കൃപയും ഇച്ഛാശക്തിയും
Mail This Article
ഉയരത്തിൽനിന്നുള്ള കൃപയും മനുഷ്യന്റെ ഇച്ഛാശക്തിയും സമ്യക്കായി സംയോജിച്ചാൽ ഭാവനാതീതമായ അദ്ഭുതങ്ങൾ സംഭവിക്കുകതന്നെ ചെയ്യും. മൃഗജാലങ്ങൾക്കൊന്നുമില്ലാത്ത ഒരദ്ഭുതശക്തി ദൈവം മനുഷ്യനു നൽകിയിട്ടുണ്ട്. അത് അവന്റെ ഇച്ഛാശക്തിയാണ്. അതുമൂലം അദ്ഭുതസാധ്യതകൾ അവന്റെ മുന്നിലുണ്ട്.
ഇച്ഛാശക്തിയുടെ വലിയ ശത്രു നിരാശയും അശുഭാപ്തി ചിന്തയുമാണ്. കഠിനമായ വിപരീത സാഹചര്യങ്ങളിലും ഇച്ഛാശക്തി ഉയർത്തിപ്പിടിക്കുന്നവൻ വിജയമകുടം ചൂടും.
ഒരു സ്കൂൾ വിദ്യാർഥിക്കുണ്ടായ ദുരനുഭവം വായിക്കുകയുണ്ടായി. അവന്റെ പിതാവു നഷ്ടപ്പെട്ട്, മാതാവിന്റെ സംരക്ഷണയിലും സ്നേഹവാൽസല്യത്തിലും കഴിയവേ സ്കൂളിൽവച്ചുണ്ടായ ഒരു തീപിടിത്തത്തിൽ ഇവനു മാരകമായ വിധത്തിൽ പൊള്ളലേറ്റു. വലിയ പ്രതീക്ഷ ആവശ്യമില്ലെന്നാണ് ഡോക്ടർ അവന്റെ അമ്മയോടു പറഞ്ഞത്. ജീവൻ കിട്ടിയാലും ആയുസ്സു മുഴുവൻ ശരീരം തളർന്നവനായി കഴിയേണ്ടിവരും. ഈ വാർത്ത ആ മാതാവിനെ നടുക്കിക്കളഞ്ഞു.
പക്ഷേ, ആ ബാലൻ മരിക്കാൻ ഒരുക്കമല്ലായിരുന്നു; തളർന്നവനോ തകർന്നവനോ ആയി തുടരാനും അവൻ ഇഷ്‌ടപ്പെട്ടില്ല. അവന്റെ ഇച്ഛാശക്തി സജീവമായി അവനിൽ ഉയർന്നു. നിരാശയോ പരാജയഭീതിയോ ഏഴയലത്തുപോലും വരാൻ അവൻ സമ്മതിച്ചില്ല. ഒരിക്കലും പരാജയപ്പെടാത്ത ദൈവകൃപയിലും അവൻ ആശ്രയമർപ്പിച്ചു. ഉണർന്ന ഇച്ഛാശക്തിയും അനിർഗ്ഗളമായ കൃപയും ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ അവൻ അപകടനില വേഗത്തിൽ തരണംചെയ്തു. ചികിൽസിച്ച ഡോക്ടറെയും അദ്ഭുതപ്പെടുത്തി അവൻ സുഖപ്രാപ്തിയിലേക്കു നീങ്ങുകയായി. താമസിയാതെ ആശുപത്രി വിടാൻ കഴിഞ്ഞു. പക്ഷേ അവന്റെ അരയ്ക്കു താഴോട്ടു ചലനശക്തിയില്ലാതായി. ശോഷിച്ച കാലുകൾ തൂങ്ങി ആടുന്നപോലെ മാത്രം.
ഭവനത്തിൽ ചക്രക്കസേരയിൽ മാത്രം. അപ്പോഴും അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു: ‘‘നീ എഴുന്നേൽക്കണം; എഴുന്നേറ്റു നിൽക്കണം. നിനക്കതിനു കഴിയും. വറ്റാത്ത ദൈവകൃപയും നിനക്കുണ്ട്.’’ പലർക്കും അവന്റെ ദയനീയാവസ്ഥയിൽ സഹതാപം തോന്നി. ചിലരൊക്കെ അതു പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, അതൊന്നും അവന്റെ ശുഭപ്രതീക്ഷയെയും ഇച്ഛാശക്തിയെയും കെടുത്താൻ അനുവദിച്ചില്ല.
മാസങ്ങൾ കഴിഞ്ഞു. ഒരുദിവസം അവൻ പൂർണധൈര്യം അവലംബിച്ച് ചക്രക്കസേരയിൽനിന്ന് എഴുന്നേറ്റു. തൂങ്ങിക്കിടക്കുന്നതുപോലുള്ള കാലുകൾ ഉപയോഗിച്ചു മുറ്റത്ത്, പതുക്കെ നടക്കാൻ തുടങ്ങി. അവന്റെ ശക്തമായ ഇച്ഛാശക്തിയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ദൈവകൃപയുടെയും പിൻബലത്തിൽ സ്വയമേ നടക്കാനും, പതുക്കെ ഓടാനും കഴിവ് ആർജ്ജിച്ചു.
1934 ഫെബ്രുവരിയിൽ ന്യുയോർക്ക് മഡിസൺസ്ക്വയറിൽ നടന്ന മൽസര ഓട്ടത്തിൽ ഈ യുവാവ് ഒന്നാം സമ്മാനത്തിനർഹനാകുകയും ചെയ്തു. അദ്ദേഹമാണ് ഇന്നു ലോകത്തിലെ വേഗമേറിയ ഓട്ടക്കാരനായി അറിയപ്പെട്ട ഡോ. ഗ്ലെൻ കണ്ണിങ് ഹാം.
കൺഫ്യൂഷ്യസിന്റെ വാക്കുകൾ ശ്രദ്ധേയമാണ്: ‘‘നമ്മുടെ ഏറ്റവും വലിയ സന്തോഷം നാം ഒരിക്കലും വീഴുകയില്ല എന്നതിലല്ല; പിന്നെയോ ഓരോ പ്രാവശ്യം വീഴുമ്പോഴും നാം കുതിച്ചെഴുന്നേൽക്കുന്നതിലാണ്.’’
പോസിറ്റീവ് ആയി ചിന്തിക്കുന്നതിനും ദൈവം നൽകിയ ഇച്ഛാശക്തി ശരിയായി പ്രയോഗിക്കുന്നതിനും കഴിഞ്ഞാൽ ഏതു വൈഷമ്യത്തെയും നേരിടാൻ കഴിയും. കൗമാരത്തിൽ മാത്രം എത്തിയ ദാവീദ്, ആടിനെ തീറ്റി നടക്കുന്നവനായിരുന്നു. അപ്പോഴാണ് ഇസ്രയേൽ ജനതയെ വെല്ലുവിളിച്ചും പോർവിളി നടത്തിയും കൂറ്റനായ ഗോലിയാത്ത് വലിയ ഭീഷണിയായി ഉയർന്നത്. ഭീമാകാരനായ അവനെ നേരിടാൻ ആരും ധൈര്യപ്പെടാതെ ഭീരുക്കളായി നിൽക്കുമ്പോൾ ബാലനായ ദാവീദാണ് ധീരതയോടെ ഗോലിയാത്തിനെ നേരിടാൻ മുതിർന്നത്. രണ്ടു കാര്യങ്ങളാണ് ദാവീദിനെ അതിനു സംപ്രാപ്തനാക്കിയത്. ഒന്ന്, ദൈവകൃപയിലും ദൈവശക്തിയിലുമുള്ള ദൃഢവിശ്വാസം. രണ്ട്, തന്റെ ഇച്ഛാശക്തി ഉദ്ദീപിപ്പിച്ച് മല്ലനെ നേരിട്ടു. കല്ലും കവിണയും പ്രയോഗിച്ച് മല്ലനെ തറപറ്റിച്ചു.
ഭീരുത്വവും നിരാശയും പരാജയബോധവും വെടിഞ്ഞ്, പ്രത്യാശയുടെയും വിജയത്തിന്റെയും ദീപനാളം ഉയർത്തിപ്പിടിക്കാം.