ADVERTISEMENT

സന്ദേശം പലവിധത്തിൽ കൈമാറാനാകും. മുഖ്യമായും നാവിൽക്കൂടിയും തൂലികയിൽ കൂടിയുമാണ്. അവയുടെ സഹായത്തിനു ചില മാധ്യമങ്ങളും ഉപയോഗപ്പെടുത്താം. ആത്മീയപ്രവർത്തകർ അധികമായും സന്ദേശം നൽകുന്നത് അവരുടെ ശബ്ദത്തിൽ കൂടിയാണ്. പലരുടെയും നിലവാരം അട്ടഹാസത്തിന്റേതാകാം. എന്നാൽ നിശ്ശബ്ദമായി മുഖത്തെ ഭാവവ്യത്യാസങ്ങൾ കൊണ്ടും അംഗവിക്ഷേപങ്ങൾ കൊണ്ടും ആശയസംവേദനം നടത്താം. ബധിരരോട് ആ സമീപനമാണല്ലോ കൈക്കൊള്ളുന്നത്.

 

ലണ്ടനിലെ ഒരു പള്ളിയിൽ കൃത്യമായി ആരാധനയിൽ സംബന്ധിച്ചും ആത്മീയപരിപാടികളിൽ പങ്കാളിത്തം വഹിച്ചും ജീവിച്ച ഒരാൾ കുറെ ഞായറാഴ്ചകളിൽ പള്ളിയിൽ എത്തിയില്ല. ആ പള്ളിയിലെ വൈദികന്റെ ശ്രദ്ധയിൽ അക്കാര്യം വന്നു. ചിലരോട് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല.

 

വൈദികൻ നേരിട്ട് ആ സഹോദരനെ സന്ദർശിക്കാൻ ചെന്നു. അതു ശക്തമായ ശീതകാലമായിരുന്നു. വൈദികൻ കമ്പിളി ഓവർക്കോട്ടും കമ്പിളിത്തൊപ്പിയും ഒക്കെ ധരിച്ചാണു ചെന്നത്.  വിറകു കത്തിച്ചു തീയുടെ ചൂടു ലഭ്യമാക്കുക മാത്രമായിരുന്നു അന്നു പതിവ്. അതിനു ഭവനങ്ങളുടെ പ്രധാനമുറിയുടെ നടുവിൽ അടുപ്പും ചിമ്മിനിയും ഘടിപ്പിക്കുമായിരുന്നു.

tjj-column-innathe-chintha-vishayam-the-importance-of-fellowship
Photo Credit : KieferPix / Shutterstock.com

 

വൈദികൻ ഭവനവാതിലിൽ മുട്ടിയപ്പോൾ അന്വേഷിച്ചു വന്ന ഗൃഹനായകൻ തന്നെ വന്നു വാതിൽ തുറന്ന് അതിഥിയെ സ്വാഗതം ചെയ്തു മുറിക്കുള്ളിലേക്ക് ആനയിച്ചു. ചിമ്മിനി അടുപ്പിന്റെ സമീപം തന്നെ ഒരു ഇരിപ്പിടം ക്രമീകരിച്ചു.  തമ്മിൽ ചില കുശലപ്രശ്നങ്ങൾ ഒക്കെ നടത്തി. എന്തുകൊണ്ടാണു പള്ളിയിൽ ചെല്ലാതിരുന്നത് എന്നു ചോദിച്ചില്ല. എന്നാൽ വൈദികൻ അതു ചോദിക്കുമെന്നു കരുതി എന്തു മറുപടി നൽകണമെന്നു ഗൃഹനായകൻ ചിന്തിച്ചിരുന്നു.

 

അതിനിടയിൽ നന്നായി കത്തിക്കൊണ്ടിരുന്ന ഒരു വിറകു കഷണം വൈദികൻ എടുത്ത് അപ്പുറത്തേക്കു മാറ്റിവച്ചു. അത് എന്തിനെന്നു ഗൃഹനാഥനു മനസ്സിലായില്ല. ആ വിറകു കഷണം അൽപനേരം കത്തിയ ശേഷം കെട്ടുപോയി.   രണ്ടു പേരുടെയും ശ്രദ്ധ അതിൽ വരത്തക്കവണ്ണമാണ് അതിട്ടിരുന്നത്. അൽപസമയം കഴിഞ്ഞു വൈദികനു മടങ്ങാനുള്ള സമയമായി. അപ്പോൾ അദ്ദേഹം കെട്ടുപോയ ആ വിറക് എടുത്തു മറ്റു വിറകു കഷണങ്ങൾ കത്തി ജ്വലിച്ചു കൊണ്ടിരിക്കുന്നതിന്റെ നടുവിലേക്കു വച്ചു. ഉടൻ തന്നെ അതു വീണ്ടും കത്തിജ്വലിച്ചു. വൈദികൻ അതു ചെയ്തശേഷം ഗൃഹനാഥന്റെ മുഖത്തേക്ക് അർഥഗർഭമായി നോക്കി. അതിനുശേഷം തിരികെപ്പോകാൻ വാതിൽ വരെ എത്തിയപ്പോഴേക്കും വൈദികൻ ചെയ്ത പ്രവൃത്തിയുടെ സന്ദേശം ശരിക്കും മനസ്സിലാക്കി ഗൃഹനാഥൻ വൈദികന്റെ കൈക്കുപിടിച്ചു കൊണ്ടു പള്ളിയിൽനിന്നു വിട്ടുനിന്നതിനു ക്ഷമ ചോദിച്ചു.  സന്തോഷത്തോടെ പ്രാർഥന നടത്തിയശേഷം വൈദികൻ മടങ്ങിപ്പോയി.

 

വാക്കുകൾ ഒന്നുമില്ലാതെ വൈദികൻ നൽകിയ സന്ദേശമെന്താണ്? പള്ളിയാരാധനയിലും മറ്റു പരിപാടികളിലും ഇതരവിശ്വാസികളോടു സഹകരിച്ചു പ്രവർത്തിക്കുമ്പോൾ ആത്മീയശക്തി ആർജിച്ചു കത്തിജ്വലിക്കുന്ന അനുഭവമായിരിക്കും. ഒറ്റയാനായി കഴിയുമ്പോൾ കൂട്ടായ്മയുടെ ശക്തിയും കൃപയും മാത്രമല്ല, ആത്മീയ തീക്ഷ്ണത തന്നെ ഇല്ലാതായിപ്പോകും. അതുകൊണ്ടു കത്തിജ്വലിക്കുവാൻ വീണ്ടും സജീവ കൂട്ടായ്മയിലേക്ക് എത്തുവാനുള്ള സന്ദേശമാണ് ഒരു വിറകുകഷണത്തിൽ കൂടി വൈദികൻ നൽകിയത്. ശബ്ദരഹിതമായ ആ പ്രസംഗം ആ സഹോദരനെ ആഴത്തിൽ സ്പർശിച്ചു. പശ്ചാത്താപ ചിന്തയോടെയാണ് ഇനി അതാവർത്തിക്കില്ല എന്നു വാഗ്ദാനം ചെയ്തത്.

ആ ൈവദികൻ ദേവാലയത്തിൽ കൃത്യമായി പ്രഭാഷണം നടത്തുന്ന ആൾ തന്നെ. പക്ഷേ, ഈ ഭവനത്തിൽ അർഥപൂർണവും ഫലപ്രദവുമായ സന്ദേശമാണു നൽകിയത്. നല്ല ഇടയൻ കാണാതെ പോയ ആടിനെ അന്വേഷിച്ചു പുറപ്പെടുന്നു എന്നുള്ളത് അന്വർഥമാക്കിയ അജപാലകനാണ് അദ്ദേഹം. മാത്രമല്ല ആരൊക്കെ പള്ളിയിലെ ആരാധനയിൽ സംബന്ധിക്കുന്നു എന്നുള്ളതും സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ആളായിരുന്നു. ശീതകാലമായിരുന്നതു കൊണ്ടും വിറകു കത്തിച്ചു തീയുണ്ടാക്കി തണുപ്പകറ്റുന്നതുമായ അനുഭവം ഉണ്ടായിരുന്നതുകൊണ്ടാണ് ‘ശ‌ബ്ദരഹിതമായ ഈ പ്രസംഗം’ നടത്താൻ കഴിഞ്ഞത്. അവിടെ എത്തിക്കഴിഞ്ഞപ്പോൾ തത്സമയം മനസ്സിൽ ഉയർന്ന ആശയമാണത്. സന്ദർഭാനുസരണം പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

 

മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യമാണ് അവൻ മറ്റുള്ളവരുമായി കൂട്ടായ്മയിൽ ജീവിതം അർഥപൂർണമാക്കണമെന്നുള്ളത്. ആദിമസഭയുടെ ചൈതന്യം ആരാധനയിൽ ആർജിച്ച കൂട്ടായ്മയുടെ ശക്തി ആയിരുന്നു. ആരാധനയിൽ നിന്ന് ഒരുദിവസം മാറി നിന്നാൽ പിന്നീട് അലസതയ്ക്കും അശ്രദ്ധയ്ക്കും ആക്കം കൂട്ടുകയേയുള്ളൂ. ആത്മീയകാര്യങ്ങളിൽ നിഷ്ഠ പുലർത്തേണ്ട ആവശ്യകത മേൽപറഞ്ഞ വ്യക്തി നമ്മെ അനുസ്മരിപ്പിക്കുന്നു. നിസ്സാര കാരണത്താൽ ഒന്നു മുടങ്ങിയതാകാം. പക്ഷേ, അതു കൂടുതൽ അലസതയ്ക്കു വഴിതുറക്കുകയായിരുന്നു. അലസത എന്ന പ്രലോഭനം എല്ലാവരും നേരിടാറുള്ളതാണ്. പക്ഷേ, കാര്യക്ഷമതയും ജീവിത നിഷ്ഠയും പുലർത്തുന്നവരുടെ അടുക്കൽ വിലപ്പോവുകയില്ല എന്നു മാത്രം. ജാഗ്രതയും നിഷ്ഠാപൂർവമായ ജീവിതശൈലിയും പിന്തുടരേണ്ടതു വിജയകരമായ മുന്നേറ്റത്തിന് ഏറ്റവും ആവശ്യമാണ്.

 

Content Summary : Innathe Chintha Vishayam - The importance of fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com