എന്നിട്ടും

ഇഎംഎസ്, വി.ടി ഭട്ടതിരിപ്പാട്, എൻ.എസ് മാധവൻ, ടി.ആർ
ഇഎംഎസ്, വി.ടി ഭട്ടതിരിപ്പാട്, എൻ.എസ് മാധവൻ, ടി.ആർ
SHARE

ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കൃതികൾ നൂറു പുസ്തകങ്ങളായാണ് പുറത്തുവന്നത്. പിന്നീട് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ രചനകളും നൂറുപുസ്തകങ്ങളായി പുറത്തുവന്നു. ഇഎംഎസ് സഞ്ചയിക നൂറു പുസ്തകങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇഎംഎസ് എഴുതിക്കൂട്ടിയ കടലാസുകളുടെ വൈപുല്യം കാണുമ്പോൾ പതിമൂന്നാം വയസ്സിൽ മാത്രം മലയാളം എഴുതിപ്പഠിച്ച ഒരു കൈകൊണ്ട് എഴുതിയതോ, പറഞ്ഞുകൊടുത്ത് എഴുതിച്ചതോ ആണ് അതൊക്കെയെന്ന് അദ്ഭുതത്തോടെയേ വിശ്വസിക്കാൻ കഴിയൂ. 

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ വായിക്കുമ്പോൾ സ്കൂളിലും കോളജിലും അദ്ദേഹം മലയാളം പഠിച്ചിട്ടില്ലെന്ന് നമുക്കു വിശ്വസിക്കാൻ കഴിയുമോ? സച്ചിദാനന്ദന്റെ കവിതകൾ വായിക്കുമ്പോൾ പത്താംക്ലാസ്് വരെ മാത്രം മലയാളം പഠിച്ച ഒരാളിന്റെ രചനയാണെന്നു തോന്നുമോ? 

വി.ടി.ഭട്ടതിരിപ്പാടിന് അഞ്ചടി അര ഇഞ്ചേ ഉയരമുണ്ടായിരുന്നുള്ളൂ. ആൾക്കൂട്ടത്തിൽ വച്ചു കാണുകയായിരുന്നെങ്കിൽ നിങ്ങൾ രണ്ടാമതൊന്നു നോക്കിയില്ലെന്നുവരും. കറുത്തു കുറുകിയ ഒരു മനുഷ്യൻ. എന്നാൽ പ്രസംഗവേദികളിൽ അദ്ദേഹം അതികായനായിരുന്നു. 

ഇന്നത്തെ ആന്ധ്രയും കർണാടകവും തമിഴ്നാടും മലബാറും ഉൾപ്പെടുന്ന മദ്രാസ് പ്രസിഡൻസിയിൽ സംസ്കൃതത്തിൽ ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക് നേടിയ എൻ.ശേഖരപിള്ള തിരുവിതാകൂറിലെയും കൊച്ചിയിലെയും ഏതു ഭരണാധികാരികൾക്കും ഏത് അവസരത്തിലേക്കും വേണ്ട പ്രസംഗം ഇംഗ്ലിഷിലും മലയാളത്തിലും ഏറ്റവും ഭംഗിയായി എഴുതിക്കൊടുത്തിരുന്നയാളാണ്. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ പബ്ലിക് റിലേഷൻസ് വകുപ്പു മേധാവിയോ ആയിരിക്കുന്നതിനി ടയ്ക്ക് അദ്ദേഹം ഇതൊക്കെ ചെയ്തത്, അൻപത്താറു വർഷത്തെ ദാമ്പത്യത്തിനിടയിൽ 43 വർഷവും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഭാര്യയെ ശുശ്രൂഷിക്കുന്നതിനിടയിലായിരുന്നു. കഷ്ടപ്പെട്ടാണെങ്കിലും ശേഖരപിള്ള മക്കളെയെല്ലാം പഠിപ്പിച്ചു. അതിൽ ഒരു മകൻ, ഗോവിന്ദൻ എസ്. തമ്പി ഇന്ത്യൻ കസ്റ്റംസിന്റെ ഉന്നതങ്ങളിലെത്തി.

കഥകളെഴുതില്ലെന്ന് ഒരുകാലത്തു പ്രതിജ്ഞ എടുത്തിരുന്നവരായിരുന്നു, പിന്നീട് മലയാളത്തിന്റെ പ്രിയ കഥാകാരന്മാരായി മാറിയ ടി.ആർ. രാമചന്ദ്രനും എൻ.എസ്. മാധവനും. എംഎയ്ക്കു പഠിക്കുകയായിരുന്നു മാധവൻ. എംഎയ്ക്കു കിട്ടിയ മാർക്ക് മെച്ചപ്പെടുത്തുന്നതിന് തയാറെടുക്കുന്നു ടിആർ. ഇരുവരും തിരുവനന്തപുരത്ത് കോ–ഓപ്പറേറ്റീവ് ഹൗസിൽ താമസിക്കുന്നു.

‘‘അൻപതുവാക്കുകളെഴുതിയ ഒരു കടലാസുമായി ഒരു ദിവസം രാവിലെ ടിആർ എന്റെ മുറിയിൽ വന്നു. ഈ വാക്കുകൾ നമ്മൾ ഇനി ഉപയോഗിക്കില്ലെന്നു പ്രഖ്യാപിച്ചു. കാരണം, ആ വാക്കുകൾ അക്കാലത്തെ ‘ക്ലീഷെ’കളായിരുന്നു. ‘കാലഘട്ടം’ എന്നതായിരുന്നു ഒരു വാക്ക്, മറ്റൊന്ന് ‘അയാൾ’. അന്ന് അയാൾ ഇല്ലാത്ത കഥകൾ കുറവായിരുന്നു’’ എൻ.എസ്. മാധവൻ പറയുന്നു. എഴുതിയാലല്ലേ എക്സ്പോസ്ഡ് ആവൂ. അതുകൊണ്ട് എഴുതേണ്ടെന്നു തീരുമാനിച്ചു. എന്നിട്ടു സർഗാത്മകതയുടെ ഒരു ഘട്ടത്തിൽ അവർ രണ്ടുപേരും നമ്മുടെ ഏറ്റവും നല്ല കഥാകൃത്തുക്കളുടെ നിരയിലെത്തി.

എൺപത്തൊൻപതാം വയസ്സിൽ 2009 ൽ നിര്യാതനായ ഓസ്ട്രേലിയക്കാരൻ റേ ബാരറ്റിന്റെ കാര്യം നോക്കുക. മുഖം നിറയെ വടുക്കുകളുള്ള ഇദ്ദേഹം ഇത്ര വലിയ നടനാവുമെന്ന് ആ മുഖം കണ്ട ആരെങ്കിലും വിചാരിച്ചോ? ഇതു പറയുമ്പോൾ നമ്മുടെ ഓംപുരിയുടെ കാര്യവും ഓർമവരുന്നില്ലേ? എത്ര കരുതലെടു ത്താലും ഏതു രഹസ്യവും ഒരിക്കൽ  പുറത്തുവന്നേക്കാം എന്ന് ഏറ്റുപറയാൻ തയാറാണ് ലോകം മുഴുവൻ കീഴടക്കിയ ഹാരിപോട്ടർ പരമ്പരയുടെ കർത്താവായ ജെ.കെ.റോളിങ്.

ഓരോ ഹാരിപോട്ടർ പുസ്തകവും ലോകം നോക്കിപ്പാർത്തിരിക്കുന്ന കാലത്താണ്, സ്വന്തം പേരിലല്ലാതെ കള്ളപ്പേരിൽ ഒരു നോവലെഴുതണമെന്ന മോഹം റോളിങ്ങിനുണ്ടായത്. Cukkoo’s calling  എന്നായിരുന്നു ഈ ക്രൈം നോവലിന്റെ പേര്. ഒരു കാലത്ത് ഒരു രഹസ്യപ്പൊലീസുകാരനായിരുന്ന റോബർട്ട് ഗാൽബ്രെയ്ത്ത് എഴുതിയതെന്ന വിശേഷണത്തോടെ കിട്ടിയ ഈ നോവൽ 2013 ൽ പ്രസാധകർ പുറത്തിറക്കി. അടുത്തകാലത്തൊന്നും ഇത്ര മനോഹരമായ ഒരു ഡിറ്റക്ടീവ് നോവൽ ഒരാളുടെ ആദ്യകൃതിയായി പുറത്തുവന്നിട്ടില്ല എന്ന് നിരൂപകർ വാഴ്ത്തി.

ഇംഗ്ലണ്ടിലെ ‘സൺഡേ ടൈംസ്’ പത്രം ഈ നോവൽ ശ്രദ്ധിച്ചത് അങ്ങനെയാണ്. ഇത്ര മികച്ച രചനാപാടവ ത്തോടെ ഒരു പുതിയ എഴുത്തുകാരന് എഴുതാൻ കഴിയില്ല എന്ന് ആ പത്രത്തിന്റെ സാഹിത്യകാര്യ പത്രാധിപർക്കു തോന്നി. അങ്ങനെയാണ് അന്വേഷണം ജെ.കെ.റോളിങ്ങിൽ എത്തിച്ചേർന്നതും ടൈംസ് കള്ളി പൊളിച്ചതും.

ഡോ. സി.വി. ആനന്ദബോസ് പറയാറുള്ള ഒരു ആദിവാസിക്കഥയുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസികൾ വലിയൊരു ആറു നീന്തിക്കടന്നാണ് അവ ചന്തയിലെത്തിച്ചുപോന്നത്. അവരെ സഹായിക്കാൻ വേണ്ടി പാലം പണിതു. ഉദ്ഘാടനദിവസം പത്രലേഖകർ ആദിവാസിമൂപ്പനോടു പ്രതികരണം ചോദിച്ചു. പാലം വന്നതു വളരെ നന്നായി എന്നു പറഞ്ഞ മൂപ്പൻ അതിന്റെ കാരണവും പറഞ്ഞു. ‘‘പാലം വരണേനു മുന്നേ നട്ടുച്ചക്ക് കരുകരാ വെയിലത്ത് ഈ ആറു നീന്തിക്കടക്കണമായിരുന്നു. പാലം വന്നേനെക്കൊണ്ട് അതിന്റെ തണലത്തു നീന്താമല്ലോ.’’

English Summary : Legendary Writers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ