ADVERTISEMENT

ജീവിതത്തിൽ വിജയങ്ങളും ഔന്നത്യങ്ങളും പ്രാപിച്ചിട്ടുള്ള ഏറെ  ധന്യാത്മാക്കളും തുടർച്ചയായ പരാജയങ്ങൾ നേരിട്ടിട്ടുള്ളവരാണ്. പരാജയങ്ങൾ അവരെ ഭഗ്നാശരാക്കുകയോ, നിഷ്ക്രിയത്വത്തിലേക്കു തള്ളിവിടുകയോ ചെയ്തില്ല. മറിച്ച്, ശുഭാപ്തിവിശ്വാസത്തോടും ദൃഢചിത്തത്തോടും പരാജയങ്ങളെ നിർവീര്യമാക്കി വിജയത്തിലേക്കു മുന്നേറുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ പരിമിതികളിൽ നിന്നുയർന്നു വന്ന വ്യക്തിയാണ്. 

 

 

ഓട്ടമൊബീൽ രംഗത്തു പ്രശസ്തി ആർജിച്ച സോയ്ച്ചിറോ ഹോണ്ട ഏതാണ്ടു നാലു പതിറ്റാണ്ടുകൾ തുടർച്ചയായി പരാജയങ്ങൾ നേരിട്ട വ്യക്തിയാണ്. അദ്ദേഹം പ്രസ്താവിച്ചു: ‘‘എന്റെ ജീവിതത്തിലെ ആശ്ചര്യപ്പെടുത്തുന്ന വിനാഴിക, ഞാൻ പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ്. അപ്പോൾ എന്റെ മനസ്സ് വിജയത്തിലേക്കുള്ള പാത കണ്ടെത്താൻ പ്രചോദിപ്പിക്കുന്നു.’’

 

 

വാൾട്ട് ഡിസ്നി എന്ന പേരു കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. 1966ൽ 61–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രതിഭാസമ്പന്നനായ അദ്ദേഹത്തിന്റെ ആദ്യകാല സംരംഭങ്ങളൊക്കെ പരാജയമായിരുന്നു. 22 വയസ്സുള്ളപ്പോൾ മിസോറി‌യിലെ ഒരു പത്രസ്ഥാപനത്തിൽ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ, അധികം താമസിയാതെ അദ്ദേഹത്തെ അവിടെനിന്നു പിരിച്ചുവിട്ടു. കാരണം, ജോലിക്കാവശ്യമായ പ്രതിഭാമികവ് ഇല്ലെന്നതായിരുന്നു. 

 

 

അദ്ദേഹം സ്വന്തമായ ഒരു സംരംഭത്തിനു തുടക്കംകുറിച്ചു. അതിന്റെ പേര് ‘ലാഫ് ഒ ഗ്രാം’ (Laugh-O-gram) എന്നായിരുന്നു. നർമത്തിനു പ്രാധാന്യം നൽകി, അതിനുതകുന്ന ചിന്തകളും ചിത്രങ്ങളും ചേർത്തുള്ള പ്രസിദ്ധീകരണമായിരുന്നു. വൈകാതെ അതു പരാജയത്തിൽ കലാശിച്ചു. കടബാധ്യതകൾ വീർപ്പുമുട്ടിച്ചു. പിന്നീടു ലൊസാഞ്ചലസിലേക്കു താമസം മാറ്റി. അവിടേക്കു വരുമ്പോൾ പോക്കറ്റിൽ 40 ഡോളർ മാത്രം. കയ്യിലുള്ള ചെറിയ പെട്ടിയിൽ ഒരു ഷർട്ടും രണ്ട് അടിവസ്ത്രങ്ങളും രണ്ടു ജോടി കാലുറകളും വരയ്ക്കാനുള്ള ചില സാമഗ്രികളും മാത്രം.

 

 

അദ്ദേഹത്തിന്റെ  ചില ചിത്രങ്ങൾ ചിത്രവിതരണക്കമ്പനികളിലേക്ക് അയച്ചു. ഓസ്വാൾഡ് റാബിറ്റ് എന്ന ചിത്രം ജനശ്രദ്ധ പിടിച്ചുപറ്റി. നല്ല ഒരു പ്രസിദ്ധീകരണ കമ്പനിയിൽ ജോലി ലഭിച്ചു. അവിടെ കുറെനാൾ തുടർന്നപ്പോൾ അദ്ദേഹം ശമ്പളവർധന ആവശ്യപ്പെട്ടു. അത് അദ്ദേഹത്തെ പിരിച്ചുവിടാൻ കാരണമായി. വീണ്ടും ജീവിതം പ്രതിസന്ധിയിലായി.

 

 

അങ്ങനെ തികച്ചും നിസ്സഹായാവസ്ഥയിൽ എത്തിച്ചേർന്ന ഡിസ്നി സഹോദരൻ റോയി ഡിസ്നിയുമായി ചേർന്നു ഡിസ്നി ലാൻഡ് സ്ഥാപിച്ചു. മിക്കി മൗസ് എന്ന ചിത്രപരമ്പര ലോക പ്രശസ്തി നേടി. മിക്കി മൗസ് വിജയം കണ്ടപ്പോൾ, ഡോണൾഡ് ഡക്ക്, പ്ലൂട്ടോ തുടങ്ങിയ കാർട്ടൂൺ ഫിലിമുകളും നിർമിച്ചു. അപ്പോഴേക്കും ഡിസ്നിയുടെ കലാസൃഷ്ടികൾക്കു പ്രചുരപ്രചാരവും അംഗീകാരവും ലഭിച്ചു. 

 

 

പിന്നീടു ഡിസ്നി വേൾഡ് എന്ന വിനോദ പാർക്ക് നിർമിച്ചു. കുട്ടികളെ ആകർഷിക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന കേന്ദ്രമായി അതു മാറി. പ്രശസ്തങ്ങളായ പല അവാർഡുകളും ഡിസ്നിക്കു ലഭിക്കുവാൻ കാരണമായി. ഓസ്കർ അവാർഡ് ഇരുപത്തിരണ്ടു പ്രാവശ്യം കരസ്ഥമാക്കി എന്നു പറയുമ്പോൾ ആ സ്ഥാപനത്തിന്റെ വിജയവും ഔന്നത്യവും ഊഹിക്കാവുന്നതേയുള്ളൂ. തന്റെ സ്ഥാപനങ്ങൾ വിജയമകുടം അണിഞ്ഞശേഷം മാത്രമേ, ഡിസ്നി ലോകം വിട്ടുപിരിഞ്ഞുള്ളൂ.

 

 

പരമ്പരയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ ഒരു വ്യക്തി എങ്ങനെ വിജയസോപാനത്തിൽ എത്തി? നമ്മെ ചിന്തിപ്പിക്കേണ്ടതും പ്രചോദിപ്പിക്കേണ്ടതുമാണ്.

 

(1) പരാജയം നമ്മെ നിരാശരോ  നിഷ്ക്രിയരോ ആക്കാൻ അനുവദിച്ചുകൂടാ. നമ്മുടെ പ്രതീക്ഷകൾ മങ്ങിപ്പോകാൻ ഇടയാക്കരുത്. പരാജയം കൂടാതെ വിജയം സാധ്യമല്ല എന്നോർക്കണം. വിജയത്തിലേക്കുള്ള പാതയാണു പരാജയം.

 

(2) നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക. തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്.

 

(3) അർപ്പണബോധം – താൽപര്യവും ആഗ്രഹവും മാത്രം പോരാ. അവയെ ജ്വലിപ്പിക്കുവാനും പ്രവർത്തനക്ഷമ മാക്കുവാനും മതിയാവുന്ന അർപ്പണബോധം ആവശ്യമാണ്.

 

(4) ഉത്തമദർശനം (Vision in necessary) - വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും‌ തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജം പകരുന്നത്.

 

 

(5) വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല. നാമതിന്റെ പിന്നാലെ കുതിക്കുകയാണു വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും.

 

(6) നമ്മുടെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ഉത്തരവാദിത്തം നാം പൂർ‌ണമായി ഏറ്റെടുക്കുക. മറ്റുള്ളവരുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കാമെങ്കിലും നമ്മുടെ കർത്തവ്യത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകണം.

 

(7) എല്ലാറ്റിലുമുപരി, ഈശ്വരന്റെ കൃപാകടാക്ഷം സംരംഭങ്ങളിൽ ഉണ്ടാകാനുള്ള ആശ്രയബോധവും പ്രാർഥനാനുഭവവും പുലർത്തണം.

 

English Summary : Why is failure important for success?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com