ADVERTISEMENT

പ്രകൃതിസംരക്ഷണം ഇന്ന് ആഗോളതലത്തിൽ തന്നെ ഗൗരവതരമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇന്നു പ്രകൃതിദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ചില കേന്ദ്രങ്ങൾ ദുരന്തഭൂമിയായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. ശാസ്ത്രവിജ്ഞാനത്തിലും സാംസ്കാരിക വളർച്ചയിലും സാമ്പത്തിക ഭദ്രതയിലും നാം ഒട്ടേറെ മുന്നേറിയിട്ടുണ്ട്. ഇക്കോളജിക്കൽ പ്രശ്നങ്ങൾ സജീവപഠനവിഷയമാക്കുന്നുമുണ്ട്.

നമ്മുടെ കൊച്ചുകേരളത്തിൽ പ്രകൃതി നശീകരണത്തിലാണ് അറിഞ്ഞോ അറിയാതെയോ നാം വ്യാപൃതരായിരിക്കുന്നത്. വനം വെട്ടി വെളുപ്പിക്കുകയും പാടശേഖരങ്ങളും ജലസംരക്ഷണ കേന്ദ്രങ്ങളും നികത്തി കോൺക്രീറ്റ് സൗധങ്ങൾ ഉയർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അടുത്ത സമയത്തുണ്ടായ പ്രളയക്കെടുതികളും പ്രകൃതിക്ഷോഭങ്ങളും നമുക്കു ദുരന്തങ്ങളുടെ മുന്നറിയിപ്പായി എടുക്കേണ്ടതാണ്.

അമേരിക്കയിലെ ആദിവാസികളിൽ പ്രകടമായിട്ടുള്ള പ്രകൃതിസ്നേഹവും പ്രകൃതിസംരക്ഷണത്തിനുള്ള ആവേശവും നമുക്കു പ്രചോദനം പകരുവാൻ പര്യാപ്തമാണ്. വെള്ളക്കാർ അമേരിക്ക കയ്യടക്കിയപ്പോൾ തദ്ദേശീയർ ക്രമേണ അപ്രത്യക്ഷമാകുകയായിരുന്നു. ഇന്നു ചെറുന്യൂനപക്ഷമായി ചില കേന്ദ്രങ്ങളിലൊക്കെ അവരെ കാണാം. അവർ നമ്മുടെ ആദിവാസികളെപ്പോലെ പല വർഗക്കാരും ഗോത്രക്കാരുമുണ്ട്. അവരെ പ്രകൃതിയുടെ മക്കൾ എന്നു വിശേഷിപ്പിക്കാം. പ്രകൃതിയെ ഏറെ സ്നേഹിക്കുന്നവരും പ്രകൃതിയുടെ മഹത്വത്തെ ഏറെ പ്രകീർത്തിക്കുന്നവരുമാണ്. അവരുടെ ചില നേതാക്കന്മാരുടെ പ്രസ്താവനകൾ കാലികപ്രസക്തിയുള്ളതാണ്. 

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച സീയാറ്റിൽ മൂപ്പൻ എഴുതുന്നു: ‘‘നിങ്ങളുടെ നഗരങ്ങളിൽ പ്രശാന്തമായ ഒരന്തരീക്ഷം ലഭ്യമല്ല. വസന്തകാലത്തെ പ്രകൃതിയുടെ മനോഹാരിത അവിടെയെങ്ങും ദൃശ്യമല്ല. വായുചലനത്തിൽ ഇലകൾ ഉയർത്തുന്ന മർമരശബ്ദമോ വാനമ്പാടികളുടെ സ്വരം കേൾക്കാനോ, ഒന്നും സാധ്യമല്ല. ശുദ്ധവായു ശ്വസിച്ചു മുന്നേറുമ്പോൾ അന്തരീക്ഷത്തിൽ അലതല്ലുന്ന സുഗന്ധം എത്ര ഹൃദയഹാരിയാണ്! ഞങ്ങൾക്കു വായു അമൂല്യമാണ്. കാരണം എല്ലാ ജീവജാലങ്ങൾക്കും ഒരേ വായു തന്നെയാണ് ആധാരമായിരിക്കുന്നത്. പക്ഷികൾക്കും മൃഗങ്ങൾക്കും വൃക്ഷലതാദികൾക്കും മനുഷ്യനും എല്ലാവർക്കും തന്നെ.’’ പ്രകൃതിയുമായുള്ള നമ്മുടെ ഗാഢബന്ധത്തെ അദ്ദേഹം ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നു.

ഓറൽ ലയോൺസ് എന്ന നേതാവിന്റെ പ്രസ്താവന ഇങ്ങനെ: ‘‘ഞങ്ങളുടെ ജീവിതശൈലിയിലും ഭരണചക്രത്തിന്റെ നടപടികളിലും, വരാനിരിക്കുന്ന ഏഴു തലമുറകളുടെ അനുഭവത്തെ കണക്കിലെടുക്കുന്നു. അവർക്ക് ഇന്നത്തെക്കാൾ മോശമായ ഒരു ലോകത്തെ അവശേഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; മറിച്ച് കൂടുതൽ മെച്ചമായ ഒരവസ്ഥ കൈമാറുവാൻ ഇച്ഛിക്കുന്നു. ഭൂമിമാതാവിന്റെ മീതെ ഞങ്ങൾ നടക്കുമ്പോൾ ഞങ്ങളുടെ പാദങ്ങൾ സൂക്ഷ്മതയോടെ വയ്ക്കുന്നു. കാരണം, ഭാവിതലമുറകളിൽ പെട്ടവരുടെ മുഖങ്ങൾ ഭൂമണ്ഡലത്തിൻ കീഴെ നിന്ന്, ഞങ്ങളെ നിരീക്ഷിക്കുന്നു. ഞങ്ങൾ അവരെ ഒരിക്കലും വിസ്മരിക്കയില്ല. നമ്മുടെ വനഭൂമി വെട്ടിനശിപ്പിക്കയും വായുമണ്ഡലത്തെ വിഷലിപ്തമാക്കുകയും ചെയ്യുമ്പോൾ നാം നമ്മുടെ ഭാവി തലമുറയെപ്പറ്റി ഓർക്കാറുണ്ടോ? നാം ചെയ്യുന്നതു പരിഷ്കാരത്തിന്റെയും ആധുനികതയുടെയും പേരിലാണ്.’’

മറ്റൊരു നേതാവിന്റെ വാക്കുകൾ കൂടെ ഉദ്ധരിക്കട്ടെ: ‘‘ഒ! വെള്ളക്കാരന്റെ പള്ളിക്കൂടത്തിൽ ഞാൻ പോയിട്ടുണ്ട്. സ്കൂൾ പുസ്തകത്തിൽനിന്നു വായിക്കാൻ ഞാൻ പഠിച്ചു. പക്ഷേ, ചില അവസരങ്ങളിൽ അവ അപര്യാപ്തമെന്ന് എനിക്കു തോന്നി. വിശ്വാത്മാവിന്റെ പുസ്തകമായ പ്രകൃതിയിലേക്കു ഞാൻ നോക്കി. അവിടെനിന്ന് ഏറെ പഠിക്കുവാനുണ്ട്. ഭൂപ്രകൃതിയുടെ വൈവിധ്യത്തിൽനിന്ന്, ജീവജാലങ്ങളുടെ ബഹുത്വവും പാരസ്പര്യവും നമ്മെ ചില സത്യത്തിലേക്കു നയിക്കുന്നു.’’

എല്ലാ ജീവനെയും പവിത്രമായി കാണുവാൻ ആഹ്വാനം ചെയ്യുന്നു. വായു, ജലം, വൃക്ഷങ്ങൾ, ധാതുക്കൾ, മേഘങ്ങൾ, മൃഗജാലങ്ങൾ, പക്ഷികൾ, ഇഴജന്തുക്കൾ – ഇവയെല്ലാംതന്നെ പ്രകൃതിയുടെ ജീവൻ നിലനിർത്തുന്നവയാണ്. റെഡ് ഇന്ത്യൻ നേതാക്കന്മാരുടെ ചിന്തകൾ ജീവന്റെ പവിത്രതയെ ഉയർത്തിപ്പിടിക്കുന്നതും ഭാവിതലമുറകളെപ്പറ്റി കരുതലും ജാഗ്രതയും ഉള്ളതുമാണ്.

സന്ദേശം: (1) നമ്മുടെ ചുറ്റുപാടുകളെ ആദരപൂർവം വീക്ഷിക്കുക. അവയ്ക്കായി കൃതജ്ഞത ഹൃദയത്തിൽനിന്നുയരട്ടെ. പ്രകൃതിയുടെ എല്ലാ വിഭവങ്ങൾക്കുമായി, അവ നമുക്കായി സജ്ജീകരിച്ചുതന്ന ദൈവത്തെ സ്തുതിക്കാം.

(2) പ്രകൃതിസംരക്ഷണം എന്ന മഹത്തായ സന്ദേശം നാം ഉൾക്കൊള്ളുകയും അതിനുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

(3) നമ്മുടെ ചുറ്റുപാടുകൾ മാലിന്യമുക്തമാക്കുവാൻ കൂടുതൽ ശ്രദ്ധ പുലർത്തുക. കുട്ടികൾക്കും അതെപ്പറ്റി ബോധവൽക്കരണം നൽകണം.

(4) പ്രകൃതിയെ നിരീക്ഷിക്കാനും ഏകാന്തതയിൽ പ്രകൃതിയുമായി ബന്ധപ്പെട്ട് ഈശ്വരകൃപകളെ അനുസ്മരിക്കാനും സമയം കണ്ടെത്തണം. കൊടുമ്പിരികൊണ്ട മനസ്സുകൾക്കും ഹൃദയങ്ങൾക്കും അത്തരം സമയങ്ങളിൽ ഏറെ ആശ്വാസവും ഉന്മേഷവും ഉണ്ടാകും.

English Summary : Innathe Chintha Vishayam Column by TJJ : Importance of protecting nature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com