ADVERTISEMENT

പുതുവർഷത്തിലേക്കു നാം പ്രവേശിച്ചു കഴിഞ്ഞു. പിന്നിട്ട വർഷം ദുരന്തപൂർണവും, കഷ്ടനഷ്ടങ്ങളുടെ കാലവുമായിരുന്നു. കോവിഡിന്റെ മാരകമായ വ്യാപ്തി (COVID19) ജനത്തെ വലയ്ക്കുന്ന സമയത്തുതന്നെയാണ് പ്രകൃതിക്ഷോഭവും പ്രളയക്കെടുതിയും നാശം വിതച്ചത്. കൃഷിയും കൃഷിയിടങ്ങളും ഭവനവും അതിലുള്ളവയും എല്ലാം നശിച്ച് ദാരുണാവസ്ഥയിലെത്തിയവർ വളരെയാണ്. ഒന്നിനു പുറകെ ഒന്നായി ഉരുൾപൊട്ടലുകൾ സംഹാരതാണ്ഡവത്തിനു ഹേതുവായിത്തീർന്നു. കേരളത്തിൽ ഇത്രയധികം ഉരുൾപൊട്ടലുകൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അതിന്റെ കാരണം അഭിജ്ഞവൃത്തങ്ങൾ കണ്ടെത്തേണ്ടതാണ്. 

 

പുതുവർഷത്തിലേക്കു (New Year Eve) കടക്കുമ്പോൾ കരണീയമായിട്ടുള്ളത് എന്താണ്? രണ്ടു ക്രിയകളിൽ സമാഹരിക്കാം: മറക്കുക; ഓർക്കുക. ചിലതൊക്കെ മറക്കേണ്ടതാണ്. Always remember to forget the things that made you sad; but never forget to remember the things that made you glad. നിങ്ങൾക്കു വേദനയുളവാക്കിയ വസ്തുതകൾ വിസ്മരിക്കുക; എന്നാൽ സന്തോഷഭരിതരാക്കിയ വസ്തുതകൾ ഒരിക്കലും അനുസ്മരിക്കാതിരിക്കരുത്. പ്രസിദ്ധനായ ജോർജ് വാഷിങ്ടൺ എഴുതി: ‘‘കഴിഞ്ഞ പരാജയങ്ങളിൽനിന്നു പ്രയോജനപ്രദങ്ങളായ പാഠങ്ങൾ ഗ്രഹിക്കുന്നതിനും വിലപ്പെട്ട അനുഭവത്തിൽനിന്ന് പ്രയോജനപ്പെടുത്തുന്നതിനുമല്ലെങ്കിൽ നാം ഒരിക്കലും തിരിഞ്ഞു നോക്കരുത്.’’ 

 

മറവി ഒരു ബലഹീനതയായി നാം കണക്കാക്കുന്നു. വാർധക്യത്തിലേക്ക് എത്തുന്നവർ പരാതിപ്പെടുന്ന ഒന്നാണ് മറവി. പക്ഷേ, മറവി ഒരനുഗ്രഹമായി കരുതാവുന്നതാണ്. ദൈവം നമുക്കു തന്ന കഴിവുകളിൽ ഒന്നായി കാണണം. എല്ലാം ഓർത്തിരുന്നാൽ ജീവിതം എത്ര ദുസ്സഹവും ദുരിതപൂർണവുമായിരിക്കും. നമ്മുടെ സ്വസ്ഥതയ്ക്കും ഭദ്രതയ്ക്കും പുരോഗതിക്കും പലതും നാം മറക്കേണ്ടത് ആവശ്യമത്രേ. 

 

എന്തൊക്കെയാണ് മറക്കേണ്ട കാര്യങ്ങൾ. 

innathe-chintha-vishayam-wonderful-things-new-year
Photo Credit : Sun Kids / Shutterstock.com

 

1. നഷ്ടപ്പെട്ട അവസരങ്ങൾ: ഇന്നിന്റെ ചുമതലകളെയും വെല്ലുവിളികളെയും നേരിടാൻ ധൈര്യപ്പെടാതെ കഴിഞ്ഞതിലേക്കു കണ്ണുംനട്ട് നിരാശയോടും നെടുവീർപ്പോടും കഴിയുന്ന അവസ്ഥ ഉണ്ടാക്കരുത്. Before us lies the Great Now and the unborn Tomorrow. ജന്മനാ കാലുകൾക്കു തളർച്ചയുള്ള ഒരു ബാലൻ വിദ്യാലയത്തിൽ പോയപ്പോൾ ചില കുസൃതികൾ അവനെ ചട്ടുകാലൻ എന്നു വിളിച്ച് ആക്ഷേപിച്ചു. തന്റെ പരിമിതിയെപ്പറ്റി സ്വയാവബോധമുള്ള അവൻ ആദ്യമൊന്നും അതു ഗൗനിച്ചില്ല. പക്ഷേ, അതു വർധിച്ചു വന്നപ്പോൾ അവൻ തികച്ചും അസ്വസ്ഥനായി. അവൻ ഭവനത്തിൽ വന്നപ്പോൾ മുറിയിൽ കടന്ന് വാതിൽ ചാരിയശേഷം സങ്കടപ്പെട്ട് ദൈവത്തോടു പരാതിപ്പെട്ടു. ‘‘ദൈവമേ നീ എന്നെ എന്തിന് ഇങ്ങനെ ജനിപ്പിച്ചു. ഞാൻ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!’’ അവന്റെ സങ്കടവും അപേക്ഷയും കേട്ടുകൊണ്ട് അവന്റെ മാതാവ് പുറത്തുണ്ടായിരുന്നു. അവൾ കതകു തുറന്ന്, മകനെ വിളിച്ചു മടിയിൽ ഇരുത്തിക്കൊണ്ടു പറഞ്ഞു: നീ ബുദ്ധിയുള്ള മോനല്ലേ? നീ പ്രാർഥിക്കേണ്ടത്, ദൈവമേ എന്റെ ജീവിതത്തെപ്പറ്റിയുള്ള നിന്റെ ഉദ്ദേശ്യമെന്ത്? അതു നിറവേറ്റാൻ എന്നെ പ്രാപ്തനാക്കണമേ എന്നാണ്. 

 

2. മുറിപ്പെട്ട വികാരങ്ങളെ വിസ്മരിക്കുക: അസുഖകരങ്ങളായ സംഭാഷണങ്ങൾ, സംഭവങ്ങൾ അങ്ങനെ പലതും ഉണ്ടാകാം. അതു കുടുംബജീവിതത്തിലായിരുന്നാലും, സാമൂഹ്യരംഗത്തായാലും സംഭവിക്കാം. ശിശുക്കളെപ്പോലെ ആകണമെന്ന് യേശു പറഞ്ഞപ്പോൾ അവരുടെ പ്രത്യേകത, ഇന്നു തമ്മിൽ വഴക്കു കൂടിയാലും, നാളെ അവർ വീണ്ടും കൂട്ടുകാരാകും. ടോമിയുടെ ജന്മദിനം പിറ്റേ ദിവസമാണ്. കൂട്ടുകാരിൽ ആരെയൊക്കെ ക്ഷണിക്കുമെന്ന് അമ്മ ചോദിച്ചപ്പോൾ ആദ്യത്തെ പേര് ജിമ്മിയുടേതായിരുന്നു. അപ്പോൾ അമ്മ ചോദിച്ചു: നീ അവനോട് ഒരിക്കലും മിണ്ടുകപോലുമില്ല എന്നു പറഞ്ഞതാണല്ലോ. മറുപടി: അമ്മേ അത് ഇന്നലെയായിരുന്നു. 

 

ഓർക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? 

 

1. പാപത്തിലേക്കും തിന്മയിലേക്കും നമ്മെ നയിച്ച സാഹചര്യങ്ങളും കാരണങ്ങളും നിശ്ചയമായും ഓർക്കണം. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുവാനുള്ള സാഹചര്യം; സംഭാഷണങ്ങൾ. അവ ഓർത്തിരുന്നാൽ കലഹങ്ങളെ ഒഴിവാക്കാം. തെറ്റിലേക്കു നയിക്കുന്ന സ്ഥലം, സാഹചര്യം, സംഗമം ഇവയൊക്കെ ഓർക്കണം. 

 

2. ദൈവത്തിന്റെ കൃപകളും അനുഗ്രഹങ്ങളും ഓർക്കുക. പ്രത്യേകിച്ചു പുതുവർഷത്തിലേക്കു പ്രവേശിക്കുമ്പോൾ, കൃതജ്ഞതാ നിർഭരമായ ഹൃദയം പ്രത്യാശാപൂരിതമായ ഭാവിയെ വിഭാവനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. 

 

3. മറ്റുള്ളവരുടെ വിഷമതകളെയും പ്രയാസങ്ങളെയും നാമോർക്കേണ്ടതും അറിയേണ്ടതുമാണ്. സ്വാർഥമതികളാകാതെ നമ്മുടെ ചുറ്റും പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങളെ ഓർക്കുവാനും സഹായത്തിന്റെ കരങ്ങൾ നീട്ടുവാനും സാധിക്കണം. 

പുതുവർഷം എല്ലാ വിധത്തിലും അനുഗ്രഹത്തിന്റെയും വിജയങ്ങളുടെയും അവസരമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. 

 

Content Summary : Innathe Chintha Vishayam Column - Wonderful things to remember this new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com