ADVERTISEMENT

നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന വാക്കുകളാണ് ‘ഞാൻ – എന്റെ – എന്നെ – എനിക്ക്’ എന്നിവ. ഈ വാക്കുകൾ എത്രകണ്ടു കുറച്ച് ഉപയോഗിക്കുന്നുവോ അത്രകണ്ട് അതു നമ്മുടെ വിനയം സൂചിപ്പിക്കുന്നു. നേരെ മറിച്ച് അവയുടെ ഉപയോഗം അതിരുകവിഞ്ഞ വിധത്തിലാകുമ്പോൾ അതു നമ്മെ അഹംഭാവികളാക്കും. 

തന്റെ നേട്ടങ്ങളും യോഗ്യതകളും മറ്റുള്ളവർ അറിയണമെന്ന ആഗ്രഹം ഒരാൾക്കുണ്ടാകുന്നതു സാധാരണയാണ്. എന്നാൽ, അതിനെപ്പറ്റി അയാൾ തന്നെ പറയുവാൻ തുടങ്ങുമ്പോൾ അതു കേൾക്കാനുള്ള ക്ഷമ മറ്റുള്ളവർക്ക് ഉണ്ടായെന്നു വരില്ല. അയാളെപ്പറ്റിയുള്ള മതിപ്പും കുറഞ്ഞുപോകും. ‘‘നിന്റെ നേട്ടങ്ങളെപ്പറ്റി നീ പ്രശംസിക്കരുത്. അതു മറ്റുള്ളവരുടെ വായിൽനിന്നു പുറപ്പെടട്ടെ.’’ എന്ന ആപ്തവാക്യം ഓർക്കുന്നതു നന്നായിരിക്കും.

തങ്ങളുടെ കഴിവിനെപ്പറ്റി ഘോഷിക്കുന്നവർ പലപ്പോഴും മറ്റുള്ളവരുടെ പോരായ്മകൾ അറിഞ്ഞോ അറിയാതെയോ ചൂണ്ടിക്കാണിക്കാൻ തൽപരരാണ്. നിങ്ങൾ എന്തു പറഞ്ഞാലും നിങ്ങളുടെ നേട്ടങ്ങളെപ്പറ്റി എത്ര തന്നെ പ്രഘോഷിച്ചാലും അതുകൊണ്ടു മറ്റുള്ളവർ വഞ്ചിക്കപ്പെടുകയില്ല. അവർ നിങ്ങളെ അളക്കുന്നതു നിങ്ങളുടെ പ്രവൃത്തി കൊണ്ടാണ്; നിങ്ങളുടെ സ്വഭാവം കൊണ്ട്.

ഒരാൾ തന്റെ നേട്ടങ്ങളെക്കുറിച്ച് അതിശയോക്തിയോടെ ചില പരിചയക്കാരോടു പറയുകയായിരുന്നു. പലരും ശ്രമിച്ചു പരാജയപ്പെട്ട കാര്യം താൻ നേടിയത് എങ്ങനെയാണ്. ഓരോ സംഭവം വിവരിക്കുമ്പോഴും അതിലെ പ്രധാന നായകൻ ‘ഞാൻ’ ആയിരിക്കും. ഈ വീമ്പുപറയൽ കുറെ നേരം കേട്ടതിനു ശേഷം ആ കൂട്ടത്തിലുണ്ടായിരുന്ന അക്ഷമനായ ഒരാൾ പെട്ടെന്ന് എഴുന്നേറ്റ് അയാളോടു പറഞ്ഞു: ‘‘നിങ്ങൾ ആരാണെന്നു ഞങ്ങൾക്കറിയാം. പിന്നെ എന്തിനാ ഇതൊക്കെ പറയുന്നത്.’’ ഇതു കേട്ടപ്പോൾ അയാൾ അമ്പരന്ന് അവിടെ ഇരുന്നു.

വീമ്പു പറഞ്ഞു മറ്റുള്ളവരിൽ തന്നെപ്പറ്റി വലിയ അഭിപ്രായം ജനിപ്പിക്കണം എന്നു വിചാരിക്കുന്ന ആൾ ആ പ്രവൃത്തി കൊണ്ടു നേരെ വിപരീത ഫലമാണുണ്ടാക്കുക. പൊങ്ങച്ചം പറയുന്നതിനു പകരം തന്നെപ്പറ്റിയും തന്റെ നേട്ടങ്ങളെക്കുറിച്ചും ഒന്നും പറയാതിരിക്കുന്ന ഒരു മനുഷ്യൻ മറ്റുള്ളവരുടെ ബഹുമാനത്തിനു പാത്രമാകാതിരിക്കയില്ല – അയാൾക്കു വല്ലതും നേടുവാൻ സാധിച്ചിട്ടുണ്ടെങ്കിൽ. 

അങ്ങനെയുള്ള ഒരു മനുഷ്യനെഓർക്കുന്നു– കാര്യശേഷിയും വിനയവുമുള്ള ഒരു നല്ല മനുഷ്യൻ. ഏറ്റ കാര്യം ഭംഗിയായും കൃത്യസമയത്തും ചെയ്യും. പല സംഗതികളിലും പരിചയം നേടിയിട്ടുള്ള ആളാണ് അദ്ദേഹം. എങ്കിലും ആ ഭാവമൊന്നും അദ്ദേഹത്തിനില്ല. തന്റെ നേട്ടങ്ങളെപ്പറ്റിയും ഒന്നും പറയുകയില്ല. എന്തൊരു ആകർഷണീയവും അഭിനന്ദനാർഹവുമായ സ്വഭാവമാ​ണത്.

ചിലർ തങ്ങൾക്കില്ലാത്ത വിനയം നടിച്ചുവെന്നു വരാം. അത് എളുപ്പത്തിൽ അറിയാനും സാധിക്കും. പല നല്ല കാര്യങ്ങളും ചെയ്ത ഒരു മനുഷ്യൻ താൻ ഒന്നും ചെയ്തിട്ടില്ല എന്നു നടിക്കേണ്ടതില്ല. അതിനെപ്പറ്റി പറയേണ്ടി വന്നാൽ തനിക്കു വല്ലതും സാധിച്ചിട്ടുണ്ടെങ്കിൽ അതു മറ്റുള്ളവരുടെ സഹായവും ഈശ്വരാനുഗ്രഹവും കൊണ്ടാണെന്നു പറയുമ്പോൾ അതിൽ ആർക്കും അത്ര അഭംഗി തോന്നുകയില്ല. ഒരു കെട്ടിടത്തിന് എത്ര കണ്ട് ഉയരം കൂടുന്നുവോ അത്ര കണ്ട് അസ്ഥിവാരത്തിന് ആഴവും ഉണ്ടായിരിക്കണം. 

സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന പർവതം പോലെയുള്ള ഹിമക്കട്ടകളെപ്പറ്റി കേട്ടിട്ടില്ലേ? പുറത്തു കാണുന്നത് അതിന്റെ ചെറിയ ഒരുഭാഗം മാത്രമാണ്. മറ്റെല്ലാം വെള്ളത്തിനടിയിൽ ആയിരിക്കും. അതുപോലെ മനുഷ്യന്റെ പദവിയും നേട്ടവും എത്രകണ്ടു കൂടുന്നുവോ അത്രകണ്ടു വിനയവും അയാളിൽ കൂടി വരണം. വിനയം ധാർമിക പ്രമാണങ്ങളിൽ അതിപ്രധാനമായ ഒന്നാണ്. അത് അനായാസേന മറ്റുള്ളവരെ ആകർഷിക്കും.

പലർക്കുമുണ്ട് മറ്റുള്ളവരുടെ കുറവുകൾ പെരുപ്പിച്ചു കാട്ടാനുള്ള വാസന. സ്വന്തം കുറ്റം അവർ ഒട്ടും അറിയുകയുമില്ല. 

എല്ലാവരെപ്പറ്റിയും ആക്ഷേപം പറയാനാണ് അങ്ങനെയുള്ളവർക്കു വാസന – ഈ ലോകത്തിൽ താൻ മാത്രമാണു പ്രാപ്തനും സത്യസന്ധനും കഴിവുള്ളവനും എന്നുള്ള ഭാവമാണ്. അവർക്ക് ഒരിക്കലും സംതൃപ്തിയില്ല. തന്റെ നേട്ടങ്ങൾ മറ്റുള്ളവർ അറിയുന്നില്ല; തന്റെ ഔന്നത്യം അവർ അംഗീകരിക്കുന്നില്ല എന്നുള്ള വിചാരം അത്തരക്കാരെ എപ്പോഴും അസ്വസ്ഥരാക്കും.

ഫ്രാൻസിസ് അസീസി എന്ന പുണ്യവാൻ വിനയത്തിനായി പ്രാർഥിക്കുന്നത് ഇവിടെ പ്രസക്തമാണ്: ‘‘ദൈവമേ, സമാധാനപാലനത്തിന് എന്നെ ഒരു ഉപകരണമാക്കണമേ! എന്റെ ഹൃദയത്തിൽനിന്നു വെറുപ്പിനെ അകറ്റി അതിന്റെ സ്ഥാനത്തു സ്നേഹത്തെ പ്രവേശിപ്പിച്ചാലും! ദ്രോഹിക്കുന്നവനു മാപ്പു നൽകാൻ എനിക്കു ശക്തി തരേണമേ. സംശയം എന്റെ മനസ്സിൽ ഉദിക്കുമ്പോൾ അതിനെ നീക്കി വിശ്വാസം എന്നിൽ നിറച്ചാലും! നൈരാശ്യം എന്നെ ബാധിക്കുമ്പോൾ ശുഭാപ്തിവിശ്വാസത്തിന് എന്നിൽ സ്ഥാനമുണ്ടാകട്ടെ. അന്ധകാരം ഉള്ളിടത്തു വെളിച്ചം ഉണ്ടാകട്ടെ! ദുഃഖത്തിനു പകരം സന്തോഷവും! ദൈവമേ, എന്നെ ആശ്വസിപ്പിക്കാനല്ല ഞാൻ അവിടുത്തോടു പ്രാർഥിക്കുന്നത്; മറ്റുള്ളവരെ ആശ്വസിപ്പിക്കാനുള്ള കഴിവ് എനിക്കു നൽകാനാണ്. എന്റെ ആവശ്യങ്ങൾ ശരിയായി ധരിക്കണേ എന്നല്ല, ഞാൻ അവിടുത്തോട് അപേക്ഷിക്കുന്നത്. മറ്റുള്ളവരുടെ ആവശ്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കാനുള്ള കഴിവ് എനിക്ക് ഉണ്ടാകണേ എന്നാണ്. എന്നെ സ്നേഹിക്കണേ എന്നു ഞാൻ അവിടുത്തോട് അപേക്ഷിക്കുന്നില്ല; മറ്റുള്ളവരെ സ്നേഹിക്കാൻ എനിക്കു കഴിയട്ടെ എന്നാണ് എന്റെ അപേക്ഷ. കൊടുക്കുന്നതിൽ നിന്നേ വാങ്ങാൻ കഴിയൂ. മറ്റുള്ളവർക്കു മാപ്പു കൊടുക്കുന്നതിൽ നിന്നേ എനിക്കു മാപ്പു ലഭിക്കുകയുള്ളൂ, മരണത്തിൽ നിന്നാണല്ലോ അനശ്വരത  കൈവരുന്നത്.’’

ഈ പ്രാർഥന അപഗ്രഥനം ചെയ്താൽ സ്വയത്തെ നിഹനിക്കാനും സ്നേഹം കൊണ്ടു നിറഞ്ഞു മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള അഭിവാഞ്ഛയാണ് മുന്നിട്ടു നിൽക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള ആഴമായ അവബോധവും സഹോദരരോടുള്ള സ്നേഹവുമാണ് ഒരുവനെ വിനയാന്വിതനും അഹന്തയിൽ നിന്നു വിമുക്തനുമാക്കിത്തീർക്കുന്നത്. അപ്പോൾ ‘‘ഈഗോയിസം’’ അപ്രത്യക്ഷമാകും.

English Summary: Thought of the day Column by TJJ - What is the importance of being humble?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com