പൊതുരംഗത്തു പ്രവർത്തിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വിഷയമാണ് കാര്യക്ഷമത. കാര്യങ്ങൾ നിർവഹിക്കണമെങ്കിൽ, സ്ഥാപനങ്ങൾ വിജയകരമായി നടത്തണമെങ്കിൽ പ്രാപ്തിയും കാര്യക്ഷമതയും ഉള്ളവർ അവിടെത്തണം. കാര്യക്ഷമതയില്ലാത്തതുകൊണ്ട് ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും വേണ്ടവിധവും വേണ്ടസമയത്തും കാര്യങ്ങൾ നടക്കുന്നില്ല എന്ന പരാതികൾ ധാരാളം. അതതു സ്ഥാപനങ്ങളിലെ തലവന്മാർ കാര്യക്ഷമതയുള്ളവരെങ്കിൽ കാര്യങ്ങൾ യഥാസമയം കൃത്യമായി നടത്തപ്പെടും.
എന്താണു കാര്യക്ഷമത? അതു ചില ഗുണങ്ങളുടെ സമന്വയമാണ്. ആ ഗുണങ്ങൾ പരിശീലനം കൊണ്ട് ആർജിക്കാവുന്നവയുമാണ്. പക്ഷേ, അതിനുള്ള ആത്മാർഥമായ ആഗ്രഹവും പരിശ്രമവും ആവശ്യമാണ്. ഒരു രാഷ്ട്രമീമാംസകന്റെ ദർശനങ്ങൾ:
1) ചുറ്റും നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയാനുള്ള കഴിവാണ് ആദ്യം വേണ്ടത്. അതിനു തീക്ഷ്ണമായ ജാഗരൂകത അനിവാര്യമാണ്. കണ്ണും ചെവിയും എപ്പോഴും തുറന്നിരിക്കണം എന്നർഥം. ഇൗ സ്വഭാവം നിങ്ങൾക്കില്ലെങ്കിൽ അതുണ്ടാക്കുവാൻ ശ്രദ്ധിക്കണം. ജീവിതത്തോടു കൂടുതൽ താൽപര്യമുളവാക്കാനും പ്രവൃത്തിക്ക് ഉത്സാഹമുണ്ടാക്കാനും ഇൗ സ്വഭാവം വളരെയേറെ സഹായകമാണ്.
2) വസ്തുതകൾ പൊതുവായി അറിഞ്ഞിരുന്നാൽ മാത്രം പോരാ. അവയുടെ വിശദാംശങ്ങളിലേക്കു ശ്രദ്ധ പതിയേണ്ടതുണ്ട്. ഒരു സ്ഥാപനത്തിന്റെ മേധാവിയെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രസക്തമാണ്. ഉദാഹരണത്തിന്, ഒരു സമ്മേളനം സംഘടിപ്പിക്കാനുള്ള ചുമതല ലഭിച്ചു എന്നിരിക്കട്ടെ. അതു സംബന്ധിച്ചുള്ള സമസ്ത കാര്യങ്ങളും ആലോചിച്ച് പൂർണചിത്രം മനസ്സിലുണ്ടാക്കണം.
3) കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു ശ്രദ്ധ പതിഞ്ഞതുകൊണ്ടു മാത്രമായില്ല. കാര്യത്തിന്റെ പല വശങ്ങളും തമ്മിലുള്ള ബന്ധത്തെയും പൊരുത്തത്തെയും ഒന്നിച്ചു കാണാനും അവ ഓരോന്നിനും അനുവദിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും, ഇതെല്ലാം തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ ഉണ്ടാകുന്ന സമഗ്രരൂപവും മനസ്സിൽ തെളിഞ്ഞു കാണണം.
(4) ഭാവനാശക്തി കാര്യക്ഷമതയുടെ പ്രധാന ഘടകമാണ്. ഓരോ സന്ദർഭവും താൻ ഏർപ്പെട്ടിരിക്കുന്ന കാര്യത്തിന്റെ വിജയത്തിനും താനുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കും എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നു മുൻകൂട്ടി കണ്ടറിയാൻ കഴിയുന്നവനേ വിജയം കൈവരൂ. ചിലരുടെ ഭാവനാശക്തിയുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന മിക്ക സുഖസൗകര്യങ്ങളും. ടെലിഫോണും കംപ്യൂട്ടറും വൈദ്യുതിയും മോട്ടർ വാഹനങ്ങളുമെല്ലാം ഉണ്ടായത് ഓരോരുത്തരുടെ ഭാവനയിൽ നിന്നാണ്. കാര്യസാധ്യത്തിനു പുതിയ മാർഗങ്ങൾ തേടണം. വളരെക്കാലമായി ഒരു മാർഗത്തിൽകൂടിയാണു പ്രവർത്തിച്ചിരുന്നത് എന്നതുകൊണ്ട് അതിനു പകരം മറ്റൊരു മാർഗമില്ലെന്ന് അർഥം വരുന്നില്ല. മുൻപത്തെപ്പോലെ തന്നെ നടക്കട്ടെ എന്നു വിചാരിച്ചാൽ പുരോഗതിയെവിടെ?
(5) മായാത്ത ഓർമശക്തിയാണ് കാര്യക്ഷമതയുടെ മറ്റൊരു വശം. പേരുകളും സ്ഥലങ്ങളും സംഭവങ്ങളും വളരെക്കാലം കഴിഞ്ഞിട്ടും ഓർമിക്കാൻ ശക്തിയുള്ള ചിലരെ കാണാം. അനുഗൃഹീതരാണവർ. ഒന്നിലധികം കോളജുകളുടെ പ്രിൻസിപ്പൽ സ്ഥാനം വഹിച്ചിരുന്ന ഒരു ശ്രേഷ്ഠ വ്യക്തിയെ ഓർക്കുന്നു. ആയിരത്തിലേറെ വിദ്യാർഥികളുള്ള സ്ഥാപനത്തിലെ ഓരോ വിദ്യാർഥിയുടെയും പേര് അദ്ദേഹത്തിനറിയാമായിരുന്നു. അനിതര സാധാരണമായ കഴിവെന്നു മാത്രമേ അതെപ്പറ്റി പറയാനാവൂ.
ഒരു സ്ഥാപനത്തിന്റെ തലവൻ തന്റെ കീഴിൽ ജോലി ചെയ്യുന്നവരുടെ പേരും അവരെപ്പറ്റിയുള്ള വിവരങ്ങളും അറിഞ്ഞിരിക്കേണ്ടതും ഓർമിക്കേണ്ടതും ആവശ്യമാണ്. തങ്ങളിൽ മേലധികാരികൾ താൽപര്യം കാണിക്കുന്നുവെന്നറിയുന്നത് കീഴ്‍ജീവനക്കാർക്കു സന്തോഷത്തിനും ഉത്സാഹത്തിനും വഴി നൽകുന്നതാണ്. പേരുചൊല്ലി വിളിക്കുന്നതുതന്നെ ഹൃദ്യമായ അനുഭവമാണ്.
(6) ക്ഷണത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നതു കാര്യക്ഷമതയുടെ ഒരു നല്ല വശമാണ്. എന്താണു ചെയ്യേണ്ടത്, എപ്പോഴാണു ചെയ്യേണ്ടത്, എങ്ങനെയാണു ചെയ്യേണ്ടത് എന്നറിയാതെ ആടിയുലയുന്ന മനസ്സിന് ഒന്നും തീരുമാനിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ല. അത്തരക്കാർക്കു മറ്റുള്ളവരെ നയിക്കാനുമാവില്ല. ഇത്തരം മനഃസ്ഥിതിക്കാർ ഒരു സ്ഥാപനത്തിന്റെയും ഒരു വകുപ്പിന്റെയും മേധാവിയാകാൻ യോഗ്യരല്ല. നമ്മുടെ പല ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇത്തരക്കാർ ആധിപത്യം വഹിക്കുന്നതാണ് സമൂഹത്തിന്റെ ദുർവിധി. വിഷമഘട്ടങ്ങൾ നേരിടുമ്പോഴാണ് തീരുമാനമെടുക്കാനുള്ള കഴിവ് എത്രയും പ്രകടമായി കാണേണ്ടത്. അവ അഭിമുഖീകരിക്കേണ്ട രീതിയെക്കുറിച്ച് ഉടനടി തീരുമാനമെടുക്കണം. ഇതാണ് നെപ്പോളിയനും ഗാന്ധിജിയും അതുപോലുള്ള മറ്റു മഹാന്മാരും നമ്മെ പഠിപ്പിക്കുന്നത്. സ്വന്തബുദ്ധിയിലും യുക്തിയിലും മാത്രം ആശ്രയിക്കാതെ, സകല ബുദ്ധിയെയും കവിയുന്ന ഇൗശ്വരകൃപയും നടത്തിപ്പും ആശ്രയിക്കുന്ന വിശ്വാസികളും ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. സ്വന്തം ബുദ്ധിയെ ഉദ്ദീപിപ്പിക്കുവാൻ ഇൗശ്വരകൃപ സഹായകമായിരിക്കും.
(7) ക്ഷണത്തിൽ തീരുമാനമെടുത്താൽ മാത്രം പോരാ, ഉടനെ പ്രവർത്തിക്കുകയും വേണം. നിങ്ങളെ ഒരു കാര്യം ഏൽപിച്ചാൽ അതു യഥാസമയം യഥാവിധി നിങ്ങൾ നിറവേറ്റുമെന്ന വിശ്വാസം മറ്റുള്ളവരിൽ ജനിപ്പിക്കത്തക്കവണ്ണം വർത്തിക്കണം. സ്വയം ഇങ്ങനെ ചെയ്യുന്നവർക്കേ മറ്റുള്ളവരെക്കൊണ്ടു പ്രവൃത്തി ചെയ്യിപ്പിക്കാനാവൂ. നീട്ടിവയ്ക്കുന്ന സ്വഭാവം കാര്യക്ഷമതയ്ക്കു നിരക്കുന്നതല്ല.
ഇവയെല്ലാം നമുക്ക് ഓരോരുത്തർക്കും സ്വായത്തമാക്കാവുന്ന ഗുണവിശേഷങ്ങളാണ്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ഭവനത്തിൽ സൗഖ്യവും ആഗ്രഹിക്കാത്തവരാരുമില്ല. ആഗ്രഹം സഫലമാക്കുന്നതിനുള്ള സ്വഭാവഗുണങ്ങളാണ് മുകളിൽ പരാമർശിച്ചവ. ആ ഗുണങ്ങൾ വളർത്തിക്കൊണ്ടുവരാൻ ഏവർക്കും കഴിയട്ടെ എന്നു പ്രാർഥിക്കുന്നു.
English Summary : Column Innathe Chintha Vishayam by TJJ