ADVERTISEMENT

ന്യൂസീലൻഡിലെ ഓക്‌ലൻഡിൽനിന്ന് 60 മൈൽ അകലെ വളരെ പ്രസിദ്ധമായ ഒരു ഗുഹയുണ്ട്. പ്രകാശകീടങ്ങളുടെ ഗുഹ എന്നാണ് അത് അറിയപ്പെടുന്നത്. ലക്ഷോപലക്ഷം പുഴുക്കളും കൊച്ചുകൊച്ചു ജീവികളും അവിടെയുണ്ട്. അവയെല്ലാം പ്രകാശം ചൊരിയുന്നവയാണ്. നമ്മുടെ നാട്ടിൽ കാണുന്ന മിന്നാമിനുങ്ങിനെപ്പോലുള്ളവ. ബോട്ടിൽ അവിടേക്കു യാത്ര ചെയ്യാം. ഒരു ശബ്ദവും ഉണ്ടാക്കാതെ ഉള്ളിൽ പ്രവേശിക്കാം. കീടങ്ങളുടെ ദീപപ്രകാശംകൊണ്ടു പുസ്തകം വായിക്കാൻപോലും കഴിയും. അവിടെ പക്ഷേ ഒരു വ്യവസ്ഥ പാലിച്ചേ മതിയാവൂ. ഒരു നേരിയ ശബ്ദംപോലും ഉണ്ടാക്കരുത്. ശബ്ദമുണ്ടായാൽ ആ കൊച്ചു ജീവികളെല്ലാം പ്രകാശം മറച്ചുകളയും. പ്രകാശത്തിൽ മുങ്ങിനിന്ന ആ ഗുഹ കൂരിരുട്ടിൽ മുങ്ങിപ്പോകും.

നന്മ ദർശിക്കുന്ന നയനങ്ങൾ

നന്മയുടെ പ്രതീകമാണു വെളിച്ചം. യേശുക്രിസ്തു സ്വയം വെളിപ്പെടുത്തിയതുതന്നെ ലോകത്തിന്റെ വെളിച്ചമെന്നാണ്. നമ്മിലുള്ള വെളിച്ചം കെടുത്തിക്കളയാൻ അധികം ബുദ്ധിമുട്ടില്ല. കെടാതെ സൂക്ഷിക്കാൻ നാം തീർച്ചയായും മനസ്സുവയ്ക്കണം. ജീവിതത്തെ പ്രകാശിപ്പിക്കുന്നതു സദ്ചിന്തകളും സദ്‌യത്നങ്ങളുമാണ്. നമ്മുടെ മനസ്സാണു സ്വിച്ച്ബോർഡ്. നന്മ പ്രവർത്തിക്കുന്നതിനും നന്മയുടെ വെളിച്ചം നമുക്കു ചുറ്റും പടരുന്നതിനും മനസ്സിന്റെ സ്വിച്ച് സദാസമയം ‘ഓൺ’ ചെയ്യണം.

ഹോൾമൻ ഹണ്ട് എന്ന പ്രസിദ്ധ ചിത്രകാരൻ 1854ൽ ഒരു ചിത്രം വരച്ചു. ‘ദി ലൈറ്റ് ഓഫ് ദ് വേൾഡ്’ അഥവാ ‘ലോകത്തിന്റെ പ്രകാശം’ എന്നായിരുന്നു അതിനു നൽകിയ പേര്. ക്രിസ്തുവിന്റെ ചിത്രം. മുൾമുടി ധരിച്ചും കൈയിൽ വിളക്കു പിടിച്ചും ക്രിസ്തു കടന്നുവരുന്നു. ഓരോ ഭവനത്തിന്റെയും അടഞ്ഞുകിടക്കുന്ന വാതിലിൽ ക്രിസ്തു വന്നു മുട്ടുന്നു. ഇതാണ് ചിത്രം.

എല്ലാവരും ആ ചിത്രത്തെ പ്രശംസിച്ചു. ചിത്രകാരനെ അഭിനന്ദിച്ചു. എന്നാൽ ഒരാൾ മാത്രം ഒരു പോരായ്മ ഉന്നയിച്ചു.

‘വീടിന്റെ വാതിലിൽ ക്രിസ്തു വന്നു മുട്ടുന്നുവെങ്കിലും ആ വാതിലിന് ഒരു കുറവുണ്ട്. അതു വലിച്ചു തുറക്കാനുള്ള കൈപിടി വാതിലിൽ ഇല്ല. അതുകൂടി വരച്ചു ചേർക്കണം, എങ്കിലേ പൂർണമാകൂ.’’ ഇതായിരുന്നു അയാളുടെ അഭിപ്രായം.

ഹോൾമൻ ഹണ്ട് മറുപടി പറഞ്ഞു: ‘‘സുഹൃത്തേ, താങ്കളുടെ നിരീക്ഷണത്തെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ, ഇത് യഥാർഥ വാതിലല്ല. മനുഷ്യഹൃദയമാകുന്ന വാതിലുകളിലാണ് യേശു മുട്ടുന്നത്. അവ തുറക്കപ്പെടുവാനും അതിനുള്ളിൽ പ്രവേശിക്കുവാനും യേശു ആഗ്രഹിക്കുന്നു. അവ തുറന്നു കൊടുക്കേണ്ടത് ആ ഹൃദയങ്ങളുടെ ഉടമകളായ ഓരോ മനുഷ്യവ്യക്തിയുമാണ്. അതുകൊണ്ടു വാതിലിന്റെ കൈപിടി അകത്താണ്.’’ എത്ര യുക്തിപൂർവമാണ് ചിത്രകാരൻ ചെയ്തത്.

ഈ ചിത്രത്തിനടിസ്ഥാനമായ ഒരു വാക്യം ബൈബിളിലുണ്ട്. ‘‘ഇതാ, ‍ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നുതന്നാൽ, ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും.’’ (വെളി. 3.20).

ദൈവത്തിന്റെ പ്രകാശം നമ്മെ ചൂഴ്ന്നു നിൽക്കുന്നു. പക്ഷേ, ആ പ്രകാശം ഉള്ളിലേക്കു പ്രവേശിക്കാൻ നമ്മുടെ സഹകരണം ആവശ്യമുണ്ട്. നമുക്കു സമ്മതമില്ലെങ്കിൽ, നമ്മുടെ മനസ്സാക്ഷി നന്മയുടെ പക്ഷം ചേരുന്നില്ലെങ്കിൽ, ദിവ്യമായ പ്രകാശം നമ്മുടെ ഉള്ളിലേക്കു കടന്നുവരില്ല.

അമേരിക്കൻ കവിയായ ഡബ്ലിയു.ബി. യീറ്റ്സ് (W.B. Yeats) എഴുതുന്നു:

The light of lights

Looks always on the motive,

Not the deed.

The shadow of shadows

the deed alone.

‘‘പ്രകാശങ്ങളുടെ പ്രകാശമായവൻ നമ്മുടെ ലക്ഷ്യത്തെയാണ് കണക്കിലെടുക്കുക– നമ്മുടെ പ്രവൃത്തികളെയല്ല. എന്നാൽ നിഴലിനും നിഴലായവർ ചെയ്തികളെ മാത്രം കണക്കിലെടുക്കുന്നു.’’

വെളിച്ചമായി വർത്തിക്കാൻ നമുക്കു കഴിയട്ടെ. കാരണം ഇന്നു നമുക്കു ചുറ്റും ആത്മികവും ധാർമികവുമായ ഇരുട്ടു വ്യാപിച്ചിരിക്കുന്നു. വലിയ പ്രകാശമല്ലെങ്കിലും ഒരു മെഴുകുതിരിപോലെ നമുക്കു പ്രകാശമേകാം.

–ടി.ജെ.ജെ. 

English Summary : Innathe Chintha Vvishayam Column about Motivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com