നാമെല്ലാം ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും സൗഖ്യവും സമാധാനവുമാണ്. അവ ലക്ഷ്യമാക്കിയാണ് നമ്മുടെ പ്രവൃത്തികളെല്ലാം. ഈ പ്രപഞ്ചത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു മഹാശക്തിയുണ്ട്. ചില നിയമങ്ങൾക്കനുസരിച്ചാണ് അവിടുത്തെ നിയന്ത്രണം. അതിനു നാം പ്രകൃതിനിയമങ്ങൾ എന്നു പറയുന്നു. ആ നിയമങ്ങൾക്കനുസരിച്ചു ജീവിതം നയിക്കുന്നതുകൊണ്ടാണ് നമുക്കു സൗഖ്യവും സമാധാനവും കൈവരുന്നത്. അതിനു വിപരീതമായ പ്രവൃത്തികൾ നമ്മെ ദുഃഖത്തിലേക്കും ആപത്തിലേക്കും തള്ളിവിടും.
കെട്ടുപിണഞ്ഞു കിടക്കുന്ന ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും മല്ലിടുകയാണല്ലോ, നാം ജീവിതത്തിൽ ചെയ്യുന്നത്. തെറ്റാണെന്നു തോന്നിയ കാര്യങ്ങൾ ചെയ്യാൻകൂടി നാം തുനിഞ്ഞേക്കാം. ആപത്തുണ്ടാക്കുമെന്ന് അറിഞ്ഞാൽ പോലും അധാർമിക പ്രവൃത്തികളിൽനിന്നു പിന്മാറാൻ പലപ്പോഴും നമുക്കു കഴിയുന്നില്ല. ജീവിതത്തെ സമഗ്രമായി നിയന്ത്രിക്കുന്നതിനു ചില ദൃഢനിശ്ചയങ്ങൾ വേണം. അതിനുള്ള കഴിവു ദൈവം നമുക്കു തന്നിട്ടുണ്ട്. അതു വേണ്ടപോലെ ഉപയോഗിച്ചാൽ മതി.
നാം അറിഞ്ഞിരിക്കേണ്ട ഒരു സത്യം നമ്മിൽ വ്യാപരിക്കുന്ന ദൈവത്തിന്റെ അദൃശ്യശക്തിയുണ്ട് എന്നതാണ്. ഒരു കുളത്തിൽ നിന്നു വലുതും ചെറുതും നല്ലതും ചീത്തയുമായ പാത്രങ്ങളിൽ ഒാരോരുത്തരും വെള്ളം എടുത്തുകൊണ്ടു പോകുന്നുവെന്നു കരുതുക. ഓരോ പാത്രത്തിലുമുള്ള വെള്ളത്തിന്റെ അളവും ശുദ്ധിയും ആ പാത്രത്തിന്റെ വലുപ്പത്തിനും വൃത്തിക്കും അനുസരിച്ചായിരിക്കും. ഒരേ കുളത്തിലെ വെള്ളമെങ്കിലും പാത്രങ്ങളുടെ വ്യത്യാസം കൊണ്ടു വെള്ളത്തിനു വ്യത്യാസം വരുന്നു. പാത്രത്തിനു ശുദ്ധി ഉണ്ടായാലേ വെള്ളത്തിനും ശുദ്ധിയുണ്ടാകൂ.
ജീവിതം വിജയകരവും ഫലപ്രദവുമാകണമെങ്കിൽ ചില മൂലപ്രമാണങ്ങൾ മുറുകെപ്പിടിക്കേണ്ടതുണ്ട്. നന്മയും തിന്മയും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതു നമ്മെ അറുതിയില്ലാത്ത ദുരന്തത്തിലേക്കു വലിച്ചിഴയ്ക്കും. നമ്മുടെ സാഹചര്യത്തിനും ലക്ഷ്യത്തിനും യോജ്യമായ വിധത്തിൽ പ്രായോഗിക മാർഗങ്ങൾ നാം തന്നെ നിശ്ചയിക്കണം. നമ്മുടെ നിയന്ത്രണത്തിനു വിധേയമല്ലാത്ത പലതും സംഭവിച്ചേക്കാം. അവയുടെ കരുത്തും മൂർച്ചയും നമുക്കു നിയന്ത്രിക്കാൻ കഴിഞ്ഞേക്കും. അവയെല്ലാം പരിഗണിച്ചു തന്നെയാണ് ജീവിതത്തിൽ സൗഖ്യവും സമാധാനവും ഉണ്ടാക്കുന്നതിനു ചില നിശ്ചയങ്ങൾ ആവശ്യമാണെന്നു പറയുന്നത്. നിശ്ചയങ്ങൾ ഉണ്ടായാൽ മാത്രം പോരാ. അവയ്ക്കനുസരിച്ചു ജാഗ്രതയോടെ പ്രവർത്തിക്കുകയും വേണം.
ലക്ഷ്യപ്രാപ്തിക്കു സഹായകമാകുന്ന ചില മാർഗങ്ങൾ സമാരാധ്യനായ ഒരു വ്യക്തി നിർദേശിക്കുന്നു.
(1) ഏതു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നുവോ അതിന്റെ നിർവഹണത്തിനായി സർവശക്തിയും ഉപയോഗിക്കുക. ഏറ്റകാര്യം ഭംഗിയായി ചെയ്യുന്നതിൽനിന്ന് സംതൃപ്തി ഉളവാകും.
(2) കൃത്യനിർവഹണത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടായെന്നു വരാം. ആത്മവിശ്വാസത്തോടെ അവയെ നേരിടുക.
(3) മറ്റുള്ളവരുമായി സഹകരിക്കാനും അവരെ സന്തോഷിപ്പിക്കാനും സന്നദ്ധരാകണം. ഭംഗിയായും ഉചിതമായും മറ്റുള്ളവരോടു പെരുമാറാൻ ശീലിക്കുന്നത് ഒരു കലയായി വളർത്തിയെടുക്കണം.
(4) നമുക്കു ശുഭാപ്തിവിശ്വാസമുണ്ടെന്ന ബോധ്യം മറ്റുള്ളവരിൽ ഉണ്ടാക്കണം. അത്തരക്കാരെ സഹപ്രവർത്തകർ വിശ്വസിക്കും. നേതൃത്വത്തിന്റെ അടിസ്ഥാനവും അതുതന്നെ.
(5) മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തരുത്. നേരമ്പോക്കു പറയുമ്പോൾ പോലും അതു മറ്റൊരാളെ തരംതാഴ്ത്താത്ത വിധത്തിലായിരിക്കണം.
(6) കുടുംബാംഗങ്ങളോടുള്ള ബാധ്യത ഒരിക്കലും വിസ്മരിക്കരുത്. അവരുടെ സൗഖ്യം നമ്മുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലുമാണെന്ന വസ്തുത എപ്പോഴും ഓർമയിൽ വയ്ക്കണം.
(7) നിസ്സാര കാര്യങ്ങളെപ്പറ്റി വേവലാതിപ്പെടരുത്. ഭയവും ആകാംക്ഷയും ചിലരുടെ കൂടപ്പിറപ്പാണ്. നിരന്തരം അവയോടു പൊരുതിയാൽ മാത്രമേ അവയെ അകറ്റി നിർത്താൻ കഴിയൂ.
(8) തീരുമാനിച്ചു പുറപ്പെടുന്നവർക്കു മാത്രമേ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ. വിജയിക്കാൻ മനസ്സുകൊണ്ട് ഉറച്ചാലേ വിജയം കൈവരികയുള്ളൂ. സൗഖ്യം എന്റെ ജന്മാവകാശമാണെന്ന വിശ്വാസമുണ്ടായാലേ അത് അനുഭവിക്കാൻ കഴിയുകയുള്ളൂ.
(9) നമ്മുടെ സൗഖ്യത്തിന്റെ അടിസ്ഥാനം മറ്റുള്ളവരുടെ സൗഖ്യത്തെ അധികരിപ്പിക്കുന്നതിലാണ്. അവരുടെ ദുഃഖഭാരം ലഘൂകരിക്കുന്നതിലും സന്തോഷം വർധിപ്പിക്കുന്നതിലും വലിയൊരു ആനന്ദം നമുക്കുണ്ടാകും. സംശയമില്ല.
(10) എല്ലാറ്റിലും ഉപരിയായ ഒന്നുണ്ട്–സർവശക്തനും ആർദ്രവാനും നമ്മെ സ്നേഹിക്കുകയും നമ്മുടെ സൗഖ്യത്തിനും സമാധാനത്തിനും വേണ്ടതെല്ലാം നൽകുകയും ചെയ്യുന്ന സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസം നിലനിർത്തണം. പ്രതിസന്ധികളിൽ വഴികാട്ടാനും ആവശ്യമായ ധൈര്യവും ഊർജവും പകരാനും അവിടുത്തേക്കു കഴിയുമെന്നുള്ള അചഞ്ചലമായ വിശ്വാസം, നമ്മുടെ സൗഖ്യത്തിനും സമാധാനത്തിനും സഹായകമായിരിക്കും.
English Summary : Web Column : Innathe Chintha Vishayam - How do you develop effective goals in life?