മൂല്യശോഷണം ചെറുക്കാം
Mail This Article
കോഴയും അഴിമതിയും നുഴഞ്ഞുകയറ്റവും പക്ഷപാതവും പാർശ്വവർത്തികൾക്ക് അംഗീകാരവും എല്ലാം അരങ്ങു വാഴുന്ന ഒരു സമൂഹത്തിലാണു നാമിന്ന് എത്തിച്ചേർന്നിരിക്കുന്നത്. ഇവയ്ക്കെല്ലാം പുറമേയാണു കള്ളക്കടത്തും തുടർക്രിയയായിട്ടുള്ളത്. മൂല്യങ്ങൾ മുറുകെപ്പിടിക്കേണ്ട ഉന്നതസ്ഥാനീയർ പോലും ദൂഷിതവലയത്തിൽ എത്തിയിരിക്കുകയാണ്. പണം സമ്പാദിക്കാനുള്ള വ്യഗ്രതയിൽ മനുഷ്യത്വത്തെയും സദാചാര മൂല്യങ്ങളെയും അവഗണിക്കുന്ന പ്രവണത വർധിച്ചു വരുന്നു.
ജീവിതമൂല്യങ്ങളെ അവഗണിക്കുന്നതാണ് ഈ ദുഃസ്ഥിതിക്കു പ്രധാന കാരണം. മഹാത്മാ ഗാന്ധിയെ നാം സ്നേഹിക്കുന്നതും ആദരിക്കുന്നതും പല സദ്ഗുണങ്ങളുടെയും സമ്മോഹനമായ സമ്മേളനം അദ്ദേഹത്തിൽ കണ്ടതുകൊണ്ടാണ്. നമ്മുടെ ആദരവും ഭക്തിയും അനായാസേന മഹാത്മജിയിലേക്ക് ഒഴുകിയെത്തുന്നത് അദ്ദേഹം മുറുകെപ്പിടിച്ച ഉന്നതങ്ങളായ ജീവിതദർശനങ്ങൾ നമ്മെ ആകർഷിക്കുന്നതു കൊണ്ടാണ്.
താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കാനാണു മനുഷ്യൻ പ്രയത്നിക്കുന്നത്. ഒന്നിനും ആഗ്രഹമില്ലാതിരുന്നാൽ പ്രയത്നത്തിന് ഉത്സാഹവുമില്ലാതാകും. കാലദേശാവസ്ഥകൾക്ക് അനുസരിച്ച് ആഗ്രഹങ്ങളും മാറിക്കൊണ്ടിരിക്കും. ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗം ശുദ്ധമായിരിക്കണമെന്ന നിർബന്ധം എല്ലാവർക്കും ഉണ്ടായെന്നു വരില്ല. അവ എങ്ങനെയെങ്കിലും നേടണമെന്നു മാത്രമേ അധികം പേർക്കും വിചാരമുള്ളൂ.
മനുഷ്യന്റെ ഈ വീക്ഷണം ചരിത്രത്തിൽ ഉടനീളം കാണാം. സ്വന്തം കാര്യം സാധിക്കാൻ എന്തു നീചകർമങ്ങൾ ചെയ്യുന്നതിനും ഏതു ക്രൂരകൃത്യത്തിൽ ഏർപ്പെടുന്നതിനും അനേകർക്കും മടിയില്ല.
അതേസമയം, പ്രലോഭനങ്ങൾക്കു വിധേയരാകാതെ ആദർശങ്ങൾ മുറുകെപ്പിടിക്കുന്ന ചില ധന്യാത്മാക്കളെയും കാണാം. അവരാണു മനുഷ്യരത്നങ്ങൾ. ലോകാഭിവൃദ്ധിയുടെ താങ്ങുതൂണുകളായി നിൽക്കുന്നത് അത്തരക്കാരാണ്. ജീവിതമൂല്യങ്ങളെ സംബന്ധിച്ച് അവരെടുക്കുന്ന നിലപാടാണ് ഈ ഔന്നത്യം അവർക്കു കൈവരുത്തുന്നത്. ഇക്കാരണത്താൽ അവരുടെ ഉപദേശവും അനുഭവങ്ങളും കേൾക്കുവാൻ മറ്റുള്ളവർക്കു വലിയ താൽപര്യമായിരിക്കും.
അമേരിക്കയിലെ പ്രസിഡന്റുമാരുടെ കൂട്ടത്തിൽ ചില മഹദ്‌വ്യക്തികളുണ്ടായിട്ടുണ്ട്– മനുഷ്യരാശിക്ക് എന്നെന്നും മാർഗദർശികളായി തീർന്നിരിക്കുന്ന ലോകാചാര്യന്മാർ. തോമസ് ജെഫേഴ്സനാണ് അവരിൽ ഒരാൾ. അൻപത്തെട്ടാം വയസ്സിലാണ് അദ്ദേഹം പ്രസിഡന്റായത്. എട്ടു വർഷം ആ സ്ഥാനത്തുണ്ടായിരുന്നു. പ്രസിഡന്റ് എന്ന നിലയിലും അതിനു മുൻപും മഹത്തായ സേവനം അദ്ദേഹം നാടിനുവേണ്ടി അനുഷ്ഠിച്ചു. റിപ്പബ്ലിക് പടുത്തുകെട്ടിയിരുന്ന കാലമായിരുന്നു അത്. ധനസമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ കാലവും. അറുപത്തിയാറാമത്തെ വയസ്സിൽ പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിഞ്ഞു സ്വകാര്യ ജീവിതമാരംഭിച്ചപ്പോൾ ജെഫേഴ്സൺ പറഞ്ഞ വാക്കുകൾ ആദരണീയമാണ്; അനുകരണീയവും.
‘‘പൊതുസേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് എന്റെ സ്വകാര്യ മുതൽ വർധിപ്പിക്കുന്നതിനു ഞാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. എന്റെ കൈകൾ ഒഴിഞ്ഞതാണെങ്കിലും അവയിൽ യാതൊരു മാലിന്യവും പറ്റിയിട്ടില്ലെന്ന അഭിമാനം എനിക്കുണ്ട്.’’
എട്ടുവർഷം ഒരു നിർണായക ഘട്ടത്തിൽ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ആൾ പറഞ്ഞതാണ് ഈ വാക്കുകൾ എന്ന് ഓർക്കേണ്ടതുണ്ട്. പണമാണ് എല്ലാറ്റിലും വലുത് എന്ന് അദ്ദേഹം കരുതിയിരുന്നെങ്കിൽ അത്തരം വാക്കുകൾ അദ്ദേഹത്തിൽ നിന്നു പുറപ്പെടുകയില്ലായിരുന്നു. മാലിന്യം തട്ടാത്ത ആ കൈകൾ മാറത്തു വച്ചുകൊണ്ട് ആ വാക്കുകൾ ഉച്ചരിച്ചപ്പോൾ എന്തൊരു ആനന്ദമായിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയിരിക്കുക.
മനുഷ്യനെ ഉത്‌കൃഷ്ടവും ഫലപ്രദവുമായ ജീവിതം നയിക്കുന്നതിനു പ്രാപ്തരാക്കുകയാണ് എല്ലാ മതങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും ലക്ഷ്യമെന്നു ജെഫേഴ്സൺ വിശ്വസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതം നേർവഴിക്കു നയിക്കുന്നതിന് ആറു കാര്യങ്ങൾ ആവശ്യമാണ്.
1) ദൈവത്തിൽ വിശ്വസിക്കുക. 2) മാതാപിതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക. 3) അയൽക്കാരനോട് അനുഭാവത്തോടെ പെരുമാറാനും അവരെ സഹായിക്കാനും എപ്പോഴും സന്നദ്ധരാവുക. 4) അനീതി ഒരിക്കലും പ്രവർത്തിക്കാതിരിക്കുക. 5) സത്യത്തിൽ ഉറച്ചു നിൽക്കുക. 6) പ്രതീക്ഷകൾക്കനുസരിച്ചു കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ ഈശ്വരനെ പഴിക്കാതിരിക്കുക.
മനുഷ്യനെ സ്നേഹിക്കുകയും സേവിക്കുകയും ആയിരുന്നു ജെഫേഴ്സന്റെ മതം. ഈശ്വരന്റെ നിശ്ചയം ഇന്നതാണെന്നു മനഃസാക്ഷി പറഞ്ഞു കൊടുക്കുന്നതനുസരിച്ചു ജീവിതം നിയന്ത്രിക്കുന്നതിന് അദ്ദേഹം പരിശീലിച്ചിരുന്നു. അന്ത്യകാലത്ത് അദ്ദേഹത്തിനുണ്ടായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും രഹസ്യമിതാണ്.
നന്മ ചെയ്യാനുള്ള തൃഷ്ണയാണു സംസ്കാരത്തിന്റെ പ്രധാന ലക്ഷണം. ആരാണ് സംസ്കാര സമ്പന്നർ? തങ്ങളുടെ കാലത്തു പ്രചാരമുള്ള ഉന്നതമായ ആദർശങ്ങളനുസരിച്ചു ജീവിക്കുകയും അവ മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവരെക്കൊണ്ടു സ്വീകരിപ്പിക്കുന്നതിനും ശ്രമിക്കുന്നവർ. അത്തരം വ്യക്തികളുടെ സംഖ്യ വർധിക്കുന്നതിലാണു നാടിന്റെ അഭിവൃദ്ധിയും നാട്ടുകാരുടെ സൗഖ്യവും.
ജീവിതമൂല്യങ്ങളെ സൂക്ഷ്മമായി പുനഃപരിശോധന ചെയ്യേണ്ട കാലമാണിത്. ദീർഘകാലത്തെ അനുഭവം കൊണ്ടു രൂപപ്പെട്ടതാണ് നമ്മുടെ സദാചാരം. മൗലികങ്ങളായ മൂല്യങ്ങൾക്കൊന്നും മാറ്റം ഉണ്ടാകുന്നില്ല. ഉദാഹരണത്തിനു സത്യം, നീതി, സദാചാരം, ആത്മാർഥത ഇവയ്ക്കൊന്നും കാലാന്തരത്തിൽ മാറ്റം സംഭവിക്കുന്നവയല്ല. ഈ മൂല്യങ്ങൾ അവ അർഹിക്കുന്ന ഉയർന്ന നിലവാരത്തിൽ നിലനിർത്തുവാൻ നാം പരിശ്രമിച്ചേ മതിയാവൂ.
English Summary: Thoughts of the day column written by T.J.J, Live by Your Values