ADVERTISEMENT

ഇന്നു ലോകവ്യാപകമായി മനുഷ്യസമൂഹത്തെ അലട്ടുന്ന ഒന്ന് കോവിഡിനെപ്പറ്റിയുള്ള ഭീതിയാണ്. ശീഘ്രഗതിയിലുള്ള അതിന്റെ വ്യാപ്തി, അനിയന്ത്രിതമായ അവസ്ഥാവിശേഷം, പ്രതിവിധി കണ്ടെത്താൻ കഴിയാത്ത ദുഃസ്ഥിതി ഇവയൊക്കെ ഭീതിയും ആശങ്കയും വർധിപ്പിക്കുന്നു. ‘‘കൊറോണ ഫോബിയ’’ എന്ന ശീർഷകത്തിൽ ഈ വിഷയത്തെപ്പറ്റി ഈ പംക്തിയിൽ മുൻപു പ്രതിപാദിച്ചിരുന്നു.

ഇവിടെ, സാധാരണ ജീവിതത്തിൽ പലപ്പോഴും പലവിധത്തിലും നമ്മെ അലട്ടുന്ന ഭയത്തെക്കുറിച്ചാണു പരാമർശിക്കുന്നത്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിത്യജീവിതത്തിൽ ഭയം നമ്മെ അസ്വസ്ഥരാക്കുന്നു. ഉണ്ടാകുമെന്നു നാം ഭയപ്പെടുന്ന ആപത്തുകൾ പലതും സംഭവിച്ചുവെന്നു വരില്ല. സംഭവിച്ചാൽത്തന്നെ വിചാരിച്ചിരുന്നത്ര മൂർച്ചയും ശക്തിയും അവയ്ക്കുണ്ടായില്ല എന്നു വരാം. അഥവാ വിപത്തു സംഭവിച്ചാൽ ഭയംകൊണ്ടാണോ നാം നേരിടേണ്ടത്? അതോ ധൈര്യത്തോടും നിറഞ്ഞ വിശ്വാസത്തിന്റെ ഉറപ്പോടുമാണോ? എന്തുതന്നെ സംഭവിച്ചാലും അതിനെ നേരിടാനുള്ള മനക്കരുത്താണു നമുക്കുണ്ടാവേണ്ടത്.

ഭയവും ഭീതിയും മനസ്സിനെ തപിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അവ ശരീരത്തെ ബാധിക്കുകയും ചെയ്യുന്നു. പല രോഗങ്ങൾക്കും അവ കാരണമാകുന്നുമുണ്ട്. മരണഹേതുക്കളായി തീർന്നേക്കാവുന്ന ഉദരരോഗങ്ങൾക്കും ഉറക്കമില്ലായ്മ, ശരീരം മെലിച്ചിൽ തുടങ്ങിയ മറ്റു പല രോഗങ്ങൾക്കും ഭയം വഴിവയ്ക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

ലോകയുദ്ധം നടന്നിരുന്ന കാലത്ത് ലണ്ടനിൽ ചെറിയ വീട്ടിൽ ഒരു വിധവ തനിച്ചു പാർത്തിരുന്നു. ജർമൻ വിമാനങ്ങൾ ഇടതടവില്ലാതെ ബോംബുകൾ രാപകൽ വർഷിച്ചുകൊണ്ടിരുന്ന സമയത്തുപോലും അയൽവാസികൾക്കു ധൈര്യവും ഉത്സാഹവും നൽകുവാൻ അവർ ശ്രമിച്ചുപോന്നു. 

‘‘ഒട്ടും ഭയപ്പെടാനില്ല, വിചാരിച്ച ആപത്ത് ഒന്നുമുണ്ടാവില്ല’’ എന്നു വലിയ അക്ഷരത്തിൽ എഴുതിയ ഒരു കാർഡ് വീടിന്റെ ഉമ്മറത്ത് അവർ തൂക്കിയിരുന്നു. ആ വഴി കടന്നുപോകുന്നവരെല്ലാം അതു വായിച്ച് മനോധൈര്യം  നേടാറുമുണ്ട്. നിർഭാഗ്യവശാൽ ഒരു ബോംബ് വീണത് വിധവ പാർത്തിരുന്ന കെട്ടിടത്തിന്മേലാണ്. അവർക്ക് ഒന്നും പറ്റിയില്ലെങ്കിലും വീടിന്റെ സകല ജനലുകളും വാതിലുകളും തകരുകയും അവിടെയുണ്ടായിരുന്ന സാധനങ്ങൾ മിക്കതും തവിടുപൊടിയാവുകയും ചെയ്തു. അയൽക്കാർ വന്നു നോക്കിയപ്പോൾ വീട്ടുടമ അതെല്ലാം അടിച്ചു വാരുകയായിരുന്നു. യാതൊരു പരിഭ്രമവും അവർക്കുണ്ടായിരുന്നില്ല. 

‘‘ഒന്നുമുണ്ടാവില്ല എന്നല്ലേ നിങ്ങൾ എഴുതിവച്ചിരുന്നത്. ഇപ്പോൾ ഉണ്ടായതെന്താ?’’ എന്ന് ഒരു അയൽവാസി തെല്ലു പരിഹാസസ്വരത്തിൽ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘‘ആ കാർഡിന്റെ മറുപുറം നോക്കൂ. അതു തിരിച്ചു വച്ചേക്കൂ.’’ മറുവശത്ത് ഇങ്ങനെ എഴുതിവച്ചിരുന്നു: ‘‘നമുക്ക് ഇതു സഹിക്കാനുമാകും.’’ എന്തൊരു അനുഗൃഹീതമായ മനഃസ്ഥിതിയാണിത്. ആപത്തിനെ ഭയപ്പെടാതിരിക്കുക– അതാണ് ആ ധീരവനിത നമ്മെ പഠിപ്പിക്കുന്നത്.

രണ്ടു കാര്യങ്ങളാണ് ഭയരഹിതമായ ജീവിതത്തിന് അടിസ്ഥാനമായിട്ടുള്ളത്. ഒന്ന്, ദൈവം നമുക്കു നൽകിയിട്ടുള്ള ഇച്ഛാശക്തി (Will Power). രണ്ട്, സർവശക്തനും സ്നേഹാർദ്രവാനുമായ ദൈവത്തിലുള്ള അചഞ്ചല വിശ്വാസം. ഏതു സാഹചര്യത്തെയും നേരിടാനും ഏതു പ്രശ്നത്തെയും അഭിമുഖീകരിക്കാനും ധൈര്യവും കരുത്തും നൽകുന്നത് ജ്വലിക്കുന്ന ഇച്ഛാശക്തിയാണ്. അതിനെ ബലപ്പെടുത്തുന്നതും പ്രവർത്തനക്ഷമമാക്കുന്നതും ഈശ്വരനിലുള്ള ദൃഢവിശ്വാസവും.

ബൈബിളിൽ ആവർത്തിച്ചു കേൾക്കുന്ന ഒരു സന്ദേശമുണ്ട്. ‘‘ഭയപ്പെടേണ്ടാ’’ (Fear not). പഴയനിയമത്തിൽ അറുപതു പ്രാവശ്യവും പുതിയ നിയമത്തിൽ പതിനഞ്ചു പ്രാവശ്യവും ആ സന്ദേശം ധ്വനിക്കുന്നു. ദൈവം നേരിട്ടു സംസാരിക്കുന്നതായും മാലാഖമാരിൽകൂടിയും ദൈവത്തിന്റെ പ്രതിപുരുഷന്മാരിൽകൂടിയും അരുൾ ചെയ്യുന്ന സന്ദേശമുണ്ട്. 

വ്യത്യസ്ത സാഹചര്യങ്ങളിലൂടെ, ആശങ്കാജനകമായ അനുഭവങ്ങളെ നേരിടുമ്പോഴെല്ലാം മുഴങ്ങുന്ന ശബ്ദമാണ് ‘‘ഭയപ്പെടേണ്ടാ’’ എന്നുള്ളത്. ദൈവത്തിന്റെ കരുണയിലും കരുതലിലുമുള്ള സമ്പൂർണ ആശ്രയമാണ് ഭയരഹിതമായ അനുഭവത്തിലേക്കു നമ്മെ നയിക്കുന്നത്. അവിടുന്നു കൽപിക്കുന്നു: ‘‘നീ ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്റെ ദൈവമാകുന്നു; ഞാൻ നിന്നെ ശാക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈ കൊണ്ട് ഞാൻ നിന്നെ താങ്ങും.’’ എരിയുന്ന അഗ്നികുണ്ഡത്തിൽ എറിയപ്പെട്ട മൂന്നു ബാലന്മാരോടുകൂടെ നാലാമത് ഒരാളായി ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അഗ്നിജ്വാലയിൽനിന്ന് അവരെ സംരക്ഷിച്ചു.

ദൈവത്തിലുള്ള സമ്പൂർണ വിശ്വാസത്തിന്റെ അനുഭവത്തിലെത്തുമ്പോൾ  ധൈര്യം മാത്രമല്ല, ദൈവസ്വഭാവത്തിന്റെ സവിശേഷതയായ സ്നേഹത്തിന്റെ വികാരവും നമ്മിൽ ശക്തിപ്പെടും. ‘സ്നേഹത്തിന്റെ വക്താവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന യോഹന്നാൻ ശ്ലീഹായുടെ ഒരു സാക്ഷ്യം ശ്രദ്ധേയമാണ്. ദൈവം സ്നേഹമാകുന്നു; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു... 

സ്േനഹത്തിൽ ഭയമില്ല, തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു. ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. സ്നേഹത്തിന് രണ്ടു മാനങ്ങൾ (Dimensions) ഉണ്ട്. ഒന്ന് ദൈവത്തോടുള്ള സ്നേഹം, മറ്റേത് സഹജരോടുള്ള സ്നേഹം. ഇവ രണ്ടും ഒരുമിച്ചു പോകേണ്ടതാണ്. ഈ സ്േനഹം നമ്മുടെ ഹൃദയത്തിൽ നിറയുമ്പോൾ ഭയം വിട്ടുപോകുന്നു എന്നു മാത്രമല്ല, ആന്തരികമായ സമാധാനവും ശാന്തിയും അനുഭവവേദ്യമാകുകയും ചെയ്യുന്നു.

കൊറോണഭീതി വ്യാപിച്ചിരിക്കുന്ന ഈ കാലയളവിൽ നമ്മുടെ ഇച്ഛാശക്തി ഉചിതമായ തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുന്നതിനും, ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും ഏതു സാഹചര്യത്തെയും നേരിടുന്നതിനും നമ്മെ പ്രാപ്തരാക്കും. അവിടുത്തെ ദിവ്യസ്നേഹം ഭയത്തെ പുറത്താക്കി, ശാന്തി നിറഞ്ഞ ഹൃദയത്തോടെ കഴിയാൻ നമ്മെ സഹായിക്കും. 

English Summary : How to overcome fear and anxiety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com