ADVERTISEMENT

ഇന്നെന്താണു പറയണമെന്നു വിചാരിച്ചത്? നമ്മുടെ സമൂഹത്തിലെ ചില ആളുകളെ കുറിച്ചാണ്. അവർക്ക് വേറൊരു പണിയുമില്ല. എന്തിനെയും വിമർശിക്കും. വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ. അവരെ സംബന്ധിച്ച് ന്യായാധിപനും വക്കീലും കോടതിയുമെല്ലാം അവർ തന്നെ. ആരെയും കുറ്റം പറയുമെന്നു മാത്രമല്ല, ആരെക്കുറിച്ചും എന്തുമങ്ങു പറഞ്ഞുകളയും. സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി മനപൂർവം മറ്റുള്ളവരെ തിരഞ്ഞു പിടിച്ചു വേട്ടയാടും. ആരെയെങ്കിലും ടാർഗറ്റ് ചെയ്താൽ ഊഹാപോഹത്തിന്റെയും അഭ്യൂഹങ്ങളുടെയും വാരിക്കുഴികൾ സൃഷ്ടിച്ച് ഇരകളെ അതിൽ കൊണ്ടുവന്ന് ചാടിക്കും. ദുരൂഹതയുടെ ഒരു മറ. ഗോസിപ്പുകളുടെയും നിറം പിടിപ്പിച്ച കഥകളുടെയും വിഷവാതകം മറ്റുള്ളവരിലേക്ക് കടത്തിവിടും, വേണമെങ്കിൽ ആടിനെ വരെ പട്ടിയാക്കിക്കളയും. നായാട്ടുകാരെപ്പോലെയാണിവർ.

 

വേട്ടമൃഗത്തെ ഓരോ തവണയും കുത്തി കുത്തി മുറിവേൽപ്പിക്കുമ്പോൾ നായാട്ടുകാരനറിയില്ലല്ലോ പിടയുന്ന മൃഗത്തിന്റെ പ്രാണവേദന. ആ സമയത്ത് അതിന്റെ വേദനയും രോദനവും പിടച്ചിലും ശരീരത്തിലെ മുറിവുകളിലുടെ ഒഴുകിയിറങ്ങുന്ന രക്തവുമൊക്കെ കണ്ട് കണ്ണും മനസ്സും കുളിർപ്പിക്കുന്നവർ. പലപ്പോഴും നമ്മളൊക്കെ അങ്ങനെയുള്ള വേട്ടമൃഗങ്ങൾ ആകാറുണ്ട്, അല്ലേ? നമ്മുടെ പിറകെ നിഴലു പോലെ നായാട്ടുകാരുമുണ്ട്. ചിലപ്പോൾ നമുക്കവരെ നേരിട്ട് കാണാൻ കഴിഞ്ഞെന്നു വരില്ല. ഇനി മറ്റുചിലരോ, മുഖമില്ലാത്തവരാകാം, ചതിയുടെയും വഞ്ചനയുടെയും ആൾരൂപമായ ഒളിപ്പോരാളികൾ. ഇവരുടെ പ്രധാന ഹോബി മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. നമ്മൾ കണ്ടിട്ടില്ലേ, ചിലപ്പോൾ ചില പ്രമുഖ വ്യക്തികളെ സംശയത്തിന്റെ മുൾമുനയിൽ കുത്തിനിർത്തുന്നത്. അപ്പോൾ ഒരു ജനശ്രദ്ധ കിട്ടും . അതുമാത്രമാണ് ഇങ്ങനെയുള്ള സ്ഥാപിത താൽപര്യക്കാരുടെ ലക്ഷ്യം. അതിൽനിന്നു ലഭിക്കുന്ന ഒരു താൽക്കാലിക ലാഭം മതി ,അവർ എന്തു കഥകളും മെനയും. പൊടിപ്പും തൊങ്ങലും വേണ്ടത്ര നിറക്കൂട്ടുകളും ചേർക്കും. ഇങ്ങനെയൊക്കെയുള്ളവരെ നാം എങ്ങനെ കാണണം? വെറും വഴിപോക്കരായി മാത്രം കാണുക.

 

ഇവരുടെയൊക്കെ നാവും പ്രവൃത്തിയുമാകുന്ന ആയുധങ്ങളെ വെറും വിടുവായത്തരമായി മാത്രം കണ്ടാൽ മതി. നമ്മളതിനൊക്കെ വില കൊടുക്കാൻ പോയാൽ ബലി കൊടുക്കേണ്ടി വരുന്നത് നമ്മുടെയൊക്കെ വിശ്വാസ്യതയും വിവേകവുമൊക്കെയായിരിക്കും. ഒന്നു മനസ്സിലാക്കുക. എല്ലാ വിമർശകർക്കും സ്വന്തമായ ഉദ്ദേശ്യങ്ങളും ഗൂഢലക്ഷ്യങ്ങളുമുണ്ടാകും. അങ്ങനെയുള്ള വിചാരണക്കാർക്കെല്ലാം കാഴ്ചക്കാരുടെ വേഷമായിരിക്കും. അവയെ വിലമതിക്കണോ വിസ്മരിക്കണോ എന്നതു കേൾവിക്കാരന്റെ വകതിരിവാണ്. സ്വയം പ്രവർത്തനശേഷി നശിച്ചതുകൊണ്ട്, കർമനിരതരായ ആളുകൾക്ക് ഒളിയമ്പുകൾ കൊണ്ട് പ്രതിബന്ധങ്ങൾ തീർക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതുപോലുള്ള എല്ലാ ദോഷൈകദൃക്കുകളുടെയും വായടപ്പിക്കാൻ നിന്നാൽ നമ്മുടെ യാത്ര പാതിവഴിയിൽ മുടങ്ങുകയേയുള്ളൂ.

 

സ്വന്തം തീരുമാനങ്ങളെയും ലക്ഷ്യങ്ങളെയും മുറുകെപ്പിടിക്കുക എന്നതു മാത്രമല്ല, വിഘ്നങ്ങളും പ്രലോഭനങ്ങളും സൃഷ്ടിക്കുന്നവയെ ഒഴിവാക്കുകയും വേണം. ഇതൊക്കെയാണ് ജീവിതത്തിന്റെ തുടർയാത്രകൾക്കുള്ള മന്ത്രം. നമ്മൾ നമ്മുടെ മനസ്സാക്ഷിയെ മാത്രം കൂടെ കൂട്ടിയാൽ മതി. അഭിപ്രായം ചോദിക്കേണ്ടത് ആരോടാണ്? ജീവിതത്തിൽ അനുഭവസമ്പത്തുള്ളവരോടു ചോദിക്കാം. കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും അനുഭവിച്ചറിഞ്ഞവരും പറയുന്നതു വ്യത്യസ്തമായ കഥകളായിരിക്കും. പൂർണബോധമില്ലാതെ പകർന്നു നൽകുന്നവയെല്ലാം പെരുവഴികൾ മാത്രമേ നമുക്ക് സമ്മാനിക്കൂ. മറ്റുള്ളവരുടെ ഊഹാപോഹങ്ങളെക്കാൾ ഉറപ്പും ഉത്തരവാദിത്തവും നമ്മുടെ നിഗമനങ്ങൾക്കുണ്ടാവണം. നിശ്ചയിച്ചുറപ്പിച്ചവയോട് നിർബന്ധബുദ്ധിയോടെ പുലർത്തുന്ന നിലപാടുകളാണ് എത്ര അസ്ഥിരമായ യാത്രകൾക്കിടയിലും നമ്മുടെ കാലടികളെ ഉറപ്പുള്ളതാക്കുന്നത്. പലരും പറഞ്ഞതിന്റെ പേരിൽ പതിരു കതിരാകില്ല. ആരും അംഗീകരിക്കാത്തതിന്റെ പേരിൽ കതിരിനു കാമ്പു നഷ്ടപ്പെടുകയുമില്ല. സ്വന്തം വിധിന്യായങ്ങളെ മാത്രം വിശ്വസിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്, എല്ലാവരുടെയും ജീവിതത്തിൽ. തനിക്കു മാത്രമുണ്ടായ അനുഭവങ്ങളിലൂടെയും വഴികളിലൂടെയും തനിച്ചു നടക്കുമ്പോൾ ഗാലറിയിലിരിക്കുന്നവരോട് എന്ത് അഭിപ്രായം ചോദിക്കാൻ? കണ്ണടച്ചിരിക്കുന്നവർ വഴി പറഞ്ഞു തന്നാൽ കാതു കേൾക്കാത്തവനെപ്പോലെ കടന്നു കളയണം. ഇത് എന്റെ അനുഭവമാണ്. ഇത് ഞാൻ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു

 

ജീവിതത്തിൽ നമ്മളെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ ശരികൾ വിശദീകരിക്കേണ്ട ആവശ്യം ഇല്ല, കാരണം നമ്മുടെ ശരികളിലും അവർ കുറ്റം കണ്ടെത്തും. അവർക്ക് ഇഷ്ടപ്പെടുന്നത് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന ചിലരോട് എന്തു വിശദീകരണം നൽകാൻ!

 

English Summary : Positive thoughts by Swami Gururethnam Jnana Thapaswi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com