ADVERTISEMENT

 സക്കറിയ പറയുന്നത് തകഴിയുടെ കയറും വിലാസിനിയുടെ അവകാശികളും എഡിറ്റ് ചെയ്യേണ്ടിയിരുന്നു എന്നാണ്. ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും ഉൾപ്പെടെ ലോകസാഹിത്യത്തിലെ പേരുകേട്ട പല കൃതികളും കൃതഹസ്തനായ ഒരു എഡിറ്ററുടെ മേശപ്പുറത്തുകൂടി പോയിരുന്നെങ്കിൽ മെച്ചപ്പെടുമായിരുന്നുവെന്നും. തിരുത്തിയെഴുതിയും വെട്ടിക്കുറച്ചും മെച്ചപ്പെടുത്തിയെടുക്കാവുന്ന  മലയാള പുസ്തകങ്ങളുടെ പട്ടിക തന്നെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. വാക്കുകളുടെ ബാഹുല്യവും കൃതികളുടെ വലുപ്പവും മാത്രമല്ല സക്കറിയയുടെ നിരീക്ഷണത്തിനു പിന്നിൽ. വലുപ്പമുള്ള കൃതികളെല്ലാം മോശമാണെന്നുമല്ല. മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും എഡിറ്റർമാർ ക്രിയാത്മക സൃഷ്ടികളിൽ കൈവയ്ക്കാൻ മടിച്ച് ദൂരെ നിൽക്കുന്നു. ഇരുത്തി ചിന്തിച്ചും വെട്ടിത്തിരുത്തിയും നന്നാക്കാമായിരുന്ന കൃതികൾ വൈകല്യങ്ങളോടെ പിറവിയെടുക്കുന്നു. 

∙ ദ് ആർട്ട് ഓഫ് ബുക്ക് എഡിറ്റിങ് 

ഇത്തരത്തിൽ ഇംഗ്ലിഷിലെ പേരുകേട്ട പല കൃതികളും ‘എഡിറ്റഡ് വേർഷ’നാണ്. ചിലതിന് ഒറിജിനലിൽനിന്ന് കാര്യമായ മാറ്റമുണ്ടാവും. നൈസർഗികതയുള്ള എഴുത്തുകാരന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും എഡിറ്ററോ എഡിറ്റർമാരോ ചേർന്നു കൊടുക്കുന്ന വ്യത്യസ്ത രൂപഭാവങ്ങളാണ് സൃഷ്ടിയെ വ്യത്യസ്തമാക്കുക. ചിലതിൽ കഥാഗതിയും ക്ലൈമാക്സും തന്നെ മാറും. സ്വന്തം കൃതി പരിഷ്കരിക്കാൻ എഡിറ്ററെ തുറന്ന മനസ്സോടെ ആശ്രയിക്കുന്നവരാണ് വിദേശികളിൽ പലരും. ഇക്കാര്യം തുറന്നു പറയാനും അവർ മടിക്കാറില്ല. 

‘ടു കിൽ എ മോക്കിങ് ബേഡി’ന്റെ പ്ലോട്ട് തിരുത്തിയെഴുതാനും കഥാപാത്രങ്ങളെ പുന:സൃഷ്ടിക്കാനും ഹാർപർ ലീയെ സഹായിച്ചത് എഡിറ്റർ റ്റെയ് ഹോഹോഫാണ്. ‘ദ് ബെൽ ജാറി’ന്റെ ക്ലൈമാക്സും ചില സുപ്രധാന ഭാഗങ്ങളും സിൽവിയ പ്ലാത്ത് പരിഷ്കരിച്ചത് എഡിറ്റർ ഫ്രാൻസിസ് മകലോയുടെ സഹായത്തോടെയാണ്. ടോണി മോറിസന്റെ ‘ബിലവഡ്’  ഇന്നത്തെ രൂപത്തിലാക്കിയത് എഡിറ്റർ റോബർട്ട് ഗോട്‌ലീബ്. സ്കോട്ട് ഫിറ്റ്സ്‌ജെറൾഡിന്റെ ‘ദ് ഗ്രേറ്റ് ഗാറ്റ്സ്‌ബി’ മിനുക്കിയെടുത്തത് മാക്സ് പെർക്കിൻസ്. 

ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകയുടെ ‘സെവൻ മൂൺസ് ഓഫ് മാലി’ ബുക്കർ പുരസ്കാരസമിതിയുടെ ശ്രദ്ധയാകർഷിച്ചത് അടിമുടി എഡിറ്റ് ചെയ്തിറക്കിയ പുതുക്കിയ പതിപ്പിലൂടെ 

∙ സക്കറിയയുടെ ഇംഗ്ലിഷ് നോവൽ

സക്കറിയയുടെ തന്നെ ഇംഗ്ലിഷ് നോവൽ, ‘എ സീക്രറ്റ് ഹിസ്റ്ററി ഓഫ് കംപാഷൻ’ കർക്കശമായ എഡിറ്റിങ്ങിലൂടെയാണു അന്തിമരൂപമെടുത്തത്. ഒന്നും രണ്ടുമല്ല, അറുപതിനായിരം വാക്കുകൾ നോവലിൽനിന്നു വെട്ടിമാറ്റാൻ അദ്ദേഹം പ്രസാധകരായ വെസ്റ്റ്ലാൻഡിനെ അനുവദിച്ചു. സൃഷ്ടിയുടെ വേദനയനുഭവിച്ച് എഴുതിവച്ചതത്രയും വെട്ടിയൊതുക്കാൻ സമ്മതിക്കണമെങ്കിൽ വലിയ മനസ്സു വേണം. ‘ഇതു ഞാനെഴുതിയതല്ല, ഒരു അലൗകിക സ്വാധീനത്തിൽ അതു സംഭവിക്കുകയായിരുന്നു, ഒരക്ഷരം വെട്ടരുത്’ എന്ന ഭാവം തീരെ പാടില്ല.  

paul-zacharia-book

എഡിറ്റേഴ്സ് പിക്ക്: മലയാളത്തിൽ ക്രിയാത്മക സാഹിത്യത്തിന് എഡിറ്റിങ് വേണ്ടതാണ്. എന്നാൽ, എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന വലിയ എഴുത്തുകാർ എവിടെ? ആ പണി ചെയ്യാൻ ശേഷിയുണ്ടായിട്ടും ഒളിഞ്ഞിരിക്കുന്ന എഡിറ്റർമാർ എവിടെ? 

Content Summary: Writer Paul Zacharia Opinion on the need of Editing Literary Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com