അവതരിച്ച ക്രിസ്തുവിനെ ആദ്യം സന്ദർശിച്ചവർ
Mail This Article
അവതരിച്ച ദൈവപുത്രനെ ആദ്യം ദർശിക്കാനും വണങ്ങാനും ഭാഗ്യം ലഭിച്ചതാർക്ക്? വേദപണ്ഡിതർക്കോ പുരോഹിത ശ്രേഷ്ഠർക്കോ സാമ്പത്തിക–സാമൂഹിക രംഗത്ത് ഔന്നത്യം കൈവരിച്ച നേതാക്കൻമാർക്കോ അല്ല. അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഒരു ചെറിയ സമൂഹത്തിനാണ്. അവർ ആരാണ്? ഒരു കൂട്ടം ആട്ടിടയന്മാർ!
ക്രിസ്മസ് മഹാദിനത്തെപ്പറ്റിയുള്ള നമ്മുടെ ചിന്തയിലും ശ്രദ്ധയിലും കടന്നു വരേണ്ടത് അവരാണ്. ഏറ്റവും വലിയ ഭാഗ്യവാന്മാരെന്നു നമുക്കവരെ വിശേഷിപ്പിക്കാം. എന്താണ് അവരുടെ സവിശേഷതകൾ? എന്തു സന്ദേശമാണ് അവർ നമുക്കു നൽകുന്നത്?
ബേത്‌ലഹേമിന്റെ പ്രാന്തങ്ങളിലെ താഴ്‌വര പ്രദേശത്തു ബേത്‌സഹൂർ എന്ന ഗ്രാമമുണ്ട്. ആടുകളെ മേയിച്ചു പകൽ അസ്തമിച്ചപ്പോൾ ആടുകളെ ആലയിലാക്കിയ ശേഷം അതിനു സമീപം ഉറക്കമിളച്ച് അവയ്ക്കു കാവലിരിക്കുന്നവരാണ്. ഇന്ന് ആ സ്ഥലത്ത് ക്രിസ്മസ് ദിനത്തിൽ, ചില സഭാവിശ്വാസികൾ ദിവ്യശുശ്രൂഷ നടത്തി ആരാധിക്കുന്നു. അത്തരം ഒരു ശുശ്രൂഷയിൽ അവിടെ ഈ ലേഖകൻ സംബന്ധിച്ചതു കൃതജ്ഞതയോടും സന്തോഷത്തോടും ഓർക്കുന്നു. അവർ സാധാരണ ആട്ടിടയന്മാർ ആയിരുന്നില്ല. യറുശലേമിൽ യാഗത്തിനർപ്പിക്കേണ്ട ആടുകളെ പ്രത്യേകമായി സൂക്ഷിക്കുന്നവരായിരുന്നു എന്നൊരു പാരമ്പര്യമുണ്ട്. ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷാ സന്ദർഭത്തിൽ ‘‘ഞാൻ നല്ല ഇടയനാകുന്നു’’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ആ നല്ല ഇടയനെ ആദ്യം കാണാൻ എത്തിയത് ഇടയന്മാർ തന്നെ എന്നുള്ളത് അർഥപൂർണമാണ്. ആ അജപാലകരെപ്പറ്റി ചിന്തിക്കുമ്പോൾ പല കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടേണ്ടതുണ്ട്.
1. അവർ അന്നത്തെ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായിരുന്നു. ‘അംഹാറെസ്’ (മണ്ണിന്റെ മക്കൾ) എന്നു വിളിക്കപ്പെട്ട ഇവരെ പരീശന്മാരും സാദൂക്യരും പുച്ഛത്തോടെ വീക്ഷിച്ചു. മതത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങൾ, പ്രത്യേകിച്ചു ശുദ്ധീകരണത്തെക്കുറിച്ചുള്ളവ ഒന്നും ആചരിക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു. അങ്ങനെ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആദ്യസന്ദർശനം സാധ്യമായി എന്നുള്ളത്, ഏറെ പ്രത്യാശ നൽകുന്ന കാര്യമാണ്.
2. ആട്ടിടയർ കാപട്യവും പൊയ്മുഖവും ഇല്ലാത്ത നിഷ്കളങ്കർ!
നാഗരികതയുടെ പ്രകടനാത്മകതയോ കൗശലങ്ങളോ ആത്മവഞ്ചനയോ ഒന്നുമില്ലാത്തവർ. അവർ നിരക്ഷരരായ നിഷ്കളങ്കർ ആയിരുന്നു. കലർപ്പില്ലാത്ത ജീവിതത്തിന്റെ ഉടമകൾ എന്നു വിശേഷിപ്പിക്കാം. അവർക്കാണ് രക്ഷകന്റെ തിരുപ്പിറവിയുടെ സ്വർഗീയ സന്ദേശം ലഭിച്ചതും. അവരാണ് അവതരിച്ച ദൈവപുത്രനെ ആദ്യം കാണുന്നതും വന്ദിച്ച് ആദരിക്കുന്നതും. ഗിരിപ്രഭാഷണത്തിൽ ക്രിസ്തു അരുൾ ചെയ്തു: ‘‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും’’ (മത്താ. 5:8) ഹൃദയത്തിലെ മാറാല നീക്കി ശുദ്ധീകരണം നടക്കട്ടെ. അപ്പോൾ ദൈവദർശനം സാധ്യമാകും.
3. മറ്റുള്ളവർ സുഖസുഷുപ്തിയിൽ ആയിരുന്നപ്പോൾ ആട്ടിടയർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാക്കുന്ന ജോലിയിൽ ജാഗരൂകരായിരുന്നു. ദൗത്യ നിർവഹണത്തിൽ ശുഷ്കാന്തിയും ജാഗ്രതയുമുള്ളവർ, അലസമായും അശ്രദ്ധമായും സമയം കളയുന്നവരല്ല. തിരുപ്പിറവിയുടെ യഥാർഥ സന്തോഷം കൈവരുന്നതാർക്ക്? കർത്തവ്യങ്ങളെ വിസ്മരിച്ചും അവഗണിച്ചും അലസതയിലും സുഖസുഷുപ്തിയിലും കഴിയുന്നവർക്കല്ല, ദൗത്യം എന്തു തന്നെയായാലും അത് ഉത്സാഹത്തോടും കർത്തവ്യബോധത്തോടും നിർവഹിക്കുന്നവർക്കാണ്. ചുമതലകൾ യഥാവിധി നിറവേറ്റാൻ ഉത്സാഹിക്കുന്നവർക്കാണ്. ജോലിയുടെ ഔന്നത്യമല്ല, അതിലുള്ള നമ്മുടെ ഭാഗഭാഗിത്വമാണ് (Involvement) പ്രധാനമായിട്ടുള്ളത്.
4. അവരുടെ വിശ്വാസത്തിന്റെ ഉദാത്ത ഭാവമാണ് സന്ദർശനം: മാലാഖ അറിയിച്ചു: ‘‘കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും’’. ലോകരക്ഷകൻ വൃത്തിശൂന്യമായ പശുത്തൊട്ടിയിൽ പിറക്കുമെന്നോ? കീറ്റുശീല കൊണ്ടു പൊതിഞ്ഞ് കാണപ്പെടുമെന്നോ? സാധാരണ ബുദ്ധിയുള്ളവർ ആരും വിശ്വസിക്കില്ല. രാജകൊട്ടാരത്തിലോ പ്രഭുമന്ദിരത്തിലോ ആയിരിക്കും തിരുജനനം എന്നേ ചിന്തിക്കൂ. ഈ ആട്ടിടയർ മാലാഖയുടെ വാക്കിനെ അവിശ്വസിക്കുകയോ ചോദ്യം ചെയ്യുകയോ ആയിരുന്നില്ല. അപ്പാടെ വിശ്വസിച്ചു. ശ്രേഷ്ഠമായ വിശ്വാസത്തിന്റെ ഉടമകൾ ആയിരുന്നു അവർ.
‘‘കർത്താവ് തന്നോട് അരുൾ ചെയ്തതിനു നിവൃത്തിയാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി’’ എന്നു വിശുദ്ധ മറിയാമിനെപ്പറ്റി എലിസബേത്ത് സാക്ഷ്യപ്പെടുത്തിയ വാക്കുകൾ ആട്ടിടയന്മാർക്കു പ്രസക്തമാണ്. ആട്ടിടയന്മാരുടെ വിശ്വാസം പ്രവൃത്തിയിലേക്കു നയിക്കുന്നു. രാത്രി തന്നെ അവർ രക്ഷകനെ കാണുവാൻ പശുത്തൊട്ടിയിലേക്കു പോവുകയായിരുന്നു. വിശ്വാസത്തിന്റെ മേഖല യുക്തിക്കും ബുദ്ധിക്കും അതീതമാണ്. ആധ്യാത്മികതയിൽ ആവിധമുള്ള തീക്ഷ്ണ വിശ്വാസമാണ് പ്രധാനം. ദൈവവചനത്തിലും വാഗ്ദാനങ്ങളിലുമുള്ള വിശ്വാസം, ജീവിതത്തിന് ഊർജം പകരുന്നു. മുന്നേറാനുള്ള ആവേശമുയർത്തുന്നു.
ക്രിസ്മസ് ആശംസകൾ!!!
Content Summary : Innathe Chintha Vishayam by T.J.J - Blessed are the pure in heart, for they will see God