ADVERTISEMENT

പലരുടെയും ജീവിതവിജയം നിരീക്ഷിക്കുമ്പോൾ അതിനു നിദാനമായ ഘടകങ്ങൾ എന്തായിരിക്കുമെന്നു നാം ചിന്തിച്ചു പോകാറുണ്ട്. പൊതുവേ പറയാവുന്ന രണ്ടു ഘടകങ്ങൾ ഉണ്ട്: സ്ഥിരോൽസാഹവും നിതാന്ത പരിശ്രമവും. ആയുസ്സിന്റെ ക്ഷണികതയും നിസ്സാരതയും മനസ്സിലാക്കുന്നവർ ജീവിതം ധന്യമാക്കുവാൻ ഉൽസാഹപൂർവം നിരന്തരയത്നം നടത്തുന്നു.

പ്രസിദ്ധ കവിയായ ജോൺ മെയ്സ്ഫീൽസ് ആത്മകഥയിൽ എഴുതുന്നു: പതിനേഴാമത്തെയോ പതിനെട്ടാമത്തെയോ വയസ്സിലാണ് ഞാൻ തുറമുഖത്തൊഴിലാളിയായി ജോലി ആരംഭിക്കുന്നത്. പിന്നീടു യോൻകറിലെ കാർപ്പറ്റ് വ്യവസായശാലയിൽ ജോലി നോക്കി. നിത്യവൃത്തിക്കുള്ള ശമ്പളമേ എനിക്കു കിട്ടിയിരുന്നുള്ളൂ. തുറമുഖത്തൊഴിലാളിയായി ജോലി തുടങ്ങിയപ്പോഴാണ് എഴുത്തും വായനയും ആദ്യമായി അഭ്യസിച്ചത്. രാത്രിയിലും ഒഴിവു ദിവസങ്ങളിലും അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പഠിച്ചു. 

ഷെല്ലിയുടെയും കീറ്റ്സിന്റെയും കവിതകൾ വായിച്ചപ്പോൾ ഒരു കവിയാകണമെന്ന ആഗ്രഹമുദിച്ചു. എത്രയോ ദൂരം താണ്ടണമെന്നു ഞാൻ ചിന്തിച്ചില്ല. വാസ്തവത്തിൽ വിയർപ്പിൽ കുളിച്ചു പോകത്തക്കവിധം കപ്പലിലുള്ള കഠിന ജോലികളെക്കാൾ കഠിനമായിരുന്നു എഴുത്തും വായനയും. നൈരാശ്യം എന്നെ ചൂഴ്ന്നു നിന്നു. അവസരങ്ങളിൽ എനിക്കുള്ള പ്രചോദനം അരുളിയത് ഒരു കൊച്ചു കവിതയായിരുന്നു. ആ കവിത ഇതാണ്:

‘‘ആഗ്രഹിക്കയും, അലസമായിരിക്കയും ചെയ്ത ആരും

മഹത്വത്തിന്റെ കൊടുമുടി കയറിയിട്ടില്ല.

അവസരങ്ങൾ! അതേ ദൈവം പറ്റംപറ്റമായി

അയയ്ക്കുന്ന മൽസ്യങ്ങൾ നമ്മുടെ മുന്നിലൂടെ

കടന്നുപോകുന്നു; അവയെ സ്വന്തമാക്കണമോ,

എങ്കിൽ നീ തന്നെ ഇരകോർത്ത് ചൂണ്ടൽ എറിയുക.’’

മെയ്സ് ഫീൽഡിന്റെ മനസ്സിൽ പ്രത്യാശ നിറയ്ക്കുവാൻ ഈ കാവ്യശകലത്തിനു കഴിഞ്ഞു. ദൈവം അനുനിമിഷം നൽകുന്ന അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. തളരാത്ത പരിശ്രമംകൊണ്ട് കവിയും സാഹിത്യകാരനുമായി ഉയരുവാൻ‌ മെയ്സ്ഫീൽഡിനു കഴിഞ്ഞു. ഇവിടെ ഒരു കാര്യം വിസ്മരിക്കാവുന്നതല്ല. നൈസർഗികമായ കഴിവുകളും താലന്തുകളും അദ്ദേഹത്തിൽ ഉണ്ടായിരുന്നു എന്നുള്ളതും ഓർക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും നൈസർഗിക പ്രതിഭ തിരിച്ചറിഞ്ഞ്, സ്ഥിരോൽസാഹവും നിരന്തര പരിശ്രമവുംകൊണ്ട് അതിനെ പുഷ്ടിപ്പെടുത്തണം.

അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു പരിശോധിച്ച്, നമുക്ക് നമ്മുടെ ഭാവിയെ ഒരു പരിധി വരെ നിർണയിക്കുവാൻ കഴിയും. പരിതസ്ഥിതികൾ എന്തെങ്കിലുമാകട്ടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന സ്വഭാവമാണ് നമുക്കുള്ളതെങ്കിൽ അന്തിമ വിജയം നമ്മുടേതായിരിക്കും. ‘കഥാസരിത് സാഗരം’ എന്ന പൗരാണിക ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്നത് വായിക്കുകയുണ്ടായി. അത് ‘മൂഷികൻ’ എന്ന ഒരു കഥയാണ്.

ഒരിക്കൽ ഒരാൾ ഒരു വണിഗീസന്റെ വീട്ടിൽ ചെന്നു. സമ്പന്നനായ വ്യാപാരി മകനെ ശാസിക്കുകയാണ്. ‘‘എടാ, ഇതാ ഒരെലി ചത്തു കിടക്കുന്നു. സാമർഥ്യമുള്ളവനാണ് നീയെങ്കിൽ ഇതുകൊണ്ടു വലിയ ധനവാനാകാം. നീ കഴിവുള്ളവനല്ല. ഞാൻ നിനക്കു തന്ന പണമെല്ലാം കളഞ്ഞുകുളിച്ചു. നിനക്കു സാമർഥ്യമില്ല.’’

ആഗതൻ ഈ സംഭാഷണം കേട്ടു. അയാൾ വണിഗീശനോട് എലിയെ തരാമോ എന്നു ചോദിച്ചു. ചിരിച്ചുകൊണ്ട് അയാൾ എലിയെ ആഗതനു നൽകി. എലിയെ അയാൾ പല വീടുകളിലും കൊണ്ടുചെന്നു. ഒരാൾ തന്റെ പൂച്ചയ്ക്കു വേണ്ടി അതിനെ വാങ്ങി ചെറിയ ഒരു തുക കൊടുത്തു. കിട്ടിയ തുകകൊണ്ട് അയാൾ കടല വാങ്ങി വറുത്ത് കുറെ വെള്ളവുമായി വഴിക്കവലയിൽ ഇരുന്നു. വിറകുവെട്ടുകാർ ക്ഷീണിച്ചു തളർന്നപ്പോൾ അവർക്കു കടലയും വെള്ളവും നൽകി. പകരം വിറകു വാങ്ങി. അതു ചന്തയിൽ വിറ്റ് വീണ്ടും കടല വാങ്ങി. ഇങ്ങനെ പല ദിവസംകൊണ്ട് വളരെയധികം വിറകു സംഭരിച്ചു. മഴ ദിവസങ്ങളിൽ കൂടുതൽ വില വിറകിനു കിട്ടി. അതെല്ലാം ചേർത്ത് അയാൾ ഒരു പലചരക്കു കട തുടങ്ങി. അവസരത്തിനൊത്ത് അയാൾ പടിപടിയായി ഉയർന്ന് കോടീശ്വരനായി. എലിയെ വിറ്റ് ഉന്നതിയിലേക്കുയർന്ന ആ മനുഷ്യൻ ‘മൂഷികൻ’ എന്ന അപരനാമത്താൽ അറിയപ്പെട്ടു.

നിരന്തരം പരിശ്രമിക്കുന്നവനെ ഐശ്വര്യദേവത അനുഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ‘മൂഷികനെ’പ്പറ്റിയുള്ള കഥകൊണ്ട് ലക്ഷ്യമിടുന്നത്. ആധ്യാത്മിക രംഗത്താകട്ടെ, ഭൗതിക രംഗത്താകട്ടെ അലസത ഒന്നും നേടിത്തരുന്നില്ല. ബലവാൻ സ്വർഗം പിടിച്ചുപറ്റുന്നുവെന്നാണല്ലോ യേശു പറയുന്നത്. സുകൃതങ്ങളുടെ ബലമില്ലാത്തവന് ആധ്യാത്മികരംഗത്ത് ഉറച്ചുനിൽക്കാനാവില്ല. ഹിതോപദേശം എന്ന കൃതിയിൽ പറയുന്നു: ‘‘പരിശ്രമശീലമുള്ളവന് ഐശ്വര്യമുണ്ടാകും. വിധി എല്ലാം നൽകുമെന്നു പറയുന്നത് വി‍ഡ്ഢിത്തമാണ്. വിധിയെ മാറ്റിനിർത്തി സ്വശക്തിക്കനുസൃതമായി പെരുമാറുക. ഇപ്രകാരം പ്രവർത്തിച്ചിട്ട് ഫലമില്ലെങ്കിൽ നിനക്കു യാതൊരു കുറവും ഭവിക്കുന്നില്ല.

യേശുവിന്റെ ഒരു ഉപമയിൽ അഞ്ചു താലന്തു ലഭിച്ചവൻ അതുകൊണ്ടു വ്യാപാരം നടത്തി അഞ്ചുകൂടി സമ്പാദിച്ചപ്പോൾ അവന്റെ യജമാനൻ പ്രശംസിക്കുന്നതും, അഭിനന്ദിക്കുന്നതും കാണാം. സമയത്തെ തക്കത്തിൽ ഉപയോഗിച്ച് ഉൽസാഹത്തോടും നിരന്തര പരിശ്രമത്തോടും ജീവിതായോധനം നടത്തുന്നവർക്ക് വിജയം സുനിശ്ചിതമാണ്. അവർക്ക് ഒരു സംതൃപ്ത മനസ്സും കൃതജ്ഞത നിറഞ്ഞ ഹൃദയവും ഉണ്ടായിരിക്കും.

Content Summary : Innathe Chintha Vishayam - The secret behind success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com