ADVERTISEMENT

ഒരു പുരയിടത്തിൽ കുറെ തവളക്കൂട്ടങ്ങൾ ചാടിക്കളിക്കുന്നു. അതിനിടെ രണ്ടെണ്ണം വലിയൊരു കുഴിയിൽ വീണുപോയി. ചാട്ടം പിഴച്ചു കുഴിയിൽ വീണ തവളകൾ രണ്ടും കരയിൽ കയറുവാൻ മരണവെപ്രാളം തുടങ്ങി. അവർ മുകളിലേക്ക് ചാടിക്കൊണ്ടിരുന്നു. കരയ്ക്കു നിന്നിരുന്ന തവളകൾ ചിലർ പ്രോത്സാഹിപ്പിച്ചു. ചിലർ സഹതാപത്തോടെ നോക്കിനിന്നു. 

രക്ഷപ്പെടുവാൻ ഒരു വഴിയും ഇല്ലെന്നു തന്നെയായിരുന്നു കരയ്ക്കു നിന്ന തവളകളുടെ ഭൂരിപക്ഷം അഭിപ്രായം. വീണുപോയ തവളകളെ കരയ്ക്കു കയറ്റുവാൻ പറ്റുന്ന ഒരാശയവും അവർക്ക് തോന്നിയില്ല. രക്ഷയില്ല കൂട്ടുകാരെ, നിങ്ങളുടെ വിധി അതാണെന്നു വിചാരിച്ചു പ്രാർഥിച്ചു സമാധാനിച്ചങ്ങു കിടന്നോ എന്നായി മുതിർന്ന തവളച്ചിയുടെ ഉപദേശം. വെറുതെ ചാടിച്ചാടി തളരാമെന്നല്ലാതെ കരയ്ക്കു കയറുവാൻ യാതൊരു വഴിയുമില്ലെന്നു കേട്ട ഒരു തവള തന്റെ വിധിയെ പഴിച്ച് ഒരിടത്ത് തളർന്ന് ഉറങ്ങുവാൻ തുടങ്ങി. അപ്പോഴും മറ്റേ തവള ചാടിക്കൊണ്ടേയിരുന്നു. 

ഒരു ഘട്ടത്തിൽ ആ തവള കുഴിയിൽ നിന്ന് ഉയർന്നു പൊന്തി കരയിലെത്തി. കൂട്ടുകാർ ആഹ്ലാദാരവം മുഴക്കി. രക്ഷപ്പെട്ട തവള കരയിൽ നിന്നവരുടെ പ്രോത്സാഹനത്തിനു നന്ദി അറിയിച്ചു. കരയിലുണ്ടായിരുന്ന തവളകൾ കുഴിയിൽ വീണ തവളകളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. സത്യത്തിൽ കുഴിയിൽ വീണവരുടെ ആത്മവീര്യം അവർ തുടരെത്തുടരെ തളർത്തുകയായിരുന്നല്ലോ. ഒരിക്കലും രക്ഷപ്പെടില്ലാ എന്നാണവർ വിളിച്ചു കൂവിയിരുന്നത്. വെറുതെ ഊർജ്ജം കളയാതെ വിധിക്കു കീഴടങ്ങാനായിരുന്നല്ലോ അവരുടെ ഉപദേശം. 

പക്ഷേ കുഴിയിൽ നിന്നും ചാടി രക്ഷപ്പെടാനായ തവള അവർ നിരുത്സാഹപ്പെടുത്തിയതൊന്നും കേട്ടില്ല. കാരണം ആ തവളെ ബധിരനായിരുന്നു. അത് വിചാരിച്ചത് കരയിൽ നിന്നും വിളിച്ചു കൂവുന്നവർ തന്നെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ്. അവർ വിളിച്ചു പറഞ്ഞതൊന്നും കേൾക്കാത്തതു കൊണ്ടവൻ വീണ്ടും വീണ്ടും മുകളിലേക്ക് ചാടിക്കൊണ്ടിരുന്നു. പരിശ്രമം വിജയമായി. എന്നാൽ കുഴിയിൽ കിടന്ന ചെവി കേൾക്കാവുന്ന തവള കരയിൽ നിന്നുള്ള നിരുത്സാഹപ്പെടുത്തലില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു. ആ തവള കുഴിയിൽ തന്നെ തളർന്നു കിടന്നപ്പോൾ മറ്റേ തവള രക്ഷപ്പെട്ടു.

എപ്പോഴും അവനവൻ ചെയ്യേണ്ടതു ചെയ്യണം. നാം ചെയ്യേണ്ടതു ചെയ്തിട്ടും ഫലം കിട്ടിയില്ലെങ്കിൽ മാത്രമാണ് അതിനെ വിധി എന്നോ ഈശ്വരനിശ്ചയമെന്നോ കരുതേണ്ടത്. നാം ശ്രമിക്കേണ്ടിടത്തു ശ്രമിക്കുക തന്നെ വേണം എങ്കിൽ മാത്രമേ നമുക്ക് നമ്മെ ഉയർത്തുവാൻ കഴിയൂ. ഒരു വ്യക്തി ജീവിതത്തിൽ വിജയിക്കുമോ എന്നത് അയാൾ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അയാൾ തന്റെ സമയവും ഊർജ്ജവും ജ്ഞാനപൂർവം വിനിയോഗിക്കുകയും മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും വേണം. 

പരാജയങ്ങളിൽ വേദനിച്ചു ജീവിതം വേണ്ടെന്നുവെച്ചവരല്ല മറിച്ച് പരാജയങ്ങളിൽ നിന്നും പാഠങ്ങള്‍ ഉൾക്കൊണ്ടവരാണ് വിജയികളായ ലോകമഹാന്മാർ. ജീവിതത്തിൽ വിജയം കണ്ടെത്തിയവരുടെ സ്വഭാവവിശേഷങ്ങളിൽ പ്രധാനപ്പെട്ടതാണ് നിശ്ചയദാർഢ്യം. ജീവിത ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഇവർ ഒരിക്കലും ഉപേക്ഷിക്കുകയില്ല. കഠിനാധ്വാനം ചെയ്യുവാനുള്ള കഴിവും ആത്മസമർപ്പണവും പ്രതിബദ്ധതയുമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com