നമ്മളെന്താണിങ്ങനെ എന്ന് നമ്മൾ സ്വയം ചോദിച്ചുപോകുന്ന ചില അവസരങ്ങളുണ്ട്. ബിഎംഡബ്ല്യു കമ്പനി ഇന്ത്യയിൽ അവരുടെ ആദ്യത്തെ കാർ നിർമാണ ഫാക്ടറി സ്ഥാപിക്കാൻ തിരഞ്ഞെടുത്തതു കേരളമാണ്. ചർച്ചകൾക്കായി കമ്പനി മേധാവികൾ വന്നു. അന്നിവിടെ ഹർത്താലായിരുന്നു! അവർ പദ്ധതിയുമായി തമിഴ്നാട്ടിലേക്കു പോയി.
എൻ.ആർ. മാധവമേനോന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ വമ്പിച്ച വിജയത്തെ തുടർന്ന് അതുപോലൊന്ന് കേരളത്തിലുണ്ടാകാൻ 1994 ൽ അവസരം വന്നതാണ്. ഇന്ത്യയിലെ പ്രമുഖ ഭരണഘടനാ അഭിഭാഷകനായിരുന്ന എം.കെ.നമ്പ്യാരുടെ പേരിൽ ഇങ്ങനെയൊരു സ്ഥാപനം പടുത്തുയർത്തുന്നതിന് പത്തുകോടി രൂപ തരാമെന്ന് (കാൽനൂറ്റാണ്ടു മുൻപത്തെ പത്തു കോടിയാണേ) അദ്ദേഹത്തിന്റെ മകനും ഇന്ത്യാ ഗവൺമെന്റിന്റെ ഇന്നത്തെ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാൽ മുഖ്യമന്ത്രി എ.കെ.ആന്റണിയെ അറിയിച്ചതാണ്. യൂണിവേഴ്സിറ്റി നിയമത്തിന്റെ കരടു തയാറാക്കി നൽകി. പക്ഷേ, അപ്പൊഴേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുകൊണ്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനായില്ല.
പിന്നീടു വന്ന മന്ത്രിസഭയുടെ തലവനായ ഇ.കെ.നായനാരെ വേണുഗോപാലും മേനോനും ചെന്നു കണ്ടു. അദ്ദേഹത്തിനും പദ്ധതി ഇഷ്ടമായി. തുടക്കച്ചെലവിനായി രണ്ടര കോടി രൂപയുടെ ഡ്രാഫ്റ്റ് നായനാരെ ഏൽപിച്ചു. കാലടിയിൽ ഫലം കണ്ടു. ലോറി ബേക്കറെക്കൊണ്ട് ക്യാംപസ് ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു.
എ.കെ.ഗോപാലന്റെ കേസുകളിലൊക്കെ അഭിഭാഷകനായിരുന്ന എം.കെ. നമ്പ്യാരുടെ പേരിലുള്ള ദേശീയ സ്ഥാപനത്തിൽ സിപിഎമ്മിനു സവിശേഷ താൽപര്യമുണ്ടാവേണ്ടതാണ്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു വ്യക്തിയുടെ പേരിടുന്നു, സ്വകാര്യ സംരംഭമാണ് എന്നതൊക്കെ എതിർപ്പിനു കാരണമായിരുന്നു. കേരളത്തിലെ ഒരു സ്വകാര്യ ലോകോളജിനെ പാർട്ടി പിന്തുണച്ചുകൊണ്ടിരുന്ന കാലത്താണ് ഒരു ദേശീയ സ്ഥാപനം വേണ്ടെന്നു വച്ചത്! രണ്ടര കോടിയുടെ ഡ്രാഫ്റ്റ് വേണുഗോപാലിനു തിരിച്ചയച്ചു. അച്ഛന്റെ പേരിലുള്ള സർവകലാശാല വേണുഗോപാൽ ഹൈദരാബാദിൽ സ്ഥാപിച്ചു.
ഈ സൂക്കേട് നമുക്കു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ചില്ലറയായി തേയില വിൽപന നടത്തി കോടിക്കണക്കിനു രൂപ ആദായമുണ്ടാക്കിയ ബ്രിട്ടിഷ് കമ്പനിയായ ബ്രൂക്ക് ബോണ്ട്, തോട്ടക്കാരിൽനിന്നു തേയില വാങ്ങുന്നതിനു പകരം കേരളീയരെക്കൊണ്ട് പത്തേക്കർ വീതം ശാസ്ത്രീയമായി കൃഷി ചെയ്യിച്ച് തേയില എടുക്കാൻ തീരുമാനിച്ചുവന്നപ്പോൾ നമ്മൾ അവരെ മുദ്രാവാക്യം വിളിച്ചു വിരട്ടിയോടിച്ച കഥ കെ.സി.മാമ്മൻമാപ്പിളയുടെ ആത്മകഥയിലുണ്ട്.
വാട്സ് തിരുവിതാംകൂർ ദിവാനായിരുന്നപ്പോൾ ബ്രൂക്ക് ബോണ്ട് വണ്ടൻമേട്ടിൽ ഒരുലക്ഷം ഏക്കർ സ്ഥലമെടുക്കാൻ ആലോചിച്ചു. അതു പത്തേക്കർ വീതമായി വീതിച്ചുകൊടുത്ത് അവരെക്കൊണ്ട് ശാസ്ത്രീയരീതിയിൽ കൃഷി ചെയ്യിക്കുക,നല്ലയിനം വിത്തുകൾ നഴ്സറികളിൽ പാകി നൽകുക എന്നതായിരുന്നു ബ്രൂക്ക്ബോണ്ടിന്റെ പദ്ധതി.പക്ഷേ, വിദേശക്കമ്പനിക്കാർ ഇവിടെ സ്ഥലമെടുക്കുന്നു എന്നു കേട്ടതോടെ ബഹളമായി. ബ്രൂക്ക് ബോണ്ട് കമ്പനി സ്ഥലം വിട്ടു.
ശബ്ദതാരാവലി ഞാൻ ഇഷ്ടപ്പെടുന്നത് അത് ഒരു നല്ല നിഘണ്ടുവായതുകൊണ്ടു മാത്രമല്ല. ആവശ്യമുള്ള വാക്കു നോക്കാനല്ലാതെ തുടർച്ചയായി വായിക്കാൻ ബോറായ ഒരു നിഘണ്ടുവിന് ഇത്ര മനോഹരമായ ഒരു പേരിട്ടതുകൊണ്ടുകൂടിയാണ്.
ഗ്രന്ഥകർത്താവായ ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയുടെ മരണശേഷം ശബ്ദതാരാവലിയുടെ പുനഃശോധന നടത്തിയതും പുതിയ വാക്കുകൾ ചേർത്തതും മറ്റും മകൻ പി.ദാമോദരൻ നായരാണ്. സെക്രട്ടേറിയറ്റിൽ ഹെഡ് ട്രാൻസ്‌ലേറ്റർ ആയിരുന്ന ദാമോദരൻ നായർ അവധി എടുക്കാതെ തന്നെയാണ് ഇതൊക്കെ ചെയ്തത്.
കാലത്ത് അഞ്ചുമുതൽ ഏഴു വരെയും വൈകിട്ട് ജോലി കഴിഞ്ഞെത്തിയാൽ ഒൻപതുവരെയും നിഘണ്ടുവിനു വേണ്ടി പ്രവർത്തിച്ചിരുന്നു. ഈ മഹായജ്ഞത്തെ അഭിനന്ദിക്കുന്നതിനു പകരം സർക്കാർ ജോലിയിലിരുന്നുകൊണ്ട് ശബ്ദതാരാവാലിയുടെ പണി ചെയ്യുന്നു എന്ന് നിയമസഭയിൽ ആരോപണം ഉന്നയിക്കാൻ ആളുണ്ടായി.
ഔഷധഗുണമുള്ള പാൽ തരുന്ന വെച്ചൂർ പശുക്കൾ എന്ന നാടൻ ജനുസ്സ് അന്യം നിന്നുപോകാതെ സംരക്ഷിച്ചെടുത്ത ഡോ.ശോശാമ്മ ഐപ്പ് വേറെ ഏതെങ്കിലും നാട്ടിലായിരുന്നെങ്കിൽ വലിയ ബഹുമതികൾക്കും ആദരവിനും അർഹയായേനെ. അങ്ങനെയെങ്ങാനും അവരങ്ങ് ഉയർന്നുപോയാലോ എന്ന് അസൂയപ്പെട്ടവർ എന്തു ചെയ്തെന്നു നോക്കുക.
കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞയായ ഡോ. ശോശാമ്മയും വിദ്യാർഥികളും കൂടി നാട്ടിലെങ്ങുംനിന്നു കണ്ടെത്തി സർവകലാശാലയിലെത്തിച്ച 24 പശുക്കൾ വെച്ചൂർ പശുക്കളല്ലെന്നു പറഞ്ഞായിരുന്നു ആദ്യ വിവാദം. അതിനിടയ്ക്ക് 19 പശുക്കൾ വിഷബാധയേറ്റു മരിച്ചു. ആരോ വിഷം കൊടുത്തതാണെന്നു വ്യക്തമായിരുന്നു. അന്വേഷണം ആരംഭിച്ചപ്പോൾ പദ്ധതി മേധാവി ഡോ. ശോശാമ്മയെ മാറ്റിനിർത്തിവേണം അന്വേഷണം എന്നായിരുന്നു വാദം.
വെച്ചൂർ പശുക്കളുടെ ജനിതകഘടന കണ്ടെത്തുന്നതിനുള്ള പേറ്റന്റ് സ്കോട്‌ലൻഡിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് നേടി എന്ന് വന്ദനശിവ പറഞ്ഞതായിരുന്നു അടുത്ത വിവാദം. പദ്ധതിയിലെ ശാസ്ത്രജ്ഞരാണ് ഇതിനു പിന്നിലെന്നു വരെ വന്ദനശിവ പറഞ്ഞു. പേറ്റന്റ് കൊണ്ടുപോയി എന്നു വന്ദന പറഞ്ഞതോടെ ശിവശിവ! എന്നു പറയാൻ ഇവിടെ ആളുണ്ടായെങ്കിലും വന്ദനയുടേത് ഒരു ഉണ്ടയില്ലാവെടി ആയിരുന്നെന്നു പിന്നീടു തെളിഞ്ഞു.
ചിറയ്ക്കൽ കോവിലകം വക ഗ്രന്ഥപ്പുര സന്ദർശിച്ചതിന്റെ ഞെട്ടൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഡോ.ടി.പി.സുകുമാരൻ വിവരിച്ചിട്ടുണ്ട്. അവിടത്തെ അന്തേവാസിയായ രാജകുടുംബാംഗം അദ്ദേഹത്തോടു പറഞ്ഞതാണ്.
‘‘കുറേക്കാലമായി ആരും ഇവിടെ പാർപ്പില്ലായിരുന്നു. ആ തക്കംനോക്കി സാമൂഹ്യ ദ്രോഹികൾ വന്നു കേറി. നടുമുറ്റം അവരുടെ കൂത്തരങ്ങായി. പലതും ഇവിടെ നടന്നിരിക്കണം. നിലത്തിരിക്കുന്നതും കിടക്കുന്നതും സുഖകരമായിരിക്കുകയില്ലല്ലോ. പഹയന്മാർ പോംവഴി കണ്ടു. ഗ്രന്ഥങ്ങളുടെ താളിയോലകൾ അഴിച്ചെടുത്ത് മുറ്റം നിറയെ മെത്തയുണ്ടാക്കി. രണ്ടുമൂന്നടി ഉയരമുള്ള മെത്ത.’’
‘ചെറുശ്ശേരി ഭാരത’ മടക്കം പല അപൂർവ താളിയോല ഗ്രന്ഥങ്ങളും കണ്ടെടുത്ത ചിറയ്ക്കൽ ഗ്രന്ഥപ്പുരയ്ക്കു വന്ന ദുര്യോഗം.
English Summary : Why Do We Miss Opportunities