്കും മഞ്ജൂ. എന്നു കരുതി മരുന്നു മുടക്കരുത്. പിന്നെ മോഹനു പ്രായമായി വരികയല്ലേ? ബൈ ദ ബൈ ഹൗ ഈസ് യുവർ സെക്‌ഷ്വൽ ലൈഫ്?’’
ഒരു വഷളൻ ചിരിയോടെ വർഗീസ് ഡോക്ടറുടെ ആ അപ്രതീക്ഷിത ചോദ്യം കേട്ടപ്പോൾ കാലിൽനിന്നു തരിച്ചു കയറുന്നപോലെ തോന്നി അവൾക്ക്. അതിനു മറുപടി പറയാതെ അവൾ കൺസൽറ്റിങ് റൂമിനു പുറത്തേക്കിറങ്ങി. മോഹനേട്ടൻ പിന്നെയും കുറച്ചു കഴിഞ്ഞാണ് ഇറങ്ങിവന്നത്. കയ്യിൽ കുറച്ചു പുതിയ മരുന്നുകളുമുണ്ടായിരുന്നു.
– ഡോക്ടർ എന്തു പറഞ്ഞു, യാത്ര പോകുന്നതിനു കുഴപ്പമുണ്ടോ?
അവൾക്ക് അതു മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ.
–എന്തു കുഴപ്പം? നീ ഡ്രൈവ് ചെയ്താൽ മതി. വേണമെങ്കിൽ നിനക്ക് കൂട്ടുകാരികളെയാരെയെങ്കിലും കൂട്ടിപ്പോകണമെങ്കിൽ അങ്ങനെയുമാകാം. അല്ലെങ്കിലും ഞാൻ വന്നിട്ടും ഒരു കാര്യമില്ല...
നിരാശയോടെയും നിർവികാരതയോടെയുമായിരുന്നു മോഹന്റെ മറുപടി. മഞ്ജു മറുത്തൊന്നും പറയാതെ പുതിയ മരുന്നുകൾ വാനിറ്റി ബാഗിൽ വയ്ക്കാൻ കൈനീട്ടി.
–അതു നിനക്കുള്ളതല്ല. നീയറിയണ്ട.
സ്വരം കടുപ്പിച്ചു പറഞ്ഞ് മോഹൻ നടന്നുനീങ്ങിയപ്പോൾ അവൾ പിന്നാലെ നടക്കുക മാത്രം ചെയ്തു. ഒന്നും മിണ്ടാതെ. എന്നിട്ടും കുറച്ചുദൂരം നടന്നുകഴിഞ്ഞ് തെല്ലിട നിന്ന് പിന്നീട് അവളുടെ കൈ ചേർത്തുപിടിക്കാൻ മോഹൻ മറന്നില്ല.
∙∙
കാപ്പി ചൂടോടെ കയ്യിൽ കൊടുത്തപ്പോൾ പണ്ടത്തെപ്പോലെ പാതികുടിച്ച് ബാക്കി അവൾക്കുനേരെ നീട്ടുമെന്ന് അവൾ കരുതി.
– കാപ്പിക്കു കുറച്ചൂകൂടി മധുരം കുറയ്ക്കാം മഞ്ജൂ. എന്റെ മധുരത്തിന്റെ പ്രായമൊക്കെ കഴിഞ്ഞെന്നു തനിക്കറിഞ്ഞുകൂടെ...
എപ്പോഴുമുള്ള ഈ സ്വയംപഴിക്കൽ ഈയിടെയായി മോഹനു കൂടിവരുന്നുണ്ട്. ഇത്തവണത്തെ കൊടൈക്കനാൽ യാത്രയോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു കൗതുകവും തോന്നുന്നില്ലെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു കണ്ണുകളിലെ ആ നിർവികാരത.
– പണ്ടു നമ്മൾ വന്നപ്പോഴുള്ള ചന്തമൊന്നും ഇപ്പോൾ ഇവിടെയില്ല മോഹൻ. ആഗോളതാപനം കാരണമായിരിക്കുമല്ലേ? നമുക്ക് മറ്റെവിടെയങ്കിലും പോയാൽ മതിയായിരുന്നു.
മഞ്ജു പെട്ടെന്നു വിഷയം മാറ്റാൻ നോക്കി. എന്തെങ്കിലുമൊക്കെ കുറച്ചുനേരം മിണ്ടിപ്പറഞ്ഞിരിക്കണമെന്നേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ
– നമ്മൾ എവിടെപോയാലും ഞാൻ ഞാൻ തന്നെയല്ലേ മഞ്ജൂ... ഈ മഞ്ഞും കുളിരുമൊന്നും എന്നെ തൊടാതായിരിക്കുന്നു.. പിന്നെ നിന്റെ ആഗോളതാപനം.. അത് ഇപ്പോ എന്റെയുള്ളിലാ.. എന്റെ മാത്രമുള്ളില്...
അയഞ്ഞ കെട്ടിപ്പിടിത്തത്തിനുള്ളിൽനിന്ന് അവളെ തള്ളിമാറ്റി മോഹൻ അടുത്ത സിഗരറ്റിനു തീ കൊളുത്തി മട്ടുപ്പാവിലേക്കിറങ്ങിനിന്നു. താഴെ സ്വിമ്മിങ് പൂളിൽനിന്നുയരുന്ന യുവമിഥുനങ്ങളുടെ ഉറക്കെയുള്ള പൊട്ടിച്ചിരികൾ അയാളെ അപ്പോൾ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.