‘മിറക്കിൾ’ വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക്

Dr.Carlton Armstrong Miracle
SHARE

ആറു വയസ്സുകാരി റോസ് തന്റെ നിക്ഷേപക്കുടുക്ക തുറന്നു നാണയങ്ങൾ എണ്ണാൻ തുടങ്ങി. മൂന്നു പ്രാവശ്യം എണ്ണി തിട്ടപ്പെടുത്തി – അഞ്ചര രൂപ. പിന്നീടു നാണയങ്ങൾ ഇനം തിരിച്ച് ഒന്നുകൂടി കൂട്ടി നോക്കി. തുകയ്ക്കു മാറ്റമില്ല. അവൾ അതൊരു കടലാസിൽ പൊതിഞ്ഞു. സൺഡേ സ്കൂളിൽ അധ്യാപിക നൽകിയ നിർദേശമായിരുന്നു – കയ്യിൽകിട്ടുന്ന നാണയത്തുട്ടുകൾ ഒരു സഞ്ചിയിലോ കുടുക്കയിലോ സൂക്ഷിക്കുക. ക്രിസ്മസ് വരുമ്പോൾ ആ തുക പാവപ്പെട്ട കുട്ടികൾക്കു സമ്മാനം നൽകാൻ ഉപയോഗപ്പെടുത്താം. 

അപ്രകാരം റോസ് സൂക്ഷ്മതയോടെ സംഭരിച്ച തുകയാണ്. അതുമായി അവൾ വീടിനു പുറത്തേക്കു പോയി. സമീപത്തുള്ള ഒരു മെഡിക്കൽ ഷോപ്പ് ആയിരുന്നു ലക്ഷ്യം. അവിടെ മൂന്നോ നാലോ പ്രാവശ്യം അമ്മയ്ക്കൊ പ്പം മുൻപു പോയിട്ടുള്ളതാണ്. എന്നാൽ, തനിച്ച് ഇതാദ്യം. അൽപമൊരു പരുങ്ങൽ ഉണ്ടായിരുന്നെങ്കിലും ധൈര്യം സംഭരിച്ചു ഷോപ്പുടമയെ നോക്കി. 

പക്ഷേ, അദ്ദേഹം മറ്റൊരാളോടു സംസാരിക്കുകയായിരുന്നു. ആ വ്യക്തിയെ അവൾ മുൻപു കണ്ടിട്ടില്ല. ഏതോ പ്രധാനപ്പെട്ട വ്യക്തിയാണെന്ന് വേഷവും ഭാവവും വെളിപ്പെടുത്തി. കയ്യിൽ ഒരു നല്ല ബാഗും ഉണ്ടായിരുന്നു. ഷോപ്പുടമയായ ജോണിന്റെ ശ്രദ്ധ തിരിക്കാൻ അവൾ ചുമച്ചു. ഫലമുണ്ടായില്ല. അവളൊരു നാണയമെടുത്തു മേശപ്പുറത്തുള്ള ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. അപ്പോൾ ജോൺ അവളെ ശ്രദ്ധിച്ചു. റോസ് വന്നത് രോഗിയായ തന്റെ ഇളയ സഹോദരനോടുള്ള സ്നേഹവും അവന്റെ രോഗത്തെപ്പറ്റിയുള്ള ഉത്കണ്ഠയും നിമിത്തമാണ്.

ജോൺ ചോദിച്ചു: ‘കുഞ്ഞേ നിനക്ക് എന്താണു വേണ്ടത്?’ ‘‘എനിക്ക് ഒരു ‘മിറക്കിൾ’ (അദ്ഭുതം) വേണം.’’ 

ജോൺ ആശ്ചര്യത്തോടും കൗതുകത്തോടും ചോദിച്ചു: ‘‘എന്ത്, മിറക്കിൾ വേണമെന്നോ?’’ ‘‘അതെ, ഒരു ‘മിറക്കിൾ’ എന്റെ ഇളയ സഹോദരൻ രോഗത്തിന്റെ വല്ലാത്ത അവസ്ഥയിലാണ്. അവനെ പരിശോ​ധിച്ച ഡോക്ടർ പറഞ്ഞത്, ഒരു മിറക്കിളിനു മാത്രമേ അവനെ സുഖപ്പെടുത്താൻ കഴിയൂ എന്നാണ്. ഞാൻ വന്നിരിക്കുന്നത് അതു വാങ്ങാനുള്ള പണവുമായാണ്. ഇതാ, എന്റെ കയ്യിലെ പണം!’’

ജോണിന്റെ സുഹൃത്ത് ആ കുട്ടിയുടെ മട്ടും ഭാവവും സംസാരവുമെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളിൽ പ്രത്യേക കൗതുകം തോന്നി, സ്വയമായി പറഞ്ഞു: ‘‘ഈ കുട്ടി ഒരു അസാധാരണക്കാരി തന്നെ.’’ ജോൺ ചോദിച്ചു: മിറക്കിൾ വാങ്ങാൻ നിന്റെ കയ്യിൽ എത്ര രൂപയുണ്ട്?’’ അവൾ മറുപടി പറഞ്ഞു: ‘‘എന്റെ സമ്പാദ്യമെല്ലാം കയ്യിലുണ്ട്. കൃത്യമായി ഞാൻ എണ്ണിയതാണ്. അഞ്ചര രൂപയുണ്ട്.’’ ഇതു പറഞ്ഞുകൊണ്ട്, ആ തുക ജോണിന്റെ നേർക്ക് അവൾ നീട്ടി.

ജോൺ പറഞ്ഞു: ‘‘മോളെ, ഈ തുകയ്ക്ക് മിറക്കിൾ  ഇവിടെയില്ല.’’ അപ്പോൾ അവൾ കെഞ്ചി: ‘‘അങ്കിൾ, ദയവായി അങ്ങനെ പറയരുത്. ഇത്രയും പണം പോരെങ്കിൽ ബാക്കി പണം ഞാൻ പിന്നെ തരാം. എന്റെ അങ്കിളും ആന്റിയും എനിക്കു ചോക്കലേറ്റ് വാങ്ങാനും മറ്റും തന്ന തുകയുണ്ട്. അതും ഞാൻ കൊണ്ടുതരാം. എന്തായാലും മിറക്കിൾ മരുന്ന് എനിക്ക് ഉടനെ വേണം.’’ പിന്തിരിയാത്ത ഭാവത്തോടും അടിയന്തരമായി നിറവേറ്റേണ്ട കാര്യമായിട്ടുമാണ് അവൾ നിലകൊണ്ടത്.

ഈ സമയം ജോണിന്റെ സുഹൃത്ത്, റോസിന്റെ സമീപമെത്തി. അവളുടെ കയ്യിൽ സ്നേഹത്തോടും വാത്സല്യ ത്തോടും പിടിച്ചുകൊണ്ടു ചോദിച്ചു: ‘‘നിന്റെ ഇളയ സഹോദരന്റെ പേരെന്താണ്? അവന്റെ രോഗമെന്താണ്?’’ അവൾ: ‘‘എന്റെ ഇളയ സഹോദരൻ ഡാനിയാണ്. അവനു വല്ലാത്ത അസുഖമാണ്. അവന്റെ തലയിൽ ഒരു വലിയ മുഴ. പരിശോധിച്ച ഡോക്ടർ പറഞ്ഞത് ഒരു വലിയ ഓപ്പറേഷൻ നടത്തിയേ മതിയാവൂ. അതിനു വലിയൊരു തുക വേണ്ടിവരുമെന്നും പറഞ്ഞു. 

ഡാഡിയും മമ്മിയും പറയുന്നത് ആ തുക ഞങ്ങളെക്കൊണ്ട് ആവുകയില്ല എന്നാണ്. ഒരു ‘മിറക്കിളി’നു മാത്രമേ ഡാനിയെ രക്ഷിക്കാൻ കഴിയൂ. ഡാഡിയും മമ്മിയും അറിയാതെ ഞാൻ വന്നതു മിറക്കിൾ വാങ്ങാനാണ്.’’

അദ്ദേഹം അവളുടെ കവിളിൽ തലോടിക്കൊണ്ടു പറഞ്ഞു: ‘‘ഡാനിയെ സുഖപ്പെടുത്താനുള്ള ശരിയായ മിറക്കിൾ എന്റെ പക്കലുണ്ട്. ആട്ടെ, നിന്റെ കയ്യിൽ എത്ര രൂപയുണ്ട്?’‌ ‘അഞ്ചര രൂപ!’ അവൾ പറഞ്ഞു.

‘‘നല്ലതു തന്നെ! ഡാനിയെ സുഖപ്പെടുത്താനുള്ള മരുന്നിന് ഈ തുക മതി. എനിക്കു നിന്റെ സഹോദരനെ ഒന്നു കാണണം.’’ അദ്ദേഹം അവളുടെ വീട്ടിലെത്തി. 

ഡാനിയെ ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ ശസ്ത്രക്രിയ നടത്തി. അവൻ പൂർണ സൗഖ്യം പ്രാപിച്ചു. ഈ സന്ദർശകൻ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു. അദ്ദേഹമാണ് ഡോ. കാൾട്ടൺ ആംസ്ട്രോങ്. ഷോപ്പുടമ ജോണിന്റെ വലിയ സുഹൃത്തായിരുന്നു. അദ്ദേഹം ശസ്ത്രക്രിയ സൗജന്യമായി ചെയ്തുവെന്നു മാത്രമല്ല, ആശുപത്രിയിലെ സകല ചെലവുകളും വഹിക്കുകയും ചെയ്തു.

ഈ കഥ പല സന്ദേശങ്ങളും നമുക്കു നൽകുന്നുണ്ട്. ബാല്യത്തിന്റെ നിഷ്കളങ്കത, ആത്മാർഥത, അർപ്പണ ബോധം. സൺഡേ സ്കൂൾ അധ്യാപികയുടെ നിർദേശം വളരുന്ന കുഞ്ഞുങ്ങൾക്കെല്ലാം മാതൃകയാക്കാവു ന്നതാണ്. കയ്യിൽ കിട്ടുന്ന പണം പാഴാക്കാതെ സംഭരിച്ചു വയ്ക്കുന്ന സ്വഭാവം ആത്മവിശ്വാസം വളർത്താൻ സഹായിക്കും. പ്രയാസത്തിലിരിക്കുന്ന ഒരാളെ സഹായിക്കണമെന്ന ആത്മാർഥ ചിന്ത ഉണ്ടാകുമ്പോൾ അതിനുള്ള പോംവഴി ദൈവം ഒരുക്കിത്തരും. യഥാർഥ സ്നേഹമാണ് സഹായത്തിന്റെ കരം നീട്ടാൻ നിർബന്ധിക്കുന്നത്.

ഡാനിയെ സുഖപ്പെടുത്തിയ ഡോക്ടറെപ്പോലെയുള്ള മനുഷ്യസ്നേഹികളും ഉദാരമതികളും ഇപ്പോഴും ഉണ്ടെന്നത് പ്രശംസാർഹമാണ്. ലഭിച്ച കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കു വിനിയോഗിക്കാനുള്ള ദർശനമാണു വേണ്ടത്. കോവിഡ് മനുഷ്യവർഗത്തെ ഭീതിയിൽ നിർത്തുമ്പോൾ, അർപ്പണബോധവും ത്യാഗസന്നദ്ധതയും ഉള്ളവർ മെഡിക്കൽ രംഗത്തുള്ളതാണ് ധൈര്യവും പ്രത്യാശയും പകരുന്നത്. അവരുടെ നിസ്വാർഥ സേവനത്തിനു നമോവാകം.

English Summary : Dr.Carlton Armstrong Miracle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.