കേരളത്തിൽ ആദ്യം ചൊൽക്കാഴ്ച നടത്തിയതും അതു വിജയിപ്പിച്ചതും അതിനു പറ്റിയ രൂപവും ശബ്ദവുമുള്ള കടമ്മനിട്ട രാമകൃഷ്ണനാണ്. വീട്ടിലും പുറത്തുമായി കടമ്മനിട്ട ഏറെ ചൊല്ലിയിട്ടുള്ള കവിത ‘കുറത്തി’യും.
ഒരു മഴക്കാല രാത്രിയിലാണ് ‘കുറത്തി’ എഴുതിയതെന്ന് ഭാര്യ ശാന്ത പറയുന്നു.
‘‘തിരുവനന്തപുരത്തുനിന്നു വൈകിട്ട് നാട്ടിൽ വന്നപ്പൊഴേ ആളാകെ മൂടിക്കെട്ടിയ മട്ടിലായിരുന്നു. കാരണമെന്തെന്നു ചോദിക്കാൻ പോയില്ല. ചിലപ്പോൾ ഇഷ്ടപ്പെടില്ല. രാത്രി അസമയത്തെപ്പൊഴോ ഉണർന്ന ഞാൻ ചെന്നു നോക്കുമ്പോൾ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അതിവേഗം എഴുതുകയാണ്.’’ ആ രാത്രിയിൽ ഒറ്റയിരുപ്പിൽ എഴുതിത്തീർത്ത കവിതയാണ് കുറത്തി.
‘‘കവിതയെഴുത്തിനു സമയഭേദമില്ല. തോന്നുമ്പോഴാണ് എഴുത്ത്. ഉച്ചിയിലെ മുടിയിഴകൾ വിരലിൽ ചുറ്റി ഓരോന്നായി പിഴുതെടുക്കും. അല്ലെങ്കിൽ നെഞ്ചിലെ രോമങ്ങൾ. ഞാൻ കൈതട്ടിക്കളയും. അത് ഇഷ്ടമല്ല. നശിപ്പിച്ചു എന്നുപറഞ്ഞ് ശാസിക്കും. കവിതയെഴുത്തു പുരോഗമിച്ചതോടെ ഉച്ചിഭാഗത്തെ മുടി പോയി. മുടി പിടിച്ചു വലിക്കുന്നതൊന്നും പിന്നീടോർമയില്ല. അതിനാൽ പുഴുക്കടിയാണെന്നു പറഞ്ഞ് മരുന്നു വാങ്ങിത്തേച്ചു’’ശാന്ത പറയുന്നു.
പോസ്റ്റൽ ഓഡിറ്റിങ്ങിനായി 1970 ൽ കോഴിക്കോട്ടു ചെന്നപ്പോഴായിരുന്നു ആദ്യത്തെ ചൊൽക്കാഴ്ച എന്ന് ശാന്ത ‘സാറി’നെപ്പറ്റിയുള്ള പുസ്തകമായ ‘കൊച്ചാട്ടനി’ൽ പറയുന്നുണ്ട്. പൊതുവേദികളിൽ ഒരാളുടേതു മാത്രമായ കാവ്യാലാപന പരിപാടി മുൻപ് ഉണ്ടായിട്ടില്ല. അനേകം കവികൾ അണിനിരക്കുന്ന ‘കവിയരങ്ങുകൾ’ ആയിരുന്നു അതുവരെയുള്ള കാവ്യാലാപന പരിപാടി.
കടമ്മനിട്ടയുടെ കവിതകൾ ലിറ്റിൽ മാഗസിനുകളിൽ ഒതുങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളൊന്നും കടമ്മനിട്ടയെ സ്വീകരിച്ചിരുന്നില്ല. കടമ്മനിട്ടയുടെ പേരിൽ ഒരു കവിതാസമാഹാരം പോലും പുറത്തുവന്നിരുന്നുമില്ല.
കോഴിക്കോട്ടെ ഒരു പ്രസ്ഥാനമായ ചെലവൂർ വേണു, ബീച്ചിൽ കോർപറേഷൻ ഓഫിസിനു സമീപമുള്ള അലങ്കാർ ലോഡ്ജിൽനിന്ന് സൈക്കോമാസിക പ്രസിദ്ധപ്പെടുത്തിയിരുന്ന കാലമാണത്. പത്രപ്രവർത്തനമല്ല, കൂട്ടായ്മയായിരുന്നു അവിടത്തെ പ്രധാന കച്ചവടം. സംവിധായകർ അരവിന്ദൻ, ജോൺ ഏബ്രഹാം, പവിത്രൻ, പി.എ. ബക്കർ എഴുത്തുകാരായ തിക്കൊടിയൻ, ചിന്ത രവി, കോഴിക്കോട്ടെ പത്രപ്രവർത്തകർ, രാഷ്ട്രീയനേതാക്കളാകാൻ തുടിക്കുന്ന പിള്ളേരുസെറ്റ് എന്നിങ്ങനെ പല ജാതികളുടെ കൊടുക്കൽ വാങ്ങൽ കേന്ദ്രം. കോഴിക്കോട്ടെത്തുമ്പോഴൊക്കെ ആ ലഹരിക്കൂട്ടത്തിൽ ചെന്നടിയുന്ന കടമ്മനിട്ട അവിടത്തെ ചങ്ങായിമാർക്കു വേണ്ടി തന്റെ മുഴക്കമുള്ള ശബ്ദത്തിൽ കവിത ചൊല്ലി.
ഇക്കാലത്തു തന്നെ ഏതിടത്തെയും കോളജ് ഹോസ്റ്റലിൽ ചെന്നടിഞ്ഞ് അവിടത്തെ വിദ്യാർഥിക്കൂട്ടത്തോട് കവിത ചൊല്ലുമായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട്. ‘‘ചുറ്റുമുള്ളവരിലേക്കു കവിതകളെത്തിക്കാൻ എനിക്കും മറ്റു വഴികളില്ലായിരുന്നു.’’ എന്നു ചുള്ളിക്കാട്.
ഇക്കാര്യത്തിൽ വൈലോപ്പിള്ളിയിൽനിന്ന് വ്യത്യസ്തരായിരുന്നു ഇവർ രണ്ടും. സ്വന്തം കവിത നിവൃത്തിയുള്ളിടത്തോളം ആരെയും ചൊല്ലിക്കേൾപ്പിക്കാറില്ലെന്നും ആരെങ്കിലും തന്റെ കവിത ചൊല്ലിക്കേൾക്കുന്നത് സഹിക്കാനാവുമായിരുന്നില്ലെന്നും വൈലോപ്പിള്ളി ‘കാവ്യലോക സ്മരണകളി’ൽ പറയുന്നുണ്ട്. ‘‘ഇന്നും എന്റെ കവിത ആരെങ്കിലും ഉറച്ചുവായിച്ചു തുടങ്ങിയാൽ ഞാൻ ആ സ്ഥലങ്ങളിൽനിന്നു കടന്നുകളയും.’’
കോഴിക്കോട്ടെ ആഘോഷരാത്രികളിലൊന്നിൽ എ. സുജനപാൽ (അന്നു ഗുരുവായൂരപ്പൻ കോളജിൽ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് മന്ത്രിയായാണ് നാം അറിയുന്നത്) ആണ് ആ ആശയം മുന്നോട്ടുവച്ചത്: കോഴിക്കോട്ടു ടൗൺഹാളിൽ കടമ്മനിട്ടയുടെ മാത്രമായ ‘കാവ്യസന്ധ്യ’ (അങ്ങനെയാണ് അവരതിനു പേരിട്ടത്) നടത്തുക.
ആദ്യാവതരണത്തിന്റെ ഖ്യാതി ചെലവൂർ സംഘത്തിനാണെങ്കിലും അതിനു പിൽക്കാലത്തെ ചേലു നൽകിയത് അടൂർ ഗോപാലകൃഷ്ണനാണ്.
രാജ്യാന്തര ഡിസൈൻ കോൺഫറൻസിൽ പങ്കെടുക്കാൻ1969 ൽ അമേരിക്കയിൽ പോയ അടൂർ ഗോപാലകൃഷ്ണൻ അവിടത്തെ ‘ഹാപ്പനിങ്’, ‘റവ്യൂ’ എന്നീ അവതരണങ്ങൾ കണ്ടിരുന്നു.
തിരിച്ചുവന്നപ്പോൾ ദൃശ്യഭംഗിയോടെ കവിതാവതരണം നടത്തുക എന്ന ആശയം തലയ്ക്കുപിടിച്ചു. ‘സ്വയംവര’ത്തിനു മുൻപാണിത്.
ചൊല്ലി അവതരിപ്പിക്കുന്നത് എന്ന അർഥത്തിൽ ചൊൽക്കാഴ്ച വാക്ക് നേരത്തേ ഭാഷയിലുണ്ടായിരുന്നെങ്കിലും അതു പൊടി തട്ടിയെടുത്ത് കടമ്മൻ പരിപാടിക്കിട്ടത് അയ്യപ്പപ്പണിക്കരാണ്. ലൈറ്റുകൾ മങ്ങി അണഞ്ഞുകൊണ്ടേയിരിക്കുന്ന വേദിയിലേക്ക് ഒരു മുണ്ടുമാത്രമുടുത്ത് മുഖവും രോമനിബിഡമായ നെഞ്ചും കാണിക്കുന്നവിധത്തിൽ രണ്ടു കൈകളിലും ഓരോ തീപ്പന്തവും പിടിച്ച് കടമ്മനിട്ട ആ ഹാളിനെ തീപിടിപ്പിക്കുന്നവിധത്തിൽ ‘കാട്ടാളൻ’ ചൊല്ലി. കടമ്മനിട്ട പിന്നീട് ചൊൽക്കാഴ്ചയുടെ ആൾരൂപമായി.
ചിലയിടത്ത് ഒരേ പരിപാടിയിൽ ഒന്നിലേറെ തവണ ഒരേ കവിത ചൊല്ലേണ്ടിവരും. രണ്ടരയോ മൂന്നോ മണിക്കൂറാവും പരിപാടി. അപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കും. നേരത്തേ പാടിയ കവിതതന്നെ അവർ ആവശ്യപ്പെടും. തൊണ്ട പൊട്ടുമാറ് ഉച്ചത്തിലാണു പാടുക.
ഇടയ്ക്കിടെ സ്റ്റീൽ ഗ്ലാസിൽ ആരാധകർ ചുക്കുകാപ്പിയോ ജീരകവെള്ളമോ കൊണ്ടുകൊടുക്കും. സ്റ്റീൽഗ്ലാസിൽ ഇതൊന്നുമായിരുന്നില്ലെന്നു പിന്നീടാണറിയുകയെന്നു ശാന്ത.
English Summary : ‘Kadhakoottu’ Column written by Thomas Jacob, Performance Poetry, Cholkazhcha