അതിജീവിക്കും തീർച്ചയായും, കാരണം നമ്മൾ മലയാളികളാണ്
Mail This Article
ആകാശത്ത് വന്‍ കാർമേഘങ്ങൾ ഉരുണ്ടുകൂടി. ഓരോ മഴ തുടങ്ങുമ്പോഴും ആശങ്കയുടെ കാർമേഘങ്ങൾ നമ്മുടെ മുഖത്ത് നിറയും. ഓരോ വീടുകൾക്കുള്ളിലൂടെയുമാണ് പ്രളയ ജലത്തിന്റെ യാത്ര. പ്രളയം സമ്മാനിച്ച വിള്ളലുകൾ വീടുകളുടെ ചുമരുകളെ തകർത്തു കളഞ്ഞു. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, കൃഷിനാശം ഉണ്ടായവർ, വീടുകൾക്കു കേടുപാടുകൾ സംഭവിച്ചവർ, ഗർഭിണികൾ, കിടപ്പുരോഗികൾ, വൃദ്ധജനങ്ങളൊക്കെ വെള്ളത്തിൽ മുങ്ങി ക്യാമ്പുകളിലേക്ക് പാലായനം ചെയ്യുന്ന ദുരിതക്കാഴ്ചകൾ. വീടിന്റെ മുൻപിലെ ബൈക്കിൽ മഴക്കോട്ടിട്ടിരിക്കുന്ന രീതിയിൽ പ്രിയദർശന്‍ എന്ന യുവാവിന്റെ മൃതദേഹം നാം കണ്ടു. ഉരുള്‍ പൊട്ടി തകർന്നടിഞ്ഞ കവളപ്പാറയിലെ ഒരു ദാരുണ കാഴ്ച. ഇടിഞ്ഞു വീണ മുത്തപ്പൻ മലയിൽ ഞെരിഞ്ഞമർന്നത് എത്രയോ പേർ. ഉരുള്‍ തന്റെ അമ്മയെ മൂടിയ സ്ഥലത്തുനിന്ന് മാറാതെ നിൽക്കുന്ന മകൻ സത്യൻ. ഈ മണ്ണിനടിയിൽ തന്റെ അമ്മയുണ്ട് മനസ്സിലും.
കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെ വിതച്ച ദുരിതക്കയങ്ങൾ. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടു പോയ ചെറുവണ്ണൂർ സ്വദേശി ലിനു. അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാമ്പിലെത്തിയ ലിനു വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപെടുത്തുവാൻ രാവിലെ പോയ ലിനു പിന്നീട് തിരിച്ചു വന്നില്ല. ജീവൻ ആ പ്രളയത്തിൽ ഒലിച്ചു പോയി. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയവരെല്ലാം ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമാവുകയാണ്. ആർത്തലച്ചു വന്ന പൊടിപടലങ്ങളും വൻമരങ്ങളും എല്ലാം കൊണ്ടുപോയി. റോഡേത് തോടേത് കിണറേത് എന്നറിയാനാകാത്തവിധം ചുറ്റിലും പ്രളയജലം നിറയുമ്പോൾ ജീവനും കൈയ്യിൽ പിടിച്ച് നെട്ടോട്ടമോടുന്ന പട്ടിണിപ്പാവങ്ങൾ.
പ്രളയജലത്തിൽ പൂർണമായും ഭാഗികമായും മുങ്ങിയ വീടുകൾക്കിരുവശവും കാണുമ്പോൾ ആരാണെങ്കിലും മനസ്സിൽ ഓർത്തുപോകും എത്രയോ പേരുടെ സ്വപ്നങ്ങളാണ്, അധ്വാനമാണ്. കുതിർന്ന വൻമല പൊട്ടിത്തെറിച്ചു വന്ന പാറക്കല്ലുകളും വൻമരങ്ങളും ചെളിയും മൂടി തകർന്നുപോയ ഒരു വീട്. നമ്മുടെ ആരും അല്ലാതിരുന്നിട്ടു കൂടി ഓരോ മരണവാർത്തയും നമ്മുടെ നെഞ്ചുരുക്കും. രക്ഷപ്പെട്ടവരെ കാണുമ്പോൾ കെട്ടിപ്പിടിക്കുവാൻ തോന്നും. മണ്ണിനടിയിലും മഴവെള്ളത്തിനുള്ളിലും പെട്ടു കിടക്കുന്നത് നമ്മുടെ കൂടപ്പിറപ്പുകളാണ്. സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാതെ രക്ഷിക്കാനോടിയെത്തുന്നതും കൂടപ്പിറപ്പുകളാണ്. നമുക്ക് മനുഷ്യനേയുള്ളൂ. ഒരു നാടു മുഴുവൻ കൈത്താങ്ങിനായി നെട്ടോട്ടമോടുമ്പോൾ ചാക്കു നിറയെ സ്നേഹം വാരിത്തന്ന നൗഷാദ് എന്ന വഴിയോര വസ്ത്രവ്യാപാരി നമുക്ക് മാതൃകയാണ്.
പ്രളയജലമൊഴുകിയിറങ്ങുമ്പോൾ നമുക്ക് തുടച്ചു തീർക്കുവാൻ ഒട്ടേറെപ്പേരുടെ കണ്ണീർ കൂടിയുണ്ടെന്നത് ഓർക്കുക. രക്ഷപെട്ടോടിയവർ വെള്ളമിറങ്ങി വീട്ടിലെത്തുമ്പോൾ അവരെയൊക്കെ കാത്തിരിക്കുന്നത് കട്ട പിടിച്ച ചെളിയും വിഷപ്പാമ്പുകളുമാണ്. വിറക്കുമ്പോൾ പുതപ്പും വിയർക്കുമ്പോൾ തണുപ്പും മനുഷ്യനാണ്. പിന്നെയും പിന്നെയും മനുഷ്യനെ നെഞ്ചിലേക്കണച്ചു പിടിക്കുക. ആ നെറ്റിയിൽ ഉമ്മ കൊടുക്കുക. നിങ്ങളെനിക്ക് ഒരുപാട് പ്രിയപ്പെട്ട ആളും വിലപ്പെട്ട ആളും ആണെന്ന് പറയുക. വെയിലുപോലെ സ്നേഹഭാഷയുടെ കൈവഴികൾ വളർന്നു വരട്ടെ. അതിജീവിക്കാനായി നമുക്കും ഒരിക്കൽ കൂടി കൈകോർക്കാം ഒപ്പം മഴയെ നമുക്ക് ശപിക്കാതിരിക്കാം. കാരണം മഴ നമ്മുടെ ജീവജലദായിനിയാണ്.