ആർദ്രവാനായ ‘ഓട്ടോ രാജ’
Mail This Article
ഇവിടെ പ്രതിപാദിക്കുന്നത് ഒരു ഓട്ടോറിക്ഷാ തൊഴിലാളിയെപ്പ റ്റിയാണ്. ടി. രാജ എന്നു പേരുള്ള അയാൾ അറിയപ്പെടുന്നത് ‘‘ഓട്ടോ രാജ’’ എന്ന നാമത്തിലാണ്. അയാൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ബെംഗളൂരുവിലാണ്. ആ വ്യക്തിയെപ്പറ്റി വായിച്ചപ്പോൾ കോട്ടയം പൗരാവലിക്കു പ്രിയങ്കരനായ പി.യു.തോമസിനെ ഓർത്തുപോകുന്നു. ഇരുവരുടെയും ചേതോവികാരവും മാനവിക ദർശനവും ആർദ്രതാ പ്രവർത്ത നവും സമാനതയുള്ളതായി കാണാം.
ബെംഗളൂരുവിന്റെ പ്രാന്തത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് രാജ ജനിച്ചത്. നന്നേ ചെറുപ്പത്തിൽ തന്നെ അവന്റെ മനോഭാവവും ദർശനവും വെളിപ്പെടുത്തുന്നതായി രുന്നു അവന്റെ പെരുമാറ്റം. മാതാപിതാ ക്കൾക്കും മറ്റുള്ളവർക്കും അത് അപ്രിയമായിരുന്നു. തെരുവിന്റെ ഓരത്തും മരച്ചുവട്ടിലും മറ്റും കഴിയുന്ന നിസ്സഹായരുമായി അവൻ സമ്പർക്കം പുലർത്തുകയും അവരുടെ ദുഃസ്ഥിതിയിൽ സഹതാപം പ്രകടിപ്പി ക്കുകയും ചെയ്തു. രോഗികളും അവശരും പട്ടിണിക്കാരുമായ അവരെ എങ്ങനെ സഹായിക്കാമെന്നുള്ളത് രാജയുടെ ചിന്താഭാരമായി.
രാജയ്ക്ക് ഒരു ഓട്ടോ ഡ്രൈവർ ആകാൻ കഴിഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓട്ടം പോകുമ്പോ ൾ നിരാലംബരായ വഴിയോരക്കാരെ കാണും. കഴിയുമ്പോഴൊക്കെ അവർക്കു ഭക്ഷ ണവും വെള്ളവും വസ്ത്രവും മറ്റും നൽകും. അവർക്കു നിഷേ ധിക്കപ്പെട്ട സ്നേഹവും കരുതലും സഹായവും നൽകുന്നതിൽ രാജ ഉത്സുകനായി. അതിൽ അയാൾ സംതൃപ്തിയും സന്തോഷവും കണ്ടെത്തി.
ഒരു ദിവസം തെരുവോരത്തിൽ കഴിഞ്ഞ രോഗിയും അവശനു മായ ഒരു വയോധികനെ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു. ആ കൊച്ചുഭവനത്തിൽ ആ ‘അതിഥി’ക്കു നൽകാൻ സ്ഥലസൗകര്യമൊട്ടുമില്ലായിരുന്നു. ഓട്ടോയിടുന്ന സ്ഥലത്തിന്റെ ഒരു വശത്ത് സൗകര്യമുണ്ടാക്കി. ആദ്യമായി ചെയ്തത്, ആ വയോധികന്റെ മുടി വെട്ടി, കുളിപ്പിച്ച്, മുറിവുകളൊക്കെ കെട്ടി, ഭക്ഷണവും നൽകി. രാജയുടെ കുടുംബാംഗങ്ങൾക്കും അയൽക്കാർ ക്കും അയാളുടെ പ്രവൃത്തി കേവലം ‘ഭ്രാന്ത്’ എന്ന് ആയിരുന്നു വിലയിരുത്തൽ. അവർ രാജയെ അമർഷ ത്തോടും ഈർഷ്യയോടും വീക്ഷിച്ചു. രാജയുടെ പലദിവസത്തെ പരിചരണത്തിനും ശുശ്രൂഷയ്ക്കും ശേഷം ആ വയോധികൻ ഒന്നു പുഞ്ചിരിച്ചു. അതു കണ്ടത് രാജയ്ക്ക് വലിയ സന്തോഷവും സംതൃപ്തിയുമുണ്ടായി.
ആ പുഞ്ചിരിയും കൃതജ്ഞതയുടെ പ്രതികരണവും രാജയ്ക്ക് ഊർജം പകർന്നു. പുതിയ സംരംഭത്തിനു തുടക്കം കുറിച്ചു. ബെംഗളൂരുവിന്റെ പ്രാന്തത്തിൽ തന്നെ ഒരു പുതിയ ഭവനം കണ്ടെത്തി അതിൽ 13 പേർക്ക് അഭയമരുളി പ്രവർത്തനമാരംഭിച്ചു. ന്യൂ ആർക്ക് മിഷൻ ഓഫ് ഇന്ത്യ എന്ന പേരാണു സ്ഥാപനത്തിനു നൽകിയിട്ടുള്ളത്. വേഗത്തിൽ അതു വളർന്ന് ഇപ്പോൾ 750 അന്തേവാസികളുടെ അഭയകേന്ദ്രമായി.
കർണാടക സർക്കാർ ഒരു ഏക്കർ സ്ഥലം സൗജന്യ നിരക്കിൽ നൽകി പ്രോത്സാഹിപ്പിച്ചു. മുൻപ് ഓട്ടോറിക്ഷ യിലാണ് രാജ അഭയാർഥികളെ സ്ഥാപനത്തിലേക്കു കൊണ്ടുവന്നിരുന്നത്. ഇപ്പോൾ ‘എൻജിഒ സംഘടന’ ഒരു ആംബുലൻസ് വാങ്ങി നൽകിയിട്ടുണ്ട്. കൂടാതെ ഗവൺമെന്റിന്റെ ആംബുലൻസും സൗജന്യമായി ഈ സ്ഥാപനത്തിനുവേണ്ടി സേവനം നടത്തുന്നു.
സമാനമായ കഥയാണു കോട്ടയത്ത് നവജീവൻ എന്ന മഹത്തായ പ്രസ്ഥാനത്തിന്റേതും. ഒരു വ്യക്തിയുടെ ഹൃദയത്തിൽ സ്നേഹത്തിന്റെയും ആർദ്രതയുടെയും വികാരം ജ്വലിക്കുകയും അതു സേവനത്തിന്റെ കരങ്ങൾ നീട്ടപ്പെടുന്നതിന് ഇടയാവുകയും ചെയ്ത കാര്യമാണ്. അർപ്പണ ബോധത്തോടും ആത്മാർഥതയോടും പരസ്നേഹത്തോടും മുന്നോട്ടു വരുമ്പോൾ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹത്തിൽ നിന്ന് സഹായത്തിന്റെയും സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പിന്തുണ ലഭിക്കുമെന്നുള്ള വലിയ സാക്ഷ്യമാണ് മേൽപറഞ്ഞ രണ്ടു സ്ഥാപനങ്ങളും ലോകത്തിനു നൽകുന്നത്.
നമ്മുടെ കൺമുന്നിൽ അവശതയിലും ക്ലേശങ്ങളിലും കഴിയുന്നവരെ ഗൗനിക്കാതെ സ്വാർഥതയിൽ ജീവിക്കുന്ന അനുഭവത്തെ ക്രിസ്തു നിശിതമായി വിമർശിച്ചിട്ടുണ്ട്. അവിടുന്ന് ഒരു ഉപമയിൽ അതു വെളിപ്പെടുത്തുന്നു. ധനികനായ ഒരു മനുഷ്യൻ പട്ടുവസ്ത്രങ്ങളും ധരിച്ചു സുഭിക്ഷമായി ഭക്ഷിച്ച് ജീവിച്ചു. അയാളുടെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. ധനികന്റെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നു ജീവിച്ചു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കിയിരുന്നു. ധനികൻ ആരെയും ഉപദ്രവിക്കുകയോ ആരോടും അന്യായം പ്രവർത്തിക്കുകയോ ചെയ്തില്ല. പക്ഷേ, കൺമുന്നിലുള്ള ആ ദരിദ്രനെനോക്കാനോ സഹായകരം നീട്ടാനോ സന്നദ്ധനായില്ല. മരണശേഷം ധനികൻ നരകത്തിൽ പീഡയനുഭവിച്ചെന്നും ദരിദ്രൻ മരിച്ചപ്പോൾ അവനെ ദൈവദൂതന്മാർ പറുദീസയിലേക്ക് ആനയിച്ചു എന്നുമാണ് ആ കഥയിലുള്ളത്.
നല്ല സമരിയക്കാരന്റെ ഉപമയിലും യേശു അവശരെയും നിസ്സഹായരെയും സഹായിക്കുന്നതിന്റെ മഹത്വം ഉയർത്തിക്കാണിക്കുന്നു. വഴിയരികിൽ അക്രമികളാൽ പീഡിപ്പിക്കപ്പെട്ട് നിസ്സഹായനും അവശനുമായി കഴിഞ്ഞ ആളെ കണ്ടിട്ട്, സഹായകരം നീട്ടുമെന്നു കരുതപ്പെടുന്ന പുരോഹിതനും ലേവ്യനും ഗൗനിക്കാതെ പോയി. അപ്പോഴാണ് സമരിയക്കാരൻ അതുവഴി വന്ന്, അവശനായ വ്യക്തിയെ സഹായിക്കുന്നതും വഴിയമ്പലത്തിൽ എത്തിച്ച് ആവശ്യമായ എല്ലാ പരിചരണങ്ങളും ഉറപ്പാക്കുന്നതും.
ക്രിസ്തുവിൽ നിന്നു ലഭിച്ച പ്രചോദനവും പ്രബോധനവുമാണ് സാധുക്കളെയും രോഗികളെയും സഹായിക്കു ന്ന മിഷൻ പ്രവർത്തനങ്ങൾ ഉണ്ടാകാൻ കാരണം. ഓരോ വ്യക്തിയും തന്റെ ശ്രദ്ധയിലും നോട്ടത്തിലും എത്തു ന്ന നിസ്സഹായരെ കരുതാനും ആവതു പ്രവർത്തിക്കുവാനുമുള്ള പ്രേരണയാണ് ‘ഓട്ടോ രാജയെ’പ്പോലുള്ളവ ർ നമുക്കു നൽകുന്നത്. മറ്റുള്ളവരെപ്പറ്റിയുള്ള നമ്മുടെ സ്നേഹവും കരുതലും വാക്കിൽ ഒതുങ്ങുവാനല്ല; പ്രവൃത്തിയിൽ വരുത്തുകയാണു വേണ്ടത്.
English Summary : Life Story Of Auto Raja